വയനാട് മരവയല്‍ സ്റ്റേഡിയത്തിലെ മാസ്റ്റേഴ്സ് മീറ്റ്. 55 വയസ്സിന് മുകളിലുള്ള കായികതാരങ്ങള്‍ ബൂട്ടണിഞ്ഞ്, ലക്ഷ്യത്തിലേക്ക് കണ്ണും നട്ട് ട്രാക്കില്‍ നിലയുറപ്പിച്ചു… എന്നാല്‍, അവരുടെ സ്‌പോര്‍ട്സ് വേഷങ്ങള്‍ക്കിടയില്‍, കാണികളുടെയെല്ലാം കണ്ണുടക്കിയത് തിരുവസ്ത്രമണിഞ്ഞെത്തിയ ആ സിസ്റ്ററിലേക്കായിരുന്നു… ട്രാക്കില്‍ വിസില്‍ മുഴങ്ങി…ഹര്‍ഡിലുകള്‍ ഓരോന്നും നിഷ്പ്രയാസം മറികടന്ന് ആ സന്ന്യാസിനി മുന്നോട്ട് കുതിച്ചു. അതുവരെ കൗതുകവും ഒരല്പം സംശയവും കലര്‍ന്ന അടക്കം പറച്ചിലുകളോടെ ആ സിസ്റ്ററെ നോക്കിയവരില്‍ പിന്നീട് ആവേശം അലതല്ലി. നിറഞ്ഞ കയ്യടിയോടെ സിസ്റ്റര്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടു. ആ തകര്‍പ്പന്‍ പ്രകടനത്തില്‍ സിസ്റ്റര്‍ മടങ്ങിയത് സ്വര്‍ണ മെഡലുമായി!
സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ചെരുപ്പില്ലാതെ, സ്പോര്‍ട്സ് വേഷമണിയാതെ, ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരമാണ്. 55 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് കാസര്‍ഗോഡ് എണ്ണപ്പാറ സ്വദേശിനിയായ ഈ സന്യാസിനി മത്സരിച്ച് ഒന്നാമതെത്തിയത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയായ സിസ്റ്റര്‍ സബീനയ്ക്ക്, 32 വര്‍ഷങ്ങള്‍ക്കിപ്പുറം ട്രാക്കിലേക്ക് മടങ്ങിയെത്തിയ ഈ വിജയം ഒരു നിയോഗം പോലെയാണ്.
”ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വശക്തനായ ദൈവത്തിന് മഹത്വമുണ്ടാകട്ടെ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്” സിസ്റ്റര്‍ പറഞ്ഞു തുടങ്ങി. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയായാണ് ജോലി ചെയ്യുന്നത്. സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റിലെ എന്റെ ആദ്യ മത്സരമായിരുന്നു ഇത്. ജാവലിനില്‍ പങ്കെടുക്കാനായിരുന്നു ഇവിടെയെത്തിയത്. എന്നാല്‍ ഹര്‍ഡില്‍സ് കണ്ടപ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച മോഹങ്ങള്‍ പതിയെ പുറത്തേക്ക് വന്നു. കഴിഞ്ഞ 32 വര്‍ഷമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നല്ലാതെ, മൂന്ന് പതിറ്റാണ്ടിലേറെയായി ഹര്‍ഡില്‍സിന്റെ ട്രാക്കില്‍ ഇറങ്ങിയിരുന്നില്ല.
വരുന്ന മാര്‍ച്ചില്‍ അധ്യാപനത്തില്‍ നിന്നും വിരമിക്കുകയാണ്. അതിന് മുമ്പായി ഹര്‍ഡില്‍സില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതെനിക്ക് സ്വയമേ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് കണ്ടത്.
ചെറുപ്പത്തില്‍ സ്പോര്‍ട്സ് ഡ്രസ് ധരിച്ചായിരുന്നു മത്സരിച്ചതെങ്കിലും, സഭയില്‍ ചേര്‍ന്ന ശേഷം തിരുവസ്ത്രത്തിലാണ് ട്രാക്കിലിറങ്ങിയത്. ‘ഒരു തവണ തിരുവസ്ത്രം ഇട്ട് മത്സരിക്കാന്‍ ശ്രമിച്ച് നോക്കി. അന്ന് മനസ്സിന് നല്ല ധൈര്യം കിട്ടി. പിന്നീടങ്ങോട്ട് തിരുവസ്ത്രം ധരിച്ച് തന്നെയാണ് ട്രാക്കിലെത്തിയത്,’ സിസ്റ്റര്‍ പറയുന്നു.
ചെറുപ്പം മുതലേ കായികയിനങ്ങളോട് താല്പര്യമുണ്ടായിരുന്നു. വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂക്കോസ് സാറാണ് എന്നിലെ കായിക താരത്തെ ആദ്യം തിരിച്ചറിയുകയും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനം നല്‍കിയതും. പിന്നീട് കണ്ണൂരില്‍ സെബാസ്റ്റ്യന്‍ സാറിന് കീഴിലായിരുന്നു പരിശീലനം. ഇവിടെ വച്ചായിരുന്നു ഹര്‍ഡില്‍സില്‍ പ്രത്യേക പരിശീലനം ലഭിച്ചത്. പിന്നീടിങ്ങോട്ട് ഹര്‍ഡില്‍സ് എന്റെ ഇഷ്ട കായികവിനോദമായി. രാജഗോപാലന്‍ സാറായിരുന്നു ഹാര്‍ഡില്‍സിലേക്ക് എന്നെ എത്തിച്ചത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച് ശ്രദ്ധേയയായിരുന്നു. അന്ന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയായിരുന്നു ആദ്യമായി സ്വര്‍ണമെഡല്‍ നേടിയത്. പിന്നീട് പാട്യാലയില്‍ നടന്ന ദേശീയ മത്സരത്തില്‍ പങ്കെടുത്തു. കോളേജ് കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലും പങ്കെടുത്തു.
പ്രാര്‍ത്ഥാ ജീവിതത്തോട് എന്നും ഏറെ അടുപ്പമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്താണ് കസിന്‍സ് പലരും ആരാധനാ മഠത്തില്‍ കന്യാസ്ത്രിമാരായി ചേര്‍ന്നത്. അങ്ങനെ 1993 ല്‍, 23-ാം വയസ്സില്‍ ഞാനും ആരാധനാ മഠത്തില്‍ സന്യസ്ത ജീവിതം ആരംഭിച്ചു. ഇവിടെ എത്തിയപ്പോള്‍ ആധ്യാത്മിക ജീവിതത്തോടൊപ്പം കായികജീവിതവും കൊണ്ടുപോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു.
32 വര്‍ഷം നീണ്ട തന്റെ കായികാധ്യാപന ജീവിതം കൊണ്ട് സിസ്റ്റര്‍ സബീന നിരവധി വിദ്യാര്‍ത്ഥികളെ ട്രാക്കിലെത്തിച്ചു. രാജ്യത്തിനുവേണ്ടി ബൂട്ടണിഞ്ഞവരുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്താണ് സിസ്റ്ററുടെ പരിശീലനത്തില്‍ മികവുറ്റവരായി മാറിയത്. വയനാട് സ്വദേശിനിയും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം അംഗവുമായ ജീന പിഎസ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് സിസ്റ്ററായിരുന്നു പ്രചോദനവും വഴികാട്ടിയും. കളിക്കളത്തില്‍ സിസ്റ്റര്‍ നേടിയ സ്വര്‍ണത്തിളക്കത്തോളം തന്നെ മഹനീയമാണ് സിസ്റ്ററുടെ അധ്യാപന ജീവിതവും.
സിസ്റ്റര്‍ സബീനയുടെ ഓരോ ദിവസവും ആരംഭിക്കുന്നത് പ്രാര്‍ത്ഥനയോടെയും മെഡിറ്റേഷനോടെയുമാണ് (ധ്യാനം). സന്യാസ ജീവിതത്തെയും കായിക ലോകത്തെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന സിസ്റ്റര്‍ക്ക് ഇനി ഒരൊറ്റ ലക്ഷ്യം മാത്രം… റിട്ടയര്‍മെന്റിന് ശേഷം പൂര്‍ണമായും പ്രാര്‍ത്ഥനാ ജീവിതത്തിലേക്ക് തിരിയുക.
‘ഇനി മറ്റൊരു ആഗ്രഹവും ജീവിതത്തിലില്ല. പ്രാര്‍ത്ഥന ജീവിതം മാത്രം. അവസരം കിട്ടിയപ്പോള്‍ മത്സരത്തില്‍ പങ്കെടുത്തു. അത്രമാത്രം. ദൈവം തന്നത് സ്വീകരിച്ചു,’ ഹര്‍ഡില്‍സിലെ സ്വര്‍ണനേട്ടം പോലെ തന്നെ ലളിതമാണ് സിസ്റ്റര്‍ സബീനയുടെ ജീവിതവും.
Content Summary: Interview with sister Sabina, the gold medalist in the hurdles event