June 13, 2026 |
Share on

വെള്ളിയാഴ്ച മട്ടൺ, ശനിയാഴ്ച ചിക്കൻ, പ്രതിമാസം 540 രൂപയും; പ്രജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം ഇങ്ങനെ

പുതിയ തടവുകാർക്ക് ഓരോ തിങ്കളാഴ്ചയും ജയിൽ അധികൃതർ ജോലികൾ നൽകും

മുൻപ് എം.പി. എന്ന നിലയിൽ പ്രതിമാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രജ്വൽ രേവണ്ണ, ഇപ്പോൾ ബെംഗളൂരു സെൻട്രൽ ജയിലിൽ 15528 എന്ന നമ്പറിലുള്ള തടവുകാരനാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യന്നു. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2024 ഏപ്രിലിൽ ഹാസനിൽ നിന്നുള്ള എം.പി. സ്ഥാനത്ത് നിന്ന് പ്രജ്വൽ രേവണ്ണ അയോഗ്യനാക്കപ്പെട്ടിരുന്നു. പ്രതിമാസം 540 രൂപയാകും രേവണ്ണയ്ക്ക് വേതനമായി ജയിലിൽ ലഭിക്കുക.

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ഇതുവരെ ഒരു ജോലിയും ലഭിച്ചിട്ടില്ല. എന്നാൽ, അടുത്ത തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാൻ യോഗ്യനാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഒഴികെ, എല്ലാ തടവുകാരും ആഴ്ചയിൽ ആറ് ദിവസവും എട്ട് മണിക്കൂർ വീതം ജോലി ചെയ്യണം എന്നാണ് ജയിലിലെ നിയമം.

“പുതിയ തടവുകാർ സാധാരണയായി ബേക്കറിയിലോ തയ്യൽ ജോലികളിലോ ആണ് തുടങ്ങാറ്,” ഒരു മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജയിലിലെ നിയമങ്ങൾ അനുസരിച്ച്, പുതിയ തടവുകാർക്ക് ആദ്യം ലഭിക്കുന്നത് അധിക വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളായിരിക്കും. തടവുകാരുടെ കഴിവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് പിന്നീട് മറ്റ് ജോലികളിലേക്ക് മാറ്റാറുണ്ട്.

പുതിയ തടവുകാർക്ക് ഓരോ തിങ്കളാഴ്ചയും ജയിൽ അധികൃതർ ജോലികൾ നൽകും. എന്ത് ജോലി ചെയ്താലും പ്രതിമാസ ശമ്പളം 540 രൂപയായിരിക്കും. ജയിൽ നിയമങ്ങൾ അനുസരിച്ച്, രേവണ്ണയ്ക്ക് ആഴ്ചയിൽ രണ്ട് തവണ 10 മിനിറ്റ് വീതം ഫോൺ വിളിക്കാനും, കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ നേരിട്ട് കാണാനും അനുവാദമുണ്ട്.

തടവറയ്ക്കുള്ളിലെ ജീവിതം

ദിവസവും രാവിലെ 6:30-ന് ദിനചര്യകൾ ആരംഭിക്കും. രാവിലെത്തെ കാര്യങ്ങൾ കഴിഞ്ഞാൽ, ആഴ്ചയിലുള്ള മെനു അനുസരിച്ച് പ്രഭാതഭക്ഷണം നൽകും. ഉച്ചയ്ക്ക് 11:30-നും 12:00-നും ഇടയിലാണ് ഉച്ചഭക്ഷണം. വൈകുന്നേരമാണ് അത്താഴം. ചപ്പാത്തി, റാഗി ബോൾ, വെള്ള ചോറ്, സാമ്പാർ, മോര് എന്നിവയാണ് പ്രധാന ഭക്ഷണം. ചൊവ്വാഴ്ചകളിൽ മുട്ട ലഭിക്കും. ഓരോ മാസത്തെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച മട്ടൺ ലഭിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ചിക്കനും ലഭിക്കും. എല്ലാ തടവുകാരും വൈകുന്നേരം 6:30-ഓടെ അവരവരുടെ മുറികളിലേക്ക് തിരികെ എത്തണം.

പ്രജ്വൽ രേവണ്ണ ജയിലിലെ ജോലി തുടങ്ങിയിട്ടില്ലെങ്കിലും, കർണാടകയിലെ ജയിൽ സംവിധാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, കർണാടകയിലെ 1,500-ൽ അധികം തടവുകാർക്ക് ഒരു വർഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. ഈ കുടിശ്ശികത്തുക 3 കോടി രൂപ കടന്നതായും റിപ്പോർട്ടിൽ പറയുന്നു.

content summary: Prajwal Revanna’s prison life

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×