ഗോഡ്ഡയിലെ അൾട്രാ സൂപ്പർ ക്രിട്ടിക്കൽ താപവൈദ്യുത നിലയത്തെ ഇന്ത്യൻ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കാൻ അദാനി പവർ ലിമിറ്റഡിന് (APL) കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. നിലവിലുള്ള കഹൽഗാവ് ലൈനിൽ മാറ്റങ്ങൾ വരുത്തി ഒരു ഓവർഹെഡ് ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഗോഡ്ഡയിലെ ഈ പ്ലാന്റ് ബംഗ്ലാദേശിന് മാത്രമാണ് വൈദ്യുതി നൽകിയിരുന്നത്. ധാക്കയിലെ ഭരണമാറ്റത്തിന് ശേഷം, ഈ വൈദ്യുതി നിലയത്തിൽ നിന്നുള്ള ഉത്പാദനം ഇന്ത്യൻ ആവശ്യങ്ങൾക്കായി കൂടി ഉപയോഗപ്പെടുത്താൻ ആലോചനയുണ്ടായിരുന്നു. പുതിയ ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നതോടെ അത് നടപ്പാക്കപ്പെടുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കാനായി അദാനി ഗ്രൂപ്പിന് ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്1885 പ്രകാരം, ടെലിഗ്രാഫ് അതോറിറ്റിക്കുള്ള അതേ അധികാരങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ട്.
ഇലക്ട്രിസിറ്റി ആക്ട്, 2003 ലെ സെക്ഷൻ 164 ഉപയോഗിച്ചാണ് വൈദ്യുതി മന്ത്രാലയം സെപ്റ്റംബർ 29ന് ഈ അധികാരം അദാനി പവർ ലിമിറ്റഡിന് നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. ഈ അധികാരം ഉപയോഗിച്ച്, ഗോഡ്ഡ പ്ലാന്റിന് ആഭ്യന്തര വൈദ്യുതി വിതരണ കമ്പനികൾക്ക് (Discoms) വൈദ്യുതി വിൽക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കൂടാതെ, ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ 56 ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നതിന് സ്ഥാവര വസ്തുക്കൾക്ക് മുകളിലൂടെയോ താഴെയോ ലൈനുകളും തൂണുകളും സ്ഥാപിക്കാൻ കമ്പനിക്ക് കഴിയും.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 6, 2024ന് അദാനി പവർ ലിമിറ്റഡ് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കത്തെഴുതി. ഇന്ത്യയിലെ വൈദ്യുതി ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ആവശ്യപ്പെടാത്ത സമയങ്ങളിൽ ഈ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഇന്ത്യൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. ഈ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി, കേന്ദ്ര ഊർജ്ജ മന്ത്രാലയം, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA), സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) എന്നിവ അതിവേഗം പല നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തി. ശേഷം വിഷയം കഴിഞ്ഞ ഓഗസ്റ്റ് 10 ന് ഊർജ്ജ മന്ത്രാലയത്തിൽ ചർച്ച ചെയ്യുകയും ഗോഡ്ഡ പ്ലാന്റിന് സ്റ്റാൻഡ്‌ബൈ ഐഎസ്ടിഎസ് കണക്റ്റിവിറ്റി നൽകാൻ തീരുമാനിക്കുകയും ചെയ്തു.
Content Summary: Central government approves Adani’s Godda plant to connect to Indian grid
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.