അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1,452 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. നവി മുംബൈ, ചെന്നൈ, പൂനെ, ഭുവനേശ്വർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കളാണ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തത്. ആസ്തികൾ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഒരു കേന്ദ്ര ഏജൻസി വൃത്തം അറിയിച്ചു. ഇതോടെ അംബാനി ഗ്രൂപ്പിൻ്റേതായി നിലവിൽ 9,000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവ പൊതുഫണ്ട് വഴിതിരിച്ചുവിട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് കേന്ദ്ര ഏജൻസി ഈ ആസ്തികൾ കണ്ടുകെട്ടിയത്. ബാങ്കിൽനിന്ന് കോടികൾ വായ്‌പയെടുത്ത് വ്യാജ കമ്പനികളിലേക്ക് വകമാറ്റിയശേഷം അനുബന്ധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലെത്തിച്ച് തട്ടിപ്പ് നടത്തിയെന്നാണ് അനിൽ അംബാനി ഗ്രൂപ്പിനെതിരായ ആരോപണം. ഓഗസ്റ്റ് അഞ്ചിന് അനിൽ അംബാനിയെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്‌തിരുന്നു. ഇന്ത്യ വിടുന്നതും വിലക്കി.
2017–19ൽ യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് കമ്പനികൾ ഭീമമായ തുക വായ്‌പയെടുത്തിരുന്നു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് 2965 കോടിയുടെയും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് 2045 കോടിയുടെയും വായ്‌പയാണെടുത്തത്. ഇത് കിട്ടാക്കടമായി. റിലയൻസ് ഹോം ഫിനാൻസ് 1353 കോടി രൂപയും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് 1984 കോടി രൂപയുമാണ് തിരിച്ചടയ്‌ക്കേണ്ടത്.
ഈ മാസം ആദ്യം, അനിൽ അംബാനിയുമായി ബന്ധപ്പെട്ട ഏകദേശം 3,084 കോടി രൂപയുടെ സ്വത്തുക്കൾ കേന്ദ്ര ഏജൻസി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഒരു വീട്, ഡൽഹിയിലെ റിലയൻസ് സെൻ്റർ, കൂടാതെ ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കളും, ഓഫീസ് കെട്ടിടങ്ങൾ, താമസ യൂണിറ്റുകൾ, ഭൂമി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനും മറ്റ് കമ്പനികൾക്കുമെതിരെ ആരോപിക്കപ്പെട്ട ബാങ്ക് തട്ടിപ്പിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ അനിൽ അംബാനി പ്രതികരിച്ചിട്ടില്ല.
ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴ നൽകിയാണ് വായ്‌പ തരപ്പെടുത്തിയതെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ഇടങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. അനിൽ അംബാനിയുടെ ക്രമക്കേടുകൾ സിബിഐയും അന്വേഷിക്കുന്നുണ്ട്.
content summary: ED attaches Anil Ambani-linked assets worth Rs 1,452 crore in loan fraud probe