പശ്ചിമേഷ്യന്‍ സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായിക നഗരത്തിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ സമുച്ചയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇതോടെ ആഗോള ഊര്‍ജ്ജ വിപണി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറാന്റെ ആഭ്യന്തര ഊര്‍ജ വിതരണത്തിന്റെ നട്ടെല്ലായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഈ ആക്രമണം ആഗോള ഊര്‍ജ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകമെമ്പാടും വാതക ക്ഷാമത്തിന് വഴിതെളിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ ഖത്തറിന് നേരെ തൊടുത്തത്. ഇതില്‍ നാലെണ്ണവും ഖത്തറിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും ഒരു മിസൈല്‍ റാസ് ലഫാനിലെ അതീവ സുരക്ഷയുള്ള മേഖലയില്‍ പതിച്ചു.
ആക്രമണത്തില്‍ ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി പ്ലാന്റുകള്‍ക്കും ഇന്ധന ശുദ്ധീകരണശാലയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഷെല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 18 ബില്യണ്‍ ഡോളറിന്റെ പേള്‍ ജിടിഎല്‍ പ്ലാന്റിനും ആഘാതമേറ്റിട്ടുണ്ട്.
പ്ലാന്റിലെ ജീവനക്കാരെ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഒഴിപ്പിച്ചിരുന്നതിനാല്‍ ജീവഹാനി ഒഴിവാക്കാനായെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്ലാന്റിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര സേന പരിശ്രമിച്ചുവരികയാണ്.
ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ സ്രോതസ്സായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നീക്കമെന്ന് ടെഹ്റാന്‍ വ്യക്തമാക്കി. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ തങ്ങളുടെ നിയമപരമായ ലക്ഷ്യങ്ങള്‍ ആണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന് നേരെയും ആക്രമണശ്രമം നടന്നു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.
റിയാദിലെ റിഫൈനറി ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ മേഖലയിലെ ഗ്യാസ് പ്ലാന്റ് ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണങ്ങളും പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആഗോള എല്‍എന്‍ജി വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കൈകാര്യം ചെയ്യുന്ന റാസ് ലഫാന്‍ നിശ്ചലമായതോടെ വിപണിയില്‍ ആശങ്ക പടര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 8 ശതമാനം വര്‍ധിച്ച് ബാരലിന് 111.90 ഡോളറിലെത്തി.
ഏഷ്യയിലേയും യൂറോപ്പിലേയും വൈദ്യുതി ഉല്‍പ്പാദനത്തെ ഈ തടസ്സം നേരിട്ട് ബാധിക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കര്‍ ഗതാഗതം നിലച്ചതോടെ ഖത്തര്‍ ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പ്ലാന്റിലെ തകരാറുകള്‍ പരിഹരിച്ച് ഖത്തര്‍ വിപണിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാമെന്ന് കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഖത്തറിന് നേരെ ഇനിയൊരു ആക്രമണം ഉണ്ടായാല്‍ ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് പൂര്‍ണ്ണമായും തകര്‍ക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക തന്ത്രപരമായ എണ്ണശേഖരം തുറന്നുവിടാന്‍ ഉത്തരവിട്ടു.
അതേസമയം, ഇറാന്റെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ ഉത്തരവിട്ടു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഖത്തര്‍ ഈ ആക്രമണത്തെ കാണുന്നത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ മൂന്നിലൊന്ന് വലിപ്പമുള്ള (295 ചതുരശ്ര കിലോമീറ്റര്‍) റാസ് ലഫാന്‍ സമുച്ചയം തകര്‍ന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ മാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.
Content Summary: Iran strikes Qatar’s Ras Laffan: world’s largest LNG plant faces widespread damage