July 03, 2026 |
Share on

ഇറാനുമായി വ്യാപാരം ചെയ്യുന്നവര്‍ക്ക് 25% അധിക നികുതി; ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ട്രംപ്

ഇറാനിലെ ഭരണകൂട ഭീകരതയ്ക്കുള്ള മറുപടി എന്നാണ് നികുതി വര്‍ദ്ധനവിനുള്ള കാരണം പറയുന്നത്

ഇറാനുമായി വ്യാപാരബന്ധം തുടരുന്ന ഏത് രാജ്യവും അമേരിക്കയുമായുള്ള വ്യാപാരത്തില്‍ 25 ശതമാനം അധിക നികുതി നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഈ വിവരം അറിയിച്ചത്. ഇന്ത്യയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണിത്.

ഇറാനില്‍ ഇപ്പോള്‍ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തുന്നത്.

‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ബിസിനസ്സ് ചെയ്യുന്ന ഏതൊരു രാജ്യവും, അമേരിക്കയുമായുള്ള തങ്ങളുടെ എല്ലാ വ്യാപാര ഇടപാടുകള്‍ക്കും 25% നികുതി നല്‍കേണ്ടിവരും. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. ഈ ഉത്തരവ് അന്തിമമാണ്,’ ട്രംപ് കുറിച്ചു.

അമേരിക്കന്‍ വിപണിയിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന ഇറക്കുമതിക്കാരാണ് ഈ നികുതി അടയ്‌ക്കേണ്ടത്. ഇത് ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും.

ഇറാന്റെ പ്രധാന കയറ്റുമതി വിപണികളായ ഇന്ത്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളെ ഈ തീരുമാനം നേരിട്ട് ബാധിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച രേഖകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, ഈ ഉത്തരവ് നടപ്പിലാക്കാന്‍ ട്രംപ് ഏത് നിയമപരമായ അധികാരമാണ് ഉപയോഗിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല.

നിലവില്‍ ട്രംപ് ഏര്‍പ്പെടുത്തിയ പല നികുതികളും അമേരിക്കന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രസിഡന്റിന്റെ അധികാരപരിധി ലംഘിച്ചാണ് ഇത്തരം നികുതികള്‍ ഏര്‍പ്പെടുത്തുന്നതെന്ന വാദം കോടതി പരിശോധിക്കുന്നുണ്ട്. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനം വരുന്നത്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിലവിലെ പ്രക്ഷോഭം. സാമ്പത്തിക തകര്‍ച്ചയില്‍ തുടങ്ങി ഭരണകൂടത്തിനെതിരായ പോരാട്ടമായി ഇത് മാറിയിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 510 പ്രക്ഷോഭകരും 89 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 599 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍എഎന്‍എ സ്ഥിരീകരിച്ചു.

ഇറാന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കിലും, നയതന്ത്രപരമായ നീക്കങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിന്‍ ലീവിറ്റ് പറഞ്ഞു.

Content Summary; Any country that does business with Iran will face a tariff rate of 25% on trade with the US, said Donald Trump

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×