June 23, 2026 |
Share on

മുൻകാല കരാറുകൾ ലംഘിച്ച് 3,240 കോടിയുടെ ഓഹരി വിൽപ്പന; അദാനിയുടെ മിയാലിനെതിരെ ICICI ബാങ്ക്

2021 ലാണ് ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് മിയാൽ ഏറ്റെടുക്കുന്നത്

മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (MIAL) 3,240 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പനയെ ചോദ്യം ചെയ്ത് ഐസിഐസിഐ ബാങ്ക്. ഈ ഓഹരി വിൽപ്പന മുൻ കരാറുകളുടെ ലംഘനമാണെന്നും വായ്പ നൽകിയവരുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. ഇക്കണോമിക് ടൈംസ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിവികെ ഗ്രൂപ്പിന് നൽകിയിരുന്ന 1.25 ബില്യൺ ഡോളറിന്റെ വായ്പകൾക്കെതിരെ എംഐഎഎല്ലിൽ പണയം വെച്ച ഓഹരികളുടെ മൂല്യം  അവകാശ ഓഹരി വിൽപ്പന കുറയ്ക്കുമെന്നാണ് ബാങ്കിന്റെ വാദം. 2021 ലാണ് ജിവികെയിൽ നിന്ന് അദാനി ഗ്രൂപ്പ് മിയാൽ ഏറ്റെടുക്കുന്നത്.

വായ്പ നൽകുന്നവരുടെ കൺസോർഷ്യത്തിന്റെ ഫെസിലിറ്റി ഏജന്റായി ബഹ്‌റൈൻ ബ്രാഞ്ച് വഴി പ്രവർത്തിക്കുന്ന ഐസിഐസിഐ ബാങ്ക്, 3,240 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പനയുമായി മിയാൽ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2017-ൽ ഒപ്പുവച്ച ഒരു ഇടക്കാല പരിഹാര അണ്ടർടേക്കിംഗ് (ISU) യുടെയും ഓഹരി പണയ കരാറിന്റെയും നിബന്ധനകൾ ഈ നീക്കം ലംഘിക്കുന്നുവെന്ന് ബാങ്ക് ആരോപിച്ചു. ജൂലൈ 21-ന് ആണ് കേസിന്റെ വാദം. 2011 സെപ്റ്റംബറിൽ നൽകിയ 1 ബില്യൺ ഡോളർ, 2014 മാർച്ചിൽ നൽകിയ 250 മില്യൺ ഡോളർ എന്നിങ്ങനെ സിംഗപ്പൂരിലെ ജിവികെ കോൾ ഡെവലപ്പേഴ്‌സിന് നൽകിയ രണ്ട് വായ്പാ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്.

ജിവികെ എയർപോർട്ട് ഹോൾഡിംഗ്‌സ് (GVKAHCL) ആണ് ഈ വായ്പകൾക്ക് ഈടായി ഓഹരികൾ പണയം വെച്ചത്. ഇത് പ്രകാരം, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ വായ്പാദാതാക്കൾക്ക് GVKAHCL-ൽ 32% ഓഹരിയുടെ ഈടുണ്ട്. ഇത് MIAL-ൽ 16.16% പരോക്ഷ ഓഹരിക്ക് തുല്യമാണ്. മിയാലിൽ ഇപ്പോൾ GVKAHCL-ന് 50.5% ഓഹരിയും, അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന് 23.5% ഓഹരിയും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 26% ഓഹരിയുമുണ്ട്. 27:10 എന്ന അനുപാതത്തിൽ വാഗ്ദാനം ചെയ്യുന്ന പുതിയ അവകാശ ഓഹരി വിൽപ്പന, പണയം വെച്ച ഓഹരിയുടെ മൂല്യം 4.37% ആയി കുറയ്ക്കുമെന്നാണ് ഐസിഐസിഐ ബാങ്കിന്റെ വാദം. ഇത് വായ്പാ കരാറുകൾ പ്രകാരം ബാങ്കുകൾക്ക് നൽകിയിട്ടുള്ള സുരക്ഷയെ ദുർബലപ്പെടുത്തും. നിലവിൽ GVKAHCL അദാനി ഗ്രൂപ്പിന്റെ ഭാഗമാണ്.

ജൂൺ 12-ന് MIAL-ന്റെ ബോർഡ് അംഗീകരിച്ച അവകാശ ഓഹരി വിൽപ്പന, നിലവിലുള്ള ഓഹരി ഉടമകൾക്ക് ഒരു ഓഹരിക്ക് 10 രൂപ നിരക്കിൽ 3.24 ബില്യൺ ഇക്വിറ്റി ഓഹരികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി, ജൂലൈ 5-ന് ഓഫർ അവസാനിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ജിവികെ എയർപോർട്ട് ഹോൾഡിംഗ്‌സ് (GVKAHCL) ഓഹരികൾ ഇഷ്യു ചെയ്യേണ്ടതില്ല എന്ന തീരുമാനം ബാങ്കിനെ അറിയിച്ചതായി ഐസിഐസിഐ ബാങ്ക് പറയുന്നു.ഈ കാലതാമസം മനഃപൂർവമാണെന്നും വായ്പാദാതാക്കളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ബാങ്ക് ആരോപിക്കുന്നു. കൂടാതെ, ഒരു ഓഹരിക്ക് 10 രൂപ എന്ന ഇഷ്യൂ വില ന്യായമായ വിപണി മൂല്യത്തെ പ്രതിഫലിക്കുന്നില്ലെന്നും, ഇത് അനുവദനീയമായ ഏറ്റവും കുറഞ്ഞ വിലയാണെന്നും ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു.

2021 ൽ അദാനി എന്റർപ്രൈസസിന്റെ ഒരു യൂണിറ്റായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ്, GVKAHL ന്റെ മാതൃസ്ഥാപനമായ GVK എയർപോർട്ട് ഡെവലപ്പേഴ്‌സിന്റെ 97.97% വാങ്ങിയപ്പോൾ മിയാലിന്റെന്റെ ഉടമസ്ഥാവകാശ ഘടന മാറി. അവകാശ ഓഹരി ഇഷ്യുവിനെതിരെ സ്ഥിരമായ ഇൻജക്ഷൻ വേണമെന്നും പണയം വച്ച ഇക്വിറ്റിയെ ബാധിക്കുന്ന ഏതെങ്കിലും ഓഹരി വിഹിതമോ നടപടിയോ തടയുന്നതിന് ഇടക്കാല ആശ്വാസം നൽകണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. അവകാശ ഓഹരി ഇഷ്യുവിനായി ലഭിക്കുന്ന ഏതൊരു സബ്‌സ്‌ക്രിപ്‌ഷനും വിഷയം പരിഹരിക്കപ്പെടുന്നതുവരെ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

content summary: ICICI Bank Sues MIAL, Alleges Contract Breach Over Rights Issue

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×