അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് തിരികെ അയക്കുന്നതിനായി വിചിത്രവും എന്നാല്‍ സാമ്പത്തിക ലാഭകരവുമായ ‘സെല്‍ഫ് ഡിപ്പോര്‍ട്ടേഷന്‍’ (സ്വയം നാടുകടത്തല്‍) പദ്ധതിയുമായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ‘പ്രോജക്റ്റ് ഹോംകമിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ മടങ്ങുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും 2,600 യുഎസ് ഡോളര്‍ (ഏകദേശം 2.18 ലക്ഷം രൂപ) എക്‌സിറ്റ് ബോണസുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
‘CBP Home’ എന്ന മൊബൈല്‍ ആപ്പ് വഴി കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. യാത്രാ സഹായവും സാമ്പത്തിക സഹായവും ഈ ആപ്പ് വഴി ലഭ്യമാകും.
ഇന്ത്യയില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ താജ്മഹലിന്റെ ചിത്രമുള്‍പ്പെടെയുള്ള പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നത്. ചൈന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ അടയാളങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരാളെ നിര്‍ബന്ധിതമായി നാടുകടത്തുന്നതിന് അമേരിക്കന്‍ സര്‍ക്കാരിന് നിലവില്‍ 18,245 ഡോളറോളം ചിലവ് വരുന്നുണ്ട്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം ഒരാള്‍ക്ക് 5,100 ഡോളര്‍ മാത്രമേ ചിലവാകൂ. ഇതിലൂടെ ഓരോ കുടിയേറ്റക്കാരനിലും 13,000 ഡോളറിലധികം നികുതിപ്പണം ലാഭിക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വാദം.
‘അറസ്റ്റ്, തടങ്കല്‍ എന്നിവയുടെ ഭയമില്ലാതെ സുരക്ഷിതമായും മാന്യമായും സാധാരണ യാത്രക്കാരെപ്പോലെ വീട്ടിലേക്ക് മടങ്ങാന്‍ ഈ പദ്ധതി സഹായിക്കുന്നു,’ എന്ന് ഡിഎച്ച്എസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
2025 ജനുവരിയില്‍ ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതി വഴി ഇതിനകം 22 ലക്ഷത്തിലധികം പേര്‍ രാജ്യം വിട്ടതായാണ് കണക്കുകള്‍. എന്നാല്‍, സ്വന്തം രാജ്യത്തെ പൗരന്മാരേക്കാള്‍ പരിഗണന കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും പരിഹാസവും ഉയരുന്നുണ്ട്.
‘സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കുമോ?’ എന്നും ‘നികുതിപ്പണം ഇത്തരത്തില്‍ ചെലവാക്കുന്നത് ശരിയാണോ?’ എന്നുമാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 1,000 ഡോളറായിരുന്ന ബോണസ് തുക, കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി ഡിസംബറില്‍ 3,000 ഡോളറാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോഴത് 2,600 ഡോളറായി നിശ്ചയിച്ചിരിക്കുകയാണ്.
Content Summary: free flights and dollar 2,600 bonus: US announces ‘project homecoming’ for migrants to return home