June 26, 2026 |
Share on

ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാതെ 67,000 കോടി രൂപ; എസ്ബിഐ മുന്നിൽ

നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്

രാജ്യത്തെ വിവിധ ബാങ്കുകളിലായി 67,003 കോടി രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തി. 2025 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ഉടമസ്ഥരില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ ഭീമമായ കണക്കാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്

അത്തരം നിക്ഷേപങ്ങളിൽ 29 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പങ്കുവെച്ച ഡാറ്റ പ്രകാരം നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ എസ്ബിഐയിലാണ്. 19,329.92 കോടി രൂപയാണ് എസ്‌ബി‌ഐയിൽ മാത്രമായുള്ളത്.

അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലാണ് ഉള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് 6,910.67 കോടി രൂപ, കാനറ ബാങ്ക് 6,278.14 കോടി രൂപ , ബാങ്ക് ഓഫ് ബറോഡ 5,277.36 കോടി രൂപ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 5,104.50 കോടി രൂപ എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖലാ ബാങ്കുകൾ. സ്വകാര്യ ബാങ്കുകളിൽ മാത്രമായി 8,673.72 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 2,063.45 കോടി രൂപയുടെ നിക്ഷേപമാണ് ഐസിഐസിഐ ബാങ്കിലുള്ളത്. 2023 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഫണ്ടില്‍ 62,225 കോടി രൂപയാണുണ്ടായിരുന്നത്. അതിൽ നിന്നാണ് 67,003 കോടി രൂപയായി ഉയർന്നത്.

ഒരു സേവിംഗ്സ് അക്കൗണ്ടിലോ കറന്റ് അക്കൗണ്ടിലോ പത്ത് വർഷമോ അതിൽ കൂടുതലോ യാതൊരു ഇടപാടും (നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാതെ) നടന്നിട്ടില്ലെങ്കിൽ, ആ അക്കൗണ്ടിലെ തുകയെ ‘അവകാശികളില്ലാത്ത നിക്ഷേപം’ ആയി കണക്കാക്കും. അക്കൗണ്ട് ഉടമ മരണപ്പെടുകയോ, അക്കൗണ്ടിനെക്കുറിച്ച് മറന്നുപോകുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

പഴയ അക്കൗണ്ടുകളിൽ പണമുണ്ടോ എന്ന് കണ്ടെത്താൻ റിസർവ് ബാങ്ക് ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് എളുപ്പത്തിൽ തിരയാൻ സാധിക്കും. ഈ കണക്കുകൾ പുറത്തുവന്നതോടെ, പഴയതും ഉപയോഗിക്കാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

content summary: Unclaimed money with Indian banks has risen to 67,000 crore, with SBI holding the largest share of these deposits

Leave a Reply

Your email address will not be published. Required fields are marked *

×