ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകൻ. 2003ൽ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഡ്വ. എൻ മഞ്ജുനാഥാണ് ഈ ആവശ്യം ഉന്നയിച്ചത്.
ധർമ്മസ്ഥലയിലെ എല്ലാ ശവസംസ്കാരങ്ങളും ശരിയായ രേഖകളോടെ ഔദ്യോഗികമായാണ് നടത്തിയതെന്നും ബന്ധുക്കൾ മുന്നോട്ട് വന്നാൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള രേഖകൾ നിലവിലുണ്ടെന്നും ശ്രീനിവാസ് റാവു നേരത്തെ അവകാശപ്പെട്ടിരുന്നു. 1980കൾ മുതൽ ശവസംസ്കാരങ്ങൾ നിയമപരമായാണ് നടത്താറെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ റാവു അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ഇന്നലെ സ്ഥല പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. എന്തൊക്കെയോ മറയ്ക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തുന്നതായും അഭിഭാഷകൻ ആരോപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങളാണ് നടത്തുന്നത്. ശുചീകരണ തൊഴിലാളി തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്താൽ ശ്രീനിവാസ് റാവുവിനെ അറസ്റ്റ് ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. നേതാവത്രി പുഴയ്ക്ക് സമീപം 13 സ്ഥലങ്ങളിലായി താൻ പെൺകുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടതായാണ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. നേത്രാവതി പുഴയ്ക്കരികിലെ ഒരു കാട്ടിലേക്കാണ് ഇയാൾ അന്വേഷണ സംഘത്തെ നയിച്ചത്. മൂന്ന് അഭിഭാഷകർക്കൊപ്പമാണ് ഇയാൾ തെളിവെടുപ്പിനായി എത്തിയത്. 1988 മുതൽ 2014 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി. ദക്ഷിണ കന്നഡ പൊലീസിന് ഇയാൾ നൽകിയ മൊഴി ഞെട്ടലുളവാക്കുന്നതായിരുന്നു. ശൂചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ എസ്ഐടി ശാസ്ത്രീയ പരിശോധന നടത്തും. ധർമ്മസ്ഥല കേസ് അന്വേഷിക്കുന്ന എസ്ഐടിയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളിയാണുള്ളത്.
മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന് ആരോപിക്കുന്ന സ്ഥലങ്ങൾ ഇയാൾ കൃത്യമായി എസ്ഐടിയ്ക്ക് ചൂണ്ടിക്കാണിച്ചു നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയ്ക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ഇവിടങ്ങളിലാവും നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ് ആരോപണവിധേയർ. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞിരുന്നു. ശുചീകരണ തൊഴിലാളിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ധർമ്മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ വന്നിട്ടും കർണാടക സർക്കാർ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
content summary: Lawyer calls for arrest of Dharmasthala panchayat vice president if human remains are discovered at burial sites