സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാൻ അഭിഭാഷകന്റെ ശ്രമം. കോടതി നടപടികൾക്കിടയിൽ ആയിരുന്നു സംഭവം. കോടതിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഇടപെടുകയും ഷൂ വലിച്ചെറിയാൻ ശ്രമിച്ച രാകേഷ് കിഷോറെന്ന അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
പുറത്തേക്ക് പോകുന്നതിനിടെ, അഭിഭാഷകൻ സനാതന ധർമ്മത്തോടുള്ള അനാദരവ് ഞങ്ങൾ സഹിക്കില്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഡൽഹി പൊലീസ് എത്തി ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി നടപടികൾ അല്പസമയത്തേക്ക് തടസപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഇതൊന്നും കാര്യമാക്കാതെ, കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരോട് തങ്ങളുടെ വാദങ്ങളുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം കാര്യങ്ങളിലേക്കൊന്നും ശ്രദ്ധ തിരിക്കേണ്ടതില്ല, ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നില്ലെന്നും ഗവായി പറഞ്ഞു.
ഖജുരാഹോയിലെ ഏഴ് അടി ഉയരമുള്ള തലയറ്റ നിലയിലുള്ള വിഷ്ണുവിഗ്രഹത്തിൻ്റെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് മുൻപ് സി.ജെ.ഐ. ഗവായി നടത്തിയ ചില അഭിപ്രായങ്ങളാണ് ഈ സംഭവത്തിന് തിരികൊളുത്തിയത്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണുവിൻ്റെ അടിയുറച്ച ഭക്തനാണെന്ന് പറയുന്നു. അങ്ങനെയെങ്കിൽ പോയി പ്രാർത്ഥിക്കൂ. അതൊരു പുരാവസ്തു കേന്ദ്രമാണ്, എ.എസ്.ഐ. (Archaeological Survey of India) തുടങ്ങിയവരുടെ അനുമതി വേണം.” എന്നാണ് ആ കേസ് തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത്.
ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും, പലരും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം കോടതിയിൽ ഈ വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് സി.ജെ.ഐ. ഗവായി താൻ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചില്ലെന്നും വ്യക്തമാക്കി. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സമൂഹ മാധ്യമമാണ് ഈ വിഷയം ഇത്ര മാത്രം വലുതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗവായിയെ പിന്തുണച്ചിരുന്നു.
content summary: Lawyer attempts to throw shoe at Chief Justice Gavai in Supreme Court over Vishnu idol restoration issue