July 14, 2026 |
Share on

പണവും പുകഞ്ഞ് തീരും,സിഗരറ്റിന് വില കൂടും: ആരോഗ്യ സംരക്ഷണം ലക്ഷ്യം!

സംസ്ഥാനങ്ങൾക്ക് വരുമാനം പങ്കുവെക്കും

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആരോഗ്യപരമായ കാര്യങ്ങളിൽ വലിയ ഭീഷണിയാണ് പുകയില ഉപഭോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 13.5 ലക്ഷം ആളുകളുടെ മരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് പുകയില ഉപയോഗമാണ്. രാജ്യത്തെ പുകവലി ഉപഭോഗം കുറയ്ക്കുന്നതിനായി സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾക്ക് എക്സൈസ് തീരുവ വർദ്ധിപ്പിക്കാനുള്ള നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകിയിരിക്കുകയാണ്. പുകയിലക്കും പുകയില ഉത്പന്നങ്ങൾക്കും എക്‌സൈസ് ഡ്യൂട്ടിയും പാൻമസാല നിർമാണത്തിന് സെസും ചുമത്താൻ സാധിക്കുന്ന രണ്ട് നിയമങ്ങൾ ലോക്‌സഭയിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് ലോകസഭ ശബ്ദവോട്ടോടെ സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ 2025 പാസാക്കിയത്. നിലവിലെ ജിഎസ്ടി കോമ്പൻസേഷൻ സെസ് നിർത്തലാക്കിയ ശേഷം പുകയില ഉത്പന്നങ്ങൾക്കുള്ള നികുതി വരുമാനം നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം. ഇത് പുതിയ നികുതിയോ അധിക നികുതിയോ അല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.

എല്ലായിനം പുകയില ഉൽപന്നങ്ങൾക്കും നിലവിൽ ജി.എസ്.ടിക്കൊപ്പം നഷ്ടപരിഹാര സെസും ചുമത്തുന്നുണ്ട്. ഇതിന് പകരമായി എക്‌സൈസ് ഡ്യൂട്ടി ചുമത്താൻ സാധിക്കുന്നതാണ് കേന്ദ്ര എക്‌സൈസ് ഭേദഗതി ബിൽ 2025. പുകയില ഉത്പന്നങ്ങളുടെ എക്‌സൈസ് നികുതി വർധിപ്പാക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകുന്നത് കൂടിയാണ് ബിൽ. പാൻ മസാല പോലുള്ള ഉത്പന്നങ്ങളുടെ നിർമാണത്തിന് സെസ് ഈടാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ദി ഹെൽത്ത് സെക്യുരിറ്റി സേ നാഷണൽ സെക്യുരിറ്റി സെസ് ബിൽ 2025. ഈ നിയമത്തിന് കീഴിൽ മറ്റെന്തെങ്കിലും ഉത്പന്നങ്ങൾക്ക് ലെവി ഈടാക്കാനാകുമോയെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്.

ജിഎസ്ടി വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന എക്സൈസ് ഡ്യൂട്ടി തിരികെ കൊണ്ടുവരികയാണ്. ഈ എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന, കേന്ദ്രത്തിന്റെ ‘വിഭജന പൂളിന്റെ’ ഭാഗമായിരിക്കും. ധനകാര്യ കമ്മീഷൻ ശുപാർശയനുസരിച്ച് ഇതിന്റെ 41% സംസ്ഥാനങ്ങൾക്ക് ലഭിക്കും. ബീഡിയുടെ നികുതി നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി ബീഡി തൊഴിലാളികളുടെ ആശങ്കകൾക്ക് മറുപടിയായി നൽകി. സിഗരറ്റുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതായി മാറരുത് എന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു. ഉയർന്ന നികുതി നിരക്ക് ഉപഭോഗം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

നികുതി വർദ്ധനവ് എത്ര?

നിലവിൽ സിഗരറ്റിന്റെ റീട്ടെയിൽ വിലയുടെ ഏകദേശം 53% ആണ് മൊത്തം നികുതി. ഉപഭോഗം കുറയ്ക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന 75% എന്ന ബെഞ്ച്മാർക്കിനേക്കാൾ ഇത് വളരെ കുറവാണ്. പുതിയ നിയമപ്രകാരം ഓരോ 1000 സ്റ്റിക്കിനും 2,700 രൂപ മുതൽ 11,000 രൂപ വരെ വലിപ്പമനുസരിച്ച് മൂല്യാധിഷ്ഠിത നികുതി ചുമത്തും. നിലവിലെ 28% ജിഎസ്ടി നിരക്കിന് പുറമേയാണിത്. (ചില ഉത്പന്നങ്ങളിൽ ജിഎസ്ടി 40% ആക്കും). നിലവിലെ നികുതികളെ അപേക്ഷിച്ച് പുതിയ എക്സൈസ് തീരുവ നിരക്കുകൾ ശരാശരി 25% മുതൽ 40% വരെ കൂടുതലായിരിക്കുമെന്ന് ഈവൈ ഇന്ത്യയിലെ പാർട്ണർ ബിപിൻ സപ്ര അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ഐടിസി (ITC.NS), ഗോഡ്ഫ്രി ഫിലിപ്സ് ഇന്ത്യ (GDFR.NS) എന്നിവർ ഇതുവരെ ഈ മാറ്റങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

സംസ്ഥാനങ്ങൾക്ക് വരുമാനം പങ്കുവെക്കും

2017 ജൂലൈ ഒന്നിന് ജി.എസ്.ടി നിലവിൽ വരുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ഇതിനായി കേന്ദ്രസർക്കാർ എടുത്ത വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി നഷ്ടപരിഹാര സെസ് 2026 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറോടെ തന്നെ ഈ വായ്പ അടച്ചുതീരും. ഇതോടെ എക്‌സൈസ് ഡ്യൂട്ടി ഇനത്തിൽ പിരിക്കുന്ന തുക കേന്ദ്രസർക്കാരിന് അധിക വരുമാന സാധ്യതയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ദേശീയ സുരക്ഷക്കും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. ഈ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കാൻ വ്യവസ്ഥയില്ലെന്ന് കാട്ടി പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

content summary: India’s parliament approves law that could raise taxes on cigarettes

Leave a Reply

Your email address will not be published. Required fields are marked *

×