June 26, 2026 |
Share on

പൊതുമേഖല ബാങ്കുകള്‍ എഴുതി തള്ളിയത് 12 ലക്ഷം കോടിയുടെ കിട്ടാക്കടം

കര്‍ഷകര്‍ക്ക് ന്യായവില കൊടുക്കാന്‍ പണമില്ല

ഒൻപത് വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകൾ 12 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതായാണ് ധനകാര്യ മന്ത്രാലയം ചൊവ്വാഴ്ച രാജ്യസഭയിൽ അറിയിച്ചിരുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ കണക്കുകൾ അവതരിപ്പിച്ചത്. 2021 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ മാത്രം 5.82 ലക്ഷം കോടിയിലധികം എഴുതിത്തള്ളിയതായും അറിയിച്ചിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകൾ കടം എഴുതി തള്ളലിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം പങ്കുവെച്ച കണക്കുകളിൽ സൂചിപ്പിക്കുന്നു. 2025ലാണ് ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകൾ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12 പൊതുമേഖലാ ബാങ്കുകളിൽ 10 എണ്ണം എഴുതിത്തള്ളൽ കുറച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ധനകാര്യമന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനത്തിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. കർഷകർക്ക് താങ്ങുവില(മിനിമം സപ്പോർട്ട് പ്രെയ്സ്) നൽകുന്നത് രാജ്യത്തെ പാപ്പരാക്കും എന്ന് അവകാശപ്പെട്ട സർക്കാരാണ് ഇപ്പോൾ 12 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതി തള്ളിയിരിക്കുന്നതെന്ന് മനശാസ്ത്ര വിദ​ഗ്ധൻ സൗമിത്ര പത്താരെ എക്സിൽ കുറിച്ചു. വ്യവസായികളും ബിസിനസുകാരും ചേർന്ന് നടത്തുന്ന കൊള്ളയാണിതെന്നും സൗമിത്ര പത്താരെ വിമർശിച്ചു.

പൊതുമേഖല ബാങ്കുകളിൽ 48000ത്തിലധികം ബാങ്ക് ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണെന്നും കേന്ദ്ര മന്ത്രാലയം പറഞ്ഞു. ആർബിഐ മാർ​ഗനിർദേശങ്ങളും ബാങ്കുകളും നയങ്ങളും അനുസരിച്ച് ദീർഘകാലമായി തിരിച്ചടയ്ക്കാത്ത വായ്പകളെ നിഷ്ക്രിയ ആസ്തിയായി എഴുതി തള്ളുന്നുവെന്നും പങ്കജ് ചൗധരി അറിയിച്ചിരുന്നു. വായ്പ എഴുതിത്തള്ളുക എന്നതുകൊണ്ട് കടം വാങ്ങുന്നയാൾ കുറ്റക്കാരനല്ല എന്ന് അർത്ഥമാക്കുന്നില്ലെന്നും കടം വാങ്ങുന്നയാൾ കടക്കാരനാണെന്നും ബാങ്കുകൾ അത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ചൗധരി കൂട്ടിച്ചേർത്തു.

സിവിൽ കോടതികളിലോ ഡെറ്റ് റിക്കവറി ട്രൈബ്യൂണലുകളിലോ ( ഡിആർടി) കേസുകൾ ഫയൽ ചെയ്യൽ, വായ്പ തിരിച്ചടയ്ക്കാത്തവരുടെ ആസ്തികൾ കണ്ടുകെട്ടാനും വിൽക്കാനും ബാങ്കുകൾക്ക് അനുമതി നൽകുന്ന സർഫാസി നിയമം ഉപയോ​ഗിക്കുക, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് (ഐബിസി) പ്രകാരം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ നടപടികൾ ആരംഭിക്കുക തുടങ്ങിയവയാണ് കടം തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കുകളുടെ രീതിയെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു.

മനപൂർവ്വം വായ്പ തിരിച്ചടയ്ക്കാത്തവരെയും സാമ്പത്തിക കുറ്റവാളികളെയും കുറിച്ചുള്ള ചോദ്യവും രാജ്യസഭയിൽ ഉയർന്നിരുന്നു. 2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 1.62 ലക്ഷം കോടി രൂപയിൽ കൂടുതൽ വായ്പ കുടിശ്ശികയുള്ള 1,629 പേരെ മനപൂർവ്വം തിരിച്ചടയ്ക്കാത്തവരായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്യം വിട്ട 9 പേരെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് അതിന് ധനകാര്യ മന്ത്രാലയം മറുപടി നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവരുടെ 15,000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും 9 പേർ ശിക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു.

Content Summary: Public sector banks write off bad loans worth 12 lakh crores

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×