ഗാസയില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപനങ്ങള്‍ വരുമ്പോഴും ഇസ്രയേലിന്റെ കടുംപിടുത്തം മേഖലയെ ഇപ്പോഴും സംഘര്‍ഷത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. ഗാസയുടെ പുനരുജ്ജീവനത്തിനാവശ്യമായ സഹായ വിതരണം സുഗമമായി നടക്കണമെങ്കില്‍ ഈജിപ്തുമായി പങ്കിടുന്ന നിര്‍ണായകമായ റാഫ അതിര്‍ത്തി തുറക്കണം. ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കാതെ റാഫ അതിര്‍ത്തി പൂര്‍ണമായി തുറക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.
ചൊവ്വാഴ്ച രാത്രി ഹമാസ് നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതോടെ യുഎസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം ആകെ എട്ടു മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇനി 20 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. ഇവരെ സംസ്‌കാരിച്ച സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടാണ് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാനുള്ള തടസത്തിന് കാരണമെന്നാണ് ഹമാസ് പറയുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് റെഡ്‌ക്രോസും പറയുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ് ഗാസ. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ആഴ്ച്ചകളോ മാസങ്ങളോ തന്നെ എടുത്തേക്കാമെന്നാണ് റെഡ്‌ക്രോസ് കണക്കുകൂട്ടുന്നത്.
എന്നാല്‍ ഇസ്രയേല്‍ ഈവക വാദങ്ങളൊന്നും ചെവിക്കൊള്ളുന്നില്ല. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ ഹമാസ് മനപൂര്‍വമായ കാലതാമസം എടുക്കുകയാണെന്നാണ് അവരുടെ ആരോപണം. ഇതിന് പ്രതികാരമായാണ് ഗാസയുടെ അതിജീവനത്തിന് അവര്‍ തടസം നില്‍ക്കുന്നത്. ഗാസയിലേക്ക് അനുവദിക്കുന്ന സഹായ ട്രക്കുകളുടെ എണ്ണം ഒരു ദിവസം 300 ആയി കുറയ്ക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഈജിപ്തില്‍ നിന്ന് റാഫ വഴി ഗാസയിലേക്ക് സഹായ വിതരണങ്ങള്‍ക്കായി ഒരു സുപ്രധാന ക്രോസിംഗ് പോയിന്റ് തുറക്കാനുള്ള തീരുമാനവും ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനങ്ങളാണ് ഇസ്രയേല്‍ ഇപ്പോള്‍ ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ശേഷിക്കുന്ന ബന്ദി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാനാണ് ഹമാസിനോട് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സമാധാനത്തിന്റെ രണ്ടാംഘട്ടം സാധ്യമാകില്ലെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കുന്നുണ്ട്. ”ഒരു വലിയ ഭാരം ഇറക്കിവച്ചു, പക്ഷേ ജോലി പൂര്‍ത്തിയായിട്ടില്ല. വാഗ്ദാനം ചെയ്തതുപോലെ മരിച്ചവരെ തിരിച്ചയച്ചിട്ടില്ല!, ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളാണ്. ”രണ്ടാം ഘട്ടം ഇപ്പോള്‍ ആരംഭിക്കുന്നു!” എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹമാസിനുള്ള താക്കിതാണ്.
സമാധാന കരാറിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന 20 ബന്ദികളെ ഹമാസ് ഇസ്രയേലിന് കൈമാറി. പകരം രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേല്‍ തടവറയില്‍ നിന്നും വിട്ടയച്ചു. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്‍വാങ്ങുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഗാസയുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും വ്യക്തമായൊരു ചിത്രം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ കാണിക്കുന്നത് അപകടം ഇപ്പോഴും ഒഴിഞ്ഞു പോയിട്ടില്ലെന്നാണ്. ഏതു സമയവും പൊട്ടിത്തെറികള്‍ പുനരാരംഭിക്കാമെന്ന അവസ്ഥയാണ്.
Content Summary; Israel accuses Hamas of violating the Gaza ceasefire agreement by not handing over the remaining bodies of hostages
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.