June 03, 2026 |
Avatar
അമർനാഥ്‌
Share on

ഇടതും വലതുമല്ലാത്ത കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി; പട്ടം താണുപിള്ള

നേതാവാകാന്‍ വേണ്ടി പിറന്ന മനുഷ്യന്‍ അത് പട്ടം താണുപിള്ളയാണ്

കേരളത്തിന്റെ ഇടതോ വലതോ അല്ലാത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പട്ടം താണുപിള്ള. മുഖ്യമന്ത്രി പദത്തിന്റെ നിലയും വിലയും ആദ്യമായി വേറിട്ടതാക്കിയ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്നു പട്ടത്തിന്റെ രാഷ്ട്രീയ ജീവിതം. മുഖ്യമന്ത്രി പദത്തിന്റെ ഗര്‍വ്വും, ഗരിമയും, പകിട്ടും ആദ്യമായി ജനം കാണുന്നതും കേള്‍ക്കുന്നതും പട്ടം താണുപിള്ള എന്ന മുഖ്യമന്ത്രിയിലൂടെയാണ്.

എല്ലായ്‌പ്പോഴും മുഖ്യമന്ത്രി അല്ലെങ്കില്‍ നേതാവ്. നയിക്കപ്പെടുന്നവനല്ല, എന്നും നയിക്കുന്നവന്‍. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമായി കാണുന്ന ഒരു സ്ഥാനമോ പദവിയോ ആണ് ഈ പറഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ അത്തരത്തില്‍ ഒരാളെ ഉണ്ടായിട്ടുള്ളൂ. നേതാവാകാന്‍ വേണ്ടി പിറന്ന മനുഷ്യന്‍ അത് പട്ടം താണുപിള്ളയാണ്. കേരള രാഷ്ട്രീയത്തില്‍ ആദ്യമായി ഇത് പ്രകടമാക്കിയതും അദ്ദേഹം തന്നെ.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡൻ്റ് പട്ടം താണു പിള്ള

പട്ടം താണുപിള്ളയെന്ന നേതാവ് സംഘടനയിലാണെങ്കില്‍ പ്രസിഡന്റ്, മന്ത്രിസഭയിലാണെങ്കില്‍ മുഖ്യമന്ത്രി, ഡലിഗേഷനുകളിലാണെങ്കില്‍ നേതാവ് – നേതൃത്വത്തിനായി ജനിച്ച ജനനേതാവായിരുന്നു പട്ടം താണുപിള്ള. ഇടതും വലതുമല്ലാത്ത കേരള സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി. മുഖ്യമന്ത്രി പദത്തിന്റെ ഗര്‍വ്വും ഗരിമയും ആദ്യമായി ജനം കാണുന്നതും കേള്‍ക്കുന്നതും അപ്പോഴാണ്.

മുഖ്യമന്ത്രി പൊതുയിടങ്ങളില്‍ പെരുമാറുന്നത്, അധികാരസ്ഥാനത്തിരുന്ന് സഹമന്ത്രിമാരെ, പത്രപ്രവര്‍ത്തകരെ, ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നത് തുടങ്ങിയവ വിവാദമായിക്കഴിഞ്ഞ ഇക്കാലത്ത് പലപ്പോഴും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പെരുമാറ്റ രീതികളും. പത്രക്കാരുടെ ചില ബാലിശമായ ചോദ്യങ്ങളെ ലളിതമായി മറുപടിയില്‍ നേരിട്ട് ‘നിങ്ങളുടെ ബുദ്ധി വൈഭവത്തില്‍ എനിക്ക് ബഹുമാനമുണ്ട്’ എന്ന് മാത്രം പറഞ്ഞ ഇം എം എസ് എന്ന മുഖ്യമന്ത്രിയില്‍ നിന്ന് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ മറ്റൊരു മുഖ്യമന്ത്രിയിലേക്കുള്ള മാറ്റം ഏറെയാണ്.

എന്നാല്‍, കോണ്‍ഗ്രസ്സോ കമ്യൂണിസ്റ്റോ അല്ലാത്ത തിരുകൊച്ചിയിലെ പ്രധാനമന്ത്രിയായും കേരള സംസ്ഥാനത്തെ മുഖ്യമന്ത്രിയായായും ഭരിച്ച പട്ടം താണുപിള്ളയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ സമീപനവും പെരുമാറ്റ രീതികളും എങ്ങനെയായിരുന്നു ?

‘പത്രങ്ങള്‍’ അദ്ദേഹത്തിന് കടലാസ് ആയിരുന്നു. പത്രലേഖകന്റെ മുഖത്ത് നോക്കി തന്നെ, ചോദിക്കും ഏത് കടലാസാ? ഇത് കുറെ തവണയായപ്പോള്‍ അന്നത്തെ ദേശാഭിമാനി ലേഖകനായ പവനന്‍ ഈ സ്ഥിരം ചോദ്യം കേട്ട് ഒരു പത്രസമ്മേളനത്തില്‍ കലികയറി തിരിച്ചടിച്ചു. ‘ഞാന്‍ കടലാസ് ലേഖകനല്ല, പത്രലേഖകനാണ്’.

1938 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് പുളിമൂട്ടില്‍ രാഷ്ട്രീയ ഹോട്ടല്‍ എന്നറിയപ്പെട്ട ഒരു ചെറിയ കടയുടെ മുകളില്‍ എ. നാരായണപിള്ളയുടെ വക്കീലാ ഫീസില്‍ സി.വി. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പിന്നീട് തിരുവിതാംകൂറില്‍ സ്വാതന്ത്ര സമരത്തില്‍ ആളിപ്പടര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. സംഘടനയുടെ പ്രസിഡന്റായി അന്ന് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത് അന്ന് വക്കീല്‍ പണി ഉപേക്ഷിച്ച പട്ടം എ താണുപിള്ള അമ്പത്തിമൂന്നുകാരനായ ഊര്‍ജ്ജ്വസ്വലനെയായിരുന്നു. അവിടെ നിന്നു തുടങ്ങുന്നു പട്ടം താണു പിള്ളയെന്ന തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്റെ വളര്‍ച്ച.

തിരുവിതാംകൂര്‍ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് ഗവര്‍ണര്‍, ആന്ധ്ര ഗവര്‍ണര്‍, നാല്പതു വര്‍ഷം നിയമസഭാംഗം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്, അതിപ്രഗല്ഭനായ അഭിഭാഷകന്‍, ജനപ്രിയനായ നേതാവ് കേരള രാഷ്ട്രീയത്തില്‍ അങ്ങനെ പലതരത്തില്‍ നിറഞ്ഞുനിന്നു പട്ടം താണുപിള്ള രാഷ്ട്രീയ ഭീഷ്മാചാര്യന്‍. എന്നും മറ്റുമുള്ള വിശേഷണങ്ങള്‍ പോലും അദ്ദേഹത്തിന്റെ പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭമാണ്. തിരുവിതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യര്‍പോലും പട്ടം താണു പിള്ളയുടെ വ്യക്തിത്വത്തിനു മുന്നില്‍ മുട്ടുമടക്കിയ ചരിത്രമാണ്.

സംഘടനയിലാണെങ്കില്‍ പ്രസിഡന്റ്, മന്ത്രിസഭയിലാണെങ്കില്‍ മുഖ്യമന്ത്രി, ഡലിഗേഷനുകളിലാണെങ്കില്‍ നേതാവ് – നേതൃത്വത്തിനായി ജനിച്ച ജനനേതാവായിരുന്നു പട്ടം താണുപിള്ള. കേരള സംസ്ഥാനത്തെ ഇടതും വലതുമല്ലാത്ത ആദ്യത്തെ മുഖ്യമന്ത്രി.

തിരുവിതാം കൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികൾ പട്ടം താണു പിള്ള, സി.കേശവൻ, ടി.എം. വർഗീസ്

തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയ പ്രഗത്ഭ വാഗ്മിയും പത്രപ്രവര്‍ത്തകനും സ്വാതന്ത്ര സമര സേനാനിയും പട്ടം താണുപിള്ളയുടെ അടുത്ത രാഷ്ട്രീയ സഹപ്രവര്‍ത്തകനുമായിരുന്ന സി നാരായണ പിള്ള പട്ടത്തെക്കുറിച്ച് എഴുതി:

”താണുപിള്ള എല്ലാവരാലും അറിയപ്പെട്ടിരുന്ന ഒരു നേതാവായിരുന്നു. ശാരീരികമായും ബുദ്ധിപരമായും വ്യക്തിപരമായും ഒരു നേതാവിനുവേണ്ട എല്ലാ സിദ്ധികളുമദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്ന നിലയില്‍ മാത്രമാണ് പ്രശസ്തി അദ്ദേഹമാജ്ജിച്ചത്. തിരുവനന്തപുരം താലൂക്കില്‍ വ്യക്തിപരമായി ഗണ്യമായ സ്വാധീനശക്തി അദ്ദേഹത്തിന് എല്ലാ കാലത്തുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുക അസാദ്ധ്യമായിരുന്നു”.

അതുപോലെതന്നെ, ഒരു ജനകീയ മന്ത്രിസഭയിലാണെങ്കില്‍ മുഖ്യമന്ത്രി പദം, സമന്മാരിലാദ്യനെന്ന പദവിയായിട്ടല്ല, സമന്മാരില്ലാത്ത ആദ്യന്‍ എന്ന നിലയിലാണദ്ദേഹം സ്വയം പരിഗണിച്ചത്. തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റായ പട്ടം താണുപിള്ളയുടെ പ്രസംഗങ്ങളും പ്രസ്താവനകളും, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വരെ എഴുതിയിരുന്ന പ്രഗല്‍ഭനായ എഴുത്തുകാരനായിരുന്നു സി.നാരായണ പിള്ള. അധികാര സ്ഥാനമാനഭ്രമങ്ങളില്ലാത്തതിനാലും കോണ്‍ഗ്രസ്സിലെ ഉപജാപങ്ങളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നിരുന്ന സി. നാരായണ പിള്ളയെ പട്ടം താണുപിള്ള എന്നും വിശ്വാസത്തിലെടുത്തിരുന്നു.

1960 ലെ മന്ത്രിസഭാംഗങ്ങൾ, മുഖ്യമന്ത്രി പട്ടം താണു പിള്ളയോടൊപ്പം

‘മിക്കവാറും ആരംഭം മുതല്‍ തന്നെ ജനങ്ങളദ്ദേഹത്തെ ”താണുപിള്ളദളവ’ എന്നു വിളിച്ചുതുടങ്ങിയിരുന്നു. ജനാധിപത്യത്തിലെ നിയന്ത്രണങ്ങളും അധികാരപരിമിതിയും അദ്ദേഹത്തെ അസഹ്യപ്പെടുത്തുകയാണ് ചെയ്തത്. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെ അധികാരകാംക്ഷിയായിരുന്നു എന്നു പറഞ്ഞാല്‍ അതു ശരിയായിരിക്കയില്ല. ജനങ്ങള്‍ക്കു നന്മചെയ്യാന്‍ എപ്പോഴുമദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ നന്മ എന്തായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരിക്കണമെന്ന് മാത്രം.

‘ജനാധിപത്യത്തിലെ നിയന്ത്രണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും ഒരു വെല്ലുവിളിയായിരുന്നു. നേതാക്കന്മാരുടെ കര്‍ത്തവ്യം ജനങ്ങളെ നയിക്കയാണെന്നും അവരെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്കവകാശമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം. സാമാന്യജനങ്ങളെ അവജ്ഞയോടെ വീക്ഷിക്കാന്‍ കഴിയാത്തവയ്ക്കും നല്ല ഭരണാധികാരികളാകാന്‍ കഴിയുകയില്ലെന്നുള്ള ആര്‍തര്‍ ജെയിംസ് ബാല്‍റുടെ അഭിപ്രായം സ്മരണയില്‍ വരുന്നു’ പട്ടത്തെ കുറിച്ച്
സി നാരായണ പിള്ള എഴുതി.

ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ വെട്ടേറ്റ് തിരുവിതാംകൂര്‍ വിടുകയും, തിരുവിതാംകൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും ചെയ്തു. മഹാരാജാവ് ഉത്തരവാദിത്വ ഭരണം പ്രഖ്യാപിച്ച് ഇടക്കാല ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. പട്ടം താണുപിള്ള, കേശവന്‍, ടി.എം വര്‍ഗീസ് എന്നീ ത്രിമൂര്‍ത്തികളായിരുന്നു തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ നെടുംതൂണുകള്‍. തെരഞ്ഞെടുപ്പ് നടന്നാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയും പട്ടം താണുപിള്ളയായിരിക്കുമെന്ന് സര്‍വ്വരും അംഗീകരിച്ച വസ്തുതയായിരുന്നു.

പറവൂർ ടി.കെ. നാരായണ പിള്ള

മുതിര്‍ന്ന മറ്റൊരു നേതാവായ പറവൂര്‍ ടി.കെ. നാരായണ പിള്ള, ജോണ്‍ ഫിലിപ്പോസ്, ഗംഗാധരമേനോന്‍, സി ചന്ദ്രശേഖര പിള്ള എന്നിവരൊക്കെ ചേര്‍ന്ന് ഒരു ദിനപത്രം തുടങ്ങാന്‍ തീരുമാനിച്ചു. ‘സ്വതന്ത്ര കാഹളം’ എന്ന് പേരിട്ട പത്രത്തിന്റെ എഡിറ്റര്‍ സി.നാരായണ പിള്ളയായിരുന്നു. പത്രത്തിന്റെ ഉല്‍ഘാടനം കേമമാക്കി നടത്താന്‍ ഡയറക്ടര്‍മാര്‍ തീരുമാനിച്ചു. ഉദ്ഘാടനം നടത്തേണ്ടത് മറ്റാരുമല്ല. നാട് ഭരിക്കാന്‍ പോകുന്ന പട്ടം താണുപിള്ള തന്നെ.

പുതിയ ദിനപത്രമായ സ്വതന്ത്ര കാഹളത്തിന്റെ ഡയറക്ടര്‍മാരായ പറവൂര്‍ ടി.കെ നാരായണപിള്ള, ഗംഗാധരമേനോന്‍, പത്രത്തിന്റെ എഡിറായ സി നാരായണ പിള്ള എന്നിവര്‍ താണു പിള്ളയെ അദ്ദേഹത്തിന്റെ പട്ടത്തെ വസതിയില്‍ നേരിട്ട് ക്ഷണിക്കാന്‍ ചെന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നില്ലെങ്കിലും പട്ടം താണുപിള്ളയെ ഉത്തരവാദഭരണപ്രഖ്യാപനദിനം മുതല്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിട്ടാണ് സാധാരണ ജനങ്ങള്‍ വീക്ഷിച്ചത്. അദ്ദേഹമാകട്ടെ ആ പദവി നടിക്കാനും തയാറായിരുന്നു.

ടി കെ യും സംഘവും പട്ടത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം, ആര്‍. ശങ്കറുമായി ചര്‍ച്ചയിലായിരുന്നു. തന്റെ പഴയ മിത്രങ്ങളും സ്വാതന്ത്യസമരത്തില്‍ ഒന്നിച്ച് പോരാടിയ സഹപോരാളികളെ കണ്ടിട്ടും പഴയ സൗഹാര്‍ദ്ദം കാണിക്കാനോ വന്ന കാര്യം തിരക്കാനോ അദ്ദേഹം തുനിഞ്ഞില്ല. ടി.കെയും സംഘവും കുറേനേരം കാത്തുനിന്നു. പട്ടം പുറത്ത് പോകാനായി വന്നപ്പോള്‍ താണുപിള്ള അവരെ കണ്ടു. എങ്കിലും സംസാരിക്കാന്‍ പോലും നില്‍ക്കാതെ അദ്ദേഹം കാറില്‍ ചെന്നുകയറി. ഇനിയും കാത്തുനില്ക്കുന്നത് ശരിയല്ലെന്ന് കരുതി ടി.കെയും കൂട്ടരും അദ്ദേഹത്തെ സമീപിച്ചു. ഗാംഭീര്യം നിറഞ്ഞ മുഖഭാവത്തോടുകൂടി അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ടി.കെ അദ്ദേഹത്തിനോട് പറഞ്ഞു ”സ്വതന്ത്രകാഹള’മെന്നൊരു പത്രം ഞങ്ങള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കയാണെന്നും പത്രത്തിന്റെ ഉദ്ഘാടനം അദ്ദേഹത്തെക്കൊണ്ട് നിര്‍വഹിപ്പിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു”.
പട്ടം ഉടനെ മറുപടി പറഞ്ഞു
”ഞാനതിനെപ്പറ്റി ഒന്നും അറിഞ്ഞിട്ടില്ല. നിങ്ങളെന്നോടാലോചിച്ചല്ല പത്രം തുടങ്ങുന്നത്”.
അത് ഒരു കോണ്‍ഗ്രസ്സ് പത്രമോ കോണ്‍ഗ്രസ്സിന്റെ മുഖപത്രമോ ജിഹ്വയോ അല്ലെന്നും സ്വകാര്യ – വ്യക്തികളുടെ ഒരു പത്രമാണെന്നും ടി.കെ. മറുപടി പറഞ്ഞു.
പട്ടത്തിന്റെ ധാര്‍ഷ്ട്യം കണ്ട് കലിവന്ന സി. നാരായണപിള്ള ഉടനെ പറഞ്ഞു ”ഇത് അങ്ങയെ അറിയിക്കാനാണ് ഞങ്ങള്‍ വന്നത്, അറിയിക്കാനുദ്ദേശ്യമുണ്ടായിരുന്നില്ലെങ്കില്‍ വരുമായിരുന്നില്ല” എന്നും പറഞ്ഞു .
”ഞാന്‍ വരുന്നില്ല, ഉദ്ഘാടനം നടത്താന്‍ തയ്യാറുമല്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ വെട്ടിത്തുറന്ന സംക്ഷിപ്തമായ മറുപടി. അതിനുശേഷം, കാറോടിക്കാന്‍ അദ്ദേഹം ഡ്രൈവറോടാജ്ഞാപിച്ചു.

തിരുവിതാംകൂറിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾ ടി.എം. വർഗീസ് പ്രധാനമന്ത്രിയായ പട്ടം താണു പിള്ള, സി കേശവൻ

‘തിന്നാനും കുടിക്കാനും പെണ്ണുകെട്ടാനും, പട്ടം താണുപിള്ളയോട് ആലോചിക്കാതെ തിരുവിതാംകൂറിലാര്‍ക്കും അവകാശമില്ലെന്നും ചിന്തിക്കാനുള്ള അഹന്ത അദ്ദേഹത്തെ കീഴടക്കിയിരുന്നു എന്നാണല്ലോ ഇതിനര്‍ത്ഥം.? ഞങ്ങള്‍ വിഷണ്ണരായി തിരിച്ചുപോന്നു. പട്ടംതാണുപിള്ളയെ എതിര്‍ക്കാനും, കഴിയുമെങ്കില്‍ പ്രധാനമന്ത്രിപദം അദ്ദേഹത്തിന്റെ പിടിയില്‍നിന്നു തട്ടിനീക്കാനുമാണ് ഞങ്ങള്‍ പത്രമാരംഭിക്കാന്‍ പോകുന്നതെന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. സമകാലീനനായ നേതാവ് ടി. എം വഗ്ഗീസ് ഈ പത്രമാരംഭിക്കാനുള്ള സമാരംഭത്തെ അനുകൂലിച്ചിരുന്നതുകൊണ്ട് പത്രമദ്ദേഹത്തിന്റെ വകയായിരിക്കുമെന്നും താണുപിള്ള സംശയിച്ചിരിക്കാം. ഫിലിപ്പോസ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നത് കൊണ്ട് പത്രം ക്രിസ്ത്യാനികളുടെ ജിഹ്വയായിരിക്കുമെന്നും, ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം ധരിക്കുകയോ, മറ്റു ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിരിക്കാം.

ഞങ്ങളെപ്പോലുള്ള നായര്‍ സമുദായാംഗങ്ങള്‍ വ്യക്തിത്വമില്ലാത്തവരും ബുദ്ധിശൂന്യരുമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നിരിക്കണം. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അക്കാലത്തെ ‘ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സ്’ മുദ്രാവാക്യവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായി, നായന്മാരായ ഞങ്ങളിലേതാനും ചിലര്‍, അദ്ദേഹത്തിന്റെ അനുഗ്രഹവും ആശിസ്സും ഉപദേശവും മുന്‍കൂട്ടി സ്വീകരിക്കാതെ പത്രമാരംഭിക്കുന്നത് ദുരുദ്ദേശപരമാണെന്നദ്ദേഹം ധരിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നും തന്നെ മറിച്ചിടാനുള്ള ഒരു തീവ്രയത്‌ന പരിപാടിയിലാണ് പഴയ സംയുക്തകക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പട്ടം ഉറച്ചു വിശ്വസിച്ചു. തനിക്കെതിരെ രൂപംകൊണ്ട വരെ സ്വതന്ത്ര കാഹളം ഗ്രൂപ്പ് എന്ന് അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചു’ സി. നാരായണ പിള്ള എഴുതി.

എന്നാല്‍ പട്ടത്തിന്റെ അധികാര ഗര്‍വിനെതിരെ തുടക്കത്തിലെ വിമര്‍ശനമാരംഭിച്ചു. പട്ടത്തിന്റെ ഔദ്യേഗിക വസതിയായ റെസിഡന്‍സിയിലേക്ക് കേരളത്തിലെ ഏറ്റവും ആദരണീയനായ നേതാവായ കെ. കേളപ്പന് പ്രവേശനം നിഷേധിച്ചു. തിരുവിതാംകൂറിലെ അനിഷേധ്യ നേതാവായ കുമ്പളത്ത് ശങ്കു പിള്ളയ്ക്കും റെഡിഡന്‍സിയില്‍ വന്നപ്പോള്‍ താണുപിള്ളയെ കാണാന്‍ അനുമതി നിഷേധിച്ചു. ഇതൊക്കെ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആറാട്ടാഘോഷത്തില്‍ കിന്നരിത്തലപ്പാവ് ധരിച്ച് പ്രധാനമന്ത്രിയായ പട്ടം താണു പിള്ള പങ്കെടുത്തത് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ അവജ്ഞയുണ്ടാക്കി.

1960 ൽ മുഖ്യമന്ത്രിയായ പട്ടം ഒരു യോഗത്തിൽ പ്രസംഗിക്കുന്നു – വേദിയിൽ ഒപ്പം മന്ത്രിയായ കെ. ചന്ദ്രശേഖരൻ

തന്റെ രണ്ടു സഹമന്ത്രിമാര്‍ക്ക് രണ്ടു ഗുമസ്തന്മാര്‍ എന്നതില്‍ക്കവിഞ്ഞ പദവിയൊന്നുംതന്നെ താണുപിള്ള കല്പിച്ചിരുന്നില്ല. സഹമന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞു വയ്ക്കുക, അവരുടെ ഉത്തരവുകള്‍ ഭേദഗതി ചെയ്യുക, അദ്ദേഹത്തിന് ഹിതകരമല്ലാത്ത ഉത്തരവുകള്‍ പൂഴ്ത്തിവയ്ക്കുക ഇവയൊക്കെ താണുപിള്ള സാധാരണയായി സ്വീകരിക്കുന്ന നടപടികളാണ്. സഹമന്ത്രിമാരുടെ എല്ലാ ഫയലുകളും തന്റെ മുമ്പിലയയ്ക്കണമെന്ന് പോലും അദ്ദേഹം സെക്രട്ടറിയേറ്റിനു നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രേ.

മന്ത്രിമാരായ ടി.എം വര്‍ഗീസും സി കേശവനും പാസ്സാക്കുന്ന ഉത്തരവുകള്‍ പോലും നടപ്പിലാക്കാന്‍ സാദ്ധ്യമല്ലെന്ന നില വന്നതോടുകൂടി അവര്‍ ക്ഷുഭിതരായിത്തീര്‍ന്നു. പ്രധാനമന്ത്രിയുടെ അധികാരം ചോദ്യം ചെയ്യേണ്ട നില വന്നതോടു കൂടി അഭിപ്രായ ഭിന്നതകള്‍ ക്യാബിനറ്റില്‍ ഉത്ഭവിച്ചു. പ്രധാനമന്ത്രിക്കും, മുന്‍കാലങ്ങളില്‍ ദിവാന്‍ജിക്കെന്ന പോലെ, ഏത് ഉത്തരവുകളും പരിശോധിക്കാനും ഭേദഗതിചെയ്യാനും അധികാരമുണ്ട് എന്നായിരുന്നു പട്ടം താണുപിള്ളയുടെ വാദം. അഭിമാനമുള്ള ഒരു സഹമന്ത്രിക്കും ഇങ്ങനെയൊരു വാദം സ്വീകരിക്കാന്‍ സാദ്ധ്യമല്ലല്ലോ. കൂടാതെ പട്ടം നടത്തിയ ചില നിയമനങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി എതിര്‍ത്തു.

ദിനപത്രങ്ങള്‍ പട്ടത്തിന് നേരെ തിരിഞ്ഞു. കേരളകൗമുദി രൂക്ഷമായ ഭാഷയില്‍ പട്ടത്തിനെതിരെ മുഖപ്രസംഗം എഴുതി ‘ശ്രീ പട്ടം രാജി വെയ്ക്കണം അല്ലെങ്കില്‍ വെയ്പ്പിക്കും’ കോണ്‍ഗ്രസിലെ ഉന്നത നേതാവും എം.എല്‍.എ.യുമായ കെ. ചെല്ലപ്പന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ‘യുവകേരളം’ പട്ടം മന്ത്രിസഭയെ ശക്തിയായി എതിര്‍ത്തു. യുവ കേരളത്തിന്റെ തിരുവനന്തപുരത്തെ പ്രതിനിധിയുടെ പട്ടം മന്ത്രിസഭയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ വന്‍ ചലനമുണ്ടാക്കി. കാമ്പിശ്ശേരി കരുണാകരനായിരുന്നു ആ യുവലേഖകന്‍.

സി. നാരായണ പിള്ള

വിമര്‍ശനങ്ങള്‍ തണുപ്പിക്കാന്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ പട്ടം തീരുമാനിച്ചു. എന്നാല്‍ മന്ത്രിസഭ വികസിപ്പിക്കാനുള്ള നിശ്ചയം പോലും മറ്റു മന്ത്രിമാരോടാലോചിച്ചല്ല അദ്ദേഹം തീരുമാനിച്ചത്. പട്ടം താണുപിള്ള തന്നോളം പ്രാഗല്‍ഭ്യമുള്ളവരെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നവരെ ഒരിക്കലും വളരാനനുവദിച്ചിരുന്നില്ല. തന്റെ മുട്ടോളം മാത്രം വളര്‍ച്ചയുള്ളവരും, തന്റെ അഭിപ്രായങ്ങള്‍ക്കും ഹിതങ്ങള്‍ക്കും കീഴടങ്ങുന്നവരുമായ കോണ്‍ഗ്രസ്സ് പിന്നണി പ്രവര്‍ത്തകരെയാണ് അദ്ദേഹത്തിന് അവശ്യമുണ്ടായിരുന്നത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് തീരെ സ്വീകാര്യമല്ലാത്ത പി.എസ്. നടരാജ പിള്ളയെയും, ജി. രാമചന്ദ്രനെയും പട്ടം വികസനത്തില്‍ മന്ത്രിമാരാക്കി. എ. അച്ചുതന്‍, കെ.എം. കോര എന്നിവരെക്കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിച്ചു. തിരുവിതാംകൂറില്‍ ടി.എം. വര്‍ഗീസും, സി. കേശവനും കഴിഞ്ഞാല്‍ മന്ത്രി പദത്തിന് ഏറ്റവും പ്രാപ്തനും അര്‍ഹനുമായ പറവൂര്‍ ടി.കെ നാരായണ പിള്ളയെ ഒഴിവാക്കിയത് കോണ്‍ഗ്രസുകാരില്‍ തികഞ്ഞ അമര്‍ഷമുണ്ടാക്കി. സ്വതന്ത്രകാഹളം ഗ്രൂപ്പിന്റെ നേതാവായി പട്ടം കരുതിയ വ്യക്തിയാണ് ടി.കെ. എന്നതായിരുന്നു ഒരു കാരണം.

പട്ടത്തിൻ്റെ രണ്ടാം മന്ത്രി സഭയിൽ വിദ്യഭ്യാസ മന്ത്രിയായ പി.പി. ഉമ്മർ കോയ

ഇതിനിടയിലാണ് തിരുവനന്തപുരം ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ നേരെ ലാത്തിച്ചാര്‍ജ്ജ് നടന്നത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും മാറ്റണമെന്ന ചിന്താഗതി കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തിപ്പെട്ടു. പട്ടത്തിന്റെ ഈ മന്ത്രിസഭയുടെ കാലത്ത് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 55 ആയി കുറച്ചു. അന്നത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആവശ്യവും ശുപാര്‍ശയും കണക്കിലെടുത്താണ് പട്ടം മന്ത്രിസഭ പ്രസ്തുത തീരുമാനമെടുത്തത്.

പട്ടം മന്ത്രിസഭ അന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് മുന്‍ ഐ.ജി. എന്‍. ചന്ദ്രശേഖരന്‍ നായര്‍ക്കാണ്. പട്ടത്തിന്റെ കാലത്തെ ഐ.ജി. ശിവശങ്കരപ്പിള്ളയ്ക്ക് പെന്‍ഷന്‍പ്രായം 55 ആയി താഴ്ത്തിയപ്പോള്‍ വിരമിക്കേണ്ടി വന്നു. തുടര്‍ന്ന് ചന്ദ്രശേഖരന്‍ നായര്‍ ഐ.ജിയായി. ഫയലുകളിലുള്ള പട്ടത്തിന്റെ തീരുമാനങ്ങള്‍ ഉറച്ചതും അന്തിമവും പഴുതുകളില്ലാത്തതും ആയിരുന്നു. സഹമന്ത്രിമാരായാലും ഉന്നത ഉദ്യോഗസ്ഥരായാലും രാഷ്ട്രീയ നേതാക്കളായാലും ‘All Obey me’- എല്ലാവരും എന്നെ അനുസരിക്കുക- എന്നതായിരുന്നു പട്ടത്തിന്റെ സിദ്ധാന്തം. അത് തന്നെയാണ് രാഷ്ട്രീയത്തില്‍ പലപ്പോഴും അദ്ദേഹത്തിന് പ്രതിസന്ധിയായതും.

മലയാള രാജ്യം ദിനപത്രത്തിൻ്റെ ലേഖകൻ തറയിൽ ചെല്ലപ്പൻ പിള്ള

അതിനിടയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസ നയത്തെ ചൊല്ലി സര്‍ക്കാരുമായി ഇടഞ്ഞു. അങ്ങനെ രഷ്ട്രീയാന്തരീക്ഷം ചൂടുപിടിച്ചിരിക്കെ തിരുവിതാംകൂറിലെ പ്രബലനായ നേതാവായ കുമ്പളത്ത് ശങ്കുപ്പിള്ള ഇക്കാലത്ത് താണുപിള്ളയെ സമീപിച്ച് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാന്‍ സെക്രട്ടറിയേറ്റ് കോമ്പൗണ്ടിന്റെ ഒരു മൂലയില്‍ അരസെന്റ് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടു. യാതൊരാലോചനയും കൂടാതെ പ്രധാനമന്ത്രി ആ അപേക്ഷ നിരസിക്കയാണുണ്ടായത്. സെക്രട്ടേറിയേറ്റ് കോമ്പൗണ്ട് പ്രതിമ സ്ഥാപിക്കാനുള്ളതല്ലെന്നും അതിലേക്കും വേറെ എവിടെയെങ്കിലും സ്ഥലമാവശ്യപ്പെട്ടാല്‍ നല്‍കാമെന്നും താണുപിള്ള മറുപടി പറഞ്ഞു.

ക്ഷുഭിതനായ ശങ്കുപ്പിള്ള ഒരു ചെറിയ സംഘത്തോടുകൂടി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തു ചെന്ന് രാമകൃഷ്ണപിള്ളയുടെ അന്ത്യാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരുന്ന ശ്മശാനത്തിലെത്തി. അവിടെനിന്നും ഏതാനും അസ്ഥിക്കഷണങ്ങള്‍ പെറുക്കിയെടുത്ത് ഒരു കുടത്തിലടച്ച് ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ചു.

വഴിയില്‍ അവര്‍ക്ക് ലഭിച്ച സ്വീകരണങ്ങള്‍ക്കും കണക്കില്ല. തിരുവനന്തപുരത്തെത്തിയ ജാഥ ഒരു വലിയ സംഘം ജനങ്ങളുടെ അകമ്പടിയോടുകൂടി വെള്ളയമ്പലംവരെ മാര്‍ച്ച് ചെയ്ത് അവിടെ ഒരു വമ്പിച്ച യോഗം നടത്തി. മലയാള മനോരമ പത്രാധിപര്‍ കെ.സി. മാമ്മന്‍ മാപ്പിളയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍. വമ്പിച്ച ഒരു ജനാവലി സമ്മേളിച്ചിരുന്നു. കുമ്പളത്ത് ശങ്കുപിള്ള തന്റെ സ്വതസ്സിദ്ധമായ ശകാരഭാഷയില്‍ ‘പട്ടംതാണുപിള്ള ദളവ’എന്ന് പട്ടത്തെ വിശേഷിപ്പിച്ചു.

പറവൂര്‍ ടി.കെ യെ ഒഴിവാക്കിയുള്ള മന്ത്രിസഭാ വികസനം, അദ്ധ്യാപക പ്രക്ഷോഭം, കുമ്പളത്തിന്റെ ഈ ജൈത്രയാത്ര എന്നിവയുടെ മൊത്തം പ്രതികരണം പട്ടത്തിനെതിരെയായി. അതോടെ പട്ടത്തെ അധികാര സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചിന്താഗതി കോണ്‍ഗ്രസ്സില്‍ ശക്തമായി.

1948 ഒക്ടോബര്‍ 10 ന് നടന്ന പാര്‍ടി യോഗത്തില്‍ 64 പേര്‍ ഒപ്പിട്ട അവിശ്വാസപ്രമേയം പട്ടത്തിന് നല്‍കി. അതിലെ എണ്ണം നോക്കിയ ശേഷം ”നിങ്ങള്‍ക്ക് എന്നെ വിശ്വാസമില്ലെങ്കില്‍ ഞാന്‍ രാജി സമര്‍പ്പിക്കുന്നു” എന്ന് തൊണ്ടയിടറി പറഞ്ഞു പട്ടം ഹാള്‍ വിട്ടുപോയി. അതോടെ പട്ടത്തിന്റെ മന്ത്രിസഭ രാജി വെച്ചു.
കൊല്ലത്ത് നിന്നു പുറത്തിറങ്ങുന്ന ‘മലയാള രാജ്യം’ പത്രത്തിന്റെ തിരുവനന്തപുരത്തെ ലേഖകനും തലസ്ഥാനത്തെ ആദ്യകാല പത്രപ്രവര്‍ത്തകനുമായ തറയില്‍ ചെല്ലപ്പന്‍ പിള്ള എഴുതുന്നു.

‘പട്ടം താണുപിള്ളസാര്‍ വളരെ പ്രാഗല്ഭ്യം ഉള്ള ഭരണകര്‍ത്താവായിരുന്നു. മുന്‍ശുണ്ഠിയുണ്ടായിരുന്നെങ്കിലും മനസ്സ് ശുദ്ധമാണ്. ആഭിജാത്യമുള്ള കുടുംബക്കാരനായ ഒരു തറവാടിയുടെ എല്ലാ ലക്ഷണവും താണു പിള്ള സാറിനുണ്ടായിരുന്നു. പത്രങ്ങളെ അദ്ദേഹം ‘കടലാസ്’ എന്നേ വിശേഷിപ്പിക്കാറുണ്ടായിരുന്നുള്ളൂ. അടുപ്പക്കാരായ പത്രക്കാര്‍ക്കും പട്ടം കടലാസ്സിന്റെ വിലയേ നല്‍കിയിരുന്നുള്ളൂ. അടുപ്പമില്ലാത്ത ഒറ്റ പത്രക്കാരെയും റെസിഡന്‍സിയില്‍ കണ്ടതായിപ്പോലും പട്ടം ഭാവിക്കാറില്ല’. പത്രക്കാരെ തെല്ലും വില വെയ്ക്കാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രിയെന്ന സ്ഥാനവും പട്ടം താണുപിള്ളയ്ക്കാണ്.

മലയാള മനോരമ നിയമസഭാ ലേഖകനും KJWU പ്രസിഡൻ്റുമായ പി.ആർ. ജോൺ

1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ക്രമസമാധാനനില തകര്‍ന്നു എന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് പ്രകാരം 1959 ജൂലൈ 31 ന് പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി.

ഇതിനകം കോണ്‍ഗ്രസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ പട്ടം താണുപിള്ള, ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പുതിയ പാര്‍ട്ടിയായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു (PSP)’. ‘സോഷ്യലിസമെന്ന പദം പോലും പരിഹാസസ്വരത്തില്‍ മാത്രം അന്നുവരെ ഉച്ചരിച്ചിരുന്ന താണുപിള്ളയുടെ, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള നീക്കം ഒന്നുമതി അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ ദാര്‍ഢ്യം വിലയിരുത്താന്‍. സോഷ്യലിസത്തിലുള്ള വിശ്വാസമല്ല, കോണ്‍ഗ്രസ്സിനോടുള്ള എതിര്‍പ്പാണ്, അദ്ദേഹത്തെ സോഷ്യലിസ്റ്റാക്കി മാറ്റിയതും’ സി നാരായണ പിള്ള എഴുതി.

1960 ഫെബ്രുവരി 1 ന് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നു. മുഖ്യമന്ത്രിസ്ഥാനം പട്ടം താണുപിള്ളയ്ക്ക് നല്‍കാമെന്ന് വാക്കുകൊടുത്തുകൊണ്ട് കോണ്‍ഗ്രസ് പിഎസ്പിയുമായി മുന്‍പേ ധാരണയുണ്ടാക്കിയിരുന്നു. അങ്ങനെ കോണ്‍ഗ്രസ്, പിഎസ്പി, മുസ്ലിം ലീഗ് കക്ഷികള്‍ ഒരു മുന്നണിയായി മത്സരിച്ചു ജയിച്ച് അധികാരത്തിലെത്തി. മുന്‍ധാരണയനുസരിച്ച് പിഎസ്പിയുടെ നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 1960 ഫെബ്രുവരി 22-ന് കേരളത്തില്‍ ആദ്യത്തെ സംയുക്ത മന്ത്രിസഭ അധികാരമേറ്റു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലും പ്രഥമ ‘സഖ്യകക്ഷിഭരണകൂട’മായി ഈ മന്ത്രിസഭ ഇടംപിടിച്ചു.

മുഖ്യമന്ത്രി പട്ടം താണുപിള്ള ഇതിനു മുമ്പ് തിരുവിതാംകൂറിലും, പിന്നീട് സംയോജനത്തിനുശേഷം തിരു-കൊച്ചിയിലും മുഖ്യമന്ത്രിയായിട്ടുണ്ട്. അങ്ങനെ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിസ്ഥാനം വഹിച്ച ഏക വ്യക്തിയായിരുന്നു പട്ടം താണു പിള്ള. 11 അംഗ മന്ത്രിസഭയില്‍ ആര്‍ ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി. പി.ടി. ചാക്കോ, കെ എ ദാമോദര മേനോന്‍, കെ. ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രമുഖര്‍ മന്ത്രിമാരായിരുന്നു. പത്രക്കാരെ തെല്ലും വില വെയ്ക്കാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രിയെന്ന സ്ഥാനം പട്ടം താണുപിള്ളക്കാണെങ്കിലും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി സഞ്ചരിക്കാനുള്ള പാസ്സ് ആദ്യമായി തുടങ്ങിയത് അതേ മുഖ്യമന്ത്രി പട്ടം താണു പിള്ളയാണ്.

ഒരു ഡല്‍ഹിയാത്ര കഴിഞ്ഞ് വന്ന മുഖ്യമന്ത്രിയായ പട്ടം താണു പിള്ളയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചു തിരുവനന്തപുരത്തെ പത്രലേഖകര്‍ വളഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരായ കെ.ടി. അച്യുതന്‍, പി.എസ്. നടരാജപിള്ള എന്നിവര്‍ അവിടെയുണ്ടായിരുന്നു. യാതൊന്നും തനിക്ക് പറയാനില്ലെന്ന് അദ്ദേഹം പത്രക്കാരോട് അറുത്തു മുറിച്ചു പറഞ്ഞു. പത്രക്കാര്‍ നിരാശയോടെ പിന്‍തിരിഞ്ഞപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന മലയാളരാജ്യം ലേഖകന്‍ തറയില്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. ”ടാക്‌സി പിടിച്ചാണ് ഞാന്‍ വന്നത് അത് നഷ്ടമായി. വാര്‍ത്തയില്ലെങ്കില്‍ ടാക്‌സിക്കൂലി പത്രമാഫീസില്‍ നിന്ന് തരില്ല. അത് എനിക്ക് കൈനഷ്ടമാകും” ഇത് കേട്ട മുഖ്യമന്ത്രി ചോദിച്ചു.
”നിങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ ഫ്രീപാസ്സ് ഇല്ലേ” ? ”ഇല്ലെന്നും എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും” ചെല്ലപ്പന്‍ പിള്ള മറുപടി പറഞ്ഞു. ഉടനെ പട്ടം കൂടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി കെ.ടി. അച്യുതനോട് പറഞ്ഞു ”അച്യുതന്‍ ഇവര്‍ക്ക് ട്രാന്‍സ് പോര്‍ട്ടില്‍ ഫ്രീ പാസ്സ് ഉടനെ അനുവദിച്ചു കൊടുക്കണം” അതിനുള്ള അപേക്ഷ ഓഫീസില്‍ എത്തിക്കാന്‍ അച്യുതന്‍ ചെല്ലപ്പന്‍ പിള്ളയോട് പറയുകയും ചെയ്തു.

പത്രപ്രവർത്തകർക്ക് പട്ടം അനുവദിച്ച സൗജന്യ ബസ്സ് പാസ്

അന്ന് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് അസോസേയേഷന്‍ പ്രസിഡന്റ് മലയാള മനോരമയുടെ നിയമസഭാ ലേഖകന്‍ പി.ആര്‍. ജോണായിരുന്നു. ചെല്ലപ്പന്‍ പിള്ളയും ജോണും കൂടീ മനോരമ ഓഫീസില്‍ പോയി അപേക്ഷ ടൈപ്പ് ചെയ്ത് മന്ത്രിക്ക് നല്‍കി. കെ.ടി. അച്യുതന്‍ ഉടന്‍തന്നെ അപേക്ഷയില്‍ അടയാളപ്പെടുത്തി; സെക്രട്ടറിയേറ്റില്‍ പൊതുമരാമത്ത് വകുപ്പ് ഗവണ്മെന്റ് സെക്രട്ടറിക്ക് അയച്ചു. ജി മാധവനായിരുന്നു അന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറി. അദ്ദേഹം നാല് പേജില്‍ ഒരു നോട്ടെഴുതി ട്രാന്‍സ്‌പോര്‍ട്ടില്‍ സൗജന്യമായി പാസ്സുകൊടുക്കാന്‍ സാധ്യമല്ലെന്ന് സമര്‍ത്ഥിച്ചു. അന്നത്തെ പോലീസ് ഐ.ജി.-സി ഐ.ഡി. ഉദ്യോഗസ്ഥന്മാര്‍ക്ക് സൗജന്യ പാസ്സ് കൊടുക്കണമെന്നാവശ്യപ്പെട്ട് അയച്ചിരുന്ന ഒരു നിര്‍ദ്ദേശം തള്ളിക്കളഞ്ഞ ഒരു മുന്‍കാലസംഭവം ഉദ്ധരിച്ചുകൊണ്ട്, പത്രക്കാര്‍ക്ക് സൗജന്യപാസ്സ് കൊടുക്കാന്‍ പാടില്ലെന്ന സെക്രട്ടറിയുടെ വാദത്തിന് പ്രാബല്യം വരുത്തി. കൂടാതെ, ഫിനാന്‍സ് സെക്രട്ടറിയുടെ അഭിപ്രായത്തിന് അയച്ച് കൊടുക്കുകയും ചെയ്തു.

ഫിനാന്‍സ് സെക്രട്ടറി പി.എസ്. പത്മനാഭനായിരുന്നു. അദ്ദേഹത്തിന്റെ വകയായി സാമ്പത്തികമായ വശങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് യാതൊരു കാരണവശാലും സൗജന്യപാസ്സ് കൊടുക്കരുതെന്നും അതൊരു ചീത്തവഴക്കം സൃഷ്ടിക്കുകയായിരിക്കും ചെയ്യുന്നതെന്നും അഭിപ്രായം രേഖപ്പെടുത്തി. സെക്രട്ടറി ജി. മാധവന്‍, ഫയല്‍ മന്ത്രി അച്ചുതന് അയച്ചു കൊടുത്തു. അദ്ദേഹം രണ്ട് സെക്രട്ടറിമാരോടും യോജിക്കുന്നില്ലെന്നും പാസ്സ് കൊടുക്കാന്‍ ചീഫ് മിനിസ്റ്റര്‍ വാക്കാല്‍ ഉത്തരവിട്ടിട്ടുണ്ടെന്നും, അതിനാല്‍ ഉടന്‍ പാസ്സ് കൊടുത്തുകൊള്ളണമെന്നും ഉത്തരവിട്ടിട്ട് ധനകാര്യവകുപ്പ് മന്ത്രി നടരാജപിള്ളയ്ക്ക് അയച്ചുകൊടുത്തു. അദ്ദേഹം ഫയലില്‍ ഇപ്രകാരമെഴുതി:
”ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഒരു കമേഴ്‌സ്യല്‍ ഡിപ്പാര്‍ട്ടുമെന്റുമാണ്’
സൗജന്യ യാത്ര അനുവദിക്കുന്നത് ശരിയായിരിക്കയില്ലെങ്കിലും പത്രലേഖകരുടെ അപേക്ഷ ഒരു സ്‌പെഷ്യല്‍ വസ്തുതയായി പരിഗണിച്ച് അവര്‍ക്ക് സൗജന്യ യാത്രാ പാസ്സുകള്‍ നല്‍കേണ്ടതാണ്. ഇതില്‍ വരുന്ന ചിലവ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്നും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലേയ്ക്ക് കൊടുക്കേണ്ടതാണ്. ഏതായാലും മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചുകൊള്ളുന്നു.

ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ തന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്ന് കണ്ട് അദ്ദേഹം കലിതുള്ളി. ‘ഈ പാസ്സ് കൊടുക്കാന്‍ ഇത്ര കാലതാമസം വന്നത് ഒരു തെറ്റായിപ്പോയി. 24 മണിക്കൂറിനകം പാസ്സ് കൊടുക്കാന്‍ വകുപ്പ് മേധാവിയോട് ഞാന്‍ ആജ്ഞാപിക്കുന്നു എന്ന് ഉത്തരവിട്ടു. കല്ലേ പിളര്‍ക്കുന്ന ആ കല്‍പ്പന ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും ധൈര്യമില്ലായിരുന്നു. ഏതായാലും അടുത്ത ദിവസംതന്നെ ഫ്രീപാസ്സ്. എല്ലാ അക്രഡിറ്റ് ജില്ലാ പത്രലേഖന്മാര്‍ക്കും ലഭിച്ചു. വര്‍ഷം തോറും പുതുക്കേണ്ട ഈ സൗജന്യ യാത്രാ പാസ്സ് ഇന്നും ന്യൂസ് ബ്യൂറോവിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. കടലാസ് ലേഖകര്‍ എന്ന് വിളിച്ചെങ്കിലും ഈ യാത്രാ പാസ്സ് നല്‍കിയതിന് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയായ പട്ടം താണു പിള്ളയോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.

മുഖ്യമന്ത്രിയായ പട്ടത്തോടൊപ്പം പ്രവര്‍ത്തിക്കുക സഹമന്ത്രിമാരെ സംബന്ധിച്ചേടത്തോളം അടിമത്തത്തിലെ ഒരഭ്യാസമാണ്. മറ്റു പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവുമെന്ന വസ്തുത അദ്ദേഹത്തെ അലട്ടിയതേയില്ല. കൂട്ടുകക്ഷി മന്ത്രിസഭയിലെ മറ്റ് രണ്ട് പി.എസ്.പി. മന്ത്രിമാര്‍ കെ. ചന്ദ്രശേഖരനും ഡി. ദാമോദരന്‍ പോറ്റിയുമായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളായിരുന്നു കെ ചന്ദ്രശേഖരന്‍. അദ്ദേഹം യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ആദര്‍ശവാദിയായിരുന്നു. പക്ഷേ, മന്ത്രിസഭയുടെ ആദ്യത്തെ യോഗത്തില്‍ തന്നെ അദ്ദേഹത്തിന്റെ ആവേശമുള്ള നിര്‍ദേശം സ്വന്തം നേതാവ് തന്നെ തള്ളി.

അത് സംഭവിച്ചത് ചന്ദ്രശേഖരന്‍ രണ്ടുകാര്യങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോഴാണ്. ഒന്ന്: മന്ത്രിമാരുടെ കാറുകളില്‍ ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ വയ്ക്കുന്ന രാജകീയ പാരമ്പര്യം ഒഴിവാക്കുക. മുന്‍ തിരുവിതാംകൂര്‍ രാജ്യത്ത് രാജകുടുംബത്തിന്റെ കാറുകളില്‍ ‘സ്റ്റേറ്റ് കാര്‍’ എന്നെഴുതിയ നമ്പര്‍ പ്ലേറ്റുകള്‍ വച്ചിരുന്നു. ഭരണവര്‍ഗ്ഗത്തിന്റേതാണെന്ന് അനായാസം തിരിച്ചറിയത്തക്കവണ്ണം പ്രത്യേക നമ്പറുകളും നല്കിയിരുന്നു.

ജനകീയ മന്ത്രി സഭയിലെ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് ഈ കേമത്തം പാടില്ലെന്നും അവ മറ്റ് പൗരന്മാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പോലെയായിരുന്നാല്‍ മതിയെന്നും ചന്ദ്രശേഖരന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം വെച്ചു. ഇതുകേട്ട പട്ടം ഉടനെ പറഞ്ഞു, ”എന്റെ യുവസുഹൃത്ത് – ചന്ദ്രശേഖരന്‍ എന്തായാലും ഒരു ആദര്‍ശവാദിയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ” ഇതുകേട്ട് എല്ലാവരും ചിരിച്ചു. ”എങ്കിലും ഈ പുതിയ സംവിധാനം വേണ്ട” എന്ന് പറഞ്ഞുകൊണ്ട് പട്ടം ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. ചന്ദ്രശേഖരന് വേദനിച്ചെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചില്ല.

ആഭ്യന്തര മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയോടൊപ്പം പട്ടം താണു പിള്ള

പോലീസ് വെടിവയ്പ് പാടില്ല എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദ്ദേശം. ഇതിനെതിരെ പട്ടം കര്‍ക്കശമായി പ്രതികരിച്ചു. അത് അപ്രായോഗികമായ ഒരു നിര്‍ദ്ദേശം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രഗല്‍ഭനായ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനോട് അഭിപ്രായം ആരായാതെയാണ് പട്ടം ഇങ്ങനെ പറഞ്ഞത്. പക്ഷേ, പി.ടി.ചാക്കോ ആ നിര്‍ദ്ദേശം ചെവിക്കൊള്ളുകയും അത് നടപ്പിലാക്കാമെന്ന് അവര്‍ രണ്ടുപേരും കൂടി പിന്നീട് തീരുമാനിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ പ്രദേശികവാദക്കാരനായി പട്ടം താണുപിള്ളയെ പലപ്പോഴും ചിത്രീകരിച്ചിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യമായ കാര്യങ്ങളില്‍ പക്ഷേ, ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം ഔചിത്യബോധം പ്രകടിപ്പിക്കുകയും രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു.

1960 ഏപ്രിലോട് കൂടി പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വ്യവസായ രംഗത്ത് ഒരു സുവര്‍ണ്ണദശ ഉദയം ചെയ്തു. ആ മന്ത്രിസഭയില്‍ വ്യവസായത്തിന്റെ ചുമതല വഹിച്ചിരുന്ന ദാമോദരമേനോന്‍ ബഹുമുഖ പ്രതിഭാ സമ്പന്നനായിരുന്നു.

ഭില്ലായ് ഉരുക്ക് ശാലയുടെ വിജയകരമായ സ്ഥാപനത്തിനു ശേഷം കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര സര്‍ക്കാര്‍ വ്യവസായ ശാലകളിലൊന്നായ FACT ന്റെ എം.ഡിയായി ചുമതലയേറ്റ വിഖ്യാതനായ എം.കെ.കെ നായര്‍ ഫാക്ടിന്റെ എതിര്‍വശത്തായി 430 ഏക്കര്‍ സ്ഥലം ആറ്റിനക്കരെ പൊന്നുംവിലയ്‌ക്കെടുത്തു.
റോഡുകള്‍, വിദ്യുച്ഛക്തി, കുടിക്കാനുള്ള വെള്ളം എന്നിവയ്ക്കുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി ഒരുക്കിയെടുത്താല്‍ പുതുതായി വരുന്ന വ്യവസായങ്ങള്‍ക്കവിടെ നിമിഷമാത്രയില്‍ സ്ഥലം കൊടുക്കാനും വ്യവസായങ്ങള്‍ വേഗം സ്ഥാപിക്കാനുമുള്ള സാദ്ധ്യതയുള്ളതിനാല്‍ അങ്ങനെ ചെയ്യണമെന്ന് കേരള ഗവണ്മെന്റിനോട് അദ്ദേഹം ഒരു നിര്‍ദ്ദേശം നല്കിയിരുന്നു. അന്ന് വ്യവസായ ഡയറക്ടറായിരുന്ന കെ.പി. വിശ്വനാഥന്‍ നായര്‍ ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ പ്രാരംഭ നടപടികളെല്ലാമെടുത്തശേഷം ഗസറ്റില്‍ പ്രഖ്യാപനം ചെയ്യുന്നതിന് നടപടിയെടുത്തു. വ്യവസായ സെക്രട്ടറിയായിരുന്ന അബ്ദുള്‍സലാമും ഇതിന്റെ ആവശ്യകതയെ പ്രത്യേകം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയായിരുന്ന എ. ജി. മേനോനും വ്യവസായ മന്ത്രി ദാമോദര മേനോനും ഇതിനെ ശക്തമായി പിന്‍താങ്ങി എഴുതി. പക്ഷേ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തിരിച്ചുവന്നില്ല. കാലതാമസത്തെ പറ്റി തിരക്കിയപ്പോള്‍ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തു സ്ഥിരതാമസമാണെന്നു മനസ്സിലായി.

എം.കെ.കെ നായര്‍ തിരുവനന്തപുരത്തു ചെന്ന് മുഖ്യമന്ത്രിയായ പട്ടംതാണുപിള്ളയെ കണ്ടു. ഫാക്ടിന്റെ അയല്‍പ്രദേശത്തു കുറെ സ്ഥലമെടുത്തു വികസിപ്പിച്ച് ഒരു വ്യവസായമേഖലയായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും മൂന്നു നാല് നല്ല വ്യവസായങ്ങള്‍ അവിടെ ഉടനടി സ്ഥാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും താണുപിള്ളസാര്‍ ഇതിലിടപെട്ടില്ലെങ്കില്‍ സാധ്യത നമുക്കു നഷ്ടപ്പെടുമെന്നുമാണ് എം.കെ.കെ നായര്‍ പറഞ്ഞത്. ഇതുകേട്ട പട്ടം താണുപിള്ള ക്ഷുഭിതനായി ചോദിച്ചു:

”എന്താണ്, ഈ വ്യവസായമെല്ലാം ദാമോദരമേനോന്റെയും എ.ജി. മേനോന്‍ന്റെയും കൊച്ചിയില്‍ മാത്രം അടിച്ചുകൂട്ടിയാല്‍ മതിയോ? നമ്മുടെ തിരുവനന്തപുരത്തൊന്നും വേണ്ടേ? ആ ഫയല്‍ ഞാനിവിടെ വച്ചിരിക്കുകയാണ്. രാമസ്വാമി അയ്യരുടെ കാലശേഷം തിരുവതാംകൂറില്‍ ഒരു വ്യവസായവും വളരാന്‍ മറ്റാരും ശ്രമിച്ചിട്ടില്ല.”

എ.കെ.കെ നായര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഫാക്ടിനടുത്ത് സ്ഥാപിക്കാന്‍ സാദ്ധ്യതയുള്ള വ്യവസായങ്ങള്‍ പൈപ്പ് ലൈന്‍ വഴി അമ്ലങ്ങളും വാതകങ്ങളും ഫാക്ടില്‍ നിന്നും ടി.സി.സി. യില്‍ നിന്നും പുതിയ ഫാക്ടറികളിലേക്കു കൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ആ വ്യവസായങ്ങള്‍ അവിടെയല്ലാതെ മറെറങ്ങും സ്ഥാപിക്കാന്‍ സാദ്ധ്യമല്ലെന്നും തിരുവനന്തപുരത്തേക്ക് മറ്റ് പല വ്യവസായങ്ങളെപ്പറ്റി ചിന്തിക്കാവുന്നതാണെന്നും പട്ടത്തോട് പറഞ്ഞു

”ഇതൊക്കെ ആ ദാമോദരമേനോനോ എ.ജി. മേനോനോ എന്നോട് പറഞ്ഞു കൂടായിരുന്നോ എന്ന പരിഭവ പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി പട്ടം താണുപിള്ള ആ ഫയലില്‍ ഒപ്പിട്ടു. അതിന്റെ ഫലമായാണ് പിന്നീട് കോമിന്‍കോ ബിനാനി, പെരിയാര്‍ കെമിക്കല്‍സ്, കേരള ആസിഡ്സ് ആന്‍ഡ് കെമിക്കല്‍സ് എന്നറിയപ്പെടുന്ന വ്യവസായങ്ങള്‍ അവിടെ സ്ഥാപിക്കപ്പെട്ടത്.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഔദ്യോഗിക ജീവിതത്തില്‍ രണ്ട് തവണ പട്ടം താണു പിള്ള കേറി വരുന്നുണ്ട്. അസംബ്ലി ഇലക്ഷനില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച് തോറ്റ മലയാറ്റൂരിന് മുന്‍സിപ്പല്‍ കമീഷണര്‍ ജോലി, ഒന്നാം റാങ്കുകാരനായിട്ടും നിഷേധിച്ചു. കാരണം മലയാറ്റൂര്‍ കമ്യൂണിസ്റ്റുകാരനാണ്.
കേരളകൗമുദി ദിനപത്രത്തിന്റെ എഡിറ്റര്‍ കെ. സുകുമാരന്‍ ഈ അനീതിക്കെതിരെ പത്രത്തില്‍ എഴുതി. മുഖ്യമന്ത്രിയെ കാണുമ്പോള്‍ കേരളകൗമുദി ലേഖകര്‍ നിരന്തരം ചോദിച്ചു തുടങ്ങി.’ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നിയമനകാര്യമെന്തായി?

പട്ടം കുപിതനായി. അപ്പോഴാണ് ഏറെ പ്രസിദ്ധമായ പട്ടത്തിന്റെ ഡയലോഗ് പിറന്നത് അദ്ദേഹം അലറി: ‘മലയാറ്റൂര്‍ രാമകൃഷ്ണനല്ല. വൈകുണ്ഠം പരമേശ്വരനായാലും കമ്മ്യൂണിസ്റ്റുകാരെ സര്‍ക്കാര്‍ സവ്വീസില്‍ കടത്തിവിടാന്‍ ഉദ്ദേശമില്ല’ (വൈകുണ്ഠത്ത് താമസം പരമേശ്വരനല്ല, മഹാവിഷ്ണുവാണ്, എന്നൊന്നും പട്ടത്തിന് പ്രശ്‌നമല്ലായിരുന്നു). ഒടുവില്‍ മലയാറ്റൂര്‍ നേരിട്ട് സെക്രട്ടറിയേറ്റില്‍ മുഖ്യമന്തി പട്ടം താണു പിള്ളയെ കാണാന്‍ പോയി. മലയാറ്റൂര്‍ ആ സംഭവം ഇങ്ങനെ എഴുതി:

‘താണുപിള്ള സാറിന്റെ ഒരു കഴിവിനെപ്പറ്റി പറയണം സന്ദര്‍ശകനെ ദളവാമട്ടില്‍ അടിമുടി ഒന്നു നോക്കും. സന്ദര്‍ശകന്‍ ദഹിച്ചുപോകും. സാറിന്റെ ജനാധിപത്യത്തില്‍ കൊടികളും ശബ്ദങ്ങളും കുറവായിരുന്നു. കിന്നരിത്തലപ്പാവുകള്‍, പരിചകള്‍, വളകള്‍, നായര്‍പ്രഭുത്വം, പെരിഞ്ചക്കോടന്‍?’ എന്ന സമീപനം, സര്‍വ്വപുച്ഛം… ഇവയൊക്കെയായിരുന്നു സാറിന്റെ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍. പത്രങ്ങള്‍ അദ്ദേഹത്തിന് വെറും ‘കടലാസുകള്‍’ മാത്രമായിരുന്നുവെന്നും ഓര്‍ക്കുക.

എന്നെ ശിവന്‍ മൂന്നാം കണ്ണുകൊണ്ടു നോക്കി.
എന്റെ നട്ടെല്ലൊഴിച്ചു പലതും ചാമ്പലായിത്തീര്‍ന്നിരിക്കാം.
ഉരിയാടാന്‍ എനിക്കവസരം കിട്ടിയില്ല.
സാര്‍, പ്രഭാകരന്‍ നായരോട് : ”എന്തിനാ ഇയാള്‍ വന്നിരിക്കുന്നത് ?”
പ്രഭാകരന്‍ നായര്‍ കാര്യം പറയുന്നു.
സാര്‍: ”തദ്ദേശസ്വയം ഭരണം കുഞ്ഞിന്റെ കൈയിലാണെന്നും ഇയാളെ പറഞ്ഞു മനസ്സിലാക്കൂ.”
ഞാന്‍, കൂടുതല്‍ അപമാനമുണ്ടാകുന്നതിനുമുമ്പും സ്ഥലം വിടുന്നു. ‘
ഓടി’ എന്നു പറഞ്ഞുകൂട. എങ്കിലും ഓടിയപോലെ തന്നെ.’ ഏതായാലും കമീഷണര്‍ ഉദ്യോഗം മലയാറ്റൂരിന് കിട്ടിയില്ല.

മുഖ്യമന്ത്രി പട്ടം താണുപിള്ളക്ക് തൃശൂരില്‍ കല്ലേറുണ്ടായതാണ് രണ്ടാമത്തെ സംഭവം. അന്ന് തൃശൂര്‍ സബ് കലക്ടറാണ് മലയാറ്റൂര്‍. പട്ടം താണുപിള്ളയ്‌ക്കെതിരേ ഫാദര്‍ വടക്കന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടക്കുന്ന സമയം. തൃശൂരില്‍ മുഖ്യമന്ത്രിപ്രവേശിച്ച സ്ഥലങ്ങളിലൊക്കെ കരിങ്കൊടി പ്രകടനം പതിവായി. ഫാ. വടക്കന്‍ രൂപീകരിച്ച പാര്‍ട്ടി മലനാട് കര്‍ഷക യൂണിയന്റെ കണ്‍വെന്‍ഷന്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ദിവസം തന്നെ സംഗീത നാടക അക്കാദമിയുടെ വാര്‍ഷികാഘോഷം പട്ടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു. റവന്യൂ മന്ത്രി കെ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ജില്ലയില്‍ എല്ലാ പരിപാടികള്‍ക്കും മുഖ്യമന്ത്രിക്ക് അകമ്പടിയായി സബ് കളക്ടര്‍ മലയാറ്റൂര്‍ പോകണം.

വൈകിട്ട് അഞ്ചരയോടെ യോഗത്തില്‍ പങ്കെടുക്കാനായി രാമനിലയത്തിലേക്കു മുഖ്യമന്ത്രി പ്രവേശിക്കുമ്പോള്‍ മലനാട് കര്‍ഷക യൂണിയന്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വന്നവര്‍ കൂട്ടമായെത്തി കല്ലേറ് തുടങ്ങി. മുഖ്യമന്ത്രിയുടെ ഇടതുനെഞ്ചില്‍തന്നെ കല്ലേറ് കൊണ്ടു. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കു കൊള്ളുന്ന ആദ്യത്തെ കല്ലായിരുന്നു അത്. 2011-ലെ മന്ത്രിസഭാ കാലത്തു കണ്ണൂര് വച്ച്. പിന്നെയൊരു മുഖ്യമന്ത്രിക്ക് കല്ലേറുകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ, അതിലും വിപുലമായ ഏര്‍പ്പാടുകളാണ് എസ്.പി, വി. എന്‍. രാജന്‍ ചെയ്തിരുന്നത്. എന്നിട്ടും അത് സംഭവിച്ചു. അന്ന് രാത്രി, പടം രാജനെ തന്റെ റൂമിലേക്കു വിളിപ്പിച്ചു. ”ഇതാ, നിങ്ങള്‍ക്കൊരു മെഡല്‍,” എന്നു പറഞ്ഞുകൊണ്ട്, ഒരു കറുത്ത തുണിക്കഷണവും ഒരു കല്ലും മുഖ്യമന്ത്രി എസ്.പി ക്കും സമ്മാനിച്ചു!

പട്ടത്തെ കല്ലേറ് കൊള്ളാതെ കാക്കുന്നതില്‍ സുരക്ഷാച്ചുമതലയുണ്ടായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന് വീഴ്ച പറ്റിയോ? അതിനുള്ള ഉത്തരം മലയാറ്റൂര്‍ പറയുന്നില്ല. പകരം നടന്നത് കല്ലേറല്ല എന്നായിരുന്നു മലയാറ്റൂരിന്റെ നിലപാട്. സമരക്കാര്‍ കറുത്ത തുണി കല്ലില്‍ പൊതിഞ്ഞ് അന്തരീക്ഷത്തില്‍ എറിയുന്നുണ്ടായിരുന്നു. അതിലൊരെണ്ണം അബദ്ധത്തില്‍ കാറിനകത്ത് വീണു. പിന്നെ, മുഖ്യമന്ത്രി സഞ്ചരിച്ച കാറില്‍ മറ്റ് കല്ലുകള്‍ കൊണ്ടുള്ള ഒരു പരിക്കും ഇല്ലായിരുന്നു.

കല്ലേറുകാരണം എസ്. പി. രാജനും മലയാറ്റൂരിനും കുറെ ചീത്ത കേള്‍ക്കേണ്ടി വന്നു. ചീഫ് സെക്രട്ടറിയായ കെ.പി.കെ മേനോന്‍ മലയാറ്റൂരിനെ രാമനിലയത്തില്‍ വെച്ച് ചോദ്യം ചെയ്തു ചാടിച്ചു. ആ സമയത്ത് പ്രതിഛായ മങ്ങിയ മുഖ്യമന്ത്രി പട്ടത്തിന് കല്ലേറില്‍ കുറച്ച് സഹതാപ തരംഗം കിട്ടി. അത് വ്യക്തമായി പറഞ്ഞത് അന്നത്തെ ഗവര്‍ണ്ണര്‍ വി.വി. ഗിരിയാണ്. തൃശൂരില്‍ ഒരു പരിപാടിക്ക് വന്ന ഗവര്‍ണര്‍ ഗിരി കൂടെ യാത്ര ചെയ്ത സബ് കളക്ടര്‍ മലയാറ്റൂരിനോട് പറഞ്ഞു:
ഗവര്‍ണര്‍ തറയിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടിങ്ങനെ പറഞ്ഞു:
”ദ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റോക്ക് വാസ് ലൈക്ക് ദിസ്.”
പിന്നെ ഗവണ്ണറുടെ വിരല്‍ മുകളിലേക്കുയര്‍ന്നു.
”താങ്ക്‌സ് റ്റു എ സിങ്കിള്‍ സ്റ്റോണ്‍,
ഹിസ് സ്റ്റോക്‌സ് നൗ ഈസ് ലൈക്ക് ദിസ്!’
മുഖ്യമന്ത്രി പട്ടത്തിന്റെ തറ പറ്റിക്കിടന്ന വില ഒരൊറ്റക്കല്ലു കാരണം
മാനം മുട്ടെ ഉയന്നുവെന്നാണ് ഗവര്‍ണ്ണര്‍ ഗിരി പറഞ്ഞത്

പട്ടത്തിന്റെ രണ്ടാം മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ പി.പി. ഉമ്മര്‍ കോയയുടെ ഫയലുകള്‍ മുഖ്യമന്ത്രി മുക്കുന്നു എന്ന അക്ഷേപം വന്നു.
ആര്‍ ശങ്കറിനോടും പി.ടി. ചാക്കോയോടും ഉമ്മര്‍ കോയ പരാതി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. അധികാരമില്ലാത്ത മന്ത്രിയായി തുടരാന്‍ ഉമ്മര്‍ കോയ ആഗ്രഹിച്ചില്ല. മന്ത്രി കുടുംബസഹിതം തന്റെ വീട്ടിലേക്ക് പോകാന്‍ കോഴിക്കോട്ടേക്ക് തിരിച്ചു. പിറ്റേന്ന് മാതൃഭൂമി ദിനപത്രം വാര്‍ത്ത നല്‍കി
‘മന്ത്രിസഭയില്‍ ഉരുള്‍ പൊട്ടല്‍’ വിദ്യാഭ്യാസ മന്ത്രി രാജിക്കൊരുങ്ങുകയാണെന്ന സൂചന വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

കുമ്പളത്ത് ശങ്കു പിള്ള

ഒടുവില്‍ മാതൃഭൂമി ചീഫ് എഡിറ്റര്‍ കെ.പി. കേശവമേനോന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ കാണാന്‍ ഉമ്മര്‍കോയയോടൊപ്പം കേശവമേനോന്‍ ഗസ്റ്റ് ഹൗസില്‍ ചെന്നു. കേശവമേനോന്‍ പറഞ്ഞു: ‘ഇതാ ഉമ്മര്‍കോയ, നിങ്ങളുടെ മന്ത്രി അറി യാമല്ലൊ. അദ്ദേഹത്തിന്റെ ഒരു കാര്യം പറയാനാണ് ഞാന്‍ വന്നത്. കാര്യമിതാണ്. അദ്ദേഹം തീര്‍പ്പെടുക്കുന്ന ഫയലുകള്‍ ബന്ധപ്പെട്ടയിടങ്ങളില്‍ എത്തുന്നില്ല. ഫയലുകള്‍ മുഖ്യമന്ത്രി ഓഫീസില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. അപ്പോള്‍ ഉമ്മര്‍കോയക്ക് ഫയലുകളില്‍ തീര്‍പ്പെടുക്കാന്‍ അധികാരമില്ലെന്നോ? അധികാരമില്ലാത്ത മന്ത്രി നിങ്ങളുടെ മന്ത്രിസഭയിലിരിക്കണോ?’

ഉടനെ മുഖ്യമന്ത്രി പട്ടം പറഞ്ഞു: ‘കേശവമേനോന്‍ തെറ്റിദ്ധരിച്ചിരിക്കുക യാണ്. ചില ഫയലുകള്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ഫയലുകള്‍ വേണമെന്ന വിവരം ഉമ്മര്‍കോയയുടെ ഓഫീസില്‍ അറിയിക്കാന്‍ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിരുന്നു. ഫയലുകളെല്ലാം എന്റെ ഓഫീസില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയാണ്. അവര്‍ക്ക് അബദ്ധം പറ്റിയതാണ്. ഈ കാര്യം ഞാന്‍ അറിഞ്ഞിട്ടില്ല. അധികാരമുള്ള മന്ത്രിയായി തുടരണം. വേണ്ട നിര്‍ദ്ദേശങ്ങള്‍ ഞാന്‍ എന്റെ ഓഫീസില്‍ ഇപ്പോള്‍തന്നെ നല്‍കും.’ അസുഖകരമായ ആ പ്രശ്‌നം കേശവമേനോന്റെ ഇടപെടല്‍കൊണ്ട് അവസാനിച്ചു. ഇത്തരം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കാണിക്കുന്ന വലയം പട്ടം താണുപിള്ളയുടെ ഭരണത്തില്‍ പല വീഴ്ചകള്‍ക്കും കാരണമായിട്ടുണ്ട്.

1957 ലെ ഇ എം എസ് മന്ത്രിസഭയില്‍ നിയമ മന്ത്രിയായ വി. ആര്‍. കൃഷ്ണയ്യര്‍ രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന സഭയിലെ സമാദരണീയനായ പട്ടം താണുപ്പിള്ളയെ വിശേഷിപ്പിച്ച പദം വിവാദമായി.

‘സൂപ്പര്‍ ആനുവേറ്റഡ് ഫ്യൂറര്‍’ -കേരള നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കിയ മന്ത്രി കൃഷ്ണയ്യരുടെ ഒരു പദപ്രയോഗമാണിത്. പോലീസ് വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥനയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിരുന്ന പട്ടം താണുപിള്ള നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മന്ത്രി കൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ മാത്രം പ്രത്യേക ശൈലിയില്‍ പറഞ്ഞു: ‘I don’t like to Cross Swords with the old man’ കൃഷ്ണയ്യര്‍ തുടര്‍ന്നു: ‘He is the super annvated Feuhrer of Sinking party.'( മുടിഞ്ഞ പാര്‍ട്ടിയുടെ കാലഹരണപ്പെട്ട നേതാവ് എന്ന് ചില പത്രങ്ങള്‍ ഇതിനെ പിന്നീട് പരിഭാഷപ്പെടുത്തി)
തനിക്കെതിരെ നടന്ന ഈ കടന്നാക്രമണം സഹിക്കാനാവാതെ പട്ടം എഴുന്നേറ്റ് പറഞ്ഞു : ‘Sir, This young man cannot hold his Sword against me.’ പട്ടത്തിന്റെ പ്രതിഷേധവും എതിര്‍പ്പും മനസ്സിലാക്കിയ മന്ത്രി കൃഷ്ണയ്യര്‍ ഉടനെ പ്രതികരിച്ചു: ഞാന്‍ വിവരണം മാറ്റി. He is just like old wine becoming better by age.
ഉത്തരവാദിത്വ ഭരണക്കാലത്ത് ഒരു വാദപ്രതിവാദവേളയില്‍ സര്‍ സി.പിയുടെ കോടാലിക്കൈയായിരുന്ന ഒരു പോലീസ് കമ്മീഷണര്‍ ധിക്കാരപൂര്‍വ്വമുപയോഗിച്ച ‘സോകോള്‍ഡ് സ്റ്റേറ്റ് കോണ്‍ഗ്രസ്സി’ന് എന്ന പദത്തിന്, പട്ടം കൊടുത്ത മറുപടിയില്‍ ‘സോകോള്‍ഡ് പോലീസ് കമ്മീഷണര്‍’ എന്നാണ് തിരിച്ചടിച്ചത്. ഗൗരവം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ആ പ്രയോഗത്തിന്റെ ശക്തി അന്നത്തെ രാജ്യസ്‌നേഹികളെ ഒന്നടങ്കം അഭിമാനംകൊള്ളിച്ചു.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ ജയിലില്‍ കിടക്കുകയാണ്. തന്റെ പാര്‍ട്ടിക്കാരനായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലെ മാര്‍ത്താണ്ഡത്തു നടന്ന വെടിവയ്പും മരണങ്ങളും അദ്ദേഹം പത്രങ്ങളില്‍നിന്നു അറിയുന്നത്. ഉടനെ അദ്ദേഹം സമീപത്ത് മേശയിലിരുന്ന ഒരു കടലാസ് വലിച്ചെടുത്തു. ഉടനടി രാജി സമപ്പിച്ച് പുറത്തു പോകാനാവശ്യപ്പെട്ടുകൊണ്ടും ഒരു സന്ദേശം ജയിലില്‍നിന്നുതന്നെ കമ്പി (ടെലിഗ്രാം) പട്ടം താണുപിള്ളയ്ക്കയച്ചു. റാം മനോഹര്‍ ലോഹ്യയുടെ കാഴ്ചപ്പാടില്‍ ഒരു ഗവണ്മെന്റിന് ചെയ്യാവുന്ന ഏറ്റവും ഹീനമായ നടപടി ജനങ്ങളുടെ നേരേ വെടിവയ്ക്കുക എന്നുള്ളതായിരുന്നു. ഈ സിദ്ധാന്തമംഗീകരിക്കയാണെങ്കില്‍ ലോകത്ത് ഒരിടത്തും ഒരു ഗവണ്മെന്റിനും ഭരണം നടത്താന്‍ കഴിയാതെ വരും. പോലീസ് അക്രമം തടയാന്‍ വെടിവയ്പ് നടത്തുകയാണെങ്കില്‍ മന്ത്രിസഭ രാജിവയ്ക്കണമെന്നുള്ള ആജ്ഞ എവിടെ നിന്നുണ്ടായാലും അത് സ്വീകരിക്കാന്‍ ഒരു ഭരണകര്‍ത്താവിനും കഴിഞ്ഞെന്നുവരികയില്ല. പട്ടം താണുപിള്ളയുടെ പ്രതികരണവും ഗംഭീരമായിരുന്നു. കമ്പി വായിച്ചതിനുശേഷം ”അയാള്‍ക്ക് ഭ്രാന്താണെന്ന്” ക്ഷുഭിതനായി പ്രസ്താവിച്ചുകൊണ്ടദ്ദേഹം അതു ചവറ്റുകുട്ടയില്‍ എറിഞ്ഞു.

സി നാരായണ പിള്ള എഴുതിയിട്ടുണ്ട് ‘പട്ടം താണുപിള്ള എന്നും ഒരു യാഥാസ്ഥിതികനായിരുന്നു. കമ്യൂണിസ്റ്റ് എന്ന പദം പോലും ‘കമ്മ്യൂണിസ്റ്റ്’ എന്ന് പുച്ഛ സ്വരത്തിലാണദ്ദേഹം ഉച്ചരിക്കാറുണ്ടായിരുന്നത്. ആദര്‍ശ ലക്ഷ്യങ്ങളില്‍ താണുപിള്ള എന്നും ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു’. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം ഒരു കമ്യൂണിസ്റ്റ് നേതാവിനെ നിയമസഭയില്‍ പ്രശംസിച്ചു. അപൂര്‍വ്വമായ ഒരു സംഭവം. സി അച്യുത മേനോനായിരുന്നു ആ അപൂര്‍വ്വ പ്രശംസയ്ക്ക് പാത്രമായത്.

1957 ലെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പായി, ധനകാര്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ മുമ്പില്‍ ഒരു ഫയല്‍ വന്നു. പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ളതായിരുന്നു ആ ഫയല്‍. അതിന്റെ സാമ്പത്തിക ബാധ്യത എത്രയായിരിക്കുമെന്ന് കണക്കാക്കാനോ പഠിക്കാനോ ധനകാര്യവകുപ്പിന് അവസരം ലഭിക്കുകയുമുണ്ടായിട്ടില്ല. കൂടുതല്‍ വേണ്ടിവരുന്ന പണം എങ്ങനെയുണ്ടാക്കാമെന്നതിനെപ്പറ്റിയും പഠിച്ചിട്ടില്ല. ഇതൊന്നും ചെയ്യാതെ മന്ത്രിസഭ ഒഴിഞ്ഞുപോകുന്ന നേരത്ത് ഇങ്ങനെയൊരുത്തരവില്‍ ഒപ്പുവയ്ക്കുന്നതു ധനകാര്യമന്ത്രി എന്ന നിലയ്ക്ക് ചെയ്യുകയാണെങ്കില്‍ അതു ക്രമവിരുദ്ധം മാത്രമല്ല അധാര്‍മ്മികമാകുമെന്ന് അച്യുത മേനോന് തോന്നി. അദ്ദേഹം ആ ഫയല്‍ ഒപ്പിടാതെ മടക്കി… ഞാന്‍ ഒപ്പിട്ടിരുന്നുവെങ്കില്‍ പിന്നീടുവരുന്ന മന്ത്രിസഭയ്ക്ക് അതു നടപ്പാക്കാന്‍ ബാധ്യത വരുമായിരുന്നു എന്നായിരിക്കണം, ഈ ഫയല്‍ ആരംഭിക്കാന്‍ കാരണക്കാരായവരുടെ ചിന്താഗതി. ആ ചിന്താഗതി രാഷ്ട്രീയമല്ല വെറും കുരുട്ടുബുദ്ധിയാണെന്ന് ദീര്‍ഘവീക്ഷണമുള്ള ബുദ്ധിശക്തിക്കുടമയായ അച്യുത മേനോന് മനസ്സിലായി.

പഞ്ചാബ് ഗവർണ്ണറായി പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്ന പട്ടം താണു പിള്ള

1960-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം ഈ ഫയല്‍ കണ്ടു. അച്യുതമേനോന്‍ സ്വീകരിച്ച നടപടിയില്‍ അദ്ദേഹത്തിനു വളരെ മതിപ്പാണ് തോന്നിയത്. പട്ടം അത് നിയമസഭയില്‍ തുറന്നുപറഞ്ഞ് അച്യുത മേനോനെ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ പട്ടത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റി ഗവര്‍ണറായി നാടുകടത്താന്‍ കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി വിജയകരമായി അത് നടത്തി.

1962 ല്‍ സെപ്തംബര്‍ 19-ന് തിരുവനന്തപുരത്തെത്തിയ ശാസ്ത്രിയും, ഗിരിയും കോണ്‍ഗ്രസ് നേതാക്കളും പട്ടവുമായി രഹസ്യസംഭാഷണം നടത്തിയശേഷം സെപ്തംബര്‍ 27-ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങി. പട്ടത്തിന് ഒരു സ്ഥാനം കണ്ടുപിടിക്കാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയതിന് ശേഷം ശാസ്ത്രിക്ക് ഏതാനും ദിവസങ്ങള്‍ വേണ്ടിവന്നു. അത് അദ്ദേഹം പഞ്ചാബിലെ രാജ്ഭവനില്‍ കണ്ടെത്തി. പട്ടം രാജിവയ്ക്കുവാന്‍ പോവുകയാണെന്നുള്ളതുകൊണ്ട് ഔദ്യോഗിക ഫയലുകളൊന്നും അദ്ദേഹത്തിനയക്കേണ്ടതില്ല എന്ന് ഇതിനകം തന്നെ ഏറ്റവും ഉന്നതമായ തലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുക എന്നതാണ് പട്ടത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. സെപ്തംബര്‍ 24-ന് ആ ആജീവനാന്ത മോഹം അവസാനിച്ചു. രാജിവയ്ക്കുവാനും ഗവര്‍ണറായി പഞ്ചാബിലേക്ക് പോകുവാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ‘Pattam kicked upstairs ‘ എന്നാണ് ഒരു പത്രം ഇതിനെ വിശേഷിപ്പിച്ചത്.

പട്ടത്തിനെ പഞ്ചാബിലേക്ക് കെട്ടുകെട്ടിച്ചത് അങ്ങേയറ്റം രഹസ്യമായ ഭീതിയിലായിരുന്നു. പട്ടം സ്വയം രാജി സമര്‍പ്പിക്കുന്നതുവരെ കോട്ടയത്ത് നിന്നുള്ള ദീപിക ഒഴികെ ഇന്ത്യയിലെ ഒരൊറ്റ പത്രവും അതിനെക്കുറിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി പി.എസ്.പി.യും പിന്നീടാണറിഞ്ഞത്. ആര്‍ക്കും പിടികൊടുക്കാത്ത തങ്ങളുടെ നേതാവ് കാലുമാറിയതാണെന്ന് അവര്‍ കരുതുകയും ചെയ്തു. പട്ടം രാജിവച്ചതിന്റെ അടുത്ത ദിവസം രാവിലെ ആ.ശങ്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1962 ഒക്ടോബര്‍ ഒന്നിന് പഞ്ചാബ് ഗവര്‍ണറായി പട്ടം താണുപിള്ള സ്ഥാനമേറ്റു. 1964 മേയ് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് ആന്ധ്രാ ഗവര്‍ണറായും ചുമതലയേറ്റു. 1968 ഏപ്രില്‍ പത്തുവരെ തുടര്‍ന്നു. വീണ്ടും ഗവര്‍ണര്‍ തസ്തികയില്‍ തുടരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അദ്ദേഹം അനാരോഗ്യം മൂലം നിരസിച്ചു. 1970 ജൂലൈ 26 ന് പട്ടം താണു പിള്ള അന്തരിച്ചു.

Content Summary: The first Chief Minister of Kerala who belonged to neither the left nor the right; Pattom Thanu Pillai

Leave a Reply

Your email address will not be published. Required fields are marked *

×