June 26, 2026 |
Share on

ബലാത്സംഗ കേസ്: പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ, ശിക്ഷാ വിധി നാളെ

മറ്റ് മൂന്ന് കേസുകളിൽ വിചാരണ തുടരുകയാണ്

മുൻ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജെ.ഡി.എസ് നേതാവും മുൻ എം.പി.യുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി കണ്ടെത്തി. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരെ കഴിഞ്ഞ വർഷം കർണാടകയിലെ ഹാസൻ ജില്ലയിൽ രജിസ്റ്റർ ചെയ്ത നാല് ബലാത്സംഗക്കേസുകളിൽ ഒന്നിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ശിക്ഷ വിധിക്കുക.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, രേവണ്ണയുടെ ലൈംഗിക പീഡനങ്ങളുടെ നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകൾ ഇത്തരത്തിൽ ‌പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് രേവണ്ണയ്ക്കെതിരെ നാല് ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.

അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് നേതാവിനെ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയായിരുന്ന രേവണ്ണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ രേവണ്ണ ജർമ്മനിയിലേക്ക് കടന്നെങ്കിലും, മെയ് 31-ന് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) 1,632 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും 113 സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. കേസിലെ പ്രധാന തെളിവുകളായി വീഡിയോകളും ഫൊറൻസിക് തെളിവുകളും കോടതിയിൽ സമർപ്പിച്ചു.

അധികാരം ദുരുപയോഗം ചെയ്ത് ബലാത്സംഗം ചെയ്യുക, ലൈംഗികമായി പീഡിപ്പിക്കുക, ക്രിമിനൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് രേവണ്ണയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

കഴിഞ്ഞ വർഷം മെയ് 8-ന് ഒരു മധ്യവയസ്‌ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. രേവണ്ണയുടെ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോകളിൽ യുവതിയെ തിരിച്ചറിഞ്ഞതിന് ശേഷം, മെയ് 5-ന് മൈസൂരുവിനടുത്തുള്ള ഒരു ഫാംഹൗസിൽ അവരെ തടങ്കലിൽ വെച്ചിരുന്നു. അവിടെനിന്നാണ് അവരെ രക്ഷപ്പെടുത്തിയത്.

രേവണ്ണയ്‌ക്കെതിരായ മറ്റ് മൂന്ന് കേസുകളിൽ വിചാരണ തുടരുകയാണ്. ശിക്ഷ വിധിക്കുന്നതോടെ ഈ കേസിലെ നിയമനടപടികൾക്ക് താൽക്കാലിക വിരാമമാകും.

content summary: Ex-JD(S) MP Prajwal Revanna found guilty in first of 4 rape cases

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×