June 26, 2026 |
Share on

ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈം​ഗികാതിക്രമം

പ്രതിയെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു

ക്രിക്കറ്റ് വേൾഡ് കപ്പിനായി ഇന്ത്യയിലെത്തിയ രണ്ട് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നെത്തി ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ലൈംഗികാരോപണത്തെ തുടർന്ന് ഒരാളെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു.

ഓസ്ട്രേലിയൻ ടീമിന്റെ സുരക്ഷാ മാനേജർ ഡാനി സിമൺസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോട് കൂടിയാണ് പ്രതിയെ പിടികൂടിയതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഖജ്രാന പ്രദേശത്തെ താമസക്കാരനായ അകീൽ എന്ന യുവാവാണ് മോട്ടോർസൈക്കിളിലെത്തി താരങ്ങളെ ഉപദ്രവിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ഒക്ടോബർ 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇൻഡോറിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ താമസിച്ചിരുന്ന രണ്ട് ഓസ്ട്രേലിയൻ താരങ്ങളും സമീപത്തുള്ള ഒരു കഫേയിലേക്കായി ജോഗിംഗിന് പോയതിനിടയിലാണ് സംഭവം നടന്നത്. വെളുത്ത ഷർട്ടും കറുത്ത ക്യാപും ധരിച്ചെത്തിയ പ്രതി ബൈക്കിൽ ഇവരെ പിന്തുടരുകയായിരുന്നു. യുവതികളിലൊരാളെ ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം, രക്ഷപെട്ട് കളഞ്ഞ വ്യക്തി കുറച്ച് നിമിഷങ്ങൾക്ക് ശേഷം തിരിച്ചെത്തി ഒപ്പമുണ്ടായിരുന്ന ക്രിക്കറ്റ് താരത്തെയും കടന്നുപിടിക്കുകയായിരുന്നു.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ ടീം ആറു വിക്കറ്റിന് ജയം നേടിയതിന്റെ അടുത്ത ദിവസം ആയിരുന്നു സംഭവം നടന്നത്. നിലവിൽ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്.

പ്രതിയുടെ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോ​ഗിച്ചാണ് വ്യക്തിയെ തിരിച്ചറിഞ്ഞത്. ഭാരതീയ നിയമ സംഹിതയിലെ 74, 78 വകുപ്പുകൾക്കു കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടരൽ, ആക്രമണം, അല്ലെങ്കിൽ ബലപ്രയോഗം വഴി മാനഭംഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

മുൻകാലത്തും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെയും ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറിൻ്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും ഇൻഡോർ അഡിഷണൽ ഡി.സി.പി രാജേഷ് ദണ്ഡോതിയ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൗർഭാഗ്യകരമായ സംഭവമെന്നാണ് ഇതിൽ ബിബിസിഐ പ്രതികരിച്ചത്.

Content Summary: Sexual assault against Australian women cricketers in India

Leave a Reply

Your email address will not be published. Required fields are marked *

×