കണ്ണേ കരളേ വിഎസ്സേ…
ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ…
ആര് പറഞ്ഞു മരിച്ചെന്ന്,
ജീവിക്കുന്നു ഞങ്ങളിലൂടെ…
നെഞ്ചുരുകിയുള്ള മുദ്രാവാക്യം വിളികള്‍. പ്രായഭേദമന്യേ അതേറ്റു വിളിക്കുന്നവര്‍. എകെജി പഠന കേന്ദ്രത്തിനു മുന്നില്‍ രാത്രി ഒരു മണിയോടടുത്തും നീണ്ട മനുഷ്യ നിര. വിഎസ് എന്ന രണ്ടക്ഷരത്തിന് കേരള ജനതയുടെ മനസിലുള്ള അര്‍ത്ഥത്തിനും വ്യാപ്തിക്കും തെളിവായിരുന്നു തിങ്കളാഴ്ച്ച വൈകിട്ടു മുതല്‍ തലസ്ഥാനനഗരി.
ദര്‍ബാര്‍ ഹാളില്‍ ഒമ്പതു മണിയോടെ പൊതുദര്‍ശനം ആരംഭിക്കുമെന്നാണ് വിവരം. ഉച്ചവരെ വിഎസ് അവിടെ കാണും. രണ്ടരയ്ക്ക് വിഎസിന്റെ മൃതദേഹം ആലപ്പുഴയിലേക്ക് വിലാപയാത്രയോടെ കൊണ്ടു പോകും. ദര്‍ബാര്‍ ഹാളില്‍ വിഎസിനെ കാണാന്‍ പുലര്‍ച്ചെ മുതല്‍ ആളുകള്‍ കാത്തു നില്‍ക്കുകയാണ്. ഇന്നലെ കാണാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെ. വിഎസിനെ കണ്ടേ മടങ്ങൂ എന്ന വാശിയോടെ.
ഒന്നു കാണണം, ഒരവകാശം പോലെ, ലക്ഷ്യം പോലെ ഓരോ മനുഷ്യനും വിഎസിനെ തേടിയെത്തുകയാണ്. എത്ര കാത്തു നില്‍ക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. തിരുവന്തപുരത്തെ വിഎസ്സിന്റെ ‘ വേലിക്കകതത്ത്’ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകേണ്ട സമയം അതിക്രമിച്ചിട്ടും പഠന കേന്ദ്രത്തിന് മുന്നില്‍ നിര അനന്തമായി നീണ്ടു കിടക്കുകയായിരുന്നു. നേതാക്കള്‍ മൈക്ക് കെട്ടി അഭ്യര്‍ത്ഥന നടത്തി. പന്ത്രണ്ടു മണിയോടെ അടുത്താണ് വിഎസ്സിനെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്. അവിടെയും പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പ്രിയ നേതാവിനെ കാണാനുള്ള സൗകര്യം ഒരുക്കി കൊടുത്തിരുന്നു.
എകെജി പഠന കേന്ദ്രത്തിന് പുറത്തേക്ക് മൃതദേഹം എടുക്കുമ്പോഴും പുരുഷാരം മുദ്രാവാക്യം മുഴക്കി അവിടെ മുഴുവന്‍ നിറഞ്ഞിരുന്നു. കാണാനെത്തിയവരില്‍ ഭൂരിഭാഗത്തിനും അപ്പോഴും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ആര്‍ക്കും പരിഭവമില്ല. അവര്‍ ആവേശത്തോടെ നില്‍ക്കുകയായിരുന്നു. വിഎസ് ഒരു പൊതുവേദിയിലേക്ക് എത്തുമ്പോള്‍ എങ്ങനെയായിരുന്നു അന്തരീക്ഷം മാറിയിരുന്നത്, അതേ അവസ്ഥ തന്നെയായിരുന്നു. സഖാവ് ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടെന്നപോലെ.
വിഎസ് ഇനിയില്ല എന്ന വാര്‍ത്ത വന്നതോടെ, അപ്രതീക്ഷിതമായി ആര്‍ത്തലച്ചു വരുന്നൊരു കടല് പോലെയായിരുന്നു തിരുവനന്തപുരം നഗരത്തില്‍ ജനം നിറഞ്ഞത്. എല്ലാത്തരും മനുഷ്യരുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ തൊട്ട് പ്രായമായവര്‍ വരെ, കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ, സാധാരണ തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ. ജോലി കഴിഞ്ഞെത്തിയവരും ജോലി ഉപേക്ഷിച്ചു വന്നവരും. പ്രായമോ സയമോ ഒന്നും അവര്‍ക്ക് തടസമായിരുന്നില്ല, കാണാന്‍ കഴിയുമോ എന്ന ഉറപ്പുമില്ലായിരുന്നു. എന്നിട്ടും അവര്‍ കാത്തു നില്‍ക്കുകയായിരുന്നു. അതായിരുന്നു, ഈ സ്‌നേഹത്തിന്റെ അവകാശിയായിരുന്നു കേരളത്തിന്റെ വിഎസ്.
വളരെ അച്ചടക്കത്തോടെ, എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് അച്ചടക്കമുള്ള മനുഷ്യരായി നിന്നായിരുന്നു വിഎസിന് വേണ്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. അതിവൈകാരികതയുടെ നാടകീയ ദൃശ്യങ്ങളൊന്നുമില്ല. ഉള്ളില്‍ സങ്കടം തികട്ടി വരുന്നവരുണ്ട്, പക്ഷേ പൊട്ടിയൊഴുകാന്‍ അനുവദിക്കുന്നില്ല. അവര്‍ക്കറിയാം, വിഎസിനെ എങ്ങനെ വേണം യാത്രയാക്കാനെന്ന്.
വിഎസിനെ കാണാന്‍ കാത്തു നില്‍ക്കുന്ന ഓരോ മനുഷ്യരും അദ്ദേഹത്തെ കുറിച്ച് വാചാലരാകുന്നതാണ് ചാനല്‍ കാമറകളിലൂടെ കേരളം കണ്ടത്. ഒരു നേതാവിനെ കുറിച്ച് ഓരോ മനുഷ്യനും പറയാന്‍ ഒട്ടേറേ കാര്യങ്ങള്‍, വിശേഷണങ്ങള്‍, അവരുടെ നിരാശ, ആവേശം; ഇത്രയൊക്കെ നേടിയെടുക്കാന്‍ എത്ര നേതാക്കള്‍ക്ക് സാധിക്കും? വിഎസിന്റെ പ്രാധാന്യം അതായിരുന്നു. VS Achuthanandan receives Kerala’s final tribute
Content Summary; VS Achuthanandan receives Kerala’s final tribute
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.