June 03, 2026 |
Share on

രണ്ട് വര്‍ഷത്തിന് ശേഷം റഫാ അതിര്‍ത്തി തുറക്കുന്നു

ഗാസയിലേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും അനുമതി ലഭിക്കും

ഗാസയില്‍ നിന്നും ഈജിപ്തിലേക്കുള്ള റഫാ അതിര്‍ത്തി തിങ്കളാഴ്ച മുതല്‍ പലസ്തീനികള്‍ക്കായി തുറന്നുനല്‍കുമെന്ന് അറിയിച്ച് ഇസ്രയേല്‍. രണ്ട് വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന യാത്രാവിലക്കിന് ശേഷം ആദ്യമായാണ് പലസ്തീനികള്‍ക്ക് ഗാസയിലേക്ക് പ്രവേശിക്കാനും അവിടെനിന്ന് പുറത്തേക്ക് പോകാനും അനുമതി ലഭിക്കുന്നത്. എങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരിക്കും യാത്രകള്‍ അനുവദിക്കുക.

ഗാസയ്ക്കായുള്ള പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ പ്രധാന ആവശ്യമാണ് അതിര്‍ത്തി തുറക്കുക എന്നത്. വാഷിംഗ്ടണ്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ താല്പര്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹമാസ് ആയുധം ഉപേക്ഷിക്കുക എന്നതും, ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നതുമാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിബന്ധനകള്‍. എന്നാല്‍ ആയുധം വെച്ചു കീഴടങ്ങുന്നതിന് ഹമാസ് ഇപ്പോഴും തയ്യാറായിട്ടില്ല.

പരിശോധനകളുടെ ഭാഗമായി ഇസ്രയേല്‍ ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ അതിര്‍ത്തി തുറന്നിരുന്നു. തിങ്കളാഴ്ച മുതല്‍ ആളുകള്‍ക്ക് ഗാസയില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും കഴിയുമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേഷന്‍ വിഭാഗമായ ‘കോഗാറ്റ്’ വക്താവ് ഷിമി സുറെറ്റ്സ് പറഞ്ഞു.

യുദ്ധം തുടങ്ങിയ ശേഷം പലസ്തീനികള്‍ക്ക് ഗാസയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചികിത്സ ആവശ്യമുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് 2024 മാര്‍ച്ചില്‍ ഇസ്രയേല്‍ പ്രദേശം പിടിച്ചെടുക്കുന്നത് വരെ പുറത്തുപോകാന്‍ കഴിഞ്ഞിരുന്നു. അതിനുശേഷം, ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തുപോകേണ്ടവര്‍ ഇസ്രയേല്‍ വഴി അനുമതി തേടേണ്ടി വന്നു. എന്നാല്‍ അനുമതി കിട്ടാന്‍ വളരെയേറ കാലതാമസം എടുത്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഗാസയില്‍ ലഭ്യമല്ലാത്ത അടിയന്തര ചികിത്സ ആവശ്യമുള്ള 18,500 പലസ്തീനികള്‍ ഇപ്പോഴുണ്ട്. ഇതില്‍ 4,000 കുട്ടികളും ഉള്‍പ്പെടുന്നു.

ആദ്യ ആഴ്ചകളില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുക. ചികിത്സ നല്‍കാന്‍ തയ്യാറുള്ള മൂന്നാമതൊരു രാജ്യത്തിന്റെ അനുമതി കൂടി ഇവര്‍ക്ക് ആവശ്യമാണെന്ന് ഇസ്രയേല്‍-ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുദ്ധത്തിനിടെ ഷെല്‍ ചീളുകള്‍ തറച്ച് പരിക്കേറ്റ 22 വയസ്സുകാരിയായ ഹദീല്‍ സിന്‍സാവി കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയില്‍ കാലില്‍ മെറ്റല്‍ പ്ലേറ്റ് ഇടാനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ അവള്‍ക്ക് നടക്കാന്‍ കഴിയാതായി. മധ്യ ഗാസയിലെ കുടുംബത്തിന്റെ ടെന്റിനുള്ളില്‍ തന്നെയാണ് അവളിപ്പോള്‍.

‘അതിര്‍ത്തി തുറക്കാനും എനിക്ക് ചികിത്സ ലഭിക്കാനുമായി ഞാന്‍ ഏറെ കാലമായി കാത്തിരിക്കുകയാണ്. നിരന്തരമായ വേദന കാരണം എനിക്ക് രാത്രി ഉറങ്ങാന്‍ പോലുമാകുന്നില്ല,’ ഹദീല്‍ പറഞ്ഞു.

അതിര്‍ത്തി തുറക്കുന്നത് ഗാസയുടെ ദൈനംദിന ഭരണം നിയന്ത്രിക്കാനായി 15 അംഗ പലസ്തീന്‍ സാങ്കേതിക സമിതിയുടെ പ്രവേശനത്തിനും വഴിയൊരുക്കും. ട്രംപ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണിത്. ഗാസ ഭരിക്കാന്‍ മറ്റൊരു സമിതി വരുന്നത് ഹമാസ് എങ്ങനെ നേരിടും എന്നതിന്റെ പരീക്ഷണം കൂടിയായിരിക്കും ഇത്.

നിലവില്‍ പ്രതിദിനം എത്ര പേരെ കടത്തിവിടുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു ദിവസം 150 പലസ്തീനികളെ പുറത്തേക്ക് വിടാനും 50 പേരെ തിരിച്ചുവരാന്‍ അനുവദിക്കാനും ഇസ്രയേല്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഗാസയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് മാത്രമാണ് തിരിച്ചുവരാന്‍ അനുമതി. മടങ്ങിയെത്തുന്നവരെയും പോകുന്നവരെയും ഇസ്രയേല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും.

മടങ്ങിയെത്തുന്നവര്‍ക്ക് മെറ്റലോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ലാത്ത രണ്ട് സ്യൂട്ട്‌കേസുകള്‍ മാത്രമേ കരുതാന്‍ അനുവാദമുള്ളൂ. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള മരുന്നും സിഗരറ്റും കൊണ്ടുവരാമെങ്കിലും കച്ചവട ആവശ്യങ്ങള്‍ക്കായി പാടില്ലെന്ന് ഈജിപ്തിലെ പലസ്തീന്‍ എംബസി അറിയിച്ചു.

അതിര്‍ത്തി തുറക്കാനുള്ള നീക്കങ്ങള്‍ക്കിടയിലും ഗാസയില്‍ അക്രമം തുടരുകയാണ്. ശനിയാഴ്ച ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. റഫയിലെ തുരങ്കത്തിലൂടെ തീവ്രവാദികള്‍ പുറത്തുവന്നത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. ഹമാസ്, ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങളെയും ആയുധപ്പുരകളെയുമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

എന്നാല്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അപകടസാധ്യത നിലനില്‍ക്കുമ്പോഴും, അകന്നു കഴിയുന്ന കുടുംബങ്ങളെ കാണാന്‍ പലരും ആവേശത്തിലാണ്. ജോര്‍ദാനില്‍ ചികിത്സയിലുള്ള സഹോദരിക്കൊപ്പം പോയ ഉമ്മ തിരിച്ചുവരാനായി പേര് രജിസ്റ്റര്‍ ചെയ്തതിന്റെ സന്തോഷത്തിലുള്ള 19 കാരിയായ റുബ ദര്‍വിഷിനെ പോലെ പലരും.

Content Summary; Gaza to Egypt Rafah crossing will reopen to Palestinians after more than two years, Israel says

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×