രാഷ്ട്രീയമായി ഏറെ നിർണ്ണായകമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം. രാജ്യത്തെ കനത്ത പ്രതിഷേധങ്ങൾക്കിടയിലും, പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ 150 ബില്യൺ പൗണ്ടിന്റെ (ഏകദേശം 15.6 ലക്ഷം കോടി രൂപ) യുഎസ് നിക്ഷേപ പ്രഖ്യാപനത്തോടെയാണ് ട്രംപിന്റെ സന്ദർശനം പുരോഗമിക്കുന്നത്.
പ്രതിഷേധക്കാരിൽ നിന്നുള്ള ട്രംപിന്റെ സുരക്ഷയ്ക്കായി കോട്ടയ്ക്കുള്ളിൽ ആയിരുന്നു സന്ദർശനം ക്രമീകരിച്ചത്. ലണ്ടനിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ‘സ്റ്റോപ്പ് ട്രംപ് കൂട്ടായ്മ’യുടെ കീഴിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ആദ്യദിവസം തന്നെ രാജാവും രാജ്ഞിയും ചേർന്നാണ് ട്രംപിനെ സൽക്കരിച്ചത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റെയ്‌നുമായുള്ള ബന്ധത്തെ തുടർന്ന് അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡർ പീറ്റർ മാൻഡെൽസനെ അടുത്തിടെ പുറത്താക്കിയത് ഈ രണ്ട് ദിവസത്തെ ചരിത്രപരമായ സന്ദർശനത്തിൽ വലിയ ചർച്ചയായിരുന്നു. എപ്‌സ്റ്റെയ്‌നുമായുള്ള ബന്ധത്തിന്റെ പേരിൽ ട്രംപും ആരോപണങ്ങൾ നേരിടുന്നുണ്ട്.
സന്ദർശനത്തിൽ നിന്ന് പരമാവധി പ്രയോജനം നേടാൻ ഡൗണിംഗ് സ്ട്രീറ്റ് ശ്രമിച്ചു. അതിന്റെ ഭാഗമായി യുകെയിലെ എക്കാലത്തെയും വലിയ നിക്ഷേപ പാക്കേജ് ആണ് സ്റ്റാർമർ പ്രഖ്യാപിച്ചത്. 150 ബില്യൺ പൗണ്ടിന്റെ ഈ നിക്ഷേപത്തിൽ 90 ബില്യൺ പൗണ്ടും അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയിൽ നിക്ഷേപിക്കാനുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ വാഗ്ദാനമാണ്. നേരത്തെ, ഈ വർഷം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെന്ററിനായി കമ്പനി 10 ബില്യൺ പൗണ്ട് നൽകിയിരുന്നു.
നിക്ഷേപ സ്ഥാപനമായ പ്രോളോജിസിൽ നിന്ന് 3.9 ബില്യൺ പൗണ്ടും, ടെക് കമ്പനിയായ പാലന്തിറിൽ നിന്ന് 1.5 ബില്യൺ പൗണ്ടും മറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. ഈ പാക്കേജിലൂടെ ക്ലീൻ എനർജി, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിൽ 7,600 ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സർക്കാർ അറിയിച്ചു.
“യുഎസ് പോലുള്ള സുഹൃത്തുക്കളോടൊപ്പം” യുകെക്ക് “വരും തലമുറകൾക്കായി ഭാവി രൂപപ്പെടുത്താനും രാജ്യത്തുടനീളമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയും,”സ്റ്റാർമർ പറഞ്ഞു. “ഈ നിക്ഷേപങ്ങൾ ബ്രിട്ടന്റെ സാമ്പത്തിക ശക്തിക്ക് ഒരു തെളിവാണ്, ഒപ്പം നമ്മുടെ രാജ്യം തുറന്നതും, അഭിലഷണീയവും, മുന്നിൽ നിന്ന് നയിക്കാൻ തയ്യാറാണെന്നുമുള്ള ഒരു ധീരമായ സൂചന കൂടിയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ നിക്ഷേപ കരാറിനെ മെറ്റയിലെ ഒരു പ്രധാന പദവി വഹിച്ചിരുന്ന മുൻ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്, “സിലിക്കൺ വാലിയിലെ പഴയ സാധനങ്ങൾ” എന്നാണ് വിമർശിച്ചത്. ഈ കമ്പനികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ എന്തായാലും ആവശ്യമാണെന്നും, ഈ നിക്ഷേപം കേവലം ഒരു സമയക്രമം പാലിക്കാൻ വേണ്ടിയുള്ള ഏകപക്ഷീയമായ നീക്കമാണെന്നും ക്ലെഗ് വാദിച്ചു.
സന്ദർശനത്തിന്റെ ആദ്യ ദിവസം, ഹെലികോപ്റ്ററിൽ വിൻഡ്‌സർ കോട്ടയിലെത്തിയ ശേഷം, അദ്ദേഹം രാജാവിനൊപ്പം കുതിരവണ്ടിയിൽ യാത്ര ചെയ്തു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ ഘോഷയാത്ര എസ്റ്റേറ്റിനുള്ളിൽ മാത്രമായി ഒതുക്കി. കോട്ടയ്ക്കുള്ളിൽ ആപ്പിളിന്റെ ടിം കുക്ക്, എൻവിഡിയയുടെ ജെൻസൺ ഹുവാങ്, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ തുടങ്ങിയ പ്രമുഖ ബിസിനസ് എക്സിക്യൂട്ടീവുകൾ പങ്കെടുത്ത ഒരു വലിയ വിരുന്നും നടന്നു.
ഒരു ചെറിയ ഔദ്യോഗിക പെരുമാറ്റച്ചട്ട ലംഘനമായി ട്രംപ് രാജാവിന്റെ പുറത്ത് രണ്ട് തവണ തട്ടിയത് വാർത്തകളിൽ വലിയ ഇടംനേടി. ബുധനാഴ്ച പുറത്തുവന്ന ഒരു യൂഗോവ് വോട്ടെടുപ്പ് അനുസരിച്ച്, പകുതിയിലധികം ബ്രിട്ടീഷുകാരും ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം യുകെയ്ക്ക് ദോഷകരമാണെന്ന് കരുതുന്നവരാണ് . എന്നാൽ, പത്തിൽ ഒരാളിൽ താഴെ ആളുകൾ മാത്രമാണ് അത് നല്ലതാണെന്ന് കരുതുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ചെക്കേഴ്സ് റിട്രീറ്റിൽ വെച്ച് ട്രംപിന്റെ സന്ദർശനം ഔദ്യോഗികമായി അവസാനിക്കും.
content summary: Starmer banks on £150bn investment to placate critics of Trump state visit
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.