June 03, 2026 |
Share on

അതിര്‍ത്തി കടന്ന് ആക്രമിച്ച് അഫ്ഗാന്‍; കാബൂളില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാവുകയാണ്

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം അതിരൂക്ഷമാകുന്നു. വ്യാഴാഴ്ച രാത്രി നടന്ന അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും മറ്റ് രണ്ട് പ്രവിശ്യകളിലും പാകിസ്ഥാന്റെ ശക്തമായ ബോംബാക്രമണം. കഴിഞ്ഞ വര്‍ഷം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിനെ അപ്രസക്തമാക്കുന്ന രീതിയിലുള്ള പ്രത്യാക്രമണങ്ങളാണ് ഇപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്.

അഫ്ഗാന്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രി അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് വെള്ളിയാഴ്ചത്തെ വ്യോമാക്രമണമെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. കാബൂളില്‍ വെള്ളിയാഴ്ച രാവിലെ മൂന്ന് വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പാകിസ്ഥാന്‍ സൈന്യം അഫ്ഗാന്‍ താലിബാന്റെ കടന്നുകയറ്റത്തിന് ‘അര്‍ഹമായ മറുപടി’ നല്‍കിയെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി പ്രതികരിച്ചു. അതേസമയം, തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതായി അഫ്ഗാന്‍ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ 70-ലധികം പേരുടെ മരണത്തിനിടയാക്കിയ പോരാട്ടത്തിന് ശേഷം അതിര്‍ത്തിയിലെ പ്രധാന പാതകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഫ്ഗാനിസ്ഥാന്‍ താവളമൊരുക്കുന്നുവെന്ന് ഇസ്ലാമാബാദ് കുറ്റപ്പെടുത്തുമ്പോള്‍ താലിബാന്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സാധാരണക്കാരെ സംരക്ഷിക്കണമെന്നും നയതന്ത്രത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.

വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 55 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി പേരെ ജീവനോടെ പിടികൂടിയതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. രണ്ട് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും 36 അഫ്ഗാന്‍ പോരാളികളെ വധിച്ചതായും പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാഉള്ള തരാര്‍ അറിയിച്ചു. സൈനികരെ തടവിലാക്കിയെന്ന വാര്‍ത്ത പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വക്താവ് തള്ളിക്കളഞ്ഞു. അതിര്‍ത്തിയിലെ ടോര്‍ഖാം മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിശ്ചയിച്ച 2,611 കിലോമീറ്റര്‍ നീളമുള്ള ഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയായി അംഗീകരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്തതാണ് തര്‍ക്കങ്ങളുടെ പ്രധാന കാരണം.

Content Summary: Pakistan airstrikes Kabul and two other provinces hours after Afghanistan cross-border attack

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×