കാലത്തിനനുസരിച്ച് കോലം മാറുന്ന തട്ടിപ്പുകളാണ് കേരളത്തിൻ്റെ സാമ്പത്തിക രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സാധാരണ കടലാസ് മണി ചെയിനുകളുടെ കാലം കടന്ന് ഡിജിറ്റൽ യുഗത്തിൽ, പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നത് ഇ-കൊമേഴ്‌സിൻ്റെയും ക്രിപ്‌റ്റോകറൻസിയുടെയും മറവിലാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചാ മോഹത്തെ ആയുധമാക്കി, കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സമാഹരിച്ച് ആയിരക്കണക്കിന് പേരുടെ ജീവിതം വഴിമുട്ടിച്ച എംഎൽഎം/മണി ചെയിൻ തട്ടിപ്പുകളുടെ നീണ്ട നിരയാണ് കേരളത്തിന് ചൂണ്ടിക്കാണിക്കാനുള്ളത്.
ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്
2024 ൽ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു ഹൈറിച്ച് തട്ടിപ്പ്. തൃശൂരിലെ കണിമംഗലത്ത്, ദമ്പതികളായ കെ.ഡി. പ്രതാപന്റെയും ശ്രീനാ പ്രതാപന്റെയും ഹൈറിച്ച് ഓൺലൈൻ ഷോപ്പ് 2016-ൽ ഒരു ചെറിയ ഇ-കൊമേഴ്‌സ് സംരംഭമായാണ് തുടങ്ങുന്നത്. സാധാരണക്കാർ തുണിത്തരങ്ങളും പലചരക്ക് സാധനങ്ങളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിൽക്കുന്നത് പോലെ ആരംഭിച്ച ഹൈറിച്ച്, അധികം വൈകാതെ പലചരക്ക് സാധനങ്ങൾ മുതൽ ക്രിപ്‌റ്റോകറൻസി വരെ കൈകാര്യം ചെയ്യുന്ന ഒരു പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായി വളർന്നു. അതിജീവനത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും മോട്ടിവേഷണൽ കഥകൾ പറഞ്ഞ് ചാനലുകളിലും വ്ലോഗുകളിലും നിറഞ്ഞുനിന്ന ശ്രീന, മദർ തെരേസ പുരസ്‌കാരം വരെ നേടി, സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കി.


800 രൂപ മുടക്കി ബിസിനസ്സ് തുടങ്ങാമെന്നും, പുതിയ ആളുകളെ ചേർക്കുന്നതിലൂടെയും, തങ്ങൾക്ക് കീഴിലുള്ളവരുടെ സാധന വിൽപ്പനയിലൂടെയും വലിയ കമ്മീഷൻ നേടാമെന്നുമുള്ള വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി 1.50 കോടിയിലധികം ഉപഭോക്താക്കൾ ഈ ശൃംഖലയിൽ പങ്കുചേർന്നു. 1,63,000 ആളുകളിൽ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എൻഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. നിയമപരമായ വെല്ലുവിളികളെ നികുതി ക്രമക്കേടുകൾ മാത്രമായി സ്ഥാപകർ ന്യായീകരിച്ചെങ്കിലും, കൂടുതൽ അന്വേഷണങ്ങൾ പുറത്ത് വന്നപ്പോൾ കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്ന് കണ്ടെത്തി.
ഇതിൽ 1138 കോടി രൂപയും യാതൊരു എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യാത്ത എച്ച്.ആർ. കോയിൻ എന്ന ക്രിപ്‌റ്റോകറൻസിയുടെ പേരിലുള്ള കള്ളപ്പണ ഇടപാടായിരുന്നു. ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് , റോയൽറ്റി ക്യാഷ് റിവാർഡ് തുടങ്ങി പല വാഗ്ദാനങ്ങളും നിയമവിരുദ്ധമായി നൽകി ജനങ്ങളെ കമ്പനി ആകർഷിച്ചു. കഥയറിയാത്ത പലരും പ്രമോട്ടർമാരായി. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും ഉള്ള കേവലം മൂന്നു വർഷം കൊണ്ട് ഒരു കമ്പനിക്ക് എത്താൻ കഴിയാവുന്ന പരമാവധി വളർച്ചയിൽ എത്തി നിൽക്കുന്ന സമയത്താണ് ഈ അതിവേഗ വളർച്ചയ്ക്ക് പിന്നിൽ മറഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങളെല്ലാം ഒന്നൊന്നായി പുറത്ത് വരാൻ തുടങ്ങിയത്.
ഗോൾഡ് ക്വസ്റ്റ് തട്ടിപ്പ്
1998 ൽ ഗോൾഡ് ക്വസ്റ്റ് എന്ന പേരിൽ തുടങ്ങി പിന്നീട് ക്യൂനെറ്റ് എന്ന് പേര് മാറ്റിയ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-ലെവൽ മാർക്കറ്റിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണിത്. കേരളത്തിൽ ഉൾപ്പെടെ ഈ തട്ടിപ്പ് വലിയ രീതിയിൽ പ്രചാരത്തിലാവുകയും നിയമപരമായ പ്രശ്‌നങ്ങളിലേക്ക് വരികയും ചെയ്തത് 2000-കളുടെ ആദ്യ പകുതിയിലാണ്. 2007-ഓടെയാണ് കമ്പനി പേര് മാറ്റി ക്യൂനെറ്റ് (QNET) എന്ന പേരിൽ കൂടുതൽ സജീവമായത്. ബിസിനസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാനുള്ള അവസരമായിട്ടാണ് ക്യൂനെറ്റ് മണിചെയിന്‍ കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇന്റര്‍വ്യൂ നടത്തിയും വിജയിച്ചവരുടെ മാതൃക കാണിച്ചും ആഡംബര ജീവിതം ഉറപ്പുനല്‍കിയുമായിരുന്നു തട്ടിപ്പ്.

വിപണിയിൽ ഉയർന്ന വിലയുള്ള ആരോഗ്യ ഉൽപ്പന്നങ്ങൾ, അവധിക്കാല പാക്കേജുകൾ, ആഢംബര വസ്തുക്കൾ എന്നിവയുടെ വിൽപ്പനയുടെ മറവിലാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. യഥാർത്ഥത്തിൽ സ്ഥാപനത്തിന്റെ പ്രധാന വരുമാനം ഉൽപ്പന്ന വിൽപ്പനയിലൂടെയായിരുന്നില്ല. ഓരോ നിക്ഷേപകനും വലിയ തുക നൽകി ചേരുകയും, തുടർന്ന് തങ്ങളുടെ കീഴിൽ രണ്ട് പുതിയ അംഗങ്ങളെ കൂടി ചേർക്കുന്നതിലൂടെ കമ്മീഷൻ നേടുകയും ചെയ്യുന്ന ഒരു പിരമിഡ്/മണി ചെയിൻ ഘടനയിലാണ് ക്യൂനെറ്റ് പ്രവർത്തിച്ചിരുന്നത്.
മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ ലാഭമുണ്ടാകുമെന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഭൂമി വിറ്റും കടം വാങ്ങയും നിക്ഷേപം നടത്തിയവരാണ് ഏറെയും. ഇരകളില്‍ കൂടുതലും പ്രവാസികളായിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം സംഘം കോടികളാണ് തട്ടിയത്. പെട്ടെന്ന് പണക്കാരാകാമെന്ന സ്വപ്നങ്ങൾ കാണിച്ചും, വിദേശ യാത്രകളും ആഡംബര ജീവിതവും വാഗ്ദാനം ചെയ്തുമാണ് യുവജനങ്ങളെയും സാധാരണക്കാരെയും ഈ ബിസിനസ് മോഡലിലേക്ക് ആകർഷിച്ചത്. കേരളത്തിനകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാട്ടുകാരെ പറ്റിച്ച അനന്തു കൃഷ്ണൻ
കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച അനന്തു കൃഷ്ണനെ മറന്നു കാണാൻ വഴിയില്ല. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു സിഎസ്ആർ ഫണ്ട് തട്ടിപ്പ്. വിവിധ പദ്ധതികളുടെ പേരിൽ ഇടുക്കി, കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷിൻ, മറ്റ് വസ്തുക്കൾ എന്നിവ പകുതി വിലയ്ക്ക് വാങ്ങി തരാമെന്ന് വാഗ്ദാനം നൽകി 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയത്. 1200 ൽ പരം സാധാരണക്കാരായ സ്ത്രീകൾ ഇതിൽ ഇരകളാവുകയും ചെയ്തു. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്.

വാഹനത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി പകുതി തുക കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആർ ഫണ്ടായി ലഭിക്കുമെന്നും അനന്തു കൃഷ്ണൻ വാഗ്ദാനം നൽകി. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും പറഞ്ഞിരുന്നു. അതിനു പുറമേ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ലഭിക്കുമെന്ന് അറിയിച്ചു. വ്യാജ എൻജിഒകൾ രൂപീകരിച്ച് ഇവയിൽ വൊളന്റിയർമാരായി ജനപ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ എൻജിഒ രൂപീകരിച്ച് ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്നു വാഗ്ദാനം ചെയ്ത് 9 കോടിയോളം രൂപ സമാഹരിച്ച സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
നാനോ എക്സൽ മണി ചെയിൻ തട്ടിപ്പ്
2011-നും 2013-നും ഇടയിൽ കേരളത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിക്കുകയും നിരവധി പേർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്ത ഒരു മണി ചെയിൻ തട്ടിപ്പായിരുന്നു നാനോ എക്സൽ. മണിചെയിനില്‍ ചേര്‍ന്ന് വെറുതെയിരുന്നാലും എല്ലാ മാസവും ലക്ഷക്കണക്കിന് രൂപ ബോണസായി ലഭിക്കുമെന്ന വാഗ്ദാനവുമായി 2007ലാണ് നാനോ എക്സല്‍ കമ്പനി രംഗത്തുവന്നത്. തുടക്കത്തില്‍ ഏതാനും പേര്‍ക്ക് ഇങ്ങനെ ബോണസ് നല്‍കി വിശ്വാസം നേടിയതിന് ശേഷമാണ് തട്ടിപ്പ് വ്യാപകമാക്കിയത്. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം, പ്രധാനമായും ഡയറക്ട് സെല്ലിംഗ് കമ്പനി എന്ന മുഖംമൂടിയണിഞ്ഞാണ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്.
ഉയർന്ന നിലവാരമുള്ളതും എന്നാൽ അമിത വിലയുള്ളതുമായ ആരോഗ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്ന് അവകാശപ്പെട്ടെങ്കിലും, ഈ ബിസിനസ്സിന്റെ പ്രധാന വരുമാന സ്രോതസ്സ് ഉൽപ്പന്ന വിൽപ്പനയായിരുന്നില്ല. പകരം, ഓരോ അംഗവും പുതിയ ആളുകളെ ചേർക്കുന്നതിലൂടെ കമ്മീഷൻ നേടാമെന്ന പിരമിഡ്/മണി ചെയിൻ മാതൃകയാണ് ഇവിടെ ഉപയോഗിച്ചത്. കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത്, പ്രത്യേകിച്ച് വിദ്യാസമ്പന്നരായ യുവാക്കളെ ആകർഷിച്ച ഈ പദ്ധതി, പുതിയ നിക്ഷേപകരുടെ ഒഴുക്ക് നിലച്ചതോടെ തകരുകയും, ലക്ഷക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. ഇത് പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിംഗ്) ആക്ട് പ്രകാരമുള്ള നിയമനടപടികൾക്കും പ്രൊമോട്ടർമാരുടെ അറസ്റ്റിനും കാരണമായി.
ടീം സ്കാൻഷ്യം
കേരളത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച മണി ചെയിൻ തട്ടിപ്പായിരുന്നു ടീം സ്കാൻഷ്യം. 2010-നും 2012-നും ഇടയിലാണ് ഇവർ കേരളത്തിൽ സജീവമാകുന്നത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത്, പുതിയ അംഗങ്ങളെ ചേർക്കുന്നതിലൂടെ പെട്ടെന്ന് പണക്കാരാകാം എന്ന് വിശ്വസിപ്പിച്ചാണ് സ്കാൻഷ്യം പ്രവർത്തിച്ചത്. സാങ്കേതികമായി ചില ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ഉൽപ്പന്ന വിൽപ്പനയായിരുന്നില്ല. പകരം, താഴെ പുതിയ കണ്ണികളെ ചേർക്കുന്നതിൽ നിന്നുള്ള കമ്മീഷൻ മാത്രമായിരുന്നു.
ഈ പോൺസി ഘടന കാരണം, ഏറ്റവും അവസാനം പദ്ധതിയിൽ ചേർന്ന ആളുകൾക്ക് അവരുടെ നിക്ഷേപം പൂർണ്ണമായി നഷ്ടപ്പെടുകയും, ഇത് വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും കാരണമാവുകയും ചെയ്തു. 2010-കളുടെ തുടക്കത്തിൽ കേരള പോലീസും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ശക്തമായ നടപടികൾ സ്വീകരിക്കുകയും, മണി ചെയിൻ നിരോധന നിയമപ്രകാരം സ്ഥാപനത്തിന്റെ പ്രൊമോട്ടർമാർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
content summary: kerala’s ponzi peril the multi-billion dollar mlm scamsfrom gold quest to gighrich online
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.