July 13, 2025 |

700 കോടിയുടെ നാശനഷ്ടം, പൊലിഞ്ഞത് 69 ജീവൻ; ഹിമാചലിൽ ദുരിതം വിതച്ച് മിന്നൽ പ്രളയം

ജൂലൈ 7 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ വൻ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി 69 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പ്രദേശവാസികളുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു. പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തിൽ ഏക​ദേശം 700 കോടിയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിലും മറ്റു ജില്ലകളിലുമായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ​ദിവസമുണ്ടായ മേഘവിസ്ഫോടനത്തിലും തുടർച്ചയായ കനത്ത മഴയിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വാഹനങ്ങൾ ഒഴുകി പോയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 7 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ തലത്തിൽ ദുരിതാശ്വാസ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ദുരിത ബാധിതർക്ക് ഒരു മാസം 5000 രൂപ ധനസഹായം നൽകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ഇതുവരെ 69 പേർ മരണപ്പെട്ടതായും, 37 പേരെ കാണാതായതായും , 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഏകദേശം 700 കോടിയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്.

പച്ചാഡ്, ബർസാർ, ഘാനഘട്ടി, ഉന, ബൈജ്നാഥ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പച്ചാഡിൽ 133.3 മില്ലി മീറ്റർ മഴയും, ബർസാറിൽ 92 മില്ലി മീറ്ററും, ഘാനഘട്ടിയിൽ 60 മില്ലി മീറ്റർ മഴയും, ഉന, ബൈജ്നാഥ് എന്നീ പ്രദേശങ്ങളിൽ 55 മില്ലി മീറ്റർ മഴയുമാണ് ലഭിച്ചത്. മഴ തുടരുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശത്തെ മണ്ഡിയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മാണ്ഡിയിൽ മാത്രമായി 14മരണമാണ് റിപ്പോർട്ട് ചെയ്തത്. 13 പേരെ കാണാതായതായും 150ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളും. മാണ്ഡിയിലെ ​ഗതാ​ഗതം പൂർണ്ണമായി തടസപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നത്. മാണ്ഡി. ​ഗോഹർ, കർസോഡ്, തുനാ​ഗ് എന്നീ പ്രദേശങ്ങളിലായി ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. വിമാന മാർ​ഗമാണ് അവശ്യ സാധനങ്ങൾ ദുരന്ത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും 784 ജലവിതരണ പദ്ധതികളെയും 404 ട്രാൻസ്‌ഫോർമറുകളെയും ബാധിച്ചു. മാണ്ഡിയിൽ മാത്രം പത്ത് മേഘവിസ്ഫോടനങ്ങളും മൂന്ന് മിന്നൽ വെള്ളപ്പൊക്കവും ഒരു വലിയ മണ്ണിടിച്ചിലുമുണ്ടായതാണ് റിപ്പോർട്ട്.

content summary: A flash flood in Himachal’s Mandi district caused losses of  700 crore and claimed 69 lives, officials said

Leave a Reply

Your email address will not be published. Required fields are marked *

×