July 14, 2026 |
Share on

ശ്രീലങ്കയില്‍ സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം; ഇന്തോനേഷ്യയിലും കനത്ത നാശനഷ്ടം; മരണം 900 കടന്നു

തായ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 162 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്

ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരന്തം വിതച്ച ശ്രീലങ്ക, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ മരണ സംഖ്യ 900 കടന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായത്. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.

20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് ശ്രീലങ്ക നേരിടുന്നത്. ദിത്വ ചുഴലിക്കാറ്റ് കാരണം ശ്രീലങ്കയില്‍ 334 പേര്‍ മരിച്ചതായാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. അവിടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തലസ്ഥാനമായ കൊളംബോയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ഏകദേശം 1,48,000 ആളുകളെ വീടുകളില്‍ നിന്ന് മാറ്റി താല്‍ക്കാലിക ക്യാമ്പുകളിലാക്കിയിരിക്കുകയാണ്.

പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2004-ലെ സുനാമിക്ക് ശേഷം ദ്വീപിനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.

ഇന്തോനേഷ്യയില്‍ മരണം 442 ആയെന്നാണ് വിവരം. ഇവിടെ 402 പേരെ കാണാതായിട്ടുണ്ട്. സുമാത്ര ദ്വീപിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്.

വെള്ളപ്പൊക്കം കാരണം റോഡുകള്‍ തകര്‍ന്നതും ആശയവിനിമയ ബന്ധങ്ങള്‍ നഷ്ടമായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ സഹായമെത്തിക്കാന്‍ ജക്കാര്‍ത്തയില്‍ നിന്ന് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ട്.

പലയിടത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. വിശപ്പ് സഹിക്കാനാകാതെ ജനം കടകളില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

വീടുകളും കടകളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ താത്കാലിക ടെന്റുകളിലും അഭയകേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.

തായ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 162 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച്ചകളില്‍ അധികാരികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നടപടികളും നോക്കുന്നുണ്ട്.

ഉഷ്ണമേഖലാ കൊടുങ്കാറ്റ് ശക്തിപ്പെടുത്തിയ മണ്‍സൂണ്‍ മഴയാണ് തെക്കന്‍ ഏഷ്യയെ ഇത്രയും വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ലോകമെമ്പാടും കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയാണിതെന്നും അവര്‍ പറയുന്നു. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാനും പുനര്‍നിര്‍മ്മാണത്തിനും ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി ആവശ്യമുയര്‍ന്നിട്ടുണ്ട്.

Content Summary: Floods and landslides in Sri Lanka, Indonesia and Thailand, Death toll passes 900. hundreds of people missing

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×