June 26, 2026 |
Share on

ധർമ്മസ്ഥല കൊലപാതക പരമ്പര; കനത്ത സുര​ക്ഷയിൽ തെളിവെടുപ്പ്

മൃതദേഹങ്ങൾ കുഴിച്ചിട്ടത് നേത്രാവതി പുഴയ്ക്കരികിലെ കാട്ടിൽ

ധർമ്മസ്ഥല കൊലപാതക പരമ്പര,  ശൂചീകരണ തൊഴിലാളിയെ സ്ഥലത്തെത്തിച്ച്  തെളിവെടുപ്പ് നടത്തി. നേതാവത്രി നദിയ്ക്ക് സമീപം താൻ പെൺകുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടതായാണ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ നേത്രാവതി സ്നാനഘട്ടിന്റെ പരിസരത്ത് തെളിവെടുപ്പിനായി എത്തിച്ചത്.

നേത്രാവതി പുഴയ്ക്കരികിലെ ഒരു കാട്ടിലേക്കാണ് ഇയാൾ അന്വേഷണ സംഘത്തെ നയിച്ചത്. മൂന്ന് അഭിഭാഷകർക്കൊപ്പമാണ് ഇയാൾ തെളിവെടുപ്പിനായി എത്തിയത്. ഇയാളെ ആദ്യം ബെൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസിൽ എത്തിച്ചിരുന്നു. എം എൻ അനുചേദ്, ജിതേന്ദ്രകുമാർ ദയമ, സി എ സൈമൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൊഴി രേഖപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മം​ഗളൂരുവിലെ മല്ലികാട്ടെ പിഡബ്ലുഡി ഇന്റലിജൻസ് ഓഫീസിൽ എസ്ഐടി ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ ഇയാൾ ഹാജരായിരുന്നു. സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡിജിപി പ്രണബ് മൊഹാന്തിയും ഇന്നലെ മം​ഗളൂരുവിലെത്തി ഇയാളെ സന്ദർശിച്ചിരുന്നു. സാക്ഷിയായ പരാതിക്കാരൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജൂലൈ നാലിനാണ് ധർമ്മസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ജൂലൈ 19നാണ് സംസ്താന സർക്കാർ എസ്ഐടി രൂപീകരിക്കുന്നത്.

ശൂചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ എസ്ഐടി ശാസ്ത്രീയ പരിശോധന നടത്തും. ധർമ്മസ്ഥല കേസ് അന്വേഷിക്കുന്ന എസ്ഐടിയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളിയാണ്. 1988 മുതൽ 2014 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി. ദക്ഷിണ കന്നഡ പൊലീസിന് ഇയാൾ നൽകിയ മൊഴി ഞെട്ടലുളവാക്കുന്നതായിരുന്നു. വിശ്വാസ്യത വർധിപ്പിക്കാൻ സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ മൊഴി നൽകിയത്.

മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് ആരോപിക്കുന്ന സ്ഥലങ്ങൾ ഇയാൾ കൃത്യമായി എസ്ഐടിയ്ക്ക് ചൂണ്ടിക്കാണിച്ചു നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയ്ക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ഇവിടങ്ങളിലാവും കുഴിച്ചു പരിശോധിക്കുക. മൊഴിയെടുപ്പ് പൂർത്തിയാക്കി അന്തിമ വിലയിരുത്തലുകളും നടത്തിയതിനു ശേഷം ഈയാഴ്ച തന്നെ കുഴിച്ചു പരിശോധിക്കാനാണ് എസ്ഐടിയുടെ ആലോചന. അതോടൊപ്പം പ്രാഥമിക തെളിവായി ശുചീകരണ തൊഴിലാളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ തലയോട്ടിയും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇതിൽ മണ്ണു പറ്റിപിടിച്ചതും കണ്ടെത്തിയാൽ മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ മണ്ണുമായി യോജിക്കുന്നുവോയെന്ന് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ സാക്ഷിയുടെ മൊഴി പൂർണ്ണമായും അന്വേഷണസംഘം വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. നിലവിൽ മംഗലാപുരം ആസ്ഥാനമാക്കിയാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്.

ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ് ആരോപണവിധേയർ. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞിരുന്നു. ശുചീകരണ തൊഴിലാളിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ധർമ്മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ വന്നിട്ടും കർണാടക സർക്കാർ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.

content summary: Complainant witness in the Dharmasthala mass burial case

Leave a Reply

Your email address will not be published. Required fields are marked *

×