പലസ്തീൻ ജനതയെ നിരീക്ഷിക്കുന്നതിനായി ഇസ്രയേൽ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിക്കുന്നതായി ദി ഗാർഡിയന്റെ റിപ്പോർട്ട്. യൂറോപ്പിലുള്ള മോക്രോസോഫ്റ്റിന്റെ സെർവറുകളിൽ പലസ്തീനികളുടെ റെക്കോർഡ് ചെയ്ത ഫോൺ കോളുകൾ സൂക്ഷിച്ചുവെയ്ക്കുന്നതിനായി ഇസ്രയേൽ സൈന്യം വലിയൊരു പദ്ധതി തന്നെ ആസൂത്രണം ചെയ്തതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2021 ൽ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഇസ്രയേലിന്റെ സൈനിക നിരീക്ഷണ ഏജൻസിയായ യൂണിറ്റ് 8200 ന്റെ തലവനായ യോസി സരിയേലുമായി കൂടിക്കാഴ്ച നടത്തുകയും അസൂറിന്റെ ഒരു പ്രത്യേക സുരക്ഷിത വിഭാഗത്തിലേക്ക് യൂണിറ്റ് 8200 ന് പ്രവേശനം നൽകാൻ സമ്മതമറിയിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. അസൂറിന്റെ വിശാലമായ സംഭരണ ശേഷി ഉപയോഗിച്ച് ഏജൻസി ശക്തമായ ഒരു ബഹുജന നിരീക്ഷണ സംവിധാനം നിർമ്മിക്കാൻ തുടങ്ങി. 2022 മുതൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീനികൾ ദിവസവും നടത്തുന്ന ദശലക്ഷക്കണക്കിന് ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നു.
പലസ്തീൻ ഫോൺ കോളുകളുടെ ഒരു വലിയ ആർക്കൈവ് തന്നെ സൂക്ഷിക്കാൻ അസൂർ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യോമാക്രമണങ്ങൾ നടത്താനും സൈനിക നടപടികൾ നടപ്പിലാക്കാനും ഇസ്രയേലിനെ ഈ സംവിധാനം സഹായിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പലസ്തീനികളുടെ ആശയവിനിമയങ്ങൾ ചോർത്താൻ വർഷങ്ങളായി ഇസ്രയേൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. അതിൽ ഏറ്റവും ശക്തമായതും വിശാലമായതുമായ സംവിധാനമാണ് മൈക്രോസോഫ്റ്റ് വഴി സാധ്യമായിരിക്കുന്നത്. പലസ്തീനിലെ സാധാരണ ജനങ്ങളുടെ ഫോൺ കോളുകളാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇതുവഴി കേൾക്കുന്നത്.
ഗാസയിലും വെസ്റ്റ് ബാങ്കിലും വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ലക്ഷ്യങ്ങൾ തിരിച്ചറിയാനും നിരീക്ഷണ സംവിധാനം സഹായിച്ചതായി മൈക്രോസോഫ്റ്റിറ്റ് വൃത്തങ്ങളും അറിയിച്ചു. കോൾ ഡാറ്റ ഉപയോഗിച്ച് അറസ്റ്റിന്റെയും കൊലപാതകങ്ങളുടെയും ന്യായീകരണം കണ്ടെത്താനും കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ഡാറ്റയുടെ കൃത്യമായ സ്വഭാവം നദെല്ലയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. അന്ന് പുതിയ സാങ്കേതികവിദ്യ ആവിഷ്കരിക്കുന്നതിൽ താൽപര്യം കാട്ടിയതിന് യോസി സരിയേൽ കടുത്ത വിമർശനങ്ങൾ നേരിടുകയും പിന്നീട് രാജിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ അന്ന് നിർമ്മിച്ച സംവിധാനം ഇപ്പോഴും സജീവമാണ്. ഗാസയിലെ യുദ്ധസമയത്ത് അത് വളരെയധികം ഉപയോഗിക്കപ്പെടുത്തുകയും ചെയ്തു.
Content Summary: Israel uses Microsoft cloud for widespread surveillance of Palestinians
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.