July 14, 2026 |
Share on

ഹോങ്കോങിൽ 70 വർഷത്തിലെ ഏറ്റവും വലിയ തീപിടുത്തം; 94 മരണം, 280ൽ അധികം പേരെ കാണാതായി

15 പേരുടെ നില അതീവ ഗുരുതരമാണ്

ഹോങ്കോങ്ങിലെ തായ് പോയിലെ വാങ് ഫുക് കോർട്ടിൽ ഉണ്ടായ വൻ തീപിടിത്തം, കഴിഞ്ഞ 70 വർഷത്തിനിടെ നഗരത്തിലുണ്ടായ ഏറ്റവും വലിയ അഗ്നിബാധയെന്ന് റിപ്പോർട്ട്

1983ൽ നിർമ്മിച്ച, ഏകദേശം 4,600 പേർ താമസിച്ചിരുന്ന ഈ അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിലെ ഏഴ് ടവറുകളിലാണ് തീ പടർന്നുപിടിച്ചത്. ഒരു അഗ്നിശമന സേനാംഗമുൾപ്പെടെ 94 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 280ൽ അധികം താമസക്കാരെ കാണാനില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. 76 പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില അതീവ ഗുരുതരമാണ്.

തീപിടിത്തമുണ്ടായപ്പോൾ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളിലായിരുന്നു, എളുപ്പത്തിൽ തീപിടിക്കുന്ന തരത്തിലുള്ള നിർമ്മാണ സാമഗ്രികളാണ് തീ അതിവേഗം പടരാൻ പ്രധാന കാരണം. എല്ലാ നിലകളിലെയും ലിഫ്റ്റ് വിൻഡോകൾ മൂടിയിരുന്ന സ്റ്റൈറോഫോം ഷീറ്റുകളും തീവ്രവ്യാപനത്തിന് കാരണമായി. സംഭവത്തിൽ പോലീസ് ക്രിമിനൽ കേസെടുക്കുകയും, നിർമ്മാണ കരാറുകാരുമായി ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തീ ഇപ്പോഴും പൂർണ്ണമായി അണച്ചിട്ടില്ലെങ്കിലും നിയന്ത്രണ വിധേയമാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി ഹോങ്കോങ് ഫയർ ഡിപ്പാർട്ട്‌മെൻ്റ് 304 ഫയർ എഞ്ചിനുകളും രക്ഷാവാഹനങ്ങളും വിന്യസിച്ചു. കാണാതായവർക്കായി അഗ്നിശമന സേനാംഗങ്ങൾ തീയും പുകയും നിറഞ്ഞ നിലകളിലൂടെ തിരച്ചിൽ തുടരുകയാണ്. സർക്കാർ ദുരിതമനുഭവിക്കുന്നവർക്കായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും, ഒഴിപ്പിച്ച ആളുകളെ താൽക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അറ്റകുറ്റപ്പണികൾ നടക്കുന്ന എല്ലാ വീടുകളിലും പദ്ധതികളിലും ഉടൻ സുരക്ഷാ പരിശോധന നടത്താൻ ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ ഉത്തരവിട്ടു.

തീപിടിത്തവുമായി ബന്ധപ്പെട്ട് മാൻസ്‌ലോട്ടർ കുറ്റം ചുമത്തി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 52 നും 68നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിർമ്മാണ കമ്പനിയിലെ രണ്ട് ഡയറക്ടർമാരും ഒരു എഞ്ചിനീയറിങ് കൺസൾട്ടൻ്റും ആണ് അറസ്റ്റിലായവർ. കമ്പനിയുടെ ഭാ​ഗത്ത് നിന്നുള്ള അനാസ്ഥ മൂലമാണ് അപകടം സംഭവിക്കുകയും, തീയണയ്ക്കാൻ കഴിയാത്തവിധം പടർന്നുപിടിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതെന്നാണ് പോലീസ് ആരോപിക്കുന്നത്.

കമ്പനിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു നിർമ്മാണ എഞ്ചിനീയറിങ് കമ്പനിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തുകയും തെളിവായി നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സിനെയും രൂപീകരിച്ചിട്ടുണ്ട്. 900ൽ അധികം ആളുകളെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ദുരിതത്തിലായവർക്ക് അനുശോചനം രേഖപ്പെടുത്തിയതായി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു.

content summary: The largest fire disaster in Hong Kong in the past 70 years left 94 people dead and more than 280 missing

Leave a Reply

Your email address will not be published. Required fields are marked *

×