July 14, 2026 |
Share on

എസ് 400, സുഖോയ് 57 മുതല്‍ എണ്ണ ഇറക്കുമതി തര്‍ക്കം വരെ; പുടിന്റെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം

യുഎസ് സമ്മര്‍ദം നിലനില്‍ക്കെയാണ് സന്ദര്‍ശനം

യുക്രെയ്‌നെതിരായി റഷ്യ യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി, പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രാജ്യതലസ്ഥാനത്ത് എത്തും. ഇന്ന് വൈകിട്ട് നാലരയോടെയാണ് പുടിന്‍ എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളം നടത്തുന്ന വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ, ഇരുരാജ്യങ്ങളും സുപ്രധാനമായ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുടിന്‍ റഷ്യന്‍ പ്രസിഡന്റായ ആദ്യ വര്‍ഷം ആരംഭിച്ച ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന് ഇപ്പോള്‍ 25 വര്‍ഷം തികയുകയാണ്. ഈ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് നിലവിലെ സന്ദര്‍ശനം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക ഇന്ത്യക്കുമേല്‍ മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യയുമായും യുക്രെയ്‌നുമായും ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

റഷ്യ – യുക്രൈന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി പുടിനെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ നടന്ന വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ സ്വകാര്യ അത്താഴവിരുന്ന് നല്‍കിയിരുന്നു.

ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി അടുത്ത സഖ്യകക്ഷികളാണ്. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പ്രധാന ആയുധദാതാവ് റഷ്യയാണ്. കൂടാതെ, അമേരിക്കന്‍ ഉപരോധ ഭീഷണികള്‍ക്കിടയിലും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമാക്കുന്ന പ്രധാന പങ്കാളിയുമാണ്.

എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യക്ക് തങ്ങളുടെ എണ്ണയും ആയുധങ്ങളും വിറ്റഴിക്കാന്‍ ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ വിപണിയെയും ശക്തനായ പങ്കാളിയെയും അത്യന്താപേക്ഷിതമാണ്.

കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടാകും. കൂടാതെ, റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഭാവിയിലെ നിലപാടുകള്‍, അമേരിക്കയുടെ താരിഫ് തന്ത്രങ്ങളെ നേരിടാനുള്ള വ്യാപാര തന്ത്രങ്ങള്‍ എന്നിവ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയമാകും.

നാളെയാണ് പുടിന്റെ പ്രധാന പരിപാടികള്‍. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നടക്കും. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ വെച്ച് പ്രധാന ഉച്ചകോടി നടക്കും. മോദിയോടൊപ്പം ഉച്ചഭക്ഷണത്തിനു ശേഷം പുടിന്‍ ഇന്ത്യ – റഷ്യ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കും. പിന്നീട് രാഷ്ട്രപതി ഭവനില്‍ തിരിച്ചെത്തുന്ന അദ്ദേഹം പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കും.

പുടിനും മോദിയും സംയുക്തമായി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. നിക്ഷേപ അവസരങ്ങള്‍, നിര്‍മ്മാണ പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവയെക്കുറിച്ച് സംസാരിക്കും. ഉഭയകക്ഷി ഇടപാടുകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും.

പുടിനൊപ്പം പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവും, റഷ്യന്‍ സ്റ്റേറ്റ് ആയുധ കയറ്റുമതിക്കാരായ റോസോബോറോനെക്‌സ്‌പോര്‍ട്ടിന്റെ ഉന്നത എക്‌സിക്യൂട്ടീവുകളും, ഉപരോധം ഏര്‍പ്പെടുത്തിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിന്റെയും ഗാസ്‌പ്രോം നെഫ്റ്റിന്റെയും തലവന്മാരും ഉള്‍പ്പെടെ ബിസിനസ്, വ്യവസായ മേഖലയില്‍ നിന്നുള്ള വിശാലമായ ഒരു പ്രതിനിധി സംഘവും പങ്കെടുക്കും.

Content Summary: Putin arrives in India for a two-day visit

Leave a Reply

Your email address will not be published. Required fields are marked *

×