തെക്ക് കിഴക്കന്‍ ഏഷ്യയുടെ സമാധാനം തകര്‍ത്ത് കംബോഡിയ-തായ്‌ലന്‍ഡ് അതിര്‍ത്തി പോര്. ആരോപണ പ്രത്യാരോപണങ്ങളിലൂടെ മൂര്‍ച്ഛിച്ചിരുന്ന തര്‍ക്കം ഇപ്പോള്‍ സൈനിക ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുകയാണ്. ഒമ്പത് പേര്‍ കംബോഡിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് തായ്‌ലന്‍ഡ് പറയുന്നത്. തങ്ങളുടെ രണ്ട് പ്രവിശ്യകളില്‍ രൂക്ഷമായ വ്യോമാക്രമണം തായ്‌ലന്‍ഡ് നടത്തിയെന്നാണ് കംബോഡിയ ആരോപിക്കുന്നത്.
എല്ലാ അതിര്‍ത്തി ചെക്ക്പോസ്റ്റുകളും അടച്ചുപൂട്ടിയതായും ആറ് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇപ്പോള്‍ പോരാട്ടം നടക്കുന്നുണ്ടെന്നുമാണ് തായ് സൈന്യം അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ഖമര്‍ ഹിന്ദു ക്ഷേത്രമായ ടാ മുയെന്‍ തോമിന് സമീപത്തായാണ് ആദ്യം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് വിവരം. കംബോഡിയന്‍ സൈന്യം ക്ഷേത്രത്തിന് സമീപം വെടിയുതിര്‍ത്തുവെന്നും പിന്നാലെ ഒരു നീരീക്ഷണ ഡ്രോണ്‍ വിന്യസിച്ചിരുന്നുവെന്നും തായ് സൈന്യം ആരോപിക്കുന്നു. ഡ്രോണ്‍ അയച്ചതിനു ശേഷമാണ് റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള കനത്ത ആയുധങ്ങളുമായി സംഘര്‍ഷം ആരംഭിച്ചതെന്നും തായ് സൈന്യം പറയുന്നു.
എന്നാല്‍ കംബോഡിയ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തായ്‌ലന്‍ഡ് ആണ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്നാണ് അവര്‍ പറയുന്നത്. ‘തായ്ലന്‍ഡ് സൈന്യം നടത്തിയ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരെ കംബോഡിയന്‍ സൈന്യം സ്വയം പ്രതിരോധത്തിന്റെ പരിധിക്കുള്ളില്‍ നിന്നു പ്രതികരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന കരാറുകള്‍ ലംഘിച്ചാണ് തായ് സൈന്യം ആക്രമണം ആരംഭിച്ചതെന്നും കംബോഡിയ കുറ്റപ്പെടുത്തി.
കംബോഡിയയും തായ്ലന്‍ഡും തമ്മില്‍ പങ്കിടുന്ന 817 കിലോമീറ്റര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഏറെ പഴക്കമുണ്ട്. ആ തര്‍ക്ക ചരിത്രത്തിലെ ഏറ്റവും പുതിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഉണ്ടാക്കിയ അതിര്‍ത്തി ഭൂപടങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ടു രാജ്യങ്ങളും പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
2008 നും 2011 നും ഇടയിലാണ് അയല്‍ക്കാര്‍ തമ്മില്‍ അവസാനമായി വലിയ ഏറ്റുമുട്ടലുകള്‍ നടന്നത്. അന്ന് നടന്ന ഷെല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 34 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകള്‍ കുടിയൊഴിക്കപ്പെടുകയും ചെയ്തിരുന്നു.
മെയ് മാസത്തില്‍ ഒരു കംബോഡിയന്‍ സൈനികന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് ഇപ്പോഴത്തെ സംഘര്‍ഷം രൂക്ഷമാകുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഒരു പ്രദേശത്ത് വച്ചായിരുന്നു കംബോഡിയന്‍ സൈനികന്‍ സായുധ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2025 മെയ് 29 നായിരുന്നു തര്‍ക്ക പ്രദേശമായ ചോങ് ബോക്ക് അതിര്‍ത്തി ക്രോസിംഗിന് സമീപം തായ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കംബോഡിയയുടെ ഒരു സര്‍ജന്റ് മേജര്‍ കൊല്ലപ്പെട്ടത്. ഇരുവിഭാഗവും തമ്മില്‍ ചെറിയ രീതിയില്‍ വെടിവയ്പ്പ് നടന്ന ശേഷമായിരുന്നു സൈനികന്‍ കൊല്ലപ്പെടുന്നത്. ഈ സംഭവത്തെക്കുറിച്ച് ഇരുവിഭാഗവും വ്യത്യസ്തമായ വാദങ്ങളായിരുന്നു ഉന്നയിച്ചത്.
തായ്‌ലന്‍ഡ്-കംബോഡിയ-ലാവോസ് അതിര്‍ത്തിക്കടുത്തുള്ള, ഉബോണ്‍ രത്ചത്താനി പ്രവിശ്യയിലെ നാം യുവാന്‍ ജില്ലയിലെ ചോങ് ബോക്കിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. കംബോഡിയ ആരോപിച്ചത്, തായ് സൈന്യം കംബോഡിയന്‍ സൈനിക ഔട്ട്പോസ്റ്റായി ഉപയോഗിച്ചിരുന്ന ഒരു കിടങ്ങിലേക്ക് വെടിയുതിര്‍ത്തുവെന്നാണ്. ആ വെടിവയ്പ്പിലാണ് തങ്ങളുടെ സൈനികന്‍ കൊല്ലപ്പെട്ടതെന്ന് അവര്‍ പറയുന്നു. തര്‍ക്ക പ്രദേശം ഒഴിയാന്‍ കംബോഡിയന്‍ സൈനികരുമായി ചര്‍ച്ച നടത്താന്‍ തങ്ങളുടെ സൈനികര്‍ ശ്രമിച്ചപ്പോള്‍ കംബോഡിയന്‍ സൈന്യം തങ്ങള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സ്വയം പ്രതിരോധത്തിനായി തിരികെ വെടിവയ്‌ക്കേണ്ടി വന്നതാണെന്നുമാണ് തായ്‌ലന്‍ഡ് സൈന്യം പറയുന്നത്.
ഇരുഭാഗങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന സൈനികര്‍ തമ്മില്‍ ഉടനടി ചര്‍ച്ച ആരംഭിക്കുകയും തുടര്‍ന്ന് വെടിനിര്‍ത്തലിലേക്ക എത്തുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ അതുകൊണ്ട് അവസാനിച്ചിരുന്നില്ല. അതിങ്ങനെ നീറിനീറിക്കിടന്നിരുന്നു. ഇപ്പോഴത് വീണ്ടും പൊട്ടിത്തെറിച്ചു. As the long-standing border dispute between Thailand and Cambodia erupts into clashes again
Content Summary; As the long-standing border dispute between Thailand and Cambodia erupts into clashes again