June 26, 2026 |
Share on

ഹമാസിനെ ഇല്ലാതാക്കാന്‍ നെതന്യാഹുവിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് അമേരിക്ക

ബന്ദികളുടെ മോചനവും ഹമാസിന്റെ ഉന്മൂലനവുമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് മാര്‍കോ റൂബിയോ

ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതിന് ഇസ്രയേലിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി മാര്‍കോ റൂബിയോ. ഇസ്രയേലി ബന്ദികളുടെ മോചനത്തിനും ഹമാസിന്റെ നാശത്തിനുമാണ് വാഷിംഗ്ടണിന്റെ മുന്‍ഗണനയെന്നും റൂബിയോ വ്യക്തമാക്കി. യുഎസ് ആഭ്യന്തര സെക്രട്ടറിയുടെ ജറുസലേം സന്ദര്‍ശനത്തിനിടയിലായിരുന്നു നിര്‍ണായകമായ പ്രഖ്യാപനം വന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനൊപ്പം പങ്കിട്ട പൊതുവേദിയിലെ പ്രസംഗത്തില്‍ ഗാസയിലെ വെടിനിര്‍ത്തലിനെ കുറിച്ച് അമേരിക്കന്‍ ഭരണകൂട പ്രതിനിധി ഒന്നും മിണ്ടിയില്ലെന്നതാണ് ശ്രദ്ധേയം. മാത്രമല്ല, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലും ഇക്കുറി റൂബിയോ മൗനം പാലിച്ചു. ഹമാസിന്റെ പൂര്‍ണമായ ഉന്മൂലനത്തിലൂടെ സാധ്യമാകുന്ന സമാധാനത്തിനായി അമേരിക്ക കാത്തിരിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പറഞ്ഞതല്ലാതെ, ഗാസയെ രക്ഷിക്കാന്‍ സാധ്യമായ വെടിനിര്‍ത്തലിനെ കുറിച്ച് ഒന്നും സംസാരിക്കാന്‍ മാര്‍കോ റൂബിയ തയ്യാറായില്ല.

സംഭവിച്ചതെന്തായാലും ഇനി സംഭവിക്കുന്നത് എന്തു തന്നെയായാലും, അവസാനത്തെ ലക്ഷ്യം എന്നത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 48 ബന്ദികളെയും അവരവരുടെ വീടുകളില്‍ എത്തിക്കുക എന്നതാണ്; ഇതാണ് റൂബിയോ പറയുന്നത്. മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു സായുധ ഘടകമെന്ന നിലയില്‍ ഹമാസ് ഇല്ലാതാകേണ്ടതുണ്ട്. ഗാസയിലെ ജനങ്ങള്‍ മെച്ചപ്പെട്ട ഭാവി അര്‍ഹിക്കുന്നു. എന്നാല്‍ ഹമാസ് ഇല്ലാതാകുന്നതുവരെ ആ മെച്ചപ്പെട്ട ഭാവി ആരംഭിക്കാന്‍ കഴിയില്ല എന്നാണ് മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെടുന്നത്.

ഖത്തറിനെതിരേ ഇനിയും ആക്രമണം ഉണ്ടാകുമോ എന്ന ചോദ്യം നെതന്യാഹൂവിനു നേരെ ഉയര്‍ന്നിരുന്നു. ഭീകരര്‍ എവിടെയായിരുന്നാലും ഏത് സാഹചര്യത്തിലായിരുന്നാലും അവരെ നിര്‍വീര്യമാക്കുമെന്നതാണ് മറ്റ് രാജ്യങ്ങളെപ്പോലെ ഇസ്രയേലും പിന്തുടരുന്ന തത്വം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി.

ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ യുഎസ് നിരാശരായിരുന്നു. ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായ ആക്രമണം എന്നാണ് ട്രംപ് ഭരണകൂടം ആശങ്കപ്പെടുന്നത്. ഇനി ഖത്തറില്‍ ആക്രമണം ഉണ്ടാകില്ലെന്ന് നെതന്യാഹൂ തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കൂടാതെ ലണ്ടനിലേക്കുള്ള യാത്ര മധ്യേ റൂബിയോ ദോഹയില്‍ ഇറങ്ങുന്നതും മുറിവുണക്കുക എന്ന ലക്ഷ്യത്തിലാണ്.

ഇസ്രയേല്‍ ആക്രമണത്തെ ഖത്തര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിച്ചതെന്നായിരുന്നു ഖത്തര്‍ അമീര്‍ കുറ്റപ്പെടുത്തിയത്. ദോഹയില്‍ നടന്ന അടിയന്തര അറബ്, ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി പറഞ്ഞത്, ആക്രമണം നടത്തുന്നതിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഒരു വെടിനിര്‍ത്തല്‍ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കുക എന്നതാണെന്നാണ്. ”ഞാന്‍ ചര്‍ച്ച നടത്തുന്ന കക്ഷിയെ വധിക്കാന്‍ ഉത്സാഹിക്കുന്നവര്‍, ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു’ എന്നായിരുന്നു അമീറിന്റെ വാക്കുകള്‍. Washington’s priorities were the liberation of Israeli hostages and the destruction of Hamas , says Marco Rubio

Content Summary; Washington’s priorities were the liberation of Israeli hostages and the destruction of Hamas , says Marco Rubio

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×