വളരെ കാലത്തെ അവകാശസമരങ്ങളുടെയും നിയമപരമായ പോരാട്ടങ്ങളുടെയും അലയൊലികൾക്ക് ശേഷം, സമീപകാലത്ത് കേരളത്തിൽ വീണ്ടും സ്വവർഗാനുരാഗം ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗാനുരാഗത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ ജനങ്ങൾ മടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.
ഹോമോസെക്ഷ്വാലിറ്റി മൃഗങ്ങളിലും പക്ഷികളിലും പോലും സാധാരണമാണെന്നും അത് ശാസ്ത്രീയപരമായി തെളിയിക്കപ്പെട്ടതാണെന്നുമുള്ള പഠനങ്ങളെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. അതേസമയം, ശാസ്ത്രീയപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെടേണ്ടതല്ല സ്വവർഗാനുരാഗമെന്നും അത് മാനുഷികാവകാശത്തിൻ്റെ കാര്യമാണെന്നും ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആദി അഴിമുഖത്തോട് പ്രതികരിച്ചു.
സ്വവർഗാനുരാഗം മൃഗങ്ങളിലും പക്ഷികളിലുമുണ്ട്, ശാസ്ത്രീയപരമായി തെളിയിച്ചിട്ടുള്ളതാണ് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള ചർച്ചകളിൽ മൃഗങ്ങളെയും മനുഷ്യരെയും തമ്മിൽ എങ്ങനെയാണ് താരതമ്യം ചെയ്യാൻ കഴിയുക. മൃഗങ്ങളിലുണ്ടെന്ന് പറഞ്ഞിട്ടാകരുത് ഹോമോസെക്ഷ്വാലിറ്റിയെ നമ്മൾ അംഗീകരിക്കേണ്ടത്.
മാനുഷികാവകാശത്തിൻ്റെ പ്രശ്നമാണ് ഇതിൽ ഉയരുന്നത്. രണ്ട് വ്യക്തികളുടെ താൽപര്യമാണ് ഇതിൽ മാനിക്കേണ്ടത്. രണ്ട് വ്യക്തികളെടുക്കുന്ന തീരുമാനങ്ങളിൽ അവർക്ക് ബുദ്ധിമുട്ടാണ്ടാകുന്നില്ലെങ്കിൽ മൂന്നാമതൊരാൾക്കോ സ്റ്റേറ്റിനോ അതിൽ അഭിപ്രായം പറയാൻ യാതൊരു അവകാശവുമില്ല. സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള ചർച്ചയിൽ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് എന്തിനാണ് വാശി പിടിക്കുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങളിൽ ശാസ്ത്രീയപരമായ രീതിയിലല്ല ഇടപെടൽ നടത്തുന്നത്. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നവുമാണ്.
ഹോമോസെക്ഷ്വാലിറ്റിക്ക് എതിരെ നിൽക്കുന്നവർ ശാസ്ത്രീയവാദികളായിട്ടുള്ളവർ അല്ല. ഈയൊരു കാര്യത്തിൽ മാത്രമാണ് അവർ ശാസ്ത്രീയ തെളിവുകൾ ചോദിക്കുന്നത്. ഹോമോസെക്ഷ്വാലിറ്റിയെ എതിർക്കുന്നവരുടെ ഉള്ളിലുള്ളത് കൃത്യമായും മതത്തിൻ്റെ ആശയങ്ങളാണ്. അത് തുറന്ന് പറയാൻ മടിച്ചാണ് പലരും ശാസ്ത്രത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കൂട്ടുപിടിക്കുന്നത്.
സ്വവർഗാനുരാഗത്തെ എതിർത്ത് സംസാരിക്കുന്നവരോട് ഇത് നോർമലാണെന്നും ശാസ്ത്രീയപരമായ തെളിവുകളുണ്ടെന്നുമെല്ലാം പറയുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. സ്ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം തുല്യാവകാശം വേണമെന്ന് ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ? അത് മാനുഷികപരമായ അവകാശമാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. അതുപോലെ തന്നെയാണ് ഹോമോസെക്ഷ്വാലിറ്റിയുടെ കാര്യവും.
തുടക്കകാലത്ത് സ്വവർഗാനുരാഗത്തെക്കുറിച്ചും ട്രാൻസ് വ്യക്തികളെക്കുറിച്ചുമുള്ള സംവാദങ്ങൾ നടന്നപ്പോൾ ഇതിനെ എതിർക്കുന്ന ഒരു കൂട്ടം പറഞ്ഞിരുന്ന വാദം മതം തന്നെയായിരുന്നു. തങ്ങൾ വിശ്വസിക്കുന്ന മതത്തിൽ ഇത് അനുവദനീയമല്ലെന്നും പാപമാണെന്നും അവർ വാദിച്ചു. എന്നാൽ ഇന്ന് അവർ മതത്തിനെ കൂട്ടുപിടിച്ചാൽ സമൂഹത്തിൽ അവരുടെ വാദങ്ങൾ ജയിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം.
ഇത് കുടുംബമെന്ന ആശയത്തെ തകർക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും അപകടകരമാണ് എന്നൊക്കെ പറയുകയാണ് ഇപ്പോൾ സ്വവർഗാനുരാഗത്തെ എതിർക്കുന്നവർ പറയുന്നത്. മതം പറയുമ്പോൾ കിട്ടുന്നതിനേക്കാൾ സ്വീകാര്യത ഇത്തരം വാദങ്ങൾക്ക് അവർക്ക് ലഭിക്കുന്നു.
ഒരു വിഭാഗത്തിൻ്റെ അസ്തിത്വം അംഗീകരിക്കാത്ത മനുഷ്യരുമായി ചർച്ച ചെയ്യുന്നതും സംവാദത്തിലേർപ്പെടുന്നതും ആവശ്യമില്ലാത്ത കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇവർ പറയുന്ന മറ്റൊരു കാര്യമുണ്ട്. ഇത് അഭിപ്രായസ്വാതന്ത്ര്യമാണെന്ന്. അഭിപ്രായസ്വാതന്ത്ര്യവും വിദ്വേഷ പ്രചാരണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു വിഭാഗം മുഴുവൻ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് പറയുന്നത് ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യമല്ല. സംഘപരിവാറിനോട് ചർച്ച സാധ്യമല്ലെന്ന് പറയുന്നത് പോലെ തന്നെയാണ് എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ എതിർക്കുന്നവരോടും ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് പറയുന്നത്, ആദി അഴിമുഖത്തോട് പ്രതികരിച്ചു.
Content Summary: homosexuality Vs science discussion queer activist aadi responds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.