June 26, 2026 |
Share on

റഷ്യന്‍ എണ്ണ ഇറക്കുമതി:പുതിയ ഉപരോധ ബില്ലുമായി യുഎസ്

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 500% തീരുവ

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്ററും പ്രതിരോധ വിദഗ്ദ്ധനുമായ ലിന്‍ഡ്‌സെ ഗ്രഹാം വെളിപ്പെടുത്തി. റഷ്യയുടെ വ്യാപാര പങ്കാളികളാകുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം തീരുവ ചുമത്താനാണ് പുതിയ നിയമനിര്‍മാണത്തെ തുടര്‍ന്ന് ഇന്ത്യ വീണ്ടും നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രമായി മാറുകയാണ്.

ഉപരോധ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം ലഭിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധസന്നാഹങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ട്രംപ് ഭരണകൂടം സജീവമാക്കുന്ന സാഹചര്യത്തില്‍, മോസ്‌കോയെ സാമ്പത്തികമായി തളര്‍ത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെക്കുറിച്ച് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര തന്നെ അറിയിച്ചതായി സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം വെളിപ്പെടുത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നിര്‍ദ്ദേശിച്ചിട്ടുള്ള 500 ശതമാനം അധിക തീരുവ ഇന്ത്യയുടെ കാര്യത്തില്‍ ഒഴിവാക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടാന്‍ ക്വാത്ര അഭ്യര്‍ത്ഥിച്ചതായും ഗ്രഹാം പറഞ്ഞു. ജനുവരി 5-നായിരുന്നു ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റഷ്യന്‍ എണ്ണയ്ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ലിന്‍ഡ്‌സെ ഗ്രഹാം പുതിയ ബില്ലുമായി രംഗത്തെത്തുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2025 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 18 ശതമാനത്തിലധികം ഇടിവ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അധികാരമേറ്റ ആദ്യ ദിനം തന്നെ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ട്രംപ് ഭരണകൂടം ഇപ്പോള്‍ വേഗത കൂട്ടിയിരിക്കുകയാണ്. പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരാണ് യുഎസ് പ്രസിഡന്റിന് വേണ്ടി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നയതന്ത്ര തലത്തിലുള്ള നീക്കങ്ങളിലൂടെ സമാധാന കരാര്‍ ഉറപ്പാക്കാന്‍ ട്രംപ് താല്‍പ്പര്യപ്പെടുന്നതിനാല്‍, യുഎസ് കോണ്‍ഗ്രസില്‍ ഈ ഉപരോധ ബില്‍ പാസാക്കുന്നത് നീണ്ടുപോവുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപരോധങ്ങളേക്കാള്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ നീക്കം.

അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ആകെ 50 ശതമാനം തീരുവ നേരിടേണ്ടി വരുന്നത് ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമാകുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര വിപണികളിലൊന്നായ യുഎസില്‍ ഈ നികുതി വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 27-ന് പ്രാബല്യത്തില്‍ വന്ന 25 ശതമാനം അധിക തീരുവയോടെ, അമേരിക്കയുടെ ഈ നയമാറ്റം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി ഇന്ത്യ മാറി. കയറ്റുമതിയെ തടസ്സപ്പെടുത്തുന്നതിനൊപ്പം, രാജ്യത്തേക്കുള്ള വിദേശ നിക്ഷേപങ്ങളെ മന്ദീഭവിപ്പിക്കാനും ഈ അനിശ്ചിതത്വം കാരണമാകുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഡല്‍ഹിയും വാഷിംഗ്ടണും ഉന്നതതല ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവിലെ വ്യാപാര പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ട്, ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഒരു സമഗ്ര വ്യാപാര കരാറില്‍ എത്രയും വേഗം ഒപ്പിടാനാണ് ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്നത്.

Content Summary: 500% tariff warning: new US sanctions bill targets India over Russian oil imports

Leave a Reply

Your email address will not be published. Required fields are marked *

×