മണിക്കൂറുകളായി കേരള ജനതയുടെ നാവുകളിൽ നിറയുന്ന രണ്ടക്ഷരം വിഎസ് എന്നാണ്. വിലാപയാത്രക്കൊപ്പം കേരളക്കരയൊട്ടാകെ ഒപ്പം ചേരുകയാണ്. അച്ഛനമ്മമാർക്കൊപ്പമെത്തിയ കുട്ടികളും വിഎസിന് വേണ്ടി അഭിവാദ്യങ്ങളർപ്പിക്കുന്നതാണ് വിഎസ് എന്ന വിപ്ലവ നേതാവിന്റെ യശസ് വീണ്ടും ഉയർത്തുന്നത്. അച്ഛന്റെ തോളത്തിരുന്നും മുത്തശ്ശിയുടെ കൈപിടിച്ചും അമ്മയുടെ കൈകളിലിരുന്നു അവർ വിളിച്ചു പറയുന്നത് വിഎസ് മരിക്കുന്നില്ലായെന്നാണ്.
വി എസ് വിടവാങ്ങുന്നതോടെ കമ്മ്യൂണിസം തീർന്നെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് പുതിയ തലമുറയുടെ വാക്കുകൾ. അവരുടെ മനസുകളിൽ വിഎസിന്റെ സ്ഥാനം എത്രത്തോളമുണ്ടെന്ന് ഓരോ വാക്കുകളും വ്യക്തമാക്കുന്നു.
വിലാപയാത്രയ്ക്കിടയിൽ വിഎസിനെ കാണാൻ എത്തിയ കുട്ടികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്, ‘വിഎസിനെ കണ്ടിട്ടേ പോകുവെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഞങ്ങളിവിടെ നിൽക്കുന്നത്. വിഎസിനെ ഇത്രയും ഇഷ്ടപ്പെടുന്നതിൽ കാരണവുമുണ്ട്. പുന്നപ്ര – വയലാർ സമരത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. 1976ൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രയത്നിച്ചിട്ടുള്ളയാളാണ് വിഎസ്. കർഷകർക്ക് വേണ്ടി പ്രയത്നിച്ചിട്ടുള്ള വിഎസ്, തൊഴിലാളിവർഗത്തിന് മാതൃകയാണ് അദ്ദേഹം. എല്ലാവർക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ള കേരളത്തിന്റെ പൊന്ന് മുഖ്യമന്ത്രിയാണ്. വിപ്ലവ സൂര്യനാണ്, വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് വിഎസ്’ .
വിലാപയാത്ര പാരിപ്പളളിയിലെത്തിയ സമയം, മകന ചുമലിലിരുത്തി മഴയത്ത് വിഎസിനെ കാണാനെത്തിയ ഒരച്ഛനും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കുഞ്ഞ് നനയുന്നുണ്ടല്ലോ എന്ന ചേദ്യത്തിന് അവൻ നനഞ്ഞോട്ടെ, സാരമില്ല,അതിനേക്കാൾ കൂടുതൽ ക്രൂര മർദനങ്ങൾക്ക് നനഞ്ഞയാളാണ് വിഎസ്. അദ്ദേഹത്തെ കാണുക എന്നത് അവസാനത്തെ നന്മയുള്ള മനുഷ്യനെ കാണുക എന്നതാണ് എന്നാണ് അയാൾ മറുപടി പറഞ്ഞത്. തലമുറകളോളം വിഎസ് ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്നതിനുള്ള തെളിവാണ് ഈ സ്നേഹം.
Content Summary: The younger generation embraces V.S. Achuthanandan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.