June 03, 2026 |
Share on

‘ഇത്രയും നാളും ആരോടും പറയാതെ ആ കുഞ്ഞിതെല്ലാം സഹിച്ചല്ലോ’ ; കുട്ടിയ്ക്ക് മാനസിക പിന്തുണ വേണം അടിയന്തര നടപടികൾ സ്വീകരിച്ചതായി ചൈൽഡ് ലൈൻ

പിതാവ് അൻസാർ ഭാര്യ ഷഫീന എന്നിവർക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു

വൈകാരികമായൊരു അനുഭവക്കുറിപ്പ്. അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിച്ച പ്രായത്തിൽ ആ നാലാം ക്ലാസുകാരിയെഴുതിയ അനുഭവക്കുറിപ്പ് ഏറെ വേദനയോടെയാണ് കേരളം വായിച്ചത്. തനിക്ക് അമ്മയില്ലെന്നും രണ്ടാനമ്മയും വാപ്പിയും കൂടി തന്നെ ഉപദ്രവിക്കുന്നതായും അവളെഴുതിയത് വിതുമ്പിക്കൊണ്ടാവും. മാസങ്ങളോളമായി ആ എട്ടു വയസുകാരിയ്ക്ക് നേരിട്ടിരുന്ന ക്രൂരത പുറംലോകമറിയുന്നത് സ്കൂളിലെ പ്രധാന അധ്യാപികയുടെ ഇടപെടലോടെയാണ്.

‘എനിയ്ക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി’. രണ്ടാനമ്മയുടെയും പിതാവിന്റെയും ഭാ​ഗത്ത് നിന്ന് ആ കുഞ്ഞിന് നേരിട്ടിരുന്ന ക്രൂരതകൾ മനസിലാക്കാൻ ഇതിൽ കൂടുതൽ തെളിവുകൾ വേണ്ടായിരുന്നു. ഒടുവിൽ സ്കൂൾ അധികൃതരുടെ മൊഴിയിൽ പിതാവ് അൻസാർ ഭാര്യ ഷഫീന എന്നിവർക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു.

കുട്ടിയുടെ മുഖത്തെ പാടുകൾ ശ്ര​ദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർക്ക് അസ്വാഭാവികത തോന്നി. ടീച്ചർ ചോദിച്ചപ്പോഴാണ് സംഭവമറിയുന്നത്. സ്കൂളിൽ നിന്ന് ഉടൻ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ മുത്തച്ഛനും മുത്തശിയും സ്കൂളിലേക്കെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്. കുട്ടി ഇത്തരം കാര്യങ്ങൾ ക്ലാസിലെ മറ്റു കുട്ടികളുമായോ അധ്യാപകരുമായോ ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകൻ പറയുന്നു.

എന്റെ മകളും ഈ കുട്ടിയും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ നിന്നെത്തി കുട്ടിയെ കൊണ്ടുപോയിരുന്നു. നല്ല മിടുക്കിയായ ഒരു കുഞ്ഞാണ്. ഇത്രയും നാളും ആരോടും പറയാതെ ആ കുഞ്ഞത് സഹിച്ചല്ലോ. ടീച്ചറിന്റെ ഇടപെടലിനെ തുടർന്നാണ് ഈ വിവരം എല്ലാവരും അറിയുന്നത്. കുട്ടിയുടെ അവസ്ഥ കണക്കിലെടുത്ത് ഉടൻ തന്നെ പരാതി നൽകിയിരുന്നതായും പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുക്കുളങ്ങര വാർഡ് മെമ്പർ ഷീജ അഴിമുഖത്തോട് പറ‍ഞ്ഞു.

1098 എന്ന നമ്പ‍ർ മുഖേനയാണ് ആലപ്പുഴ ചൈൽഡ് ലൈനിലേക്ക് പരാതിയെത്തുന്നത്. കുട്ടിയ്ക്ക് നേരെയുണ്ടായ പീഡനം കൃത്യമായി വ്യക്തമാക്കി കൊണ്ടായിരുന്നു പരാതി. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ആലപ്പുഴ ചൈൽഡ് ലൈൻ കോർഡിനേറ്റർ അഴിമുഖത്തോട് പറ‍ഞ്ഞു.

നിലവിൽ കുട്ടി ഇപ്പോൾ കൊല്ലം ചൈൽഡ് ലൈൻ കീഴിലാണുള്ളത്. അവിടെ നിന്നാണ് കുട്ടിയ്ക്ക് ആവശ്യമായ മാനസിക പിന്തുണയും മറ്റു സഹായങ്ങളും നൽകുന്നത്. കൊല്ലം ജില്ലയിലെ ചൂരനാട് എന്ന സ്ഥലത്താണ് കുഞ്ഞിന്റെ മുത്തച്ഛനും മുത്തശിയും അതു കൊണ്ടാണ് കൊല്ലത്തേക്ക് കുട്ടിയെ മാറ്റിയത്. കൊല്ലം ജില്ലയിലെ ചൈൽഡ് ലൈനിൽ നിന്നുള്ള ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടതിന് ശേഷം ആവശ്യമായ മാനസിക പിന്തുണ നൽകും. കുറച്ചു നാളുകളായി കുട്ടിയെ രണ്ടാനമ്മ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. പരാതി ലഭിച്ച് ഉടൻ തന്നെ സ്കൂളിന്റെയും മറ്റു പിന്തുണാ സംവിധാനങ്ങളുടെയും സഹായത്തോടെ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്തുണാ സംവിധാനങ്ങൾ മുഖാന്തിരം വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ സുരക്ഷിതമായ അവസ്ഥയിലാണുള്ളത്. മാനസികാഘാതമുള്ളത് കൊണ്ട് തന്നെ കുട്ടിയ്ക്കിപ്പോൾ ആവശ്യം മാനസിക പിന്തുണയാണ് അത് മുൻനിർത്തിയാണ് കുട്ടിയെ കൊല്ലത്തേക്ക് മാറ്റിയത്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്കൂൾ കൗൺസിലേഴ്സിന്റെ സേവനം ലഭ്യമാണ്. അല്ലാതെ തന്നെ സ്കൂളുകളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. 24 മണിക്കൂറും ഈ പിന്തുണാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആ സംവിധാനങ്ങൾ ഫലപ്രദമായത് കൊണ്ടാണ് ഇത്തരം കേസുകൾ റിപ്പോ‌‍ർട്ട് ചെയ്യപ്പെടുന്നത്. കുട്ടികൾക്കും, മാതാപിതാക്കൾക്കും, അധ്യാപകർക്കും പ്രത്യേകം പ്രത്യേകമായി തന്നെയാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നും ചൈൽഡ് ലൈൻ കോ‍ർഡിനേറ്റർ വ്യക്തമാക്കി.

content summary: Aathikkattukulangara child abuse case, child requires psychological support, Childline states that urgent measures have been taken

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×