ഓഗസ്റ്റ് 14 ‘വിഭജന ഭീതി ഓർമ്മ ദിനം’ ആയി ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. ഗവർണറുടെ ഈ നീക്കം സ്വാതന്ത്ര്യദിനത്തിന്‍റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ‘അഴിമുഖത്തോട്’ പ്രതികരിച്ചു. ഗവർണർക്ക് ചാൻസലർ എന്ന നിലയിലുള്ള അധികാരത്തെക്കുറിച്ചും വിഭജനഭീതി ദിനം ആചരിക്കുന്നതിലെ ചരിത്രപരമായ അപാകതകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഓഗസ്റ്റ് 15. അന്ന് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം കുറച്ചുകാണിക്കുന്നതാണ് ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കുന്നത്. വിഭജനം രാജ്യത്തിന്റെ ചരിത്രത്തിലെ ദുഃഖകരമായ ഒരധ്യായമാണെന്നതിൽ സംശയമില്ല. എന്നാൽ, ഈ ദുരന്തം ഓഗസ്റ്റ് 14-ന് മാത്രമായി ഒതുങ്ങിനിന്ന ഒന്നല്ല. സ്വാതന്ത്ര്യപ്രഖ്യാപനത്തിന് മുൻപും പിൻപും ലഹളകൾ തുടർച്ചയായി നടന്നുകൊണ്ടിരുന്നു. ഇതിൽ ഏറ്റവും ഭീകരമായ ലഹളകൾ നടന്നത് ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷമാണ്.
അപ്പോൾ ഈ 14 എന്ന് പറയുന്ന തിയതി തിരഞ്ഞെടുക്കേണ്ട കാര്യമെന്താണ് എന്നത് മനസിലാകുന്നില്ല. അതിനാൽ, വിഭജനത്തിന്റെ ദുരിതങ്ങൾക്ക് ഒരു പ്രത്യേക തീയതി നിശ്ചയിക്കുന്നതിൽ ചരിത്രപരമായ സാംഗത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15 എന്ന മഹത്തായ ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമമാണിതെന്നാണ് സാമാന്യ ബുദ്ധിയുള്ള ആളുകൾക്കെല്ലാം തോന്നുന്നത് എന്നും അദ്ദേഹം വിമർശിച്ചു. ഗവർണറുടെ അധികാരത്തെക്കുറിച്ചും പി.ഡി.ടി. ആചാരി തന്റെ നിലപാട് വ്യക്തമാക്കി.
ചാൻസലറുടെ അധികാരം മറയാക്കുന്നു
‘യൂണിവേഴ്സിറ്റികളുടെയെല്ലാം അധിപനായി ഇരിക്കുന്നത് ചാൻസലറാണ്. ‘ചാൻസലർ’ എന്നത് ഗവർണറുടെ ഒരു എക്സ്-ഒഫീഷ്യോ പദവിയാണ്. ഗവർണർ എന്ന നിലയിൽ, സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കേണ്ടത്. എന്നാൽ ചാൻസലർ എന്ന നിലയിൽ, യൂണിവേഴ്സിറ്റി നിയമങ്ങൾ പ്രകാരം അദ്ദേഹത്തിന് എല്ലാ അധികാരങ്ങളും ഉണ്ട്. യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം തേടേണ്ടതില്ല.” അതാണ് പ്രശ്നം.
ഇവിടെ ഗവർണർ ഉപയോഗിച്ചത് ഈ ചാൻസലർ പദവിയുടെ അധികാരമാണ്. അല്ലാതെ, ഗവർണർക്ക് സംസ്ഥാനമൊട്ടാകെ ബാധകമാകുന്ന ഒരു പൊതു സർക്കുലർ പുറത്തിറക്കാൻ കഴിയില്ല. അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. 2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 14-നെ വിഭജന ഭീകരത ഓർമ്മദിനമായി ആചരിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഓഗസ്റ്റ് 14 അങ്ങനെ തിരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും, ഇത് സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം കുറച്ചുകാണിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടിയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം പിന്നിടുമ്പോൾ, ഓഗസ്റ്റ് 15-ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്നുള്ള ആശയം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംഘപരിവാറിന്‍റെ വിഭജന രാഷ്ട്രീയ അജൻഡകൾക്ക് അനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ്ഭവനിൽ നിന്ന് പുറപ്പെടുവിക്കുന്നത് ഭരണഘടനാവിരുദ്ധവും പ്രതിഷേധാർഹവുമാണ്. അത്തരമൊരു അജൻഡ നടപ്പാക്കാനുള്ള വേദിയായി സർവകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറുടെ നടപടി സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി.
content summary: Governor’s move will diminish the glory of Independence Day
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.