അഫ്ഗാനിസ്ഥാനിലെ നിരവധി പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ പ്രളയത്തിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ്റെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഹെറാത്ത് പ്രവിശ്യയിലെ കാബ്കാൻ ജില്ലയിൽ വ്യാഴാഴ്ച ഒരു വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്ന് ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചതായി ഹെറാത്ത് ഗവർണറുടെ വക്താവ് മുഹമ്മദ് യൂസഫ് സയീദി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളായിരുന്നു.
തിങ്കളാഴ്ച മുതൽ പ്രളയം ബാധിച്ച ജില്ലകളിലാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്നും കടുത്ത കാലാവസ്ഥ മധ്യ, വടക്കൻ, തെക്കൻ, പടിഞ്ഞാറൻ മേഖലകളിലുടനീളം സാധാരണ ജീവിതത്തെ സാരമായി ബാധിച്ചതായും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മറ്റൊരു വക്താവ് മുഹമ്മദ് യൂസഫ് ഹമ്മാദ് പറഞ്ഞു. പ്രളയ ബാധിത ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും, കന്നുകാലികൾ ഒഴുകിപോയതായും ഏകദേശം 1,800 കുടുംബങ്ങളെ ബാധിച്ചതായും ഹമ്മാദ് വ്യക്തമാക്കി. ഇതോടെ ഇതിനകം തന്നെ ദുരിതത്തിലായ നഗര-ഗ്രാമ സമൂഹങ്ങളിലെ അവസ്ഥ കൂടുതൽ മോശമായി. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലേക്ക് വിലയിരുത്തൽ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും, കൂടുതൽ ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനായി സർവേകൾ പുരോഗമിക്കുകയാണെന്നും ഹമ്മാദ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, അയൽരാജ്യങ്ങളായ പാകിസ്ഥാനും ഇന്ത്യയും പോലെ, സീസണൽ മഴയ്ക്കുശേഷമുള്ള പെട്ടെന്നുള്ള പ്രളയങ്ങൾ ഉൾപ്പെടെ അതിശക്ത കാലാവസ്ഥാ അപകടങ്ങൾ നടക്കുന്ന രാജ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദശകങ്ങളായുള്ള സംഘർഷങ്ങൾ, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ, വനനശീകരണം, കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിപ്പെടുന്ന സ്വാധീനം എന്നിവ ഇത്തരം ദുരന്തങ്ങളുടെ ആഘാതം വർധിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അകന്ന പ്രദേശങ്ങളിൽ മൺവീടുകളിലാണ് പലരും താമസിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിലുകൾക്കെതിരെ ഇവയ്ക്ക് പരിമിതമായ സംരക്ഷണമാണ് ലഭിക്കുന്നത്. 2026-ലും അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും വലിയ മാനവിക പ്രതിസന്ധികളിലൊന്നായി തുടരുമെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് സഹായ ഏജൻസികളും ഈ ആഴ്ച മുന്നറിയിപ്പ് നൽകി.
Content Summary: Afghanistan Floods: At least 17 killed as heavy rains trigger flash floods