June 26, 2026 |
Share on

കസ്റ്റമൈസേഷൻ മുതൽ ലൈംഗിക ഉള്ളടക്കം വരെ; ചാറ്റ്ജിപിടി ഇനി കൂടുതൽ സൗഹൃദപരം

നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഓപ്പൺ എഐ

ചാറ്റ്‌ബോട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഓപ്പൺ എഐ. അതിൽ ഏറ്റവും പ്രധാനമായി പ്രഖ്യാപിച്ചിട്ടുള്ളത് മുതിർന്ന ഉപയോക്താക്കളെ മുതിർന്നവരായി തന്നെ കണക്കാക്കി ലൈംഗിക (erotic) ഉള്ളടക്കം ഉൾപ്പെടുത്തുക എന്നതാണ്. ഇതോടൊപ്പം മറ്റ് നിരവധി മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിൽ ഒന്ന് കസ്റ്റമൈസേഷൻ ആണ്. ഉപയോക്താക്കൾക്ക് അവരുടെ എഐ അസിസ്റ്റന്റിന്റെ വ്യക്തിത്വം ഇഷ്ടാനുസരണം മാറ്റിയെടുക്കാം. ഇതിൽ കൂടുതൽ മനുഷ്യസഹജമായ പ്രതികരണങ്ങൾ, ഇമോജികളുടെ ഉപയോഗം, സൗഹൃദപരമായ പെരുമാറ്റം തുടങ്ങിയ ഓപ്ഷനുകൾ ഉൾപ്പെടും. ഏറ്റവും പ്രധാനപ്പെട്ട മാറ്റമായ ലൈംഗിക ഉള്ളടക്കം ഡിസംബറിൽ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പ്രായം സ്ഥിരീകരിച്ച മുതിർന്നവർക്ക് ലൈംഗിക ഉള്ളടക്കം ലഭിക്കാൻ കഴിയുന്ന രീതിയിൽ കൂടുതൽ സമഗ്രമായ പ്രായപരിശോധന സംവിധാനം ഓപ്പൺ എഐ നടപ്പിലാക്കും.

അതേസമയം, ഈ പ്രായപരിശോധനാ രീതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പെരുമാറ്റം അടിസ്ഥാനമാക്കിയുള്ള പ്രായം നിർണ്ണയിക്കൽ ഇതിലെ ഒരു പ്രധാന ഘടകമാണ്. ഒരു ഉപയോക്താവ് ചാറ്റ്ജിപിടിയുമായി സംവദിക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ അവർക്ക് 18 വയസ്സിൽ കൂടുതലുണ്ടോ കുറവുണ്ടോ എന്ന് കണക്കാക്കുന്ന സാങ്കേതികവിദ്യയും കമ്പനി വികസിപ്പിക്കുന്നുണ്ട്.

18 വയസ്സിന് താഴെയുള്ളവർക്കായി സെപ്റ്റംബറിൽ ഓപ്പൺ എഐ പ്രത്യേക ചാറ്റ്ജിപിടി സംവിധാനം അവതരിപ്പിച്ചിരുന്നു. ഇത് ലൈംഗികത പോലുള്ള ദൃശ്യപരമായ ഉള്ളടക്കങ്ങൾ തടഞ്ഞ്, പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കത്തിലേക്ക് ഓട്ടോമാറ്റിക്കായി വഴിതിരിച്ചുവിടും.

ഉപയോക്താക്കളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചാറ്റ്‌ബോട്ടിന് ഏർപ്പെടുത്തിയ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നിരവധി പേർക്ക് ​തെറ്റായ രീതിയിലുള്ള സന്ദേശങ്ങൾ നൽകിയെന്ന് ഓപ്പൺ എഐയുടെ സിഇഒ ആയ സാം ആൾട്ട്മാൻ ഒരു എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു.

കാലിഫോർണിയയിലെ ഒരു കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചാറ്റ്ജിപിടി ആത്മഹത്യ ചെയ്യാനുള്ള പ്രത്യേക ഉപദേശം നൽകിയെന്ന് ആരോപിച്ച് മാതാപിതാക്കൾ ഓഗസ്റ്റിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. എന്നാൽ, ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള നിയന്ത്രണങ്ങൾ നിലവിൽ ചാറ്റ്ജിപിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആൾട്ട്മാൻ പറഞ്ഞു.

പുതിയ സുരക്ഷാ ഉപകരണങ്ങൾ ഗുരുതരമായ മാനസികാരോഗ്യ അപകടസാധ്യതകൾ പരിഹരിക്കാൻ തങ്ങളെ സഹായിക്കുന്നതിനാൽ ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നും ആൾട്ട്മാൻ കൂട്ടിച്ചേർത്തു. എഐ ചാറ്റ്‌ബോട്ടുകൾ കുട്ടികളെയും കൗമാരക്കാരെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിനെക്കുറിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനും ഓപ്പൺ എഐ ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Content Summary: OpenAI will permit verified adults to create erotic content using ChatGPT

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×