July 03, 2026 |
Share on

അനധികൃത വാതുവെപ്പ്; കർണാടക കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, പിടിച്ചെടുത്തത് 12 കോടി രൂപയും സ്വർണവും

കർണാടകയിലെ ചിത്രദുർ​ഗ ജില്ലയിലെ എംഎൽഎയാണ്

അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കേസിൽ കർണാടക കോൺഗ്രസ് എം.എൽ.എ കെ.സി. വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോക്കിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിത്രദുർ​ഗ ജില്ലയിലെ എംഎൽഎയാണ് കെ.സി. വീരേന്ദ്ര.

രണ്ട് ദിവസം നീണ്ടുനിന്ന റെയ്ഡുകൾക്ക് ശേഷമാണ് നടപടി. അനധികൃത വാതുവെപ്പ് ശൃംഖലയ്ക്ക് ദുബായിലെ അന്താരാഷ്ട്ര കാസിനോകളുമായും ഗെയിമിംഗ് പ്രവർത്തനങ്ങളുമായും ബന്ധമുണ്ടെന്ന് ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, സിക്കിം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളിലാണ് ഓഗസ്റ്റ് 22, 23 തീയതികളിൽ റെയ്ഡുകൾ നടന്നത്. ഗോവയിലെ അഞ്ച് കാസിനോകളായ പപ്പീസ് കാസിനോ ​ഗോൾഡ്, ഓഷൻ റിവേഴ്സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷൻ സെവൻ കാസിനോ, ബി​ഗ് ഡാഡി കാസിനോ എന്നിവ ഇഡി ഉദ്യോഗസ്ഥർ ലക്ഷ്യമിട്ടിരുന്നു.

‘King567’, ‘Raja567’ തുടങ്ങിയ നിരവധി വാതുവെപ്പ് വെബ്സൈറ്റുകൾ എംഎൽഎ വീരേന്ദ്രയാണ് നടത്തിയിരുന്നതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വീരേന്ദ്രയുടെ സഹോദരൻ കെ സി തിപ്പസ്വാമി, ദുബായ് ആസ്ഥാനമായുള്ള മൂന്ന് സ്ഥാപനങ്ങൾ വഴിയാണ് കോൾ സെന്റർ, ഗെയിമിംഗ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റെയ്ഡിൽ, എംജിഎം, ബെല്ലാജിയോ, മെട്രോപൊളിറ്റൻ, മറീന, കാസിനോ ജുവൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കാസിനോ അംഗത്വ കാർഡുകൾ, താജ്, ഹയാത്ത്, ദി ലീല തുടങ്ങിയ ആഡംബര ഹോട്ടൽ അംഗത്വങ്ങൾ, കൂടാതെ നിരവധി ഹൈ-വാല്യൂ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റെയ്ഡിൽ 12 കോടി രൂപയുടെ പണവും ആറ് കോടിയുടെ സ്വർണാഭരണങ്ങളും 10 കിലോ വെള്ളിയും നാല് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്.

12 കോടി രൂപയിൽ ഒരു കോടി രൂപ വിദേശ കറൻസിയാണ്. 6 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഏകദേശം 10 കിലോ വെള്ളിയാഭരണങ്ങളും ഇവർ കണ്ടെടുത്തു. വളരെ സങ്കീർണമായ പാളികൾ ഇനിയും കേസിൽ കണ്ടെത്താനുണ്ടെന്നും ഗാങ്ടോക്കിൽ ഒരു ലാൻഡ് അധിഷ്ഠിത കാസിനോ പാട്ടത്തിനെടുക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും മരവിപ്പിച്ചു. വീരേന്ദ്രയുടെ സഹോദരൻ കെ സി നാഗരാജ്, അനന്തരവൻ പൃഥ്വി എൻ രാജ് എന്നിവരുമായി ബന്ധപ്പെട്ട സ്വത്ത് രേഖകളും പിടിച്ചെടുത്തു, ഇഡി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസ് എംഎൽഎയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Content Summary: ED arrests Congress MLA K.C. Veerendra in illegal betting case

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×