June 26, 2026 |
Share on

എന്തിനാണ് കശ്മീരികള്‍ ഇറാന് സ്വര്‍ണവും പണവും നല്‍കുന്നത്?

നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധം

പശ്ചിമേഷ്യയില്‍ യുദ്ധം രക്തരൂക്ഷിതമായ 24-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഭയപ്പാടോടെയും ആശങ്കയോടെയും നോക്കിനില്‍ക്കുകയാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ടെഹ്റാനില്‍ നടത്തിയ വ്യോമാക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷം ഇന്ന് ഒരു പൂര്‍ണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടരുമ്പോള്‍, ടെഹ്റാന്‍ പ്രത്യാക്രമണങ്ങളുമായി മുന്നോട്ട് പോകുന്നു. ലോകരാഷ്ട്രങ്ങള്‍ ഈ പോരാട്ടത്തെ അപലപിക്കുമ്പോഴും, യുദ്ധഭൂമിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കശ്മീര്‍ താഴ് വരയില്‍ നിന്ന് ഒഴുകുന്നത് മനുഷ്യത്വത്തിന്റെയും സാംസ്‌കാരിക മൂല്യത്തിന്റെ ആഴമേറിയ ബന്ധത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥകളാണ്.

അതിരുകളില്ലാത്ത സഹായഹസ്തം

യുദ്ധക്കെടുതി അനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്കായി തങ്ങളുടെ കൈവശമുള്ളതെല്ലാം നല്‍കി സഹായിക്കുകയാണ് കശ്മീരി ജനത. ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ താഴ് വരയിലെ യുവാക്കള്‍ വീടുവീടാന്തരം കയറി ഇറാനിലെ ദുരിതബാധിതര്‍ക്കായി സംഭാവനകള്‍ ശേഖരിക്കാന്‍ തുടങ്ങി. പണം മാത്രമല്ല, സ്വര്‍ണ്ണാഭരണങ്ങള്‍, ചെമ്പ് പാത്രങ്ങള്‍, വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ഇവര്‍ കൈമാറി. ചില കുടുംബങ്ങള്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ കന്നുകാലികളെപ്പോലും സംഭാവനയായി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കശ്മീരി സ്ത്രീ, 28 വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇറാനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ‘പരിഷ്‌കൃത ലോകത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം സഹായം അയയ്ക്കുക എന്നതാണ്,’ എന്ന് അവിടുത്തെ താമസക്കാരനായ ഐജാസ് അഹമ്മദ് പറയുന്നു.

ഗന്ദര്‍ബലില്‍ നിന്നുള്ള ഒരു യുവാവ് തന്റെ പ്രിയപ്പെട്ട റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റ് ആ തുക ഇറാനിലെ സഹായനിധിയിലേക്ക് നല്‍കി. സാധാരണക്കാര്‍ മാത്രമല്ല, ബുഡ്ഗാമില്‍ നിന്നുള്ള നിയമസഭാംഗമായ മുന്‍താസിര്‍ മെഹ്ദിയും തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ചരിത്രപരമായ വൈകാരിക ബന്ധം

കശ്മീരിന് ഇറാനോടുള്ള ഈ ആഭിമുഖ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി പേര്‍ഷ്യന്‍ സംസ്‌കാരം, ഭാഷ, മതം എന്നിവ കശ്മീരി സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. പങ്കിട്ട കല, വാസ്തുവിദ്യ, ഇസ്ലാമിക പാണ്ഡിത്യം എന്നിവ കാരണം കശ്മീരിനെ പലപ്പോഴും ‘ഇറാന്‍-ഇ-സാഗീര്‍’ (ചെറിയ ഇറാന്‍) എന്ന് വിശേഷിപ്പിക്കാറുണ്ട്.

അടുത്തിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ ജമ്മു കശ്മീരിലുടനീളം വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അന്ന് രണ്ട് ദിവസത്തേക്ക് സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുകയും പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. ഷിയാ മുസ്ലീങ്ങള്‍ക്ക് അദ്ദേഹം വെറുമൊരു രാഷ്ട്രീയ നേതാവല്ലായിരുന്നു, മറിച്ച് അവരുടെ മതപരമായ വിശ്വാസങ്ങളെ രൂപപ്പെടുത്തിയ ഉന്നത വ്യക്തിത്വമായിരുന്നു.

1980-ല്‍ ഇറാന്‍ വിപ്ലവത്തിന് ശേഷം ഖമേനി കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ശ്രീനഗറിലെ ഗ്രാന്‍ഡ് മോസ്‌കില്‍ മിര്‍വൈസ് മുഹമ്മദ് ഫാറൂഖിന് പിന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം നല്‍കിയ ഷിയാ-സുന്നി ഐക്യത്തിന്റെ സന്ദേശം ഇന്നും താഴ് വരയുടെ ഓര്‍മ്മയിലുണ്ട്.

ഇറാന്‍ എംബസിയുടെ നന്ദിപ്രകടനം

കശ്മീരിലെ ജനങ്ങളുടെ ഈ ഉദാരമനസ്‌കതയ്ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

‘ഹൃദയപൂര്‍വ്വം നന്ദിയോടെ, ഇറാന്‍ ജനതയുടെ മാനുഷിക പിന്തുണയിലൂടെയും ഹൃദയംഗമമായ ഐക്യദാര്‍ഢ്യത്തിലൂടെയും അവര്‍ക്കൊപ്പം നിന്നതിന് കശ്മീരിലെ ദയാലുക്കളായ ജനങ്ങള്‍ക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു; ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ.’

ഇന്ത്യയിലുടനീളമുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഐഎഫ്എസ്സി കോഡ് ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും നയതന്ത്ര ദൗത്യം പങ്കുവെച്ചിട്ടുണ്ട്.

യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തോടൊപ്പം തന്നെ, തകര്‍ക്കപ്പെട്ട ഒരു ജനതയ്ക്ക് തങ്ങളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ എത്തിക്കുന്നതിലൂടെ കശ്മീര്‍ ലോകത്തിന് മാതൃകയാവുകയാണ്. രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കും യുദ്ധഭൂമിയിലെ വെടിയൊച്ചകള്‍ക്കുമപ്പുറം സ്‌നേഹത്തിന്റെയും ചരിത്രത്തിന്റെയും ഇഴയടുപ്പം കശ്മീരിനെ ഇന്നും ഇറാനോട് ചേര്‍ത്തുനിര്‍ത്തുന്നു.

Content Summary: Why are Kashmiris donating Gold and Money to Iran?

Leave a Reply

Your email address will not be published. Required fields are marked *

×