ഖത്തറിന് നാറ്റോയ്ക്ക് സമാനമായ സുരക്ഷാ വാഗ്ദാനങ്ങള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരായ ഏതൊരു ആക്രമണവും യുഎസിന് ഭീഷണിയാണ്. ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.
ഇസ്രയേല്‍ ഹമാസിനെ ആക്രമിച്ചതിന് പിന്നാലെ ദോഹയില്‍ വച്ച് നല്‍കിയ ഉറപ്പിന്‍ മേലാണ് ഈ നടപടി. ഖത്തറിനെതിരെ ആക്രമണം ഉണ്ടായാല്‍ യുഎസിന്റെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികവുമായ നടപടികള്‍ അമേരിക്ക സ്വീകരിക്കും. ഉത്തരവില്‍ ട്രംപ് വ്യക്തമാക്കി.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്നു നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പു ചോദിച്ചിരുന്നു.
ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ ഖത്തര്‍ തീരുമാനിച്ചതോടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ട്രംപ് ഖത്തര്‍ ജനതയ്ക്ക് ഉറപ്പ് നല്‍കുന്നതിനുള്ള നടപടിയാണ് ഇതെന്ന് വ്യക്തമാണ്. അന്ന് ട്രംപിന്റെ നിലപാട് ചര്‍ച്ചയായിരുന്നു. ഖത്തറിനെ സഹായിക്കുന്ന നിലപാട് ആയിരുന്നില്ല ട്രംപ് സ്വീകരിച്ചത് എന്നതായിരുന്നു പ്രധാന വിമര്‍ശനം.
യുഎസ് 2022ല്‍ ഖത്തറിനെ പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷി ആയി പ്രഖ്യാപിച്ചിരുന്നു. ഈ പദവി ദോഹയ്ക്ക് നൂതന അമേരിക്കന്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും, പരസ്പര പ്രതിരോധ വ്യവസ്ഥ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൗദി അറേബ്യ തങ്ങളുടെ സുരക്ഷയ്ക്കായി യുഎസില്‍ ചില കാര്യങ്ങള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് റിയാദുമായി ഒരു യുഎസ് പ്രതിരോധ ഉടമ്പടിക്കായി ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല.
ഇസ്രയേലും ഖത്തറും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനും ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുമുള്ള ശ്രമമാണ് ട്രംപിന്റേതെന്നാണ് വിലയിരുത്തലുകള്‍. ദോഹയില്‍ വെച്ച് ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ പ്രതിനിധികളെ വധിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഖത്തര്‍ തങ്ങളുടെ പരമാധികാരം ലംഘിച്ചതായി പരാതിപ്പെടുകയും ഇസ്രയേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ദൗത്യം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശന വേളയില്‍, ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-താനിയെ വിളിച്ച് ക്ഷമാപണം നടത്തിയ നാടകീയമായ രംഗത്തിന് അത് വഴിവെച്ചു.
ഇതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഗാസയെ പുനര്‍നിര്‍മ്മിക്കാനുമുള്ള 20 പോയിന്റ് പദ്ധതി വൈറ്റ് ഹൗസ് പുറത്തിറക്കിയത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തന്റെ രാജവാഴ്ചയ്ക്കുള്ള തട്ടൊരുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വിമര്‍ശനങ്ങളുമുണ്ട്. മെയ് മാസത്തില്‍ ഖത്തര്‍ തലസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് ഖത്തര്‍ നേതാക്കളോട് വലിയ സ്‌നേഹം പ്രകടനം നടത്തിയിരുന്നു. ഇതിന് പ്രത്യുപകാരമായി 400 മില്യണ്‍ ഡോളറിന്റെ ഒരു ആഡംബര വിമാനം അവര്‍ യുഎസിന് സമ്മാനിച്ചു. കൂടാതെ, ഒരു ട്രംപ് ബ്രാന്‍ഡഡ് ഗോള്‍ഫ് റിസോര്‍ട്ട് സ്ഥാപിക്കാനുള്ള സൗകര്യങ്ങളും ട്രംപ് കുടുംബവുമായി ചില ബിസിനസ്സ് ഇടപാടുകളും ഉറപ്പിച്ചിട്ടുണ്ട്.
Content Summary: Trump promises US will intervene if Qatar is attacked
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.