മിഡില്‍ ഈസ്റ്റില്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ധന-വാതക പ്രതിസന്ധി മറികടക്കാന്‍ ശ്രീലങ്ക ആഴ്ച്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനങ്ങളാക്കി ചുരുക്കി. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദ്വീപ് രാജ്യത്തെ എത്തിച്ചത്. ശ്രീലങ്കയെ മാത്രമല്ല, ഈ പ്രതിസന്ധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാകെ ഗുരുതരമായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മുതല്‍ ശ്മശാനങ്ങളിലെ കര്‍മ്മങ്ങള്‍ക്കും വരെ ഉപയോഗിക്കുന്ന എല്‍.പി.ജി ഗ്യാസിനും ഇന്ധനത്തിനും മേഖലയില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ശ്രീലങ്കയില്‍ ബുധനാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയോടും ബുധനാഴ്ച അവധി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമേ രാജ്യത്ത് സ്റ്റോക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്കയില്‍ ഇപ്പോള്‍ ഇന്ധന വിതരണത്തിന് റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ആഴ്ചയില്‍ 15 ലിറ്ററും പൊതുഗതാഗതത്തിന് 200 ലിറ്ററും ഇന്ധനമാണ് അനുവദിച്ചിരിക്കുന്നത്. 2022-ലെ സാമ്പത്തിക പ്രതിസന്ധിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നീണ്ട വരികളാണ് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്.
ബംഗ്ലാദേശിലും പാകിസ്ഥാനിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രനിര്‍മ്മാണ ശാലകള്‍ക്ക് ഇന്ധനം ലാഭിക്കുന്നതിനായി ബംഗ്ലാദേശ് സര്‍വകലാശാലകള്‍ക്ക് റമദാന്‍ അവധി നേരത്തെ പ്രഖ്യാപിക്കുകയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഊര്‍ജ്ജത്തിനായി 85 ശതമാനവും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന പാകിസ്ഥാന്‍, സ്‌കൂളുകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുകയും ഇന്ധന പൂഴ്ത്തിവെപ്പ് തടയാന്‍ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലും പാചകവാതക വിതരണത്തില്‍ വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എന്നാല്‍ പരിഭ്രാന്തി വേണ്ടെന്നും ക്ഷാമമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ വഴി രണ്ട് ഗ്യാസ് ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി ലഭിച്ചത് നേരിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ നേരിട്ടുള്ള ചര്‍ച്ചകളാണ് ഇതിന് വഴിയൊരുക്കിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നീണ്ടുനിന്നാല്‍ അത് മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ക്കുമെന്ന ആശങ്ക ശക്തമാണ്.
Content Summary: Fuel and gas crisis: Sri Lanka cuts work week to four days. closure of strait of Hormuz affect India, Pakistan, Sri Lanka
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.