June 26, 2026 |
Avatar
അമർനാഥ്‌
Share on

വിവർത്തനം, പരിഭാഷ, മൊഴിമാറ്റം, ഭാഷാന്തരം… കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ഭാരതം മുതൽ പി.ആർ.ഡി യുടെ ഭാരതദ്ധ്വനി വരെ

ഇന്ന്  അന്താരാഷ്ട്ര വിവർത്തന ദിനം

ഇന്ന്  അന്താരാഷ്ട്ര വിവർത്തന ദിനം

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ  സർക്കാരിൻ്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് മൊഴിമാറ്റിയത് മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്. അതും അശ്ലീല പ്രസിദ്ധീകരണങ്ങൾ.

കേരളത്തിൻ്റെ വിവർത്തന ചരിത്രം  വായിക്കപ്പെടുമ്പോൾ.

 Writers make national literature, while translators make universal literature.

 Jose Saramago.

പണ്ട് തിരുവിതാംകൂറിൽ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്കൂൾ ഫൈനൽ പരീക്ഷകളിലെ ഉത്തരക്കടലാസുകളിൽ വരുന്ന വൻ അബദ്ധങ്ങൾ സമാഹരിച്ച്

” Howlers” എന്ന ശീർഷകത്തിൽ സർക്കാർ പ്രസ്സിൽ നിന്ന് ഒരു വിശേഷാൽ പ്രസിദ്ധീകരണം എല്ലാ വർഷവും പുറത്തിറക്കിയിരുന്നു.

തെറ്റുകൾ മനസിലാക്കാനും അത് ആവർത്തിക്കാതിരിക്കാനും ഭാവി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകുന്ന സർ സി.പി യുടെ ഒരു കുത്തിവെപ്പായിരുന്നു അത്. ഒരു മികച്ച പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയം.  അതിലെ  ഏറ്റവും പ്രശസ്തമായ ഒരു ഹൗളർ  ഇങ്ങനെ.

ചോദ്യം ‘Magnanimity has its limits.’

ഉത്തരക്കടലാസിൽ  വിദ്യാർത്ഥിയുടെ  തർജ്ജമ ഇങ്ങനെ:

” പോക്രിത്തരത്തിനും ഒരതിരുണ്ട്‌!”.

ഒരു ഭാഷയിലും തർജ്ജമയില്ലാത്ത പോക്രിത്തരമല്ലേ ഇത്?

Kunjikuttan thamburan

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

വ്യാസന്റെ മഹാഭാരതം ചാണകൃന്റെ അർത്ഥ ശാസ്ത്രം മാർക്സിന്റെ മൂലധനം, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും ഡാന്റെയുടെ ‘ഡിവൈൻ കോമഡി ‘ പാവങ്ങൾ തുടങ്ങിയ ക്ലാസിക്കുകൾ പൂർണ്ണമായി മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യ ഭാഷയാണ് മലയാളം. വിവർത്തന സാഹിത്യം ഏറ്റവും അധികം സ്വീകരിക്കപ്പെട്ടതും മലയാള ഭാഷയിലാണ്. 1950 മുതൽ 2000 വരെ മലയാളത്തിൽ, പുറത്ത് വന്ന പുസ്തകങ്ങളിൽ 15% വിവർത്തനങ്ങളാണ്.

1991 മുതൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്‌സ് അന്താരാഷ്ട്ര വിവർത്തന ദിനം  ആഘോഷിക്കാൻ തുടങ്ങി. ലോകമെമ്പാടും സെപ്റ്റംബർ 30, ലോക വിവർത്തന ദിനമായി ആഘോഷിക്കുന്നു.

തിരഞ്ഞെടുത്ത സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കായി യുഎൻ എല്ലാ വർഷവും  ഈ ദിവസം വിവർത്തന മത്സരം  സംഘടിപ്പിക്കുന്നു.  യുഎന്നിന്റെ ഔദ്യോഗിക ഭാഷകളിൽ (ഫ്രഞ്ച്, ചൈനീസ്, സ്പാനിഷ്, റഷ്യൻ, അറബിക് ഇംഗ്ലീഷ്, ജർമ്മൻ ഭാഷകൾ) മത്സരം നടക്കും.  ഓരോ ഭാഷയിലെയും മികച്ച വിവർത്തകനും സമ്മാനം നൽകും. ഇതോടൊപ്പം  സെമിനാറുകളും സംഘടിപ്പിച്ച്  ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നു.

വിവർത്തനം അഥവാ പരിഭാഷ അല്ലെങ്കിൽ മൊഴിമാറ്റം മലയാള ഭാഷയെ വളരാനും വികസിക്കാനും ഏറെ സഹായിച്ച ഒരു സാംസ്കാരിക പ്രക്രിയയായിരുന്നു.

വിവർത്തനം സംസ്കാരങ്ങളെ ഒന്നിപ്പിക്കലാണ്. അന്യ രാജ്യങ്ങളിലെ സംസ്കാരങ്ങളെ മനസിലാക്കാനും ഉൾക്കൊള്ളാനുള്ള ഒരു ഉപാധിയായി സാഹിത്യരൂപത്തിലൂടെയോ ദൃശ്യരൂപത്തിലൂടേയോ മൊഴിമാറ്റത്തിലൂടെ  നമുക്ക് ലഭിക്കുന്നു..

രചയിതാവിനേപ്പോലെ വിവർത്തകനും ആദരിക്കപ്പെടെണ്ടവർ തന്നെയാണ്. സർഗാത്മകശേഷിയും ഭാഷാനൈപുണ്യവും വേണം അതും മിനിമം രണ്ട് ഭാഷകളിലെങ്കിലും. നിർഭാഗ്യവശാൽ മലയാളത്തിൽ ആദ്യ കാലങ്ങളിലെ പരിഭാഷകരെ പ്രസാധകരും പ്രസിദ്ധികരണങ്ങളും അക്കാഡമികളും രണ്ടാം നിരക്കാരായ കൂലിയെഴുത്തുകാരായാണ് പരിഗണിച്ചിരുന്നത്. ഒരംഗീകാരവും അവരെ തേടി വന്നില്ല. പക്ഷേ വായനക്കാരുടെ മനസ്സിൽ എന്നും കൃതിയും പരിഭാഷകനും മായാതെ നിന്നു.

മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന സി.എച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയ ജവഹർലാൽ നെഹ്‌റുവിന്റെ ആത്മകഥ മലയാള ഭാഷയിലെ ഒരു ഉത്തമ വിവർത്തന മാതൃകയായി അംഗീകരിച്ച കൃതിയായിരുന്നു. ഇംഗ്ലീഷിലുള്ള ആത്മകഥ നെഹ്‌റു സമർപ്പിച്ചിരിക്കുന്നത് അന്തരിച്ച പത്‌നി കമലക്കാണ്.

ജവഹർ ലാൽ നെഹ്‌റു എഴുതി.

” To Kamala , who is no more ”

കുഞ്ഞപ്പ ഇങ്ങനെ പരിഭാഷപ്പെടുത്തി :

” കഥാവശേഷയായ കമലക്ക്” . എന്തൊരു തർജ്ജമ !

ആത്മകഥയുടെ പ്രൂഫ് വായിച്ചത് കുട്ടികൃഷ്ണമാരാരാണ്. ഇംഗ്ലീഷ് വലിയ പിടിയില്ലാത്ത കുട്ടികൃഷ്ണ മാരാർക്കറിയാത്ത മലയാള ശൈലിയുണ്ടോ ? നെഹ്‌റുവിന്റെ ഇംഗ്ലീഷ് തർജ്ജമക്ക് വഴങ്ങുന്നതല്ല എന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നിട്ടും അത് ഭംഗിയായി കുഞ്ഞപ്പ വിവർത്തനം ചെയ്തു.

സി. മാധവൻ പിള്ള , ഇടപ്പള്ളി കരുണാകര മേനോൻ ,ആനി തയ്യിൽ, എൻ.കെ ദാമാദരൻ, എം.എൻ സത്യാർത്ഥി, .വി.ഡി. കൃഷ്ണൻ നമ്പ്യാർ, അഭയദേവ്, സി..എച്ച് കുഞ്ഞപ്പ, പി.മാധവൻ പിള്ള , കെ രവി വർമ്മ, നിലീന അബ്രഹാം, ജോർജ് ഇരുമ്പയം  തുടങ്ങിയ പ്രഗൽഭരായ വിവർത്തകർ ലോക സാഹിത്യത്തിലേയും  ഇന്ത്യൻ ഭാഷകളിലേയും  മഹത്തായ കൃതികൾ കാലാകാലങ്ങളായി മലയാള ഭാഷയിൽ വിവർത്തനം ചെയ്ത് വായനക്കാർക്ക് നൽകിയവരാണ്.  മലയാള ഭാഷയുടെ പദസമ്പത്തും ശൈലികളും വളർന്ന് വികസിച്ചതിന് ആധുനിക മലയാള ഭാഷ ഇവരോട് കടപ്പെട്ടിരിക്കുന്നു.

ഒടുവിൽ വിവർത്തകർക്ക് അംഗീകാരം ലഭിച്ചു. 1989 മുതൽ കേന്ദ്ര സാഹിത്യ അക്കാദമി 24 ഇന്ത്യൻ ഭാഷയിലെയും വിവർത്തകരെ ആദരിക്കാൻ തുടങ്ങി. 1992,. ൽ കേരള സാഹിത്യ അക്കാദമി ആദ്യത്തെ മികച്ച വിവർത്തകനുള്ള പുരസ്ക്കാരം നൽകി എ.കെ. ദാമോദരനെ ആദരിച്ചു. ബൈബിൾ ആദ്യമായി മലയാളത്തിൽ വിവർത്തനം ചെയ്തത് സുറിയാനി ഭാഷയിൽ നിന്ന് നേരിട്ടായിരുന്നു. 1811 ൽ. കായംകുളം ഫിലിപ്പോസ് റമ്പാനായിരുന്നു വിവർത്തകൻ.

1962 ൽ  പട്ടം താണുപിള്ള മുഖ്യമന്ത്രിയായ കാലം മധ്യകേരളത്തിൽ അശ്ലീല മാസികകൾ  കുടിൽ വ്യവസായമായി പുരോഗമിച്ചു. ആലപ്പുഴ, മട്ടാഞ്ചേരി, ആലുവ തുടങ്ങി സ്ഥലങ്ങളിൽ നിന്ന് ഇവ വൻ രീതിയിൽ പ്രചാരം നേടി. മേള, സ്റ്റണ്ട് , തേൻ കൂട് തുടങ്ങി കേരളദ്ധ്വനി, ഭാരത ദ്ധ്വനി തുടങ്ങി ദേശീയ ചായ്‌വ് പ്രകടമാക്കുന്ന പേരുകളുമുള്ള അശ്ലീല മാസികകൾ. അന്നത്തെ പോലീസ് ഐ. ജി ഇത് സർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തി.

പട്ടം താണു പിള്ള സാറാണ് ഭരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക മൂല്യച്യുതി അഥവാ സുകൃതക്ഷയം. ഇത് അനുവദിക്കാൻ പാടില്ല. ചീഫ് സെക്രട്ടറി, ഒറീസ്സക്കാരൻ എൻ.എം..പട്നായ്ക്ക് ഇടപെട്ടു. പ്രൊസിക്യൂഷൻ നടപടി വേണം ഇവയെല്ലാം റെയ്ഡ് ചെയ്ത് പൂട്ടിക്കണം.

അതിന്റെ ആദ്യ പടിയായി ഇതിൽ വരുന്ന ലേഖനങ്ങൾ ചീഫ് സെക്രട്ടറിക്ക് വിവർത്തനം ചെയ്യാൻ പി.ആർ.ഡിക്ക് ഉത്തരവ് കിട്ടി.. ഈ സാഹിത്യം ഇംഗ്ലീഷിലാക്കി ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിക്കണം.

അശ്ലീല സാഹിത്യം തർജ്ജമ ചെയ്യാൻ പി.ആർ.ഡി ഒരു വാർ റൂം തുറന്നു. കവിയും പണ്ഡിതനുമായ സി.പി. ഗോപിനാഥൻ നായരായിരുന്നു മുഖ്യ വിവർത്തകൻ. ഈ മാസികളുടെ പദാവലിയിൽ  നിറഞ്ഞു നിന്നിരുന്നത് സഭ്യതയുടെ സീമകൾക്കപ്പുറത്തുള്ള ശൈലിയും പദങ്ങളുമാണ്.

മലയാളത്തിൽ സാധനം എന്ന വാക്കിന് ഒന്നിൽ കൂടുതൽ അർത്ഥമുണ്ട്. പല വാക്കുകളും ഇങ്ങനെ തന്നെ. മാസികയിലെ ‘ ഗുലാൻ ‘ ‘ ശ്രീകോവിൽ’ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാൻ സർക്കാർ വിവർത്തകർ പാടുപെട്ടു.’ Gulan’ Sanctorum’,’ The Thing’ എന്നിങ്ങനെ വാക്കുകളോടെ കഥകളുടെ തർജ്ജമ ഒറീസക്കാരൻ ചീഫ് സെക്രട്ടറിക്ക് വായിക്കാൻ മുൻപിൽ പ്രത്യക്ഷപ്പെട്ടു. സർക്കാർ അംഗീകൃത  തർജ്ജമ . തുഞ്ചത്ത് എഴുത്തച്ഛൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെയും പിൻമുറക്കാരുടെ സോദേശ സാഹിത്യമല്ലേ , ചീഫ് സെക്രട്ടറി  പട്നായ്ക്ക് ആസ്വദിച്ച് വായിച്ചു രസിച്ചു.

നൂറ്റിപ്പത്തൊമ്പതു കൊല്ലം മുൻപ്, 1906 ൽ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള ‘മഹാഭാരതം’ പരിഭാഷപ്പെടുത്തിയ കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ വെറും 874 ദിവസം കൊണ്ടാണ് സംസ്കൃതത്തിൽ നിന്ന് ‘ ഭാഷാഭാരതം’ എന്ന് പേരിട്ട തന്റെ മലയാള  തർജ്ജമ പൂർത്തിയാക്കിയത്. സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ കാര്യം!

മലയാളത്തിൽ ഇംഗ്ലീഷിൽ നിന്ന് സാങ്കേതിക  പദങ്ങൾ മൊഴിമാറ്റിയ  ആദ്യത്തെയാൾ, കേരളവർമ്മ അപ്പൻ തമ്പുരാനായിരിക്കും.. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്  ഇത് ചിന്തിക്കുന്നതിന് അര നൂറ്റാണ്ട് മുൻപ് അദ്ദേഹം അത് ചെയ്തിരുന്നു. തമ്പുരാൻ മദിരാശിയിലെ ചില വ്യവ്യസായ സ്ഥാപനങ്ങൾക്ക് വേണ്ടി ചില എഴുത്ത് ജോലികൾ ചെയ്തിരുന്നു.

ഒരു കമ്പനിക്ക് വേണ്ടി അലുമിനിയം പാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ട ഒരു പൊടിയുടെ കാറ്റ് ലോഗിലെ നിർദ്ദേശങ്ങൾ ഇംഗ്ലീഷിൽ നിന്ന് തമ്പുരാൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ദീർഘമായ ഒരു പദം ഉൽഭവിച്ചു…

” ജലാകർഷണാനേകദ്വാര സഹിത ജലധിജന്യം’

സാധനം  നമ്മുടെ Sponge. സ്പോഞ്ച് തന്നെ ! സാധനം സ്പോഞ്ചല്ലേ,  ഇത്ര കഠിന പദം ശരിയല്ല എന്ന് തോന്നിയ തമ്പുരാൻ പിന്നീട്  അത് മാറ്റി വെറെ ഒരു പദം കണ്ടുപിടിച്ചു.

1980കളിലാണ് AIDIS എന്ന മാരക രോഗവും പടരുന്നത്. രോഗത്തെക്കുറിച്ചുള്ള  ചർച്ച ലോക ശ്രദ്ധയിൽ പടർന്ന കാലം.

കേരളാ ഭാഷ ഇൻസ്റ്റിട്യൂട്ടിൻ്റെ സ്ഥാപക ഡയറക്ടറായിരുന്ന എൻ.വി കൃഷ്ണവാര്യർ  മലയാള പദങ്ങൾ സൃഷ്ടിച്ച് പുതിയ ഭാഷാ ലോകം തുറന്ന ആളാണ്. എൻ.വി ഉടനെ പദം കണ്ടുപിടിച്ചു  കുങ്കുമം വാരികയിൽ  എഴുതിയ തൻ്റെ പങ്തിയിൽ പുതിയ രോഗത്തിന്  മലയാള പരിഭാഷ വായനക്കാർക്ക് നൽകി.

‘ആർജ്ജിത ശക്തി ക്ഷയ സാകല്യം’ .

(‘acquired immune deficiency syndrome’).

ആന്റി ക്ലൈമാക്സിന്  – എൻ.വി. കണ്ടെത്തിയ  മലയാള പദമാണ്. !’പതൽ  പ്രകർഷം ‘ പ്രയോഗിച്ചത് മലയാളത്തിൽ ഏറ്റവും മനോഹരമായ ഭാഷയിൽ ഗദ്യവും പദ്യവും എഴുതിയ കവി പി. കുഞ്ഞിരാമൻ നായരുടെ ചരമക്കുറിപ്പിലും. ഭാഷാ ഇൻസ്റ്റ്യൂട്ട് കാലത്ത് ഉണ്ടായ പദങ്ങൾ കുറച്ചെങ്കിലും വായനക്കാരിൽ എത്തട്ടെ എന്ന എൻ.വിയുടെ  ലക്ഷ്യമായിരുന്നു ഇത്തരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പദനിർമ്മിതികളെ പലരും പരിഹസിച്ചിരുന്നു.

ജവഹർ ലാൽ നെഹ്റു അന്തരിച്ചപ്പോൾ അദ്ദേഹത്തിനടുത്തുണ്ടായിരുന്ന നോട്ടു പുസ്തകത്തിലുണ്ടായിരുന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാ ശകലം മാതൃഭൂമിയുടെ ഡൽഹി ലേഖകൻ

വി കെ. മാധവൻ കുട്ടി ടെലിപ്രിന്റിൽ എൻ.വി.ക്ക് അയച്ചു കൊടുത്തു. ‘The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep’ നിമിഷങ്ങൾക്കകം അത് മനോഹര കവിതയായ് മാധവൻ കുട്ടിയുടെ മുന്നിൽ തിരിച്ചെത്തി.

‘മനോഹരം ഘനശ്യാമം വനപാളികളെങ്കിലും നാഴികകൾ കഴിയും മുമ്പ് കാതമേറെക്കടക്കണം. പാലിക്കാനുണ്ട് വാഗ്ദാനം’ എന്നായിരുന്നു എൻ.വിയുടെ തർജ്ജമ. എഴുപത്തൊന്ന് വർഷം മുമ്പാണ്, 1954 ൽ  ലോകത്തിലെ ഏറ്റവും മികച്ച പത്ത് ക്ലാസിക്ക് നോവലുകളിൽ ഒന്നായ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’

ആനി തയ്യൽ വിവർത്തനം ചെയ്തത്, 1100 പേജ് ആറു മാസം കൊണ്ടാണ് അവർ പരിഭാഷപ്പെടുത്തിയത്. തുടർന്ന് വിശ്വസാഹിത്യത്തിലെ ബൃഹദ് ഗ്രന്ഥങ്ങൾ ഓരോന്നായി വിവർത്തനം ചെയ്തു. ‘ ടോൾസ്റ്റോയിയുടെ അന്നാ കരിന, യുദ്ധവും സമാധാനവും. ‘ഡ്യൂമാസിന്റെ’ ത്രീ മസ്കറ്റിഴേയ്സ് ‘, തോമസ് ഹാർഡിയുടെ’ ടെസ്സ് ‘, ഹോൾകെയിന്റെ ‘ നിത്യ നഗരം’ ഡിക്കൻസിന്റെ ‘ രണ്ട് നഗരങ്ങളുടെ കഥ’

ഒരു പരിഭാഷയെന്ന നിലയിൽ ഇന്ത്യയിൽ തന്നെ അക്കാലത്ത് ഇത്രയും ബൃഹദ് ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തത ഒരു വനിതയെന്നത് അപൂർവമാണ്..  പക്ഷേ, ഒരു അംഗീകാരവും അവരെ തേടി വന്നില്ല.  1993 ൽ അന്തരിച്ച ആനി തയ്യിൽ പ്രതിഭാശാലിയായ ഒരു സാഹിത്യ പ്രതിഭയായിട്ടും പഴയ തലമുറയിലെ ഒരു രാഷ്ട്രിയ പ്രവർത്തകയായാണ് ഇപ്പോഴും കൂടുതലും  അറിയപ്പെടുന്നത്.

1958 ൽ ഇടപ്പള്ളി കരുണാകര മേനോൻ  മനോഹരമായി മികച്ച വിവർത്തനം ചെയ്ത  ടോൾസ്റ്റോയിയുടെ ‘ യുദ്ധവും സമാധാനവും’ എന്ന ബൃഹദ് നോവലാണ്  പ്രീ പബ്ലിക്കേഷൻ പദ്ധതിയിൽ വിറ്റ മലയാളത്തിലെ ആദ്യത്തെ പുസ്തകം . സാഹിത്യ പ്രവർത്തക സംഘത്തിന്റെ പുസ്തകം.

മലയാളത്തിലെ പ്രശസ്തരായ രണ്ട് നോവലിസ്റ്റുകളാണ് ചില ആധുനിക വിശ്വസാഹിത്യ ക്ലാസിക്കുകൾ  തർജ്ജമ ചെയ്തത്. പാസ്റ്റർനാക്കിന്റെ  പ്രശസ്ത നോവൽ’ സോക്ടർ ഷിവാഗോ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് മുട്ടത്ത് വർക്കിയാണ്.(1958).  ജപ്പാനീസ് നോവലിസ്റ്റ് കാവബാത്ത യുടെ പ്രശസ്ത നോവൽ ‘സഹശയനം’, ജുവാൻ റൂൾ ഫോയുടെ നോവൽ ‘പെഡ്രോ പരാമോ എനിവ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് വിലാസിനിയാണ്. ഒരാൾ വിദേശത്താം മറ്റെയാൾ കേരളത്തിലും ഇരുന്ന് തർജ്ജമ ചെയ്തു. രണ്ട് പേരും പത്രപ്രവർത്തകരുമായിരുന്നു.

176 കൊല്ലം മുൻപാണ് മലയാളത്തിൽ ആദ്യം വിവർത്തനം ചെയ്ത നോവൽ പുറത്ത് വരുന്നത്.  ജോൺ ബുന്യന്റെ ‘ ദി പിൽഗ്രിം പ്രോഗ്രസ്’ എന്ന കൃതി  ‘ പരദേശി മോക്ഷയാത്ര’ എന്ന പേരിൽ ആർച്ച് ഡീക്കൻ കോശി 1847 ൽ മലയാളത്തിലാക്കി.

ലോകത്തിലെ എക്കാലത്തേയും  ക്ലാസിക്കായ  ബ്രാം സ്റ്റോക്കറുടെ ‘ ഡ്രാക്കുള ‘മലയാളത്തിൽ ആദ്യമായി 1950 കളിലാണ് രക്തരക്ഷസ് എന്ന പേരിൽ കെ.വി. രാമകൃഷ്ണൻ പരിഭാഷപ്പെടുത്തി മാതൃഭൂമി വാരികയാൻ ഖണ്ഡശ പ്രസിദ്ധീകരിച്ചത്. തുടർന്ന് പത്തിലധികം പരിഭാഷകൾ, പുനരാഖ്യാനങ്ങൾ ഇതിന് വന്നു.

അച്ചടിത്തെറ്റിനെ പത്രമോഫീസിൽ വിളിക്കുന്ന പേരാണ് അച്ചടി പിശാച്. (Printer’s Devil) ഒരു അളവു വരെ അത് പിറ്റേനാൾ തിരുത്ത് കൊടുക്കാം.. അതിലും ഭീകരനാണ് പത്രമോഫിസിലെ  തർജ്ജമയിൽ വരുന്ന തെറ്റ്. എഡിറ്റർമാരുടെ പേടി സ്വപ്നവും ഉറക്കം കെടുത്തുന്നവനുമാണവൻ. പണ്ടൊക്കെ ഒരു ജോലിക്ക് ചേർന്ന പത്രപ്രവർത്തകൻ പത്രമാഫീസിൽ ആദ്യം ചെയ്യുന്ന ജോലി വാർത്താ എജൻസി വാർത്തകൾ തർജ്ജമ ചെയ്യലാണ്.

കേരള പത്രപവർത്തന ചരിത്രത്തിൽ പൊറുക്കാനാവാത്ത ഒരു കൈതെറ്റിൽ ഒരു പത്രപ്രവർത്തകന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു തർജ്ജമയുടെ  കഥയുണ്ട്. . ഇന്ത്യൻ പത്രപ്രവർത്തനത്തിലെ എല്ലാ പത്രപ്രവർത്തന ക്ലാസുകളിലും ആവർത്തിച്ചു,  ഒരിക്കലെങ്കിലും പറയുന്ന ദുരന്തകഥ . സംഭവം നടന്നത് തിരുവനന്തപുരത്തെ പ്രശസ്ത പത്രത്തിൽ.

‘Sleepers Washed away ‘ എന്ന എജൻസി വാർത്ത മുതിർന്ന പത്രപ്രവർത്തകൻ വിവർത്തനം ചെയ്തത്  അച്ചടിച്ച് വന്നപ്പോൾ പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ ഭീമാബദ്ധം പിറന്നു. റെയിൽപ്പാളത്തിലെ സ്ലീപ്പറുകൾ വെള്ളത്തിൽ ഒഴുകിപ്പോയത്. ‘ ‘ഉറങ്ങിക്കിടന്നവർ വെള്ളത്തിലൊഴുകിപ്പോയ്’ എന്നായി.

‘ Railway Sleepers ‘  ഉറങ്ങിക്കിടന്നവരായി. പിറ്റേന്ന് പത്രത്തിൽ വന്ന ഈ  വാർത്ത പത്രത്തിന് എക്കാലത്തെയും ചീത്തപ്പേര് സമ്മാനിച്ചു.

ഒരു സെക്കൻ്റിൽ തെറ്റായി മനസിലെത്തിയത് കടലാസിലെഴുതിയപ്പോൾ  ചരിത്രപരമായ വൻ അബദ്ധമായി. എം.എസ്. മണിസ്വാമിയെന്ന അതെഴുതിയ മുതിർന്ന പത്രപ്രവർത്തകൻ ഇംഗ്ലീഷിലും മലയാളത്തിലും നല്ല ജ്ഞാനമുള്ള   പ്രഗൽഭനായിരുന്നു. ആ പത്രമോഫീസിലെ തന്നെ ഏറ്റവും അറിവുള്ളയാൾ! എന്നിട്ടും തർജ്ജമ ചതിച്ചു.

സമാനമായ അബദ്ധം, ഭാഗ്യം ഇടങ്കോലിട്ടു കൊണ്ടു മാത്രം അപകടം  ഒഴിവായ പത്രമാഫീസിലെ ഒരു തർജ്ജമ കഥ കൂടിയുണ്ട്. കൊല്ലത്തെ ‘ പ്രഭാതം’ ദിനപത്രത്തിൽ ചേർന്ന പുതിയ സബ് എഡിറ്റർ തനിക്ക്‌ കിട്ടിയ പി.ടി. എ ന്യൂസ് രണ്ട് തവണ വായിച്ചു എന്നിട്ട് തർജ്ജമ ചെയ്തു.

‘ The heir of Prophet Mohammad was disappeared from Hazratbal shrine’

തർജ്ജമ :’ ഹസ്രത്ത് ബാൽ മന്ദിരത്തിൽ നിന്ന് മുഹമ്മദ്പ്രവാചകന്റെ അനന്തരാവകാശിയെ കാണാതായിരിക്കുന്നു.’

വാർത്ത പ്രസിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് മുതിർന്ന പത്രപ്രവർത്തകൻ പുതിയ സബ് എഡിറ്റർ  എഴുതിയത് വായിച്ചു ചാടിയെഴുന്നേറ്റു.

പി.ടി എ ഷീറ്റ് ഒറിജിനൽ വായിച്ച് തലയിൽ കൈ വെച്ചു. പ്രസ് നിറുത്താൻ പറഞ്ഞു.

എന്നിട്ട് ഒറിജിനൽ സൂക്ഷിച്ചു വായിക്കാൻ സബ് എഡിറ്ററോട് ആവശ്യപ്പെട്ടു. വായിച്ച സബ്ബ് എഡിറ്റർ ഞെട്ടി. Heir അല്ല. Hair. നബി തിരുമേനിയുടെ മുടി.

‘ നബിത്തിരുമേനിയുടെ വിശുദ്ധ കേശം കാണാനില്ല’ ഈ വാർത്തയാണ് ഒരു വാക്ക് തെറ്റായി തർജ്ജമയിൽ സമൂലം മാറിയത്.

ഭാഗ്യം ഇടയിൽ കയറി വന്നില്ലായിരുന്നെങ്കിൽ ആ വാർത്ത പിറ്റേന്നു പത്രത്തിൽ അച്ചടിച്ചു വന്നേനെ. പത്രപ്രവർത്തകന്റെ തുടക്കം ഒടുക്കമായേനെ. ആ ഭാഗ്യവാനായ  പത്രപ്രവർത്തകന്റെ പേര് സി. ആർ. ഓമനക്കുട്ടൻ.

1940 കളിൽ കൊച്ചി രാജ്യത്ത് പ്രചാരമുണ്ടായിരുന്ന ദിനപത്രമാണ് ഗോമതി (ഗോശ്രീ – മലബാർ – തിരുവിതാംകൂർ എന്നതിന്റെ ചുരുക്കം പേര് ആണ് ഗോമതി, ഗോശ്രീ യെന്നാൽ കൊച്ചി) .

Deshabimani

പ്രസിദ്ധനായ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായ ആർ.എം മനയ്ക്കലാത്ത് (രാമമേനോൻ മനക്കലാത്ത്)  തന്റെ പത്രപ്രവർത്തനമാരംഭിച്ചത് ‘ ഗോമതി’ യിലാണ്. രാജവാഴ്ചയെ അനുകൂലിക്കുന്ന പത്രമായിരുന്നു ഗോമതി.

കൊച്ചി രാജ്യത്തെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മരുമകളുടെ കല്യാണം കേമമായി നടന്നു. ഗോമതിയിൽ വിവാഹവാർത്ത കൊടുത്തത് മനക്കലാത്തും. കൊച്ചി രാജാവിന്റെ സാന്നിധ്യത്തിൽ വിവാഹം മംഗളകരമായി നടന്നു എന്നായിരുന്നു  വാർത്ത.

വാസ്തവത്തിൽ മഹാരാജാവ് വിവാഹത്തിന് പോയിരുന്നില്ല. സമ്മാനങ്ങൾ കൊടുത്തയച്ചു എന്ന് മാത്രം. ഇത് കമ്പിയായി പത്രമാഫീസിൽ  കിട്ടിയപ്പോൾ മനയ്ക്കലാണ് തർജ്ജമ ചെയ്ത് വാർത്തയാക്കിയത്.

‘ His highness blessed with presents ‘

എന്ന സന്ദേശം തർജ്ജമ ചെയ്തപ്പോൾ Presents  എന്നത് Presence ആയി. ശ്രദ്ധക്കുറവോ ആശയക്കുഴപ്പമോ ആകാം.

ഒരു ഉദ്യോഗസ്ഥന്റെ മകളുടെ കല്യാണത്തിന് മഹാരാജാവ് പങ്കെടുത്തെന്ന, ഇല്ലാത്ത വാർത്ത വായിച്ച് കൊട്ടാരത്തിൽ നിന്ന് പത്രയുടമയോട് വിശദീകരണം ആവശ്യപ്പെട്ടു. രാജവാഴ്ചക്കാലമാണ്. മഹാരാജാവ് ഒരു നായരുടെ വീട്ടിൽ കല്യാണ വീട്ടിൽ പോയി എന്ന് പറയുന്നത് പോലും അക്കാലത്ത് രാജ്യദ്രോഹമാണ്.

പത്രയുടമ ഭയന്നുവിറച്ചു. വാർത്ത കൊടുത്ത മനയ്ക്കലാത്ത് തന്നെ നേരിട്ട് സമാധാനം പറയണമെന്നാവശ്യപ്പെട്ടു. മനയ്ക്കലാത്ത് ഉടമക്ക് ചുട്ട മറുപടി നൽകി അപ്പോൾ തന്നെ രാജിയെഴുതിക്കൊടുത്ത് സ്ഥലം വിട്ടു.

‘അമേരിക്കക്കാരൻ 10 മിനിറ്റിൽ 68 പട്ടിയെ തിന്ന്  ലോക റെക്കോർഡ് ‘

മുൻപേജ് വാർത്ത. ഈ നൂറ്റാണ്ടിലെ ചരിത്രപരമായ ഭീമാബദ്ധ  വാർത്ത വന്നത് 2009 ജൂലൈ 9 ലെ ദേശാഭിമാനിയിലും .

.’ ഹോട്ട് ഡോഗ് ‘ എന്ന ഭക്ഷ്യവിഭവമാണ് സബ് എഡിറ്റർക്ക് ഡെസ്കിൽ തർജ്ജമയിൽ പട്ടിയായ് മാറിയത്.

സാമൂഹ്യ മാദ്ധ്യമങ്ങൾ അരങ്ങ് വാഴുന്ന കാലമാണല്ലോ? ടോളർമാർ ചാടി വീണു. ദേശാഭിമാനിയല്ലെ ഇര ! പോരെ ! ഈ അബദ്ധ ജടിലമായ വാർത്ത അങ്ങ് ഡൽഹിയിലെത്തി. അതും ഇന്ത്യയിലെ ഏറ്റവും വലിയ പത്രത്തിലൂടെ.

ഹിന്ദുസ്ഥാൻ ടൈംസ് എഴുതി ‘അമേരിക്കക്കാരെ അധഃപതിച്ചവരെന്നും വൃത്തികെട്ടവരെന്നും ചിത്രീകരിക്കാനുള്ള അവസരമൊന്നും നഷ്ടപ്പെടുത്താത്ത കേരള സിപിഐ എം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിലെ ഒരു തലക്കെട്ട്

. ‘അമേരിക്കക്കാരൻ 10 മിനിറ്റിനുള്ളിൽ 68 നായ്ക്കളെ കടിച്ചുകീറി ലോക റെക്കോർഡ് സൃഷ്ടിച്ചു”, പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫിന് വ്യക്തമായും അമേരിക്കൻ ഫാസ്റ്റ് ഫുഡ് പരിചിതമല്ലാത്തതും യുഎസിനോടുള്ള വെറുപ്പും കാരണം, അവർ  ആ വാർത്ത നൽകി.. ‘ ബിർളയുടെ ബൂർഷാ പത്രം ഹിന്ദുസ്ഥാൻ ടൈംസ്  പരിഹസിച്ച് എഴുതി.

എഴുപത് കൊല്ലം മുൻപാണ് ഒറ്റപ്പാലത്ത് ഹൈസ്ക്കൂൾ മുറ്റത്ത്  സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണൻ പ്രസംഗിക്കുകയാണ്. തർജ്ജമ ചെയ്യുന്നത് എൻ.വി. കൃഷ്ണ വാര്യർ.

ഫിലോസഫർ കിങ്ങ് എന്നിയപ്പെടുന്ന ഡോക്ടർ രാധാകൃഷ്ണൻ വേദത്തിൽ നിന്നും ഉപനിഷത്തിൽ നിന്നും ഉദ്ധരണികൾ എടുത്തുപയോഗിച്ച് പ്രസംഗം ആരംഭിച്ചപ്പോൾ എൻ.വി. അതേ താളത്തിൽ അതേ വെളിച്ചത്തിൽ മലയാളത്തിലേക്ക് ആവാഹിച്ചു പരിഭാഷപ്പെടുത്തി. ആദ്യ വാചകം  പരിഭാഷ കഴിഞ്ഞപ്പോൾ ഡോക്ടർ രാധാകൃഷ്ണൻ ആശ്ചര്യത്തോടെ എൻ.വി യെ നോക്കി.

‘സ്വന്തമായി ഇംഗ്ലീഷ് പഠിച്ച ഒരുവൻ അഗസ്ത്യനേപ്പോലെ ഉള്ളം കയ്യിൽ സമുദ്രമെടുത്ത് ആചമിക്കുന്നു. വാര്യർ ആ സദസ്സിൽ ജ്വലിച്ചു. കരഘോഷം മുഴങ്ങി. ഇതാണ് തർജ്ജമ . ഇംഗ്ലീഷിലെ ചില പദങ്ങൾക്ക് മലയാളത്തിൽ വാക്കുകളില്ല എന്ന സ്വന്തം അജ്ഞ പുറത്ത് വിടുന്ന വെറും ഡിഗ്രിക്കാർക്ക് ആ തർജ്ജമ ചാട്ടയടിയായി”  കവിയായ പി. കുഞ്ഞിരാമൻ നായർ ആ രംഗത്തെ കുറിച്ച് എഴുതിയതാണിത്. കേരളം കണ്ട ഏറ്റവും മികച്ച ക്ലാസിക്ക് പ്രസംഗ തർജ്ജമയാണത്രെ ഇത്.

N. V. Krishnawarrier translates

എൻ. വി. കൃഷ്ണവാര്യർ ഡോ. എസ്. രാധാകൃഷ്ണൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നു

ജോൺ എബ്രഹാം ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ഒരു ചെറിയ ക്ലാസിക്ക് തർജ്ജമ നടത്തിയതും അറിയേണ്ടതാണ്. ട്രെയിനിൽ എഴുതി  വെച്ച വാചകം  ‘ Less luggage more comfortable ‘ എന്നത് ചൂണ്ടിക്കാണിച്ച് കൂടെ യാത്ര ചെയ്യുന്ന  മാമുക്കോയയോട് ജോൺ ചോദിച്ചു

‘ മാമ്മൂക്കാ ആ എഴുതിയതിൻ്റെ അർത്ഥം അറിയോ?

‘മാമ്മുക്കോയ ചിരിച്ചു.

ജോൺ മൊഴിമാറ്റം ചെയ്തു ‘ ചിന്ന സാമാനം പെരിയ നല്ലത്. അതാണ് ആ എഴുതിയതിൻ്റെ അർത്ഥം’ ജോൺ പറഞ്ഞു’

പ്രസംഗങ്ങളെ പരിഭാഷപ്പെടുത്തലും ഒരു കല തന്നെയാണ്. ആശയം നഷ്ടപ്പെടാതെ സംവദിക്കേണ്ട ഒന്ന്. കോഴിക്കോട് വെച്ച് ഒരു  കോൺഗ്രസ് നേതാവിന്റെ ഇംഗ്ലീഷ് പ്രസംഗത്തിൽ

‘ Water water everywhere,not a drop to drink’ പരിഭാഷകനായ കെ.എം. സീതി സാഹിബിന്റെ തർജ്ജമ ഉടൻ വന്നു.

‘ വെള്ളം വെള്ളം സർവ്വത്ര, തുള്ളി കുടിപ്പാനില്ലല്ലോ’  പിന്നിട് ഇത് ഭാഷയിലെ ഒരു ചൊല്ലു തന്നെയായി.

ഒരു തർജ്ജമയിലെ നർമ്മം കണ്ടെത്തി ഒരു  പ്രസംഗം കാർട്ടൂണിലൂടെ പ്രശസ്തമാക്കുക 1994 ലാണ്. സംഭവം ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ ഇന്ത്യൻ നാഷണൽ ലീഗുമായി ബന്ധമാകാമെന്ന്  ഇ എം എസ് നമ്പൂതിരിപ്പാട്.  വേണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടി. അച്യുതാനന്ദനും – മാർക്സിസ്റ്റ്  ‘ പാർട്ടിയും ഇതിനെതിരാണെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. തർക്കം തീർക്കാനായി പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്ത് കേരളത്തിൽ വന്ന് പൊതുയോഗത്തിൽ പ്രസംഗിക്കുന്നു. ഇബ്രാഹിം സുലൈൻമാൻ സേട്ട് പേര് മാറ്റി പുതിയ പാർട്ടിയുമായി വന്നാൽ ഒറ്റ ദിവസം കൊണ്ട്  ആ പാർട്ടി  മതനിരപേക്ഷമാവില്ലെന്ന് സുർജിത്ത് തൻ്റെ  പ്രസംഗത്തിൽ സൂചിപ്പിച്ചു. എന്നാൽ അതിൻ്റെ  ഇ.എം. ശ്രീധരൻ്റെ തർജമ ഇങ്ങനെയായി മതനിരപേക്ഷിത നിലപാട് എടുത്താൽ സേട്ടിനെ ഇടതുമുന്നണി സ്വാഗതം ചെയ്യും എന്നതായിരുന്നു.

Cartoon

ആ കാർട്ടൂൺ ഇങ്ങനെ – തർജ്ജമ ചെയ്യുന്നത് ഇ.എം.എസിന്റെ മകൻ ശ്രീധരൻ .

ഹർകിഷൻ സിംഗ് സുർജിത്ത് പ്രസംഗിക്കുന്നു.

‘ സേട്ട്  അച്ഛാ ആദ്മി നഹി’

ശ്രീധരന്റെ  തർജ്ജമ :

സേട്ടിനെ പറ്റി അച്ഛൻ പറഞ്ഞത് ശരി’ – കാർട്ടൂണിൽ ഇ.എം.എസ് നായനാരെ കുസൃതി ചിരിയോടെ നോക്കുന്നു. അത്  കലക്കി എന്ന മട്ടിൽ ചിരിക്കുന്ന നായനാരും,  അന്തം വിട്ട് നോക്കുന്ന അച്യുതാനന്ദനും കാർട്ടുണിലുണ്ട്.

അറിയപ്പെടാത്ത പരിഭാഷ ( അറിയപ്പെടാത്ത ഇ. എം. എസ്. എന്നത് ഇ.എം.എസിൻ്റെ  പ്രശസ്തമായ ജീവചരിത്രമാണ്) എന്ന് തലവാചകം കൊടുത്ത് ഈ കാർട്ടൂൺ വരച്ച കാർട്ടുണിസ്റ്റ് യേശുദാസന് പിന്നീട്  ഇ.എം. ശ്രീധരൻ എ.കെ.ജി. സെന്ററിന്റെ വിലാസത്തിൽ  അഭിനന്ദനക്കത്ത് പോലും അയച്ചു.

ഒന്നാന്തരം ഏകാധിപതിയാണെങ്കിലും വാക്കിലും നോക്കിലും എഴുത്തിലും വളരെ സൂഷ്മതയും കൃത്യതയും പുലർത്തിയ ഭരണാധികാരിയായിരുന്ന തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യർ.

സി. പി. രാമസ്വാമി അയ്യർ ഒരിക്കൽ  തിരുവനന്തപുരത്തു് പ്രസംഗിച്ച സന്ദർഭത്തിൽ തർജ്ജമക്കാരൻ ഒരു മലയാളം പ്രൊഫസറായിരുന്നു. സി.പി. “Siva was born as a Harijan” എന്നു പറഞ്ഞപ്പോൾ പ്രൊഫസർ “ഹരിജൻ ശിവനായി അവതരിച്ചു” എന്നു തർജ്ജമ ചെയ്തു. “ഞാനങ്ങനെയല്ല പറഞ്ഞതു്” എന്നു സി. പി. പെട്ടെന്ന്  മലയാളത്തിൽ സദസിനോട് പറഞ്ഞു. സദസും തർജ്ജമക്കാരനും ഒരുമിച്ച് ഞെട്ടി.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് 1993 ൽ കൃത്യം മുന്നുറ്റിമുപ്പത്തിനാല് ദിവസമെടുത്താണ് സദാശിവൻ ഇത് പരിഭാഷപ്പെടുത്തിയത്. ആയിരത്തൊന്ന് രാവുകൾ ‘ കഥകളുടെ രാജധാനി’യായ അറബിക്കഥകൾ എം.പി. സദാശിവൻ പരിഭാഷപ്പെടുത്തിയത്

അദ്ദേഹത്തിന്റെ പരിഭാഷകൾ ഇത് വരെ അച്ചടിച്ചത്   45,000 പേജുകൾ വരും.. 107 കൃതികൾ പരിഭാഷപ്പെടുത്തി ഏറ്റവും അധികം കൃതികൾ വിവർത്തനം ചെയ്ത പരിഭാഷകനായി  ലിംക റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു . 1981 ൽ ഷെർലക്ക് ഹോംസിന്റെ ചെമ്പൻ മുടിക്കാരിൽ തുടങ്ങിയതാണ് വിവർത്തനം. വിക്ടർ യൂഗോവിന്റെ ‘ നോത്രദാമിലെ കൂനൻ’ എന്ന ക്ലാസിക്കിലെത്തിയപ്പോൾ ആകെ 109 പരിഭാഷകൾ .  സ്വന്തം വയസിനേക്കാളും കൂടുതലാണ്. ചെയ്ത വിവർത്തനങ്ങൾ . കഴിഞ്ഞ വർഷം അദേഹം അന്തരിച്ചു.

A.V. Harishankar

എ.വി. ഹരിശങ്കർ

രണ്ട് പേർ ചേർന്ന് ഒരു കൃതി ഒരു വിവർത്തനം ചെയ്യുക അസാധാരണമാണ്. ഭാഷയും ശൈലിയും ഒരേ രീതിയിൽ വേണം. അത് പൂർണ്ണമായും നിറവേറ്റപ്പെട്ട കൃതിയാണ് 1976 ൽ പുറത്തിറക്കിയ ലാരി കോളിൻസ് – ഡൊമനിക്ക് ലാപിയർ ചേർന്നെഴുതിയ ‘ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ യുടെ പരിഭാഷ.. ടി.കെ ജി നായരും എം.എസ് ചന്ദ്രശേഖര വാര്യരും ചേർന്നാണ് എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ഈ കൃതി പരിഭാഷപ്പെടുത്തിയത്. 15 പതിപ്പ് കഴിഞ്ഞപ്പോൾ അര ലക്ഷം കോപ്പി വിറ്റു. ഇപ്പോൾ ഓടുന്നത്. 45ാം പതിപ്പ്. വി.എ. കേശവൻ നായരും എം.പി.ശങ്കുണ്ണി നായരും ചേർന്ന് പരിഭാഷപ്പെടുത്തിയ ‘പേൾ എസ് ബക്കിന്റെ ‘ നല്ലഭൂമി’ (Good Earth) ആണ് മലയാളത്തിലെ.ആദ്യത്തെ സംയുക്ത തർജ്ജമകളിലൊന്ന്.

മലയാള ഭാഷാ പിതാവായ എഴുത്തച്ഛനാണ് നമ്മുടെ ഏറ്റവും മഹാനായ വിവർത്തകൻ . പതിനാലാം നൂറ്റാണ്ടിൽ രാമാനന്ദൻ എന്ന കവി സംസ്കൃതത്തിലെഴുതിയ ‘അധ്യാത്മ രാമായണം’ എന്ന മഹത്തായ കാവ്യമാണ് എഴുത്തച്ഛൻ കിളിപ്പാട്ടിലാക്കിയത്. കവിതയുടെ വിവർത്തനം അസാധ്യമാണെന്ന ഇംഗ്ലീഷ് പണ്ഡിതരുടെ അഭിപ്രായം മലയാള ഭാഷക്ക് ബാധകമല്ലെന്ന് എഴുത്തച്ഛൻ തെളിയിച്ചു.

2015-ൽ ഡി.സി.ബുക്സ് പുറത്തിറക്കിയ ‘ വിശ്വസാഹിത്യച്ചൊൽ കഥകളാണ് മലയാളത്തിലിറങ്ങിയ ഏറ്റവും ബൃഹത്തായ വിവർത്തന ഗ്രന്ഥം. എഴുപത് പേർ പ്രവർത്തിച്ച , പന്ത്രണ്ടായിരത്തിലധികം  പേജുകളിലായി മൊത്തം 12 വോള്യം. ലോകത്തിലെ മികച്ച ചൊൽക്കഥകളുടെ സമാഹാരമാണിത്.

വിഖ്യാതമായ വില്യം ലോഗന്റെ മലബാർ മാന്വൽ അൽപ്പം താമസിച്ചാണ് മലയാളത്തിൽ വന്നത്. 1887 ൽ പ്രസിദ്ധീകരിച്ച വിഖ്യാതകൃതി 1985 ൽ മലയാളത്തിൽ വിവർത്തനം ചെയ്തത് ടി.വി.കൃഷ്ണൻ. പൂർണ്ണരൂപത്തിലുള്ള മലയാള പരിഭാഷയാണത്. ഒന്നര വർഷം കണ്ണൂരിലെ ചെറുകുന്നിലെ ‘തൻ്റെ വീട്ടിൽ ഊണും ഉറക്കുവുമൊഴിച്ചാണ് ടി. വി.കെ ശ്രദ്ധയോടെ അതിൻ്റെ  പരിഭാഷ നിർവ്വഹിച്ചത്.

കേരളത്തിലെ അച്ചടിയുടെ 40- ാം വാർഷികത്തിലാണ് , 1981 ൽ  കൈരളി മുദ്രാലയം ആദ്യമായ് ഷെർലക്ക് ഹോംസ് പുസ്തകമായി  പ്രസിദ്ധീകരിക്കുന്നത്. അപ്പോഴേക്കും ഷെർലക് ഹോംസ് വന്നിട്ട് നൂറ് കൊല്ലം കഴിഞ്ഞിരുന്നു. മലയാളത്തിൽ ആദ്യമായി ഷെർലക് ഹോംസ് പരിഭാഷപ്പെടുത്തിയത് മലയാറ്റൂർ രാമകൃഷ്ണനാണ്. 1950 കളിൽ മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രസിദ്ധമായ  ‘ജയകേരളം ‘ മാസികയിലാണ് അത് വന്നത്.

1981 മുതൽ 4. നോവലും 12 കഥാ സമാഹാരങ്ങളും വന്നിരുന്നെങ്കിലും ഒരു സമ്പൂർണ്ണ കൃതിയായ ഇറങ്ങിയത്. 1995 ൽ മാത്രമാണ്. മുട്ടത്തുവർക്കിയും പി.എ വാര്യരും, എം.പി. സദാശിവനടക്കം 12 വിവർത്തകരാണ് ഷെർലക് ഹോംസ് സാഹിത്യം മനോഹരമായി പരിഭാഷപ്പെടുത്തിയത്..

Dr. R. E. Asher

ഡോക്ടർ ആർ. ഇ. ആഷർ

2017 ൽ മലയാളത്തിൽ ജോസഫ് സി.എസ്.ആബട്ടിന്റെ ‘ ലൈഫ് ഓഫ് നെപ്പോളിയൻ ‘എന്ന 604 പേജുള്ള പ്രശസ്ത ഗ്രന്ഥത്തിന്റെ പരിഭാഷ നിർവഹിച്ചത്  പി.ഡി . ജോസ്. 117 വർഷം മുൻപ് പുറത്ത് വന്ന നെപ്പോളിയന്റെ ഈ  വിഖ്യാത ജീവചരിത്രം ‘ഒരു പ്രാദേശിക ഭാഷയിൽ ആദ്യമായാണ്  ഇതിന്റെ പരിഭാഷ വരുന്നത്.വിക്ടോറിയൻ കാലത്തെ അച്ചടി.ഒരോ പേജിലും രണ്ട് കോളം, ചെറിയ ടൈപ്പ്. ഏതാണ് പഞ്ചാംഗം പോലെയിരിക്കുന്ന പുസ്തകം.തർജമ പോയിട്ട് വായിക്കാൻ തന്നെ ദുഷ്കരം. ഇത്തരമൊരു പുസ്തകം പരിഭാഷ ചെയ്യുക എന്ന ഭഗീരഥ പ്രവർത്തനം എറ്റെടുത്ത പരിഭാഷകൻ മലയാള സാഹിത്യ ലോകത്തിന് അഭിമാനിക്കാവുന്ന സംഭാവനയാണ് നൽകിയത്. ഈ ഒരു ബാങ്ക് ഉദ്യോഗസ്ഥനായ ഈ പരിഭാഷകൻ ഒറിജിനൽ പുസ്തകത്തിന്റെ പേജ് ലെൻസ് വെച്ച് എൻ ലാർജ് ചെയ്ത് വായിച്ചാണ് അ വിവർത്തനം ചെയ്തത് .2005 ൽ തുടങ്ങി,അത് പൂർത്തികരിച്ചതോ 12 വർഷം കൊണ്ടും.

1962 ലാണ് തകഴിയുടെ ‘ചെമ്മീൻ’ ആദ്യമായി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്. ഓൾ ഇന്ത്യാ റേഡിയോ ഡയറക്ടർ ജനറലായിരുന്ന വി.കെ. നാരായണ മേനോനാണ് ന്നത് പരിഭാഷപ്പെടുത്തിയത്. . പിന്നീട് ഹിന്ദിയുൾപ്പടെ മറ്റ് ഭാരതീയ ഭാഷകളിൽ പരിഭാഷ വന്നു. ലോകത്തിലെ 15 ഭാഷകളിൽ , വിവർത്തനമുണ്ടായ നോവലാണ് ചെമ്മീൻ . ഏറ്റവും കൂടുതൽ ഭാഷകളിൽ പരിഭാഷ വന്ന ഇന്ത്യൻ  കൃതിയും  ചെമ്മീനാണ്.

‘ഓരോ വിവർത്തനവും ഒരു പാലം പണിയലാണ്. ആ പാലത്തിന്റെ ഇഷ്ടികകൾ വാക്കുകളുടെ അർഥമാവാം, വാക്യാർഥങ്ങളുടെ രൂപാന്തരമാവാം, പാഠത്തിൽ സ്ഫുരിക്കുന്ന ആശയത്തിന്റെ പുനരാവിഷ്കാരമാവാം.  ഒരു അന്തരീക്ഷത്തിന്റെ പുനഃസൃഷ്ടിയാവാം. വെല്ലുവിളികൾ പലതും പതിയിരിക്കുന്ന ഒരു പണി.  കൂടുതൽ കൂറ് ആരോടായിരിക്കണം എന്നതാവാം ഒരു വെല്ലുവിളി, എന്നു തോന്നുന്നു.’ അമേരിക്കയിലെ പ്രശ്സ്ത ബ്ലോഗറും എഴുത്തുകാരനുമായ  ഡോക്ടർ എബ്രഹാം വർഗീസിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ശ്രദ്ധേയമായ കൃതി, ‘The Covenant of Water’ എന്ന ബൃഹദ് നോവൽ വിവർത്തനം ചെയ്ത മലയാള മനോരമയിലെ സീനിയർ എഡിറ്ററും മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ എ.വി. ഹരിശങ്കർ പറയുന്നു. വിഖ്യാതമായ  ഹാരിപോട്ടർ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമായ ‘Harry Potter And The Chamber Of Secrets’ ‘ നിഗൂഡ നിലവറ’(2009) എന്ന ശീർഷകത്തിൽ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ഹരിശങ്കറാണ്.

‘മൂലഭാഷയോടോ, ലക്ഷ്യഭാഷയോടോ? മൂലഗ്രന്ഥകാരനോടോ, മുന്നിൽ കാണുന്ന വായനക്കാരനോടോ?  പിന്നിലേക്കു മാത്രം നോക്കി വണ്ടിയോടിച്ചാൽ എവിടെയെങ്കിലും ചെന്നിടിക്കും;  മുന്നോട്ടു മാത്രം നോക്കി ഓടിച്ചാൽ പോക്ക്, തോന്നിയ വഴിക്കാവും – അങ്ങനെയൊരു അവസ്ഥ.  വാക്യഘടനയിലും, വ്യാകരണത്തിന്റെ യുക്തിയിലും, ആഖ്യാനത്തിന്റെ താളത്തിലുമെല്ലാം വ്യത്യാസമുള്ള രണ്ടു ഭാഷകൾക്കിടയിലുള്ള ഒരു അഭ്യാസമാണ് വിവർത്തനം. (‘….two languages of different resonances’ എന്ന് ഒ.വി. വിജയൻ.)’

ഈ പശ്ചാത്തലത്തിൽ, ‘ഡ്രാക്കുള’ എന്ന ക്ലാസിക് ഗോഥിക് നോവലിന് ഞാൻ ചെയ്ത വിവർത്തനശ്രമത്തിൽ നിന്ന് ഒരു ഭാഗം:-

“We kept on ascending, with occasional periods of quick descent, but in the main always ascending. Suddenly, I became conscious of the fact that the driver was in the act of pulling up the horses in the courtyard of a vast ruined castle, from whose tall black windows came no ray of light, and whose broken battlements showed a jagged line against the sky.”

“ഞങ്ങൾ കയറിക്കൊണ്ടേയിരിക്കുകയാണ്. ഇടയ്ക്കു പെട്ടെന്നിത്തിരി ഇറക്കമിറങ്ങും. എന്നാലും പൊതുവെ കയറ്റം തന്നെ. പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത് – വണ്ടിക്കാരൻ തകർന്നു നിൽക്കുന്ന ഒരു കൂറ്റൻ കോട്ടയുടെ മുറ്റത്ത് കുതിരകളെ കൊണ്ടു വന്നു നിർത്തുകയാണ്. കോട്ടയുടെ ഇരുണ്ട നീളൻ ജനാലകളിൽ നിന്ന് വെളിച്ചത്തിന്റെ ഒരു പൊട്ടു പോലും വരുന്നില്ല. ആകാശത്തിനെതിരെ, പൊട്ടിപ്പൊളിഞ്ഞ പീരങ്കിപ്പഴുതുകളുടെ വികൃതരേഖ.”

പശ്ചാത്തലം തന്നെ സ്വയം ഒരു കഥാപാത്രമായി മാറി, ഭീകരത സൃഷ്ടിക്കുകയാണ് ഗോഥിക് നോവലിന്റെ രീതി.  ആ സ്വഭാവം നഷ്ടമാവാതെ വേണം വിവർത്തനം എന്നായിരുന്നു മോഹം.

ഇതിൽ നിന്നു വ്യത്യസ്തമായ തരം രസകരമായ വെല്ലുവിളികൾ തന്ന ഒരു വിവർത്തനമാണ് ഈയിടെ ചെയ്യാൻ അവസരം ലഭിച്ച, ഡോക്ടർ എബ്രഹാം വർഗീസിന്റെ ‘The Covenant of Water’ എന്ന ബൃഹത്തായ നോവൽ. (മലയാളം പതിപ്പിന്റെ പേര് –  ‘ജലജന്മങ്ങൾ’). പശ്ചാത്തലം കേരളമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഏഴു ദശാബ്ദങ്ങളിലൂടെ, പല തലമുറകളിലൂടെ കടന്നു പോകുന്ന ഒരു ‘പീരിയഡ്’ നോവൽ.  വായനക്കാരന്റെ കൈപിടിച്ചോടുന്ന ചടുലമായ ആഖ്യാനശൈലിയാണ് ഈ നോവലിനുള്ളത്.  അത് വിവർത്തനത്തെയും അനായാസം മുന്നോട്ടു കൊണ്ടു പോയി.  അതേസമയം, ആഖ്യാനഗതിയിലെ ചില സന്ധികൾ ‘വിവർത്തനം വെറും കുട്ടിക്കളിയല്ല’ എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

അമേരിക്കയിലെ പ്രഗത്ഭനായ ഒരു ഡോക്ടറാണ് നോവലിസ്റ്റ് ഡോക്ടർ എബ്രഹാം വർഗീസ്. ആ മേഖലയിലെ സംഭവങ്ങൾ അദ്ദേഹത്തിന്റെ നോവലിൽ പലയിടത്തും പ്രകടമാവുന്നുണ്ട്.  സങ്കീർണമായ ശസ്ത്രക്രിയാരംഗങ്ങൾ മാത്രമല്ല, ചില നനുത്ത പ്രണയരംഗങ്ങൾ പോലും അവതരിപ്പിക്കപ്പെടുന്നത് അനാട്ടമിയുടെ പദാവലിയും ദൃശ്യങ്ങളും ഉപാധിയാക്കിയാണ്.  അതുപോലെത്തന്നെ, എനിക്കു നേരിട്ട് പരിചയമില്ലാത്ത ഒരു സാമൂഹ്യപശ്ചാത്തലത്തെ (അതും മറ്റൊരു കാലഘട്ടത്തിൽ) ഭാഷാന്തരീകരിക്കുക എന്നതും ശ്രദ്ധ ആവശ്യപ്പെടുന്നതായിരുന്നു.  ഇതിലൂടെയെല്ലാം പരുക്കില്ലാതെ എന്നെ  മുന്നോട്ടു കൊണ്ടു പോയത്, നോവലിന്റെ ജീവനുള്ള ആഖ്യാനശൈലിയുടെ മിടുക്കാണ് എന്നു പറയാം. ഹരിശങ്കർ തൻ്റെ വിവർത്തനാനുഭവം പറയുന്നു.

100 വർഷം മുൻപത്തെ ആലപ്പുഴയിലെ ഒരു പുരാതന കുടുംബത്തിൻ്റെ കഥയാണ് ‘ജലജന്മങ്ങൾ’.  916 പേജുള്ള ഈ ബൃഹദ് നോവൽ എഴു മാസങ്ങളെടുത്താണ് വിവർത്തനം പൂർത്തിയാക്കിയത്. നൂറു വർഷം മുൻപത്തെ ആലപ്പുഴയിലെ പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ സംസാര ഭാഷ , വിവർത്തകന്  ഒരു വെല്ലുവിളി തന്നെയായിരുന്നു.

Sherlock Holmes in Malayalam

ഷെർലക്ക് ഹോംസ് ആദ്യമായി മലയാളത്തിൽ – പരിഭാഷ മലയാറ്റൂർ രാമകൃഷ്ണൻ

മലയാള സാഹിത്യം രാഷ്ട്രാന്തര സാഹിത്യ ലോകത്ത് എത്തിച്ച് പ്രശസ്തമാക്കിയ ഇംഗ്ലീഷുകാരനായ ഡോക്ടർ ആർ. ഇ.ആഷർ   പരിഭാഷക ചരിത്രത്തിലെ വ്യത്യസ്തനായ വിവർത്തകനാണ്.  എഡിൻ ബറോ യൂണിവേഴ്സിറ്റിയിൽ ഭാഷാ ശാസ്ത്ര വകുപ്പദ്ധ്യക്ഷനായിരുന്ന ഡോ. ആഷർ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘ ബാല്യകാല സഖി’ ‘പാത്തുമ്മായുടെ ആട്’ , ‘ ൻ്റെപ്പാപ്പക്കൊരാനേണ്ടാർന്ന്’ തുടങ്ങിയ പ്രശസ്ത നോവലുകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു.ച്ചു. തകഴിയുടെ തോട്ടിയുടെ മകനാണ് ആഷറുടെ മറ്റൊരു വിവർത്തനം.

ബഷീറിൻ്റെ കൃതികൾ പരിഭാഷപ്പെടുത്തുമ്പോൾ താൻ നേരിട്ട ദുർഘടകങ്ങളെ കുറിച്ച് എഴുതുകയുണ്ടായി. ‘ഒരു ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ടതും ഇന്ത്യൻ പശ്ചാത്തലത്തിൽ വിന്യസിക്കപ്പെടുന്നതായ ഒരു കഥ ഇംഗ്ലീഷിൽ പകർത്തുവാൻ ആഗ്രഹിക്കുന്ന വിവർത്തകനെ അഭിമുഖീകരിക്കുന്ന എല്ലാ സാധാരണ പ്രശ്നങ്ങൾക്കും പുറമേ അസാധാരണമായ ചില പ്രശ്നങ്ങളും ഇവിടെ എന്നെ നേരിടുകയുണ്ടായി’

ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറിയിൽ കാണുന്ന ‘ ജംബു’ (ഞാവൽ) പന്തൽ മുതലായ വാക്കുകൾ ഇംഗ്ലീഷുകാരുടെ നിത്യ സംഭാഷണത്തിൽ ഉള്ളതല്ലെങ്കിലും സാധാരണ ഇംഗ്ലീഷ് ലിപിയിൽ അച്ചടിച്ചു.  ൻ്റെപ്പാപ്പക്കൊരാനേണ്ടാർന്ന്’ എന്ന നോവലിൽ ബഷീർ ഒരു പാട് മുസ്ലിം ശൈലികൾ ഉപയോഗിച്ചിട്ടുണ്ട്. അവസാന അദ്ധ്യായത്തിൽ ആ ആന ‘ ഒരു കുഴിയാനേർന്നൂ’ എന്ന് ചില പിള്ളേർ വിളിച്ചു പറയുന്നുണ്ട്. ‘കുഴിയാന’ എന്ന വാക്കിന് തുല്യമായ ഇംഗ്ലീഷ് പദം ‘ ആൻ്റ് ലയൺ’ (ഉറുമ്പു സിംഹം) എന്നതാണ്. ആ സന്ദർഭത്തിലെ ശ്ലേഷം ഈ ഇംഗ്ലീഷ് പദം ഉപയോഗിച്ചാൽ കിട്ടില്ല. അതിനാൽ ‘ എലിഫൻ്റ് ആൻ്റ്’ ( ആനയുറുമ്പ്) എന്ന പുതിയ ഇംഗ്ലീഷ് പദം സുഷ്ടിച്ചു കൊണ്ട് ഞങ്ങൾ തടിതപ്പുകയാണുണ്ടായത്’ ആഷർ എഴുതി. വിവർത്തനം എന്ന പ്രക്രിയ വളരെ ഗൗരവബുദ്ധിയോടെ സമീപിച്ച പരിഭാഷകനായിരുന്നു ആഷർ.

എഴുത്തുകാരുടെ സംഘടനയായ ഇന്റർനാഷൽ പെൻ ഓർഗനൈസേഷൻ വിവർത്തകരുടെ അവകാശങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. വിവർത്തകർക്ക് വേണ്ട സമയം നൽകണം കൃത്യമായി പ്രതിഫലം നൽകണം. മതിയായ ആദരവ് നൽകണം. ലോകം വിവർത്തകരെ അംഗീകരിക്കാൻ തുടങ്ങി.

‘ ശരിക്കും ലോകത്തെ സൃഷ്ടിക്കുന്നത് ഭാഷയാണ്. വിവർത്തനം സംസ്ക്കാരങ്ങളെ ഒന്നിപ്പിക്കലാണ്. അതിനാൽ ഞാൻ വിവർത്തനത്തെ കാണുന്നത് സാംസ്കാരിക പ്രവർത്തി എന്നതിന് ഉപരിയായ രാഷ്ട്രീയ പ്രവൃത്തിയായാണ്’

മൂന്ന് പതിറ്റാണ്ടായി ഇന്ത്യൻ വിവർത്തകരുടെ എഡിറ്ററും പ്രസാധകയുമായ ചെന്നെയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ എഡിറ്ററായ മലയാളി മിനി കൃഷ്ണൻ പറയുന്നു.

Content Summary: Today is International translation day

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×