അമേരിക്കയിലുണ്ടായിരുന്ന കൈക്കൂലി കേസുകള്‍ പിന്‍വലിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും ‘ പ്രത്യേക താത്പര്യം’ ഉണ്ടായിട്ടുണ്ടോ എന്ന് ഗൗതം അദാനിയോട് യുഎസ് കോടതി. യുഎസ് നീതിന്യായ വകുപ്പ് ക്രിമിനല്‍ കുറ്റപത്രങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വെളിപ്പെടുത്താത്ത വല്ല ധാരണകളോ ഉറപ്പുകളോ ഉണ്ടോ എന്നതില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് അദാനിയോട് യു.എസ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് ഒത്തുതീര്‍ക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച പുതിയ രേഖകളില്‍, പുറത്തുപറയാത്ത ചില രഹസ്യ ഇടപാടുകള്‍ സംശയിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം.
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി നിക്കോളാസ് ഗരാഫിസ് ജൂലൈ 8-നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ പുനരുപയോഗ ഊര്‍ജ്ജ കരാറുകള്‍ സ്വന്തമാക്കുന്നതിനായി 2,029 കോടി രൂപ (265 മില്യണ്‍ ഡോളര്‍)കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച്, 2024 നവംബറില്‍ അദാനിക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ ചുമത്തിയ കുറ്റപത്രം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം നടത്തുന്നതിനിടയിലാണ് ഈ പുതിയ വഴിത്തിരിവ്.
ജൂലൈ 15-നകം രണ്ട് ചോദ്യങ്ങള്‍ക്ക് സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കാനാണ് അദാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് തള്ളുന്നതുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും ‘വാഗ്ദാനം ചെയ്യുകയോ, വാഗ്ദാനം നല്‍കാന്‍ ശ്രമിക്കുകയോ, ആവശ്യപ്പെടുകയോ, കൈപ്പറ്റുകയോ, സമ്മതിക്കുകയോ’ ചെയ്തിട്ടുണ്ടോ എന്നതും, കുറ്റപത്രം ഒഴിവാക്കുന്നതിന് പകരമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളെക്കുറിച്ച് അദാനിക്ക് അറിവുണ്ടോ എന്നതുമാണ് കോടതിക്ക് അറിയേണ്ടത്.
കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കാന്‍ അധികാരമുള്ള ഏക വ്യക്തി താനാണെന്ന് അവകാശപ്പെട്ടു പ്രിന്‍സിപ്പല്‍ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആര്‍. ട്രെന്റ് മക്കോറ്റര്‍ ജൂലൈ 4-ന് സമര്‍പ്പിച്ച 10 പേജുള്ള റിപ്പോര്‍ട്ടാണ് ജഡ്ജിയുടെ പുതിയ ഉത്തരവിലേക്ക് നയിച്ചത്. അമേരിക്കയില്‍ അദാനി ഗ്രൂപ്പ് നടത്താനിരുന്ന നിക്ഷേപ വാഗ്ദാനങ്ങളാണ് കേസ് പിന്‍വലിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രേരിപ്പിച്ചതെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ മക്കോറ്റര്‍ തന്റെ റിപ്പോര്‍ട്ടില്‍ നിഷേധിച്ചിരുന്നു. നിക്ഷേപ വാഗ്ദാനങ്ങള്‍ക്ക് പകരമായാണ് കേസ് പിന്‍വലിക്കുന്നതെന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും, നിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ സെക്യൂരിറ്റീസ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും മക്കോറ്റര്‍ വാദിച്ചു.
അദാനി കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടുകള്‍ വായിക്കാം
എങ്കിലും, പ്രതിഭാഗം അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിഷയം ചര്‍ച്ചയായിരുന്നുവെന്ന് മക്കോറ്റര്‍ സമ്മതിച്ചു. ഈ കുറ്റപത്രം കാരണം പ്രതികള്‍ക്ക് 18 മാസമായി യു.എസിലെ ബിസിനസുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും, കേസ് വരുന്നതിന് മുന്‍പ് തന്നെ അമേരിക്കയില്‍ നിക്ഷേപം നടത്താനുള്ള താല്പര്യം അദാനി പരസ്യമായി പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ ഈ വാദങ്ങള്‍ കേസില്‍ ഒരു പുതിയ പ്രശ്‌നത്തിന് വഴിവെച്ചിരിക്കുകയാണെന്ന് ജഡ്ജി ഗരാഫിസ് നിരീക്ഷിച്ചു. കോടതിക്ക് മുന്‍പില്‍ ഇതുവരെ സമര്‍പ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്ത ഏതോ ഒരു രഹസ്യ കരാര്‍, കേസ് പിന്‍വലിക്കുന്നതിന് പിന്നിലുണ്ടെന്ന സംശയമാണ് മക്കോറ്ററുടെ മറുപടിയിലൂടെ ഉയരുന്നതെന്നാണ് ജഡ്ജി പറയുന്നത്. കേസ് അവസാനിപ്പിക്കാന്‍ പ്രതികള്‍ സമ്മതം മൂളിയതിന്റെ കാരണം വ്യക്തമാക്കി ജൂണ്‍ 24-ന് അദാനിയുടെ അഭിഭാഷകന്‍ നല്‍കിയ കത്തില്‍, അമേരിക്കയില്‍ നിക്ഷേപം നടത്താമെന്ന വാഗ്ദാനത്തിന്മേലാണ് കേസ് ഒഴിവാക്കുന്നതെന്ന തരത്തിലുള്ള ഒരു കരാറിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
ഫെഡറല്‍ ക്രിമിനല്‍ നടപടിക്രമങ്ങളിലെ ചട്ടം 48(എഫ്) അനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ അനുവദിക്കുന്നതിന് മുന്‍പ്, കേസ് പിന്‍വലിക്കാന്‍ പറയുന്ന കാരണങ്ങള്‍ യഥാര്‍ത്ഥവും ഗൗരവമേറിയതുമാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി. ചട്ടം 48(എഫ്) എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കോടതിക്ക് മേല്‍ പൂര്‍ണ്ണമായി അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് അധികാര ദുര്‍വിനിയോഗങ്ങളെ തടയാനാണെന്നും മുന്‍കാല വിധികള്‍ ഉദ്ധരിച്ച് ജഡ്ജി ഓര്‍മ്മിപ്പിച്ചു.
കേസ് അടിയന്തിരമായി റദ്ദാക്കണമെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. കേസ് ഉപേക്ഷിക്കാനുള്ള ഓരോ കാരണവും കൃത്യമായി വിശദീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് കോടതിയുടെ പുതിയ ഉത്തരവ് വരുന്നത്. ഇതിന് മറുപടിയായി, ബൈഡന്‍ ഭരണകൂടം രാഷ്ട്രീയ പ്രേരിതമായാണ് ഈ കേസ് കൊണ്ടുവന്നതെന്നും പ്രതികളെ വിചാരണ ചെയ്യാന്‍ പോലും സാധ്യതയില്ലാത്ത ‘പേരെടുത്തു പറഞ്ഞ് അപമാനിക്കല്‍’ തന്ത്രമായിരുന്നു ഇതെന്നും മക്കോറ്റര്‍ ആരോപിച്ചിരുന്നു. കൂടാതെ, ഇന്ത്യന്‍ അധികാരികള്‍ ഈ ആരോപണങ്ങളെല്ലാം പരിശോധിച്ച് കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മക്കോറ്റര്‍ വാദിച്ചു.
എന്നാല്‍, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച മൂന്ന് ഇന്ത്യന്‍ കോടതി/റെഗുലേറ്ററി വിധികള്‍ യു.എസ് കുറ്റപത്രത്തിന് ആധാരമായ കൈക്കൂലി ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചവയായിരുന്നില്ല. പകരം, ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അര്‍ഹത, ഹര്‍ജിയുടെ സാങ്കേതികമായ നിലനില്പ്, പ്രാഥമികമായി മത്സരനിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന കണ്ടെത്തല്‍ എന്നിവയുടെ മാത്രം അടിസ്ഥാനത്തില്‍ തീര്‍പ്പാക്കിയവയായിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്ന് അവയില്‍ പരിശോധിച്ചിരുന്നില്ല.
ഗൗതം അദാനിയും സാഗര്‍ അദാനിയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി (സെബി) സിവില്‍ സെറ്റില്‍മെന്റില്‍ എത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മേയ് മാസത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ നീക്കം തുടങ്ങിയത്. യു.എസ് നിക്ഷേപകരെ വഴിതെറ്റിച്ചുകൊണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി വൈദ്യുതി കരാറുകള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് വര്‍ഷങ്ങളോളം നീണ്ട അഴിമതി പദ്ധതി നടപ്പാക്കിയെന്നാണ് 2024 നവംബറിലെ അമേരിക്കന്‍ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്.
Content Summary; A US federal judge has ordered Gautam Adani to file an affidavit on whether there is any secret deal behind the Justice Department’s move to drop bribery charges
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.