സ്കൂളിൽ വൈകിയെത്തിയെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരനെതിരെ പ്രതികാര നടപടി സ്വീകരിച്ച തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ പ്രതിഷേധം തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും. പരാതിയറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്കൂളിലെത്തിയിട്ടുണ്ടെന്നാണ് അഴിമുഖത്തിന് ലഭിച്ച വിവരം. സ്കൂളിൽ വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷം ഇരുട്ട് മുറിയിൽ ഒറ്റക്കിരുത്തിയെന്നും തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി കൂട്ടിക്കൊണ്ട് പോകാൻ പറയുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ സ്കൂളിന്റെ നടപടി ശരിയാണെന്ന് ന്യായീകരിക്കുകയാണ് സ്കൂൾ അധികൃതർ. വൈകിയെത്തുന്ന കുട്ടികൾക്ക് ശിക്ഷ നൽകുകയെന്നത് സ്കൂളിലെ നിയമമാണെന്നും രക്ഷിതാക്കളാണ് ടിസി ആവശ്യപ്പെട്ടതെന്നും കൊച്ചിൻ പബ്ലിക് സ്കൂൾ പിആർഒ അഴിമുഖത്തോട് പറഞ്ഞു. രക്ഷിതാക്കൾ കുട്ടികളെ മനപൂർവ്വം വൈകിപ്പിക്കുന്നതാണെന്നും പിആർഒ കുറ്റപ്പെടുത്തി.
‘സ്കൂളിലെ ചട്ടം അനുസരിച്ച് മൂന്ന് തവണയിൽ കൂടുതൽ ക്ലാസിൽ വൈകിയെത്തുന്ന കുട്ടികൾക്ക് ശിക്ഷ നൽകാറുണ്ട്. കൂടാതെ കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും കുട്ടികളെ തിരികെ കൊണ്ടുപോകാൻ പറയുകയും ചെയ്യും. ഇനി വൈകിയെത്തരുതെന്ന് അന്ത്യശാസനയും നൽകാറുണ്ട്. അത് സ്കൂളിലെ നിലനിൽക്കുന്ന നിയമമാണ്. കുട്ടികൾ സമയനിഷ്ഠ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അത് പാലിക്കാതെ വന്നത് കൊണ്ടല്ലേ രക്ഷിതാക്കളെ വിവരമറിയിച്ചതും ശിക്ഷ നൽകിയതും?
വൈകിയെത്തുന്ന കുട്ടികളെ ഞങ്ങൾ ക്ലാസ്മുറിയിലിരുത്തില്ല. രക്ഷിതാക്കൾ വരുന്നത് വരെ കുട്ടികളെ വെയ്റ്റിങ്ങ് റൂമിലിരുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് വെയ്റ്റിങ്ങ് റൂമിൽ ലൈറ്റ് ഉണ്ടായിരുന്നില്ല. പ്രിൻസിപ്പാൾ എത്തിയയുടൻ തന്നെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. വ്യായാമത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു വാം അപ് സെക്ഷൻ നൽകാറുണ്ട്. അതാണ് ഗ്രൗണ്ടിലൂടെ ഓടിച്ചുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്. വൈകിയെത്തുന്ന കുട്ടികളെക്കൊണ്ട് ഒരു റൗണ്ട് ഗ്രൗണ്ടിലൂടെ ഓടിക്കാറുണ്ട്. അതും സ്കൂളിലെ നിയമത്തിന്റെ ഭാഗമാണ്. അത് ചെറിയൊരു ഗ്രൗണ്ടാണ്, അതിലൂടെ ഒന്ന് ഓടാൻ പറയും, അത്ര തന്നെ. ഇതെല്ലാം നേരത്തെ തന്നെ ഞങ്ങളുടെ സ്കൂൾ നിയമത്തിൽ പറഞ്ഞിട്ടുള്ളതാണ്.
മാതാപിതാക്കൾ കൊണ്ടുവരാൻ വൈകുന്നത് കൊണ്ടാണ് തനിക്ക് സമയത്ത് സ്കൂളിലെത്താൻ കഴിയാത്തതെന്ന് കുട്ടി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കൾ രാവിലെ കുട്ടികളെ സ്കൂളിലെത്തിക്കാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടും ടിവി കണ്ടുകൊണ്ടുമിരിക്കും. മനപൂർവ്വം കുട്ടികളെ വൈകിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. സ്കൂൾ ചെയർമാന്റെ കുട്ടികളടക്കം ഇവിടെയാണ് പഠിക്കുന്നത്. ആര് വൈകി വന്നാലും സ്കൂളിലെ നിയമങ്ങൾക്ക് മാറ്റമുണ്ടാകില്ല. അവർക്കും ശിക്ഷ നൽകും. ഇത്രയും പ്രശ്നമുണ്ടാക്കുന്നതിന് പകരം കുട്ടിയെ കൃത്യസമയത്ത് സ്കൂളിലെത്തിച്ചാൽ മതിയായിരുന്നല്ലോ? എല്ലാ സിബിഎസ്സി സ്കൂളുകളിലും ഏകദേശം 7:30 സമയത്താണ് ക്ലാസുകൾ ആരംഭിക്കുന്നത്. അപ്പോൾ ഇത്രയും വൈകി എത്തിയാൽ എങ്ങനെയാണ് അത് ശരിയാവുക. നിലവിൽ സ്കൂളിൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാൽ മാത്രമേ എന്താണ് ഇനിയുള്ള കാര്യമെന്ന് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ.
ഞാൻ കൊച്ചിൻ പബ്ലിക് സ്കൂളിലെ പിആർഒ ആണ്. കുട്ടിയുടെ മാതാപിതാക്കൾ ആരോപണവുമായി ആദ്യം എന്റെയടുത്തേക്കാണ് വന്നത്. കുട്ടിക്ക് ശിക്ഷ നൽകിയത് അനുവദനീയമായ കാര്യമല്ലെന്നും ടിസി വേണമെന്നും രക്ഷിതാക്കളാണ് ഇങ്ങോട്ട് ആവശ്യപ്പെട്ടത്. അല്ലാതെ സ്കൂൾ അധികൃതർ ടിസി വാങ്ങി പോകണമെന്ന് പറഞ്ഞിട്ടില്ല. അവർ ഞങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്നതും ടിസി ആവശ്യപ്പെടുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുമുണ്ട്’, കൊച്ചിൻ പബ്ലിക് സ്കൂൾ പിആർഒ അഴിമുഖത്തോട് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിക്കുകയാണെന്നും സംഭവത്തിൽ കെഎംഎം കോളേജിലെ വിദ്യാർത്ഥി സംഘടനകൾ ഇടപെട്ടിട്ടുണ്ടെന്നും തൃക്കാക്കര വാർഡ് കൗൺസിലർ ദിനൂപ് അഴിമുഖത്തോട് പറഞ്ഞു.
‘കാഠിന്യമുള്ള ശിക്ഷയല്ല കുട്ടിക്ക് നൽകിയതെന്നാണ് സ്കൂൾ അധികൃർ അറിയിച്ചത്. കുട്ടിയെ ഒറ്റയ്ക്കല്ല ഇരുട്ട് മുറിയിൽ ഇരുത്തിയതെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. കുട്ടിക്കൊപ്പം രണ്ട് അധ്യാപകർ കൂടി ഉണ്ടായിരുന്നു. സ്കൂളിൽ ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്. കുട്ടിയോട് സ്കൂൾ ചെയ്തത് തെറ്റാണെന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മാനസികമായി ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചെതെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ കുട്ടിയെ വൈകി വന്നതിന് ശിക്ഷിച്ചത് അവർക്കും കുട്ടിക്കും ഒരുപോലെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കുട്ടികളുടെ മനസിൽ ഇതൊരുപക്ഷേ മുറിവായി കിടന്നേക്കാം. കർശനമായ നിയമങ്ങൾ പിന്തുടരുന്ന സ്കൂളാണിത്. അവർ ആദ്യമേ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അഡ്മിഷൻ നൽകുന്നതും. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിക്കുകയാണ്. കെഎംഎം കോളേജിലെ കെഎസ് യു, എസ്എഫ്ഐ, എംഎസ്എഫ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇപ്പോളും ചർച്ച നടക്കുകയാണ്’, തൃക്കാക്കര വാർഡ് കൗൺസിലർ അഴിമുഖത്തോട് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ ഫോൺ വിളിച്ച് വിവരം അറിയിച്ച സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്കൂളിലെത്തിയിട്ടുണ്ടെന്നും മാതാപിതാക്കളിൽ നിന്നും റിട്ടൺ കംപ്ലൈൻഡ് ലഭിച്ചിട്ടില്ലെന്നും തൃക്കാക്കര പൊലീസ് സ്റ്റേഷൻ അഴിമുഖത്തോട് പ്രതികരിച്ചു. നിലവിൽ സ്കൂളിൽ പ്രതിഷേധം ശക്തമാവുകയാണ്.
Content Summary: complaint against trikkakara school; School management justifies retaliation against fifth standard student
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.