July 14, 2026 |
Share on

ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്

റഷ്യയുമായി വ്യാപാരം നടത്തിയാല്‍ പിഴ

ആഗസ്റ്റ് 1 മുതല്‍ ഇന്ത്യ 25 ശതമാനം താരിഫ് നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഊര്‍ജ്ജവും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴയും നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യക്കായി പ്രഖ്യാപിച്ച 25% താരിഫ് നിരക്ക്, ഏപ്രില്‍ 2-ലെ ‘ലിബറേഷന്‍ ഡേ’ സമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ച 26% നെക്കാള്‍ 1% കുറവാണ്. ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യയില്‍ ഏര്‍പ്പെടുത്തുന്ന താരിഫ് നിരക്കിനെച്ചൊല്ലി ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

”ഓര്‍ക്കുക, ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വര്‍ഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമാണ് നമുക്കുള്ളത്. കാരണം അവരുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതാണ്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ഒന്നാണിത്. കൂടാതെ, ലോകത്ത് വെച്ച് ഏറ്റവും കഠിനവും അരോചകവുമായ ധനരഹിത വ്യാപാര തടസ്സങ്ങള്‍ അവര്‍ക്കുണ്ട്,” ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് കുറിച്ചു.

‘കൂടാതെ, അവരുടെ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം അവര്‍ എപ്പോഴും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. യുക്രെയ്‌നിലെ കൊലപാതകങ്ങള്‍ നിര്‍ത്താന്‍ എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയോടൊപ്പം റഷ്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജം വാങ്ങുന്നവരും ഇന്ത്യയാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യ 25% താരിഫും, റഷ്യയുമായി വ്യാപാരം നടത്തിയാല്‍ പിഴയും നല്‍കേണ്ടി വരും” ട്രംപ് പോസ്റ്റില്‍ കുറിച്ചു.

ഓഗസ്റ്റ് 1 മുതല്‍ രാജ്യങ്ങള്‍ക്ക് പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. ‘അതുകൊണ്ട് ഇനി നീട്ടിക്കൊടുക്കലുകളില്ല. ഓഗസ്റ്റ് 1 ന് താരിഫുകള്‍ നിശ്ചയിക്കും. അവ നിലവില്‍ വരും. തീരുവ പണം പിരിക്കാന്‍ തുടങ്ങും’ ലുട്‌നിക് പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ തര്‍ക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി വ്യാപാര ഉടമ്പടി സംബന്ധിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും ഒരു ഇടക്കാല വ്യാപാര കരാറില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇതിനോടകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ യുഎസ് സംഘം വീണ്ടും ഇന്ത്യ സന്ദര്‍ശിച്ച് ആറാം റൗണ്ട് ചര്‍ച്ചകള്‍ നടക്കാനിരിക്കുകയായിരുന്നു.

വ്യാപാര കരാര്‍ അന്തിമമാകാത്തതിനാല്‍ ഇന്ത്യക്ക് 20-25% താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. ഓഗസ്റ്റ് 1 മുതല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന ഏതൊരു താരിഫും താല്‍ക്കാലിക സ്വഭാവമുള്ളതായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാരണം, ശരത്കാലത്തോടെ ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഇന്ത്യ തങ്ങളുടെ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വ്യാപാര കരാറിലെ പ്രധാന വിഷയങ്ങള്‍ കൃഷിയും ക്ഷീരമേഖലയുമാണ്. ഇവ തുറന്നു കൊടുക്കാന്‍ ഇന്ത്യ വിസമ്മതിച്ചുകൊണ്ട് തങ്ങളുടെ നിലപാട് കടുപ്പിച്ചിരുന്നു. Donald trump announces 25 percent tariff on India 

Content Summary: India- us trade deal; Donald trump announces 25 percent tariff on India

Leave a Reply

Your email address will not be published. Required fields are marked *

×