June 25, 2026 |
Share on

ജോലി വാഗ്ദാനം ചെയ്ത് 200 രൂപ പറ്റിച്ചു; 35 വര്‍ഷത്തിന് ശേഷം ക്ലൈമാക്‌സ്

200 രൂപയ്ക്കു വേണ്ടി 400 കിലോമിറ്റര്‍ പോകണോ? അതിന് സിര്‍സി പൊലീസ് കണ്ട ഉപായം

1990 കള്‍. അന്ന് 200 രൂപ വലിയൊരു തുകയായിരുന്നു. ആരോടൊക്കെയോ കടം വാങ്ങിയാണ് വെങ്കിടേഷ് മഹാദേവ വൈദ്യ എന്ന 20 കാരന്‍ തനിക്ക് വേണ്ടത്ര അറിയില്ലാത്ത ഒരു മനുഷ്യന് 200 രൂപ കൊടുത്തത്. ഒരു ജോലി തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം ആ വിദ്യാര്‍ത്ഥി വിശ്വസിച്ചതാണ്.

പിന്നീട് നടന്നത് ഊഹിക്കാം. പണം വാങ്ങിയയാള്‍ മുങ്ങി! പണം നഷ്ടപ്പെട്ട വൈദ്യ പൊലീസിന് പരാതി നല്‍കി. പക്ഷേ, പ്രയോജനമൊന്നുമുണ്ടായില്ല. 35 വര്‍ഷത്തോളം, അതൊരു നടപടിയില്ലാത്ത കേസായി കിടന്നു.

കഥയവിടെ അവസാനിച്ചില്ല.

വൈദ്യയെ പറ്റിച്ച കക്ഷിയെ കഴിഞ്ഞാഴ്ച്ച പൊലീസ് പിടിച്ചു. ബി. കേശവമൂര്‍ത്തി റാവു, അതാണ് തട്ടിപ്പുക്കാരന്റെ പേര്. ആള്‍ക്കിപ്പോള്‍ പ്രായം 72 വയസ്.

ഉത്തര കര്‍ണാടകയിലെ സിര്‍സി റൂറല്‍ പൊലീസാണ്, കാലങ്ങളായി പൊടിപിടിച്ചു കിടന്നിരുന്നൊരു കേസിന് തീര്‍പ്പുണ്ടാക്കിയത്. രണ്ടു മാസം മുമ്പ് ചാര്‍ജ് ഏറ്റെടുത്ത ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് ഗൗഡ, സ്റ്റേഷനിലെ കോള്‍ഡ് കേസുകള്‍ പരിശോധിക്കുന്നതിനിടയിലാണ് വൈദ്യയുടെ പരാതി കണ്ണിലുടക്കുന്നത്. ആ സ്റ്റേഷനിലെ ഏറ്റവും പഴക്കം ചെന്ന കേസായിരുന്നു അത്. മാത്രമല്ല, 200 രൂപ തട്ടിപ്പ് എന്നതും ആ കേസിനോട് പ്രത്യേക താത്പര്യം തോന്നാന്‍ മഞ്ജുനാഥിന് കാരണമായി.

കേശവമൂര്‍ത്തി റാവുവിന്റെ ബന്ധുക്കളെ കണ്ടു പിടിച്ചതോടെ, അയാളുടെ കോണ്‍ടാക്റ്റ് നമ്പര്‍ പൊലീസിന് കിട്ടി. സൂത്രത്തില്‍ അയാളുടെ ലൊക്കേഷനും കണ്ടു പിടിച്ചു. ബെംഗളൂരുവില്‍, കന്നഡ ആക്ടിവിസ്റ്റ് ആണ്. ഏകാന്ത ജീവിതം. സിര്‍സിയില്‍ നിന്നും ബെംഗളൂരുവിലേക്ക് ഏകദേശം 400 കിലോമീറ്റര്‍ ഉണ്ട്. 200 രൂപയ്ക്ക് വേണ്ടി അത്രയും ദൂരം പോകണോ എന്നൊരു ചോദ്യം സിര്‍സി പൊലീസിനു മുന്നില്‍ വന്നു.

എന്നാല്‍ അവര്‍ക്കൊരു അവസരം കിട്ടി. സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മാരുതി ഗൗഡ നല്ലൊരു കബഡി താരമാണ്. ബെംഗളൂരുവില്‍ നടക്കുന്ന വാര്‍ഷിക പൊലീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ മാരുതി ഗൗഡ പോകും. ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ് അതൊരു അവസരമാക്കി. ജൂണ്‍ അവസാന ആഴ്ച്ചയില്‍ മാരുതി ബെംഗളൂരുവിലേക്ക പോയത് കബഡി കളിക്കാന്‍ മാത്രമായിരുന്നില്ല. കേശവമൂര്‍ത്തി റാവുവിനെ പൊക്കുക എന്ന ദൗത്യത്തിന് കൂടിയായിരുന്നു. സ്‌പോര്‍ട്‌സ് മീറ്റ് അവസാനിച്ചശേഷം, ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം മാരുതി ഗൗഡ, കേശവമൂര്‍ത്തി റാവുവിനെ കുറിച്ചുള്ള അന്വേഷണത്തിന് ഇറങ്ങി.

മാരുതി ഒരു കളി കളിച്ചു.

കേശവമൂര്‍ത്തി റാവുവിന് ഒരു ഫോണ്‍ കോള്‍. ഒരു പാഴ്‌സല്‍ ഉണ്ടെന്ന് അറിയിച്ച് കൊറിയര്‍ ഓഫിസില്‍ നിന്നാണ് വിളി. വിലാസം ചോദിച്ച് ഉറപ്പിച്ച ശേഷം പാഴ്‌സല്‍ വാങ്ങാന്‍ കൊറിയര്‍ ഓഫിസിലേക്ക വരാന്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ചു. കേശവമൂര്‍ത്തി റാവു പാഴ്‌സല്‍ വാങ്ങാന്‍ കൊറിയര്‍ ഓഫിസില്‍ എത്തി. അവിടെ അയാളെയും കാത്ത് മാരുതി ഗൗഡ ഉണ്ടായിരുന്നു. 35 വര്‍ഷം മുമ്പ് നടത്തിയ തട്ടിപ്പിന്റെ പേരില്‍ കേശവമൂര്‍ത്തി റാവു പിടിയിലായി. അയാളെയും കൊണ്ട് മാരുതി ഗൗഡ സിര്‍സിയിലേക്ക്.

എങ്ങനെയായിരിക്കും ഈ കഥ അവസാനിക്കുക?

വെങ്കിടേഷ് മഹാദേവ വൈദ്യയില്‍ നിന്നും വീണ്ടും ആരംഭിക്കാം.

കൂലിപ്പണിക്കാരുടെ മകനായിരുന്നു വെങ്കിടേഷ്. ബികോം വിദ്യാര്‍ത്ഥിയായ വെങ്കിടേഷ് മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്ന ആഗ്രഹത്തില്‍ പല പണികളും ചെയ്തായിരുന്നു തന്റെ ഫീസ് കണ്ടെത്തിയിരുന്നത്. അക്കാലത്ത് സിര്‍സിയില്‍ നല്ല പിടിപാടുള്ള ആളെന്ന് കേട്ടാണ് കേശവ മൂര്‍ത്തി റാവുവിനെ സമീപിക്കുന്നത്. റാവു ആ വിദ്യാര്‍ത്ഥിക്ക് ഒരു സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. അതിന് 200 രൂപ മുടക്കണം.

200 എന്നത് ആ സമയത്ത് വലിയൊരു തുകയായിരുന്നു. ജോലി കിട്ടിയാല്‍ തന്റെ കുടുംബം രക്ഷപ്പെടുമെന്ന് വെങ്കിടേഷിന് അറിയാമായിരുന്നു. പക്ഷേ പണം! ഒടുവില്‍ അത്രയും തുക അയാള്‍ കടം വാങ്ങി. ആ പണം റാവുവിന് കൈമാറി. വെങ്കിടേഷ് പല സ്വപ്‌നങ്ങളും കണ്ടു.

പണം വാങ്ങിയ റാവു രായ്ക്കുരാമാനം മുങ്ങി. വെങ്കിടേഷിന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. വലിയൊരു തുകയ്ക്ക് താന്‍ കടക്കാരനായിരിക്കുന്നു. അയാള്‍ പൊട്ടിക്കരഞ്ഞു. പൊലീസില്‍ പരാതി കൊടുത്തു. അവര്‍ക്ക് റാവുവിനെ കണ്ടു പിടിക്കാനായില്ല.

കാലം മാറിക്കൊണ്ടിരുന്നു. വെങ്കിടേഷിനെ ജീവിതം ചതിച്ചില്ല. അയാള്‍ക്ക് എസ്ബി ഐയില്‍ ജോലി കിട്ടി. പഴയ തട്ടിപ്പിന്റെ കഥയൊക്കെ അയാള്‍ ഓര്‍മിച്ചിരുന്നത്, ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ സിര്‍സി സ്‌റ്റേഷനില്‍ നിന്നും കേസിന്റെ കാര്യം പറഞ്ഞ് വിളിക്കുമ്പോഴാണ്. പ്രത്യേകിച്ച് ഒന്നുമുണ്ടാകില്ല, റാവുവിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍.

ബെംഗളൂരു എസ്ബിഐയില്‍ ചീഫ് മാനേജരായി ഇരിക്കെ വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ വെങ്കിടേഷിനെ തേടി ജൂലൈ ആദ്യവാരം വീണ്ടും സിര്‍സി സ്‌റ്റേഷനില്‍ നിന്നും ഒരു കോള്‍ കൂടി വന്നു. ഇത്തവണ ആ ഫോണ്‍ വിളിയില്‍ വെങ്കിടേഷ് ഞെട്ടി. കേശവമൂര്‍ത്തി റാവു അറസ്റ്റിലായിരിക്കുന്നു.

ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും തനിക്ക് കാണാന്‍ കഴിയില്ലെന്ന് വെങ്കിടേഷ് കരുതിയയാളാണ് റാവു.

കഴിഞ്ഞാഴ്ച്ച പൊലീസ് റാവുവിനെ കോടതിയില്‍ ഹാജരാക്കി. ചെയ്ത തെറ്റിന് അയാള്‍ വൈദ്യയോട് ക്ഷമാപണം നടത്തി. അന്നത്തെ കാലത്ത് ഒരു വലിയ തുകയാണ് റാവു തന്നെ പറ്റിച്ചതെന്ന് വെങ്കിടേഷിന് അറിയാം. എങ്കിലും അയാള്‍ ക്ഷമിച്ചു. 72 വയസുള്ള ഒരു മനുഷ്യനാണ്, മനുഷ്യത്വത്തിന്റെ പുറത്ത് അയാളോട് ക്ഷമിക്കാനാണ് തനിക്ക് തോന്നിയതെന്ന്, ഈ കഥയെല്ലാം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പങ്കുവച്ചുകൊണ്ട് വെങ്കിടേഷ് പറയുന്നു. വെങ്കിടേഷ് വൈദ്യ പരാതി പിന്‍വലിച്ചതോടെ, കോടതി കേസ് അവസാനിപ്പിച്ചു.

ഒരിക്കല്‍ വീണു പോയെങ്കിലും, ജീവിതത്തില്‍ പിന്നീട് വെങ്കിടേഷിന് കാലിടറിയില്ല. എന്നാല്‍ കേശവമൂര്‍ത്തി റാവുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ബെംഗളൂരുവില്‍ നടന്ന പല പ്രതിഷേധങ്ങളിലും കന്നഡ ആക്ടിവിസ്റ്റ് ആയ റാവു നിറഞ്ഞു നിന്നിരുന്നുവെങ്കിലും അയാളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ബിസിനസുകളൊക്കെ പരാജയപ്പെട്ടു. ഒരു കുടുംബം ഇല്ലാതെ, അവസാന കാലത്ത് ഏകാന്തമായൊരു ജീവിതമാണ് അയാള്‍ക്കുള്ളത്. ചില വിധികള്‍ കോടതികള്‍ക്ക് പുറത്തും നടക്കും.  Karnataka police arrest man after 35 years for cheating student out of Rs 200 with fake job promise

Content Summary; Karnataka police arrest man after 35 years for cheating student out of Rs 200 with fake job promise

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×