ലോകകപ്പ് ഫുട്‌ബോളിന്റെ 96 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കമായിരിക്കും ഇത്തവണത്തേതെന്ന് മുന്‍പേ തന്നെ വാഗ്ദാനം ചെയ്തിരുന്നു ഫിഫ പ്രസിഡന്റ് ജാനി ഇന്‍ഫാന്റിനോ. അത് അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു ഈ ലോകകപ്പ്. ലോകകപ്പിന്റെ വലിപ്പം കൂടിയതോടെ ഫിഫയുടെ വരുമാനത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കലാശപ്പോരാട്ടത്തിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ക്ക് നല്‍കാനുള്ള റെക്കോര്‍ഡ് സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ.
കഴിഞ്ഞ ഡിസംബറിലാണ് 2026 ലോകകപ്പിനായുള്ള 6,404 കോടി രൂപയുടെ(655 മില്യണ്‍ ഡോളര്‍) റെക്കോര്‍ഡ് പ്രൈസ് പൂള്‍ ഫിഫ ഔദ്യോഗികമായി പുറത്തുവിട്ടത്. നാല് വര്‍ഷം മുമ്പ് ഖത്തറില്‍ നടന്ന ലോകകപ്പിനേക്കാള്‍ 50 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് ഇത്തവണ സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. ഞായറാഴ്ച (ജൂലൈ 19) നടക്കുന്ന ആവേശകരമായ ഫൈനലില്‍ സ്‌പെയിനും അര്‍ജന്റീനയും തമ്മിലാണ് കിരീടപ്പോരാട്ടം. ഇതില്‍ വിജയിക്കുന്ന ചാമ്പ്യന്മാര്‍ക്ക് ഏകദേശം 482 കോടി രൂപ (50 മില്യണ്‍ ഡോളര്‍) റണ്ണേഴ്‌സ് അപ്പിന് ഏകദേശം 317.8 കോടി രൂപയും(33 മില്യണ്‍ ഡോളര്‍) സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ ജയിച്ച് മൂന്നാം സ്ഥാനം നേടുന്ന ടീമിന് 279.3 കോടിരൂപയും(29 മില്യണ്‍ ഡോര്‍) നാലാം സ്ഥാനത്തെത്തുന്ന ടീമിന് 260 കോടി രൂപയും(27 മില്യണ്‍ ഡോളര്‍) ലഭിക്കുന്നതായിരിക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ മൊറോക്കോ, ബെല്‍ജിയം, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്ക് 183 കോടി രൂപ(19 മില്യണ്‍ ഡോളര്‍) വീതം ലഭിക്കും. പ്രീ-ക്വാര്‍ട്ടറില്‍ (റൗണ്ട് ഓഫ് 16) പുറത്തായ എട്ട് ടീമുകള്‍ക്ക് 144 കോടി (15 മില്യണ്‍ ഡോളര്‍) വീതവും, റൗണ്ട് ഓഫ് 32-ല്‍ പുറത്തായ 16 ടീമുകള്‍ക്ക് 106 കോടി രൂപ(11 മില്യണ്‍ ഡോളര്‍) വീതവും അനുവദിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത 48 ടീമുകള്‍ക്കും കുറഞ്ഞത് ഏകദേശം 101 കോടി രൂപയും(10.5 മില്യണ്‍ ഡോളര്‍) ഉറപ്പുനല്‍കിയിരുന്നു. ഇതില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് ഏകദേശം 87 കോടി രൂപയും (9 മില്യണ്‍ ഡോളര്‍) ലിഭിക്കും. കളിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായി നല്‍കുന്ന 14 കോടിയും (1.5 മില്യണ്‍ ഡോളര്‍) ചേര്‍ത്താണ് ഈ തുക ലഭിക്കുക.
ഫിഫ നല്‍കുന്ന ഈ സമ്മാനത്തുക ഓരോ രാജ്യത്തെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ഫെഡറേഷനുകള്‍ക്കുമാണ് നേരിട്ട് കൈമാറുന്നത്. ഈ തുകയില്‍ എത്ര ശതമാനം കളിക്കാര്‍ക്കും പരിശീലകര്‍ക്കും നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് അസോസിയേഷനുകള്‍ക്കാണ്. ബാക്കി വരുന്ന തുക സാധാരണയായി ആ രാജ്യങ്ങളിലെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കാറുള്ളത്. ഉദാഹരണത്തിന്, കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമൊപ്പം ടൂര്‍ണമെന്റിന്റെ സഹ-ആതിഥേയരായ അമേരിക്ക പ്രീ-ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റാണ് പുറത്തായത്. ഇവര്‍ക്ക് ലഭിക്കുന്ന 15 മില്യണ്‍ ഡോളറിന്റെ(144 കോടി) 80 ശതമാനവും അവരുടെ പുരുഷ-വനിതാ ദേശീയ ടീമുകളുടെ പൂളിലേക്ക് തുല്യമായി വീതിച്ചു നല്‍കും. 2022-ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം, അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന വനിതാ ലോകകപ്പിന് യു.എസ് വനിതാ ടീം യോഗ്യത നേടുകയാണെങ്കില്‍ മാത്രമായിരിക്കും ഈ വിതരണം. അതേസമയം, ഇംഗ്ലണ്ട് താരങ്ങള്‍ വ്യത്യസ്തമായ ഒരു മാതൃകയാണ് പിന്തുടരുന്നത്. തങ്ങള്‍ക്ക് ഓരോ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ലഭിക്കുന്ന 2,000 പൗണ്ട് ഫീസ്(ഏകദേശം രണ്ടര ലക്ഷത്തിനടുത്ത്) അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് ചെയ്യുന്നത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫിഫ, 48 ടീമുകള്‍ പങ്കെടുത്ത ഈ ആദ്യ ലോകകപ്പിലൂടെ 10 ബില്യണ്‍ ഡോളറിലധികം (ഏകദേശം 96,280 കോടിരൂപ) വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത് ഫിഫയുടെ ആകെ വരുമാനത്തിന്റെ 6.5 ശതമാനം മാത്രമാണ് സമ്മാനത്തുകയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഫിഫയുടെ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഖത്തര്‍ ലോകകപ്പ് ഉള്‍പ്പെട്ട കഴിഞ്ഞ നാല് വര്‍ഷത്തെ സൈക്കിളില്‍ 7.6 ബില്യണ്‍ ഡോളര്‍ വരുമാനം(73,171 കോടി രൂപ) ലഭിച്ച സ്ഥാനത്ത്, ഈ ടൂര്‍ണമെന്റ് ഉള്‍പ്പെടുന്ന പുതിയ നാല് വര്‍ഷത്തെ സൈക്കിളില്‍ വരുമാനം 13 ബില്യണ്‍ ഡോളറിലേക്ക് (1,25,164 കോടി രൂപ) ഉയരുമെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചാമ്പ്യന്മാര്‍ക്കുള്ള സമ്മാനത്തുകയിലാണ് വലിയ വര്‍ദ്ധനവുണ്ടായിട്ടുള്ളത്. 2022-ല്‍ കിരീടം നേടിയ അര്‍ജന്റീനയ്ക്ക് ഏകദേശം 404 കോടി രൂപയാണ്(42 മില്യണ്‍ ഡോളര്‍) ലഭിച്ചത്, അതായത് ഇത്തവണത്തെ വിജയികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏകദേശം 77 കോടി രൂപ(8 മില്യണ്‍ ഡോളര്‍) കുറവ്. റണ്ണേഴ്‌സ് അപ്പിന് കഴിഞ്ഞ തവണ ഫ്രാന്‍സിന് ലഭിച്ചതിനേക്കാള്‍ ഏകദേശം 28 കോടി(3 മില്യണ്‍ ഡോളര്‍) കൂടുതല്‍ ഇത്തവണ ലഭിക്കും. മൂന്നും നാലും സ്ഥാനക്കാര്‍ക്കുള്ള തുകയിലും ഏകദേശം 19.3 കോടിയുടെ(2 മില്യണ്‍ ഡോളര്‍) വര്‍ദ്ധനവുണ്ട്.
1982-ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പിലാണ് ഫിഫ ആദ്യമായി സമ്മാനത്തുക പരസ്യമായി പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. അന്ന് കിരീടം നേടിയ ഇറ്റലിക്ക് ലഭിച്ചത് വെറും 2.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അതായത് ഇന്നത്തെ കണക്കുവച്ച് നോക്കിയാല്‍ കേവലം 21 കോടി രൂപ. ആകെ പ്രൈസ് പൂള്‍ 20 മില്യണ്‍ ഡോളറും(ഇന്നത്തെ കണക്കില്‍ 193 കോടി). അവിടുന്ന് ഇങ്ങോട്ട് ഓരോ ലോകകപ്പിലും സമ്മാനത്തുക ഉയര്‍ന്നു വന്നു. ഇത്തവണത്തെ വിജയികള്‍ക്ക് ലഭിക്കുന്ന തുക 44 വര്‍ഷം മുമ്പ് ഇറ്റലിക്ക് ലഭിച്ചതിന്റെ 20 മടങ്ങിലധികം വരും എന്നത് ഫുട്‌ബോള്‍ ലോകം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ തെളിവാണ്.

കോടികളുടെ സമ്മാനത്തുകയ്ക്ക് പുറമെ കായികലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മറ്റ് ചില പുരസ്‌കാരങ്ങളും ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നുണ്ട്. ചാമ്പ്യന്‍മാരാകുന്ന ടീമിലെ 26 കളിക്കാര്‍ക്കും പരിശീലകര്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിക്കും. റണ്ണേഴ്‌സ് അപ്പിന് വെള്ളി മെഡലുകളും മൂന്നാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലുകളുമാണ് ലഭിക്കുക. 1978-ന് മുമ്പുള്ള കാലഘട്ടത്തില്‍ ഫൈനല്‍ മത്സരത്തില്‍ കളിച്ച 11 കളിക്കാര്‍ക്ക് മാത്രമാണ് മെഡലുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ 2007-ല്‍ ഫിഫ എടുത്ത ചരിത്രപരമായ തീരുമാനത്തിലൂടെ 1974-ഓ അതിന് മുന്‍പോ ലോകകപ്പ് നേടിയ ടീമുകളില്‍ ഉണ്ടായിരുന്നിട്ടും ഫൈനലില്‍ കളിക്കാന്‍ സാധിക്കാതെ പോയ കളിക്കാര്‍ക്കായി 122 മെഡലുകള്‍ മുന്‍കാല പ്രാബല്യത്തോടെ ഫിഫ വിതരണം ചെയ്യുകയുണ്ടായി. കളിക്കാര്‍ക്ക് പുറമെ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ നിയന്ത്രിക്കാന്‍ യോഗ്യത നേടുന്ന മാച്ച് ഒഫീഷ്യലുകള്‍ക്കും (റഫറിമാര്‍) മെഡലുകള്‍ നല്‍കി ആദരിക്കും.
ഞായറാഴ്ചത്തെ ഫൈനലിന് ശേഷം ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും, മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവും പ്രഖ്യാപിക്കും. ഫിഫ അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ വോട്ടിംഗിലൂടെയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം ആധുനിക ഫുട്‌ബോളിലെ ഏറ്റവും ആവേശകരമായ ഒന്നായി മാറിയിരിക്കുകയാണ്. മെസ്സി, എംബാപ്പെ, ഹാലണ്ട്, ബെല്ലിംഗ്ഹാം, ഹാരി കെയ്ന്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ഈ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് ഫിഫയില്‍ നിന്ന് പ്രത്യേക സാമ്പത്തിക പ്രതിഫലമൊന്നും ലഭിക്കില്ലെങ്കിലും, ഫുട്‌ബോള്‍ ചരിത്രത്തിന്റെ താളുകളില്‍ സ്വന്തം പേര് സ്വര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കാനുള്ള വലിയൊരു ബഹുമതിയാണ് ഈ പുരസ്‌കാരങ്ങള്‍ കളിക്കാര്‍ക്ക് സമ്മാനിക്കുന്നത്.
Content Summary; The record-breaking $655 million prize money fund for the FIFA World Cup 2026. How much the winners, runners-up, and other teams will earn.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.