July 16, 2026 |
Share on

96,350 കോടിയുടെ നിക്ഷേപ വാഗ്ദാനം കൊണ്ടല്ല കേസ് പിന്‍വലിച്ചത്; യുഎസ് കോടതിയില്‍ അദാനി

യുഎസ് നീതിന്യായ വകുപ്പ് അദാനിക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് പിന്നില്‍ സംശയം പ്രകടിപ്പിച്ചാണ് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്

യു.എസ് കോടതിയില്‍ തനിക്കെതിരെയുള്ള ക്രിമിനല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 96,350 കോടിയോളം രൂപ) നിക്ഷേപം നടത്താന്‍ താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സമ്മതിച്ച് ഗൗതം അദാനി. എന്നാല്‍, കേസ് ഉപേക്ഷിക്കാനുള്ള യു.എസ് നീതിന്യായ വകുപ്പിന്റെ (ഡിഒജെ) തീരുമാനത്തെ ഈ നിക്ഷേപ വാഗ്ദാനം സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂക്ലിനിലെ ഫെഡറല്‍ ജഡ്ജി നിക്കോളാസ് ജി. ഗരാഫിസിന്റെ ഉത്തരവിനെ തുടര്‍ന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. കൈക്കൂലി കേസ് ഒതുക്കാന്‍ ‘രഹസ്യധാരണ’? അദാനിയോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് യുഎസ് കോടതി

അദാനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ മെയ് മാസത്തിലെ ആവശ്യത്തില്‍ ജഡ്ജി നിക്കോളാസ് ഗരാഫിസ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്, കേസ് ഒഴിവാക്കുന്നതിന് പകരമായി എന്തെങ്കിലും തരത്തിലുള്ള ഇടപാടുകളോ കൈമാറ്റങ്ങളോ നടന്നതായി അറിവുണ്ടോ എന്ന് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാന്‍ ജഡ്ജി അദാനിയോട് ആവശ്യപ്പെടുകയായിരുന്നു. കോടതി നടപടികളില്‍ തികച്ചും അസാധാരണമായ ഒരു നീക്കമായിരുന്നു ഇത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ കൂടിയായ റോബര്‍ട്ട് ജെ. ജിയൂഫ്ര ജൂനിയര്‍ ആണ് കോടതിയില്‍ അദാനിക്കു വേണ്ടി ഹാജരാകുന്നത്. നീതിന്യായ വകുപ്പോ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനോ (എസ്ഇസി) ആവശ്യപ്പെടുകയാണെങ്കില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറാണെന്ന് ജിയൂഫ്ര തന്നെയാണ് നിര്‍ദ്ദേശിച്ചതെന്ന് അദാനി കോടതിയെ അറിയിച്ചു. വാഷിംഗ്ടണിലെ നീതിന്യായ വകുപ്പ് ആസ്ഥാനത്ത് ഏപ്രിലില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സള്ളിവന്‍ & ക്രോംവെല്‍ ലോ ഫേം കോ-ചെയര്‍മാന്‍ കൂടിയായ ജിയൂഫ്ര ഈ വാഗ്ദാനം മുന്നോട്ടുവെച്ചതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിക്ഷേപ വാഗ്ദാനം നല്‍കിയെങ്കിലും, കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ അത് സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന യു.എസ് നീതിന്യായ വകുപ്പിന്റെ ഇമെയില്‍ സന്ദേശം അഭിഭാഷകന്‍ ജിയൂഫ്ര കോടതിയില്‍ ഹാജരാക്കി. ഈ നിക്ഷേപ നിര്‍ദ്ദേശം തങ്ങള്‍ പൂര്‍ണ്ണമായും നിരസിച്ചതായി ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ് അറ്റോര്‍ണി ജോസഫ് നോസെല്ല ജൂനിയര്‍ അയച്ച ഇമെയിലില്‍ പറയുന്നുണ്ട്.

അദാനിക്കും മറ്റ് പ്രതികള്‍ക്കുമെതിരെയുള്ള കുറ്റപത്രം പിന്‍വലിക്കാന്‍ പ്രൊസിക്യൂട്ടര്‍മാര്‍ നീക്കം തുടങ്ങിയതു മുതല്‍ ജഡ്ജി ഗരാഫിസ് ഇതിന്റെ യുക്തിയെ ചോദ്യം ചെയ്തിരുന്നു. സാധാരണയായി പ്രൊസിക്യൂട്ടര്‍മാര്‍ കേസ് ഉപേക്ഷിക്കുമ്പോള്‍ ജഡ്ജിമാര്‍ അതില്‍ ഇടപെടാറില്ലെങ്കിലും, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇത്തരം തീരുമാനങ്ങളില്‍ യു.എസ് ജഡ്ജിമാര്‍ കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയര്‍ എറിക് ആഡംസിനെതിരെയുള്ള അഴിമതിക്കേസ് നീതിന്യായ വകുപ്പ് ഉപേക്ഷിച്ചപ്പോഴും കോടതി സമാനമായ രീതിയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഗൗതം അദാനിയെയും മറ്റ് ഏഴുപേരെയും 2024 നവംബറിലാണ് യു.എസ് കോടതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ സോളാര്‍ എനര്‍ജി കരാറുകള്‍ സ്വന്തമാക്കുന്നതിനായി അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. ഈ അഴിമതി നടന്നത് ഇന്ത്യയിലാണെങ്കിലും, അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് അദാനിയുടെ കമ്പനി പണം സമാഹരിച്ചതിനാലാണ് യു.എസ് നിയമപരിധിയില്‍ കേസ് വന്നത്. എന്നാല്‍, കേസ് അമേരിക്കയുടെ പരിധിക്ക് പുറത്തുള്ള ഒരു ‘വിദേശ കേസ്’ ആണെന്നും, നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പുതന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും യു.എസ് നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ട്രെന്റ് മക്കോറ്റര്‍ വ്യക്തമാക്കി.

ക്രിമിനല്‍ കേസ് ഒഴിവാക്കപ്പെട്ടെങ്കിലും, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദാനിയും അനന്തരവനും ചേര്‍ന്ന് 18 മില്യണ്‍ ഡോളര്‍ (ഏകദേശം 173 കോടി കോടി രൂപ) പിഴയൊടുക്കി. കൂടാതെ, യു.എസ് ട്രഷറി വകുപ്പിന്റെ മറ്റൊരു അന്വേഷണം അവസാനിപ്പിക്കുന്നതിനായി അദാനിയുടെ കമ്പനി 275 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2,649.63 കോടി രൂപ) ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു

അതേസമയം, കേസ് ഉപേക്ഷിക്കാനുള്ള നീക്കം യു.എസ് നീതിന്യായ വകുപ്പിനുള്ളില്‍ തന്നെ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത രീതിയില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായി ട്രെന്റ് മക്കോറ്റര്‍ ആരോപിച്ചു. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെ രണ്ട് പ്രൊസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പരസ്യമായി പിന്മാറുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഭരണകൂടവുമായുള്ള അവിശുദ്ധ ബന്ധം, സംശയാസ്പദമായ വിദേശ ഇടപാടുകള്‍ തുടങ്ങി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും അന്വേഷണങ്ങളും സമഗ്രമായി വായിക്കാന്‍ അഴിമുഖം സന്ദര്‍ശിക്കുക. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആധികാരികതയുടെ ഉറപ്പുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക;  https://azhimukham.com/category/adani/

Content Summary; Gautam Adani acknowledged offering a $10 billion investment to resolve his US criminal case, but stated it did not influence the DOJ’s decision to drop charges

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×