ടി.വി.കെ.യുടെ ജന്മശതാബ്ദി 2024 ല്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരുമറിയാതെ കടന്നുപോയി. പത്രപ്രവര്‍ത്തകന്‍, ജീവചരിത്രകാരന്‍, കവി, വിവര്‍ത്തകന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍, ചരിത്രകാരന്‍, ലോകസമാധാന പ്രസ്ഥാനത്തിന്റെ മുന്നണി പ്രവര്‍ത്തകന്‍, ദ്വിഭാഷി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ടിവികെയെന്ന ടി.വി. കൃഷ്ണന്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സാംസ്‌കാരിക പ്രവര്‍ത്തകനും പാര്‍ട്ടി പ്രചാരകനുമായ ടിവികെയുടെ സംഭാവനകള്‍ കേരളത്തിലെ ഇടതും വലതും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജന്മശതാബ്ദിയിലും വിസ്മരിച്ചു.
ഇന്ന് ടി.വി.കെ യുടെ ചരമവാര്‍ഷികമാണ്.
1950 കളില്‍ മലബാറിലെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ആദ്യകാല പത്രപ്രവര്‍ത്തകനായിരുന്നു ടി.വി കൃഷ്ണന്‍ എന്ന കണ്ണൂരിലെ ചെറുകുന്നുകാരന്‍ ടി.വി.കെ.
സഖാവ് കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രമെഴുതിയ ടി.വി.കെ. ആദ്യകാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കളുടെ കേരളത്തിലെ പ്രസംഗങ്ങളുടെ പരിഭാഷകനായിരുന്നു. മലബാറിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടി ക്ലാസുകള്‍ വഴി സാധാരണക്കാരില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പകര്‍ന്ന ടി.വി.കെ അക്കാലത്തെ കമ്യൂണിസ്റ്റുകാരുടെ വാഗ്ദത്തഭൂമിയായ സോവിയറ്റ് സംസ്‌ക്കാരം, സാഹിത്യം, ആശയങ്ങള്‍ എന്നിവയുടെ പ്രചാരകനും പ്രാസംഗികനുമായിരുന്നു.

ടി വി കെ എഴുതിയ സഖാവ് കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രം(1969)
സഖാവ് കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രകാരന്‍, കണ്ണൂരിലെ, ആദ്യത്തെ പ്രഭാത ദിനപത്രമായ ‘ജനശ്രീ’യുടെ സ്ഥാപക എഡിറ്റര്‍, മലബാര്‍ മാന്വല്‍ മലയാളത്തിലേക്ക് ആദ്യമായി മൊഴിമാറ്റിയ പരിഭാഷകന്‍, ടി.വി.കെയെന്ന ബഹുമുഖ പ്രതിഭയുടെ ജന്മശതാബ്ദി കഴിഞ്ഞ വര്‍ഷം 2024 ല്‍ കേരള സാംസ്‌കാരിക രംഗമോ, രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും സ്മരിക്കാതെ കടന്നുപോയി. പ്രശസ്തമായ മൂന്ന് ജീവചരിത്രങ്ങളും, മൂന്ന് മികച്ച ചരിത്ര ഗ്രന്ഥങ്ങളുമടക്കം അര ഡസന്‍ കൃതികളെഴുതിയ ടി.വി.കെ എന്ന സാഹിത്യകാരന്റെ ജന്മശതാബ്ദി ആദരിക്കാന്‍ കേരള സാഹിത്യ അക്കാദമിയും തുനിഞ്ഞില്ല.
മലബാറിന്റെ രാഷ്ട്രീയ സാംസ്‌കാരിക എന്‍സൈക്ലോപീഡിയയായിരുന്നു. ടി.വി.കെ. അരനൂറ്റാണ്ടു കാലം പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ അറിയാത്ത ഒരു രാഷ്ട്രീയ സാംസ്‌കാരിക ചലനവും മലബാര്‍ മേഖലയിലൂടെ കടന്നുപോയിരുന്നില്ല. പ്രസംഗിച്ചും എഴുതിയും പ്രതികരിച്ച കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകനായിരുന്നു ജീവിതാവസാനം വരെ, തെക്കേ വീട്ടില്‍ കൃഷ്ണന്‍ എന്ന. ടി.വി.കെ.
കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തിന് ടി.വി.കെ. നല്‍കിയ സംഭാവനകള്‍ ഏറെയാണ്. മലബാര്‍ മാന്വല്‍ ഉള്‍പ്പടെ മൂന്ന് മികച്ച ചരിത്ര ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകള്‍ക്ക് സാഹിത്യലോകം ആജീവനാന്തം ടി.വി.കെ യോട് കടപ്പെട്ടിരിക്കുന്നു.
കണ്ണൂര്‍ ചെറുകുന്നിലെ അറിയപ്പെടുന്ന ജോത്സ്യനായ കോരന്‍ ഗുരുക്കളാണ് ടി.വി.കെയുടെ പിതാവ്. അച്ഛനെപ്പോലെ കവടി നിരത്താനല്ല, കൊടി പിടിക്കാനായിരുന്നു ചെറുപ്പത്തിലേ കൃഷ്ണന്‍ തീരുമാനിച്ചത്. ചെറുകുന്ന് ഗവ.സ്‌കൂളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയതിനാല്‍ പിന്നീട് പഠനം ചിറയ്ക്കല്‍ ഹൈസ്‌കൂളിലായി.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട ശേഷം ആദ്യമായി നടന്ന പ്രധാന പ്രക്ഷോഭമായിരുന്നു 1940 സെപ്റ്റംബര്‍ 15ന് കണ്ണൂര്‍ തളിപ്പറമ്പിനടുത്തുള്ള മോഴാറയില്‍ (അഞ്ചാം പീടിക) നടന്ന പ്രതിഷേധ ദിനാചരണം. അഞ്ചാം പീടിക അങ്ങാടിക്കവലയിലെ പഴയ കൂറ്റന്‍ പേരാലിന്റെ കീഴെ കോണ്‍ഗ്രസിന്റെ പതാകയും ചെങ്കൊടിയും പാറിച്ച് ഖദര്‍ ജുബ്ബ ധരിച്ച ഒരു കൊമ്പന്‍ മീശക്കാരനെ ജാഥയായി അവിടെ എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിയായ, കൃഷ്ണന്‍ കണ്ടു.

ടി.വി.കെ
ആളുകള്‍ അടക്കം പറയുന്ന കേട്ടപ്പോള്‍ ആളെ മനസ്സിലായി. കെ.പി.ആര്‍. ഗോപാലന്‍. വന്‍ ജനക്കൂട്ടം ജാഥയായി അവിടെ എത്തിയിരുന്നു. അധ്യക്ഷനായ വിഷ്ണു ഭാരതീയന്‍ യോഗം തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ യോഗം നിരോധിച്ചുകൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി വളപട്ടണം സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിക്കൃഷ്ണമേനോന്‍ പൊലീസ് സേനയുമായി എത്തി. കൂടെയുണ്ടായിരുന്ന തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ബീരാന്‍ മൊയ്തിന്‍ ഒരു കടലാസ് കെ.പി.ആറിനു കൊടുത്തു. രണ്ടു പൊലിസ് മേധാവികളും തോക്കു ധരിച്ചിരുന്നു. അയാള്‍ കൊടുത്ത കടലാസ് കെ.പി.ആര്‍. മെഗാ ഫോണിലൂടെ വായിച്ചു. ‘യോഗം നിരോധിച്ച തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ ഉത്തരവാണ്…
‘ആരും എഴുന്നേല്‍ക്കരുത്,’ കെ.പി.ആര്‍. ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. പൊലിസ് മേധാവി പിരിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ആരും അനങ്ങിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിയുമായി വൊളന്റിയര്‍മാരെ ആക്രമിച്ചു. ജനക്കൂട്ടം വടികളും കല്ലുകളുമായി പൊലീസിനെ നേരിട്ടു. പൊലിസ് രണ്ട് റൗണ്ട് വെടിവച്ചു. തന്റെ തോക്കില്‍ നിന്നു വെടിയുതിര്‍ത്ത പൊലീസ് മേധാവി കുട്ടിക്കൃഷ്ണമേനോന്‍ കല്ലേറില്‍ രക്തമൊഴുകി നിലംപൊത്തുന്നതു കൃഷ്ണന്‍ കണ്ടു. കരളില്‍ തറച്ച, തീക്ഷ്ണമായ മറ്റൊരു കാഴ്ചയും അവിടെ കണ്ടു.
ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്… അഹിംസയ്‌ക്കെതിരാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് കൊലവിളിയും മുദ്രാവാക്യവും മുഴക്കി കല്ലേറ് ആരംഭിച്ച ജനക്കൂട്ടത്തിനു നേരെ എല്ലുംകൂടായ നെഞ്ചും വിരിച്ചുകാട്ടി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് വിഷ്ണുഭാരതീയന്‍. അപ്പോഴേക്കും അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ബലമായി പിടിച്ചു മാറ്റി.

മൊഴാറ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിക്കൃഷ്ണ മേനോനും കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാരും മരണമടഞ്ഞു. 38 പേരെ കേസില്‍ പ്രതിചേര്‍ത്തു. മൊഴാറ സംഭവത്തിന് സാക്ഷിയായ കൃഷ്ണനെ മലബാര്‍ പൊലീസ് ചിറയ്ക്കല്‍ സ്‌കൂളില്‍ വന്നു ചോദ്യംചെയ്തു. ഉദ്യോഗസ്ഥനായ അംശം മേനോന്‍ ദയ കാണിച്ചതിനാല്‍ കൃഷ്ണന്‍ കേസില്‍ പ്രതിയാകാതെ രക്ഷപ്പെട്ടു. പക്ഷേ, സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ടു.
മദ്രാസ് ഹൈക്കോടതി കെ.പി.ആറിന് തൂക്കുശിക്ഷ വിധിച്ചു. പിന്നീട് ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ കെ.പി.ആറിന്റെ വധശിക്ഷ ഒഴിവാക്കാന്‍ സമ്മര്‍ദമെത്തി. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷ റദ്ദാക്കി. അങ്ങനെ മൊഴാറ വീരസമര നായകനായി മാറിയ കെ.പി.ആറിന്റെ സമര വീര്യത്തിന് ദൃക്‌സാക്ഷിയായ ടി.വി.കൃഷ്ണന്‍ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അതോടെ മുഴുവന്‍സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി.
ടി.വി.കെ. എന്ന ഇടതുപക്ഷ പത്രപ്രവര്‍ത്തകന്റെ പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിത യാത്രയുടെ തുടക്കം അതായിരുന്നു. പൊലീസിന്റെ നോട്ടപ്പുള്ളിയായതിനാല്‍ നാട്ടില്‍ നില്‍ക്കുന്നത് പന്തിയല്ലെന്നു കണ്ട ടി.വി.കെ. കണ്ണൂരില്‍ നിന്നു നേരെ ബാംഗ്ലൂര്‍ക്ക് വണ്ടികയറി. കുടുംബം നോക്കേണ്ട ബാധ്യത കൂടെയുണ്ടായിരുന്നു.
റോയല്‍ ഇന്ത്യ സപ്ലൈ കോറില്‍ ലാന്‍സ് കമ്മിഷന്‍ഡ് ഓഫീസറായി ബാംഗ്ലൂരില്‍ ജോലികിട്ടി. യോഗ്യതാ സര്‍ട്ടിഫിക്കറ്റൊന്നുമില്ലാതെ തന്നെ. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായില്ലെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള ടി.വി.കെയുടെ പരിജ്ഞാനമാണ് സായിപ്പിനു ബോധിച്ചത്, ഇംഗ്ലീഷിലുള്ള മിക്ക ക്ലാസിക്കുകളും വായിച്ച ടി.വി.കെ. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യം നേടിയിരുന്നു.
ഏറെ താമസിയാതെ നിയമവിരുദ്ധമായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണു ലാന്‍സ് നായിക് ടി.വി.കൃഷ്ണനെന്ന് ഒരു രഹസ്യറിപ്പോര്‍ട്ട് പട്ടാള മേധാവിക്കു ലഭിച്ചു. പട്ടാളത്തില്‍ നിന്ന് ഉടന്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. അന്നത്തെ നടപടിയനുസരിച്ചു പട്ടാളക്കോടതിയില്‍ കോര്‍ട്ട് മാര്‍ഷലിനു വിധേയനായി തടവുശിക്ഷ ലഭിക്കേണ്ടതായിരുന്നു. പക്ഷേ, മേലധികാരിയായ സായിപ്പ് ദയ തോന്നി വിട്ടയച്ചു. അങ്ങനെ വീണ്ടും തൊഴില്‍രഹിതന്‍.

മലബാർ കലാപം: അടിവേരുകൾ -(2000)
ബാംഗ്ലൂരില്‍ നിന്നു നേരെ ബോംബെയിലേക്ക്. ആ മഹാനഗരത്തിലെ ഒരു വന്‍കിട ഹോട്ടലില്‍ കുറച്ചുനാള്‍ ഓഫീസ് ജോലി നോക്കിയെങ്കിലും അത് അവസാനിപ്പിച്ചു കണ്ണൂരില്‍ തിരിച്ചെത്തി.
അക്കാലത്ത് ‘മലബാറിലെ കമ്യൂണിസ്റ്റ് വേട്ടകളും കോട്ടകളും അന്വേഷിച്ചെത്തിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ ആന്‍ഡ്രൂ റോത്ത് അടക്കം പല വിദേശ പത്രലേഖകരുടെയും ദ്വിഭാഷിയായിരുന്നു ടി.വി.കെ. അവരോടൊത്തു മലബാറിലുടനീളം സഞ്ചരിച്ചു. ഒരു ദ്വിഭാഷിയാവാനുള്ള രാഷ്ട്രീയ മനസ്സ് അക്കാലത്തെ അനുഭവങ്ങളില്‍ നിന്നു പാകപ്പെടുത്തിയതിനാല്‍, ഉന്നതരായ അഖിലേന്ത്യാ പാര്‍ട്ടി നേതാക്കളുടെ കേരളത്തിലെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന പാര്‍ട്ടിയുടെ സ്ഥിരം ദ്വിഭാഷിയായി ടി.വി.കെ മാറി.
പ്രമുഖരായ പി.സി.ജോഷി, എസ്.എ ഡാങ്കേ, അജയഘോഷ്, പി.സുന്ദരയ്യ, രാജേശ്വര റാവു, ബസവ പുന്നയ്യ, അരുണ അസ്സഫ് അലി, രേണു ചക്രവര്‍ത്തി, ജ്യോതി ബസു തുടങ്ങിയവരൊക്കെ കേരളത്തില്‍ വരുമ്പോഴുള്ള പ്രസംഗങ്ങള്‍ മലയാളത്തിലാക്കി ആവേശത്തോടെ ടി.വി.കെ സദസിനു പകര്‍ന്നു. കേരളത്തിലെത്തിയ ദേശീയ തലത്തിലെ ഒരു കമ്യൂണിസ്റ്റ് നേതാവും ആ കാലത്തു ടി.വി.കെയെ സന്ദര്‍ശിക്കാതെ പോയിരുന്നില്ല.
പത്രപ്രവര്‍ത്തനമാണു തന്റെ വഴിയെന്ന് ഇതിനകം ഉറപ്പിച്ച ടി.വി.കെ. ആദ്യം തൃശൂരിലെ നവയുഗത്തിലും, പിന്നീടു കോഴിക്കോട്ട് ദേശാഭിമാനിയിലും എത്തി. അതിനു മുന്‍പു ബോംബെയിലെ ബ്ലിറ്റ്‌സ് വാരികയിലും ക്രോസ് റോഡ്‌സിലും ലേഖനങ്ങള്‍ എഴുതിയിരുന്നു… ദേശാഭിമാനി പത്രത്തില്‍ എഡിറ്റര്‍ വി.ടി. ഇന്ദുചൂഡന്‍ കഴിഞ്ഞാല്‍ രണ്ടാമനായിരുന്നു അസിസ്റ്റന്റ് എഡിറ്ററായ ടി.വി.കെ.
1957ല്‍ ആദ്യ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എ.കെ.ജി. ചോദിച്ചു: ‘ടി.വി.കെ. താന്‍ പോരുന്നോ ഡല്‍ഹിക്ക്? സ്വതന്ത്ര ഇന്ത്യയിലെ ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവാണ് എ.കെ. ഗോപാലന്‍. പ്രതിപക്ഷ നേതാവിന് പാര്‍ലമെന്റില്‍ പിടിപ്പത് ജോലിയുണ്ട്. അതിനു സഹായിക്കാന്‍ ടി.വി.കെയെപ്പോലെ ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉള്ള ഒരാള്‍ വേണം. ടി.വി.കെ. മലബാറില്‍ എ.കെ.ജിയുടെ സെക്രട്ടറിയായി കുറെക്കാലം പ്രവര്‍ത്തിച്ചതുമാണ്. ടി.വി.കെ. മറുപടി പറയാതെ നിന്നപ്പോള്‍ എ.കെ.ജി. പറഞ്ഞു: ‘ഒരു കാര്യമേ താന്‍ ഡല്‍ഹിയില്‍ ചെയ്യേണ്ടതുള്ളൂ. തന്‍പ്രമാണിത്വം കാണിക്കുക. എല്ലാം അറിയാമെന്ന ഭാവത്തില്‍ നില്‍ക്കുക അത്രേം മതി.’
ഏതായാലും ടി.വി.കെ. ഡല്‍ഹിക്ക് പോയില്ല. പകരം ദേശാഭിമാനിയില്‍ താന്‍ കണ്ടു പരിചയിച്ച മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളെ കുറിച്ചെഴുതി. പൊലീസിന്റെ കമ്യൂണിസ്റ്റ് വേട്ടയില്‍ മരിച്ച അറിയപ്പെടാത്ത, പാടിക്കുന്ന് രക്തസാക്ഷികളെക്കുറിച്ചെഴുതി. 1948 വരെയുള്ള മലബാര്‍ ഗ്രാമചരിത്രങ്ങളും, അവരുടെ ജീവിത പ്രശ്‌നങ്ങളും ആദ്യമായി ഒരു ദിനപത്രത്തിലെഴുതുന്നതു ടി.വി.കെയാണ്.

ടിവികെ സമാഹരിച്ച് എഡിറ്റ് ചെയ്ത എൻ.സി. ശേഖറിൻ്റെആത്മകഥ
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ ടി.വി.കെയും പതറിയ, ദുഃഖിച്ച നാളുകള്‍. പതിനാലു കൊല്ലത്തെ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചു ടി.വി.കെ. പടിയിറങ്ങി. സിപിഐ പക്ഷത്തായിരുന്ന ടി.വി.കെയ്ക്കു സി.പി.എം. പിടിച്ചെടുത്ത ദേശാഭിമാനിയില്‍ തുടരാന്‍ താല്‍പര്യം ഇല്ലായിരുന്നു
അടുത്ത സൗഹാര്‍ദമുണ്ടായിരുന്ന എസ്.കെ. പൊറ്റെക്കാട്ടുമായി ചേര്‍ന്നു ടി.വി.കെ. ‘പ്രപഞ്ചം’ എന്നൊരു സംസ്‌കാരിക വാരിക കോഴിക്കോട് നിന്നാരംഭിച്ചു. ഒ.വി.വിജയന്‍, വി.കെ.എന്‍, പി.വത്സല, സി.രാധാകൃഷ്ണന്‍ എന്നിവരെല്ലാം പ്രപഞ്ചത്തില്‍ തുടര്‍ച്ചയായി എഴുതി. വാരിക മികച്ചതാണെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നിന്നുപോയി.
ആയിടെയാണ് ലോക സമാധാന പ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 1964 ല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായ ടി.വി.കെ. ഡല്‍ഹിയില്‍ പോകുന്നത്. അവിടെ സമ്മേളനത്തില്‍ വച്ചു ഡല്‍ഹിയിലെ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായ ‘പേട്രിയറ്റിന്റെ’എഡിറ്റര്‍ എടത്തട്ട നാരായണനെ കണ്ടപ്പോള്‍ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ അതികായന്മാരിലൊരാളായ എടത്തട്ട തലശ്ശേരിക്കാരനാണ്. പേട്രിയറ്റിനും ലിങ്ക് വാര്‍ത്താ മാസികയ്ക്കും കേരളത്തില്‍ ഒരു പ്രതിനിധിയെ തേടുകയായിരുന്നു എടത്തട്ട. അദ്ദേഹം ചോദിച്ചു: എന്തുകൊണ്ട് ടി.വി.കെയ്ക്കു പേട്രിയറ്റിന്റെ ലേഖകനായി കൂടാ… ഇപ്പാള്‍ സ്വതന്ത്രനല്ലേ? ‘ടി.വി.കെയ്ക്ക് പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു.
1964 ഓഗസ്റ്റില്‍ ടി.വി.കെ. പേട്രിയറ്റ്, ലിങ്ക് പ്രസിദ്ധീകരണങ്ങളുടെ കേരളത്തിലെ റിപ്പോര്‍ട്ടറായി തിരുവനന്തപുരത്തു പത്രപ്രവര്‍ത്തനം ആരംഭിക്കുന്നു. കാമരാജ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയതില്‍ കോണ്‍ഗ്രസിലുണ്ടായ സ്ഫുരണങ്ങളായിരുന്നു പ്രത്യേക ലേഖകനായ ടി.വി.കെയുടെ പേട്രിയറ്റിലെ ആദ്യ റിപ്പോര്‍ട്ട്. അടുത്ത രണ്ടു ദശാബ്ദക്കാലം കേരളരാഷ്ട്രീയം, പ്രത്യേകിച്ച് ഇടതുപക്ഷ മുന്നേറ്റങ്ങള്‍ ഡല്‍ഹി അധികാര കേന്ദ്രങ്ങള്‍ അറിഞ്ഞത് പേട്രിയറ്റില്‍ ടി.വി.കെയുടെ റിപ്പോര്‍ട്ടുകള്‍ വഴിയായിരുന്നു.
1958ല്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താ മാസികയായിരുന്നു ലിങ്ക്. റഷ്യന്‍ ചായ്വുള്ള ലിങ്കിനെ സി.പി.എം ശക്തിയായി എതിര്‍ത്തു.
ടി.വി.കെ. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ സി.പി.എം. ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് എഡിറ്ററായ വി.ടി. ഇന്ദുചൂഡന്റെ ക്യാബിനില്‍ കയറിവന്നു. അവിടെയുള്ള മേശയിലുള്ള പുതിയ ലക്കം ലിങ്കിന്റെ കോപ്പി കണ്ടപ്പോള്‍ അരിശത്തോടെ ഇ.എം.എസ്. ചോദിച്ചു: എന്താ ഇന്ദുചൂഡാ ഇത്? നിങ്ങള്‍ക്കു വേറെയൊന്നും വായിക്കാന്‍ കിട്ടിയില്ലേ…

ഇ.എം. എസ്
ഇ.എം.എസിനു ലിങ്കിനെ സഹിക്കാന്‍ പറ്റാത്തതിനു പിന്നിലൊരു കഥയുണ്ട്. പാര്‍ട്ടി പിളരാന്‍ പോകുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പോരുകളും കുഴപ്പങ്ങളും കൃത്യമായി ലിങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഉന്നതലത്തിലെ എല്ലാ നേതാക്കളുമായി എഡിറ്ററായ എടത്തട്ട നാരായണന് അടുത്ത ബന്ധമുണ്ടായിരുന്നു. വാര്‍ത്തകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല. ഒടുവില്‍ ലിങ്കുമായുള്ള എല്ലാ സഹകരണവും നിരോധിച്ചു കൊണ്ടു പാര്‍ട്ടി പ്രമേയം പാസ്സാക്കി. പാര്‍ട്ടി പിളര്‍ന്നു കഴിഞ്ഞപ്പോള്‍ ലിങ്കില്‍ വന്ന വാര്‍ത്താ വിശകലനങ്ങള്‍ എല്ലാം ശരിയാണെന്നു തെളിഞ്ഞു. ഇതു പൊറുക്കാന്‍ ഇ.എം.എസിനു കഴിഞ്ഞില്ല. എ.കെ.ജിയാകട്ടെ, പാര്‍ട്ടി പിളര്‍പ്പന്‍ വാരിക എന്നാണു ലിങ്കിനെ തന്റെ ആത്മകഥയില്‍ വിശേഷിപ്പിച്ചത്.
പില്‍ക്കാലത്ത് ലിങ്കിന്റെ സ്വാതന്ത്ര്യദിന പതിപ്പിന് ഒരു പ്രത്യേക അഭിമുഖത്തിനായി ടി.വി.കെ. തിരുവനന്തപുരത്ത് ശാന്തിനഗറിലെ ഇ.എം.എസിന്റെ വസതിയില്‍ ചെന്നു. സി.പി.ഐ – കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന കാലമാണ്. സി.പി.എം. അധികാര രാഷ്ട്രീയത്തിന് പുറത്തും.
‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ പേട്രിയറ്റിനും ലിങ്കിനും അഭിമുഖം തരുമെന്ന് എങ്ങനെ പ്രതീക്ഷിച്ചു? നടപ്പില്ല. ടി.വി.കെ.’ ഇ.എം.എസ്. വെട്ടിത്തുറന്നു പറഞ്ഞു. ഇ.എം.എസിനു പഴയ കാര്യം അപ്പോഴും പൊറുക്കാനായില്ല.
1971 ല്‍ സി.പി.ഐ സ്റ്റേറ്റ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സഖാവ്
പി. കൃഷ്ണപിള്ളയുടെ ആദ്യത്തെ ജീവചരിത്രം എഴുതുന്നത്. കൃഷ്ണപിള്ളയുടെ ജീവചരിത്രകാരന്‍ എന്ന നിലയില്‍ ടി.വി.കെ. ഏറെ പ്രശസ്തനായി. സഖാവ് കൃഷ്ണപിള്ളയോടൊത്ത് യുവാവായ ടി.വി.കെ. മലബാര്‍ മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി സഞ്ചരിച്ച അനുഭവങ്ങളും കൃഷ്ണപിള്ളയുടെ പാര്‍ട്ടി ജീവിതവും സമരങ്ങളും സംഘടനാപാടവവും പ്രേമവും വ്യക്തിബന്ധങ്ങളും ജീവചരിത്രത്തില്‍ ലളിതമായ ഭാഷയില്‍ ഭംഗിയായി എഴുതി.
42-ാം വയസ്സില്‍ പാമ്പുകടിയേറ്റാണ് ആലപ്പുഴ, മുഹമ്മയില്‍ വച്ചു സഖാവ് കൃഷ്ണപിള്ള മരിച്ചത്. ഭാര്യ തങ്കമ്മ പുനര്‍വിവാഹം ചെയ്ത് ശുചീന്ദ്രത്തു താമസമാക്കിയിരുന്നു. അവരെ പലവട്ടം സന്ദര്‍ശിച്ചു കൃഷ്ണപിള്ളയെ സമരകാലത്ത് അറസ്റ്റ് ചെയ്ത പൊലീസുകാരെ കണ്ടെത്തി അവരോടു സംസാരിച്ചു. അങ്ങനെ വിശദവിവരങ്ങള്‍ ശേഖരിച്ചാണു ടി.വി.കെ. സഖാവിന്റെ ജീവചരിത്രം പൂര്‍ത്തിയാക്കിയത്. പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച ‘സഖാവ്’ എന്ന എട്ടു രൂപ വിലയുള്ള കൃതി. പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ ഫോട്ടോഗ്രാഫര്‍മാരിലൊരാളായ സി.എം. വിഷ്ണു നമ്പീശനെടുത്ത കൃഷ്ണപിള്ളയുടെ പ്രശസ്തമായ ഫോട്ടോയായിരുന്നു കവര്‍ ചിത്രം. അതു ടി.വി.കെയ്ക്കു നല്‍കിയത് തങ്കമ്മയും. പുസ്തകത്തിന്റെ കവറില്‍ ടി.വി.കെ. എഴുതിയ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ‘തങ്കമ്മ ഇപ്പോള്‍ പുനര്‍ വിവാഹിതയായി ശുചീന്ദ്രത്ത് മൂന്നു കുട്ടികളോടൊത്തു കഴിയുന്നു.’ അതിലൊരു കുട്ടിയായിരുന്നു. പിന്നീടു പ്രശസ്ത പത്രപ്രവര്‍ത്തകനായ, ടി.എന്‍. ഗോപകുമാര്‍.
ഡല്‍ഹിയിലെ പീപ്പിള്‍സ് പബ്ലിക്കേഷന്‍ Kerala’s First Communist; Life of Sakhavu Krishna Pillai’ എന്ന പേരില്‍ ടി.വി.കെ. തന്നെ ഇംഗ്ലീഷിലും എഴുതിയ ഈ ജീവചരിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അനേകം കോപ്പികള്‍ വിറ്റുപോയ ഈ കൃതി വിദേശരാഷ്ടങ്ങളില്‍ വരെ പ്രസിദ്ധി നേടി. എല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും കോപ്പികള്‍ വാങ്ങിയ ഒരു പുസ്തകമായി ഇത് പ്രചരിച്ചു. അമേരിക്കന്‍ ചാരസംഘടന സി.ഐ.എയുടെ ലാങ്ലിയിലെ വായനശാലയില്‍ വരെ സഖാവ് എത്തി. കല്‍ക്കട്ടയിലെ നാഷണല്‍ ബയോഗ്രാഫിക് സെന്ററിന്റെ ജീവചരിത്ര പുസ്തക പരമ്പരകളില്‍ ഈ പുസ്തകം സ്ഥാനം നേടി.
ബംഗാള്‍ മുഖ്യമന്ത്രിയായ ജ്യോതി ബസു ഒരിക്കല്‍ കണ്ണൂരില്‍ വന്നപ്പോള്‍ ബസുവിനു ടി.വി.കെ. ഈ പുസ്തകം കൊടുത്തു. ജ്യോതിബസു ടി.വി.കെയെ അഭിനന്ദിച്ചു കൊണ്ടു കൈകൊടുത്തു. ഒരു ചരിത്രകാരനായതിനാല്‍ ടി.വി.കെയുടെ ജീവചരിത്രങ്ങളെല്ലാം തന്നെ വസ്തുതകളുടെ പിന്‍ബലമുള്ള കൃതികളായിരുന്നു. തികച്ചും ആധികാരികം.

സി. അച്യുതമേനോൻ
1974 ല്‍ പേട്രിയറ്റിന്റെയും ലിങ്കിന്റെയും കേരളത്തിലെ പ്രത്യേക ലേഖകനായിരുന്ന ടി.വി.കെ. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ജോലിക്കാരായ ചില പാര്‍ട്ടി അനുഭാവികളുടെ താല്‍പര്യം പരിഗണിച്ചു ലിങ്ക് വാര്‍ത്താ മാസികയുടെ മാതൃകയില്‍ ആരംഭിച്ച വാരികയാണു ‘വീക്ഷണം.’ സര്‍ക്കാര്‍ ജോലിക്കാരുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ മാസിക കൈകാര്യം ചെയ്തു. രണ്ടുലക്കം പുറത്തുവന്നു. പിന്നീടു പ്രയോഗിക ബുദ്ധിമുട്ടുകള്‍ കാരണം മാസിക നിന്നു.
ഒരുദിവസം ടി.വി.കെയെ കാണാന്‍ ഒരു വിശിഷ്ടാതിഥി വീട്ടില്‍ വന്നു. ടി.വി.കെയ്ക്കു ചിരപരിചിതനായ അയാള്‍ ചോദിച്ചു: ‘വീക്ഷണം’ സ്ഥിരമായി നിറുത്തിയോ?’
ടി.വി.കെ. പറഞ്ഞു: ‘നിര്‍ത്തേണ്ടി വന്നു.’
‘എന്നാല്‍ വീക്ഷണത്തിന്റെ പ്രസിദ്ധീകരണാവകാശം ഞങ്ങള്‍ക്കു വിട്ടുതരാമോ?,’ അയാള്‍ ചോദിച്ചു.
തരാം എന്നു ടി.വി.കെ. മറുപടി പറഞ്ഞപ്പോള്‍ വന്നയാള്‍ കാര്യം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയായിരുന്നു വന്ന സന്ദര്‍ശകന്‍. ആന്റണി കാര്യം വിശദീകരിച്ചു. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മുഖപത്രം ആരംഭിക്കുന്നു. അന്നത്തെ കെ.പി.സി.സി. അധ്യക്ഷനായ കെ.കെ. വിശ്വനാഥന്റെ നിര്‍ദേശമനുസരിച്ചു വന്നതാണ്. ടി.വി.കെയെ കാണാന്‍. ‘സമ്മതം കിട്ടിയാല്‍ പത്രം പുറത്തിറക്കാനുള്ള സംവിധാനമൊക്കെ തയ്യാറാണ്,’ ആന്റണി പറഞ്ഞു.
കുറച്ചു നാളുകള്‍ക്ക് ശേഷം 1976 ല്‍ ഇന്ദിരാഗാന്ധി ‘വീക്ഷണം’ ദിനപത്രം ഉദ്ഘാടനം ചെയ്തു. അച്ചടി നിന്നുപോയ വീക്ഷണം വാരിക അങ്ങനെ വീക്ഷണം ദിനപത്രമായി മാറി. ഉറച്ച കമ്യൂണിസ്റ്റുകാരനായ ടി.വി.കെ. തുടങ്ങിയ പ്രസിദ്ധീകരണം കോണ്‍ഗ്രസിന്റെ മുഖപത്രമായി മാറിയെന്ന വൈരുധ്യം ആരും ശ്രദ്ധിച്ചില്ലെന്നു മാത്രം. ശാസ്ത്രീയമായ ചരിത്രരചന നിലവില്‍ വന്നിട്ടില്ലാത്ത കാലത്ത് മലബാര്‍ കലക്ടറായ വില്യം ലോഗന്‍ രചിച്ച ചരിത്ര പ്രമാണ ഗ്രന്ഥമാണു ‘മലബാര്‍ മാന്വല്‍.’ ഒരു ദേശത്തിന്റെ ഏണും കോണും കൃത്യമായി അളന്നു ലോഗന്‍ രചിച്ച പ്രമാണ ഗ്രന്ഥമാണ് അത്.
വില്യം ലോഗന്‍ന്റെ ‘മലബാര്‍ മാന്വല്‍’ എന്ന പ്രശസ്തമായ ഗ്രന്ഥം മലയാളി വായനാ സമൂഹത്തിനു പരിഭാഷപ്പെടുത്തി നല്‍കിയതാണു ടി.വി.കെ. എന്ന പരിഭാഷകന്റെ ഏറ്റവും മികച്ച സംഭാവന. മലബാറിന്റെ പ്രദേശിക ഭാവഭേദങ്ങളെല്ലാം കൈവെള്ളപോലെ ഹൃദിസ്ഥമായിരുന്ന ടി.വി.കെയ്ക്കു കാലം കാത്തുവച്ച നിയോഗമായിരുന്നു ആ ബൃഹദ്ഗ്രന്ഥം മൊഴിമാറ്റം ചെയ്യല്‍. അത് ചെയ്യാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയായിരുന്നു ടി.വി.കെ. കണ്ണൂര്‍ ചെറുകുന്നിലെ തന്റെ വീട്ടിലിരുന്നു മൂന്നു വര്‍ഷമെടുത്താണു വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍ എന്ന ക്ലാസിക് കൃതി മൊഴിമാറ്റം ചെയ്തത്. ഒരു അക്കാഡമിക്ക് സ്ഥാപനങ്ങളുടേയും സഹായമില്ലാതെയാണ് ഈ പരിഭാഷ നിര്‍വ്വഹിച്ചത്.
1985 ല്‍ ആദ്യമായി മാതൃഭുമി പബ്ലിക്കേഷന്‍ മലബാര്‍ മാന്വല്‍ പ്രസിദ്ധീകരിച്ചു. അപ്പോള്‍ മൂലകൃതി ഇംഗ്ലീഷില്‍ പുറത്തുവന്നിട്ട് 98 വര്‍ഷം കഴിഞ്ഞിരുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന മലബാറിലെ ജീവിത പശ്ചാത്തലമാണ് ടി.വി.കെയ്ക്ക് ഈ ഭഗീരഥ പ്രയത്‌നത്തിന് ആത്മധൈര്യം പകര്‍ന്നത്. മൂലകൃതിയോടു നീതിപുലര്‍ത്തിക്കൊണ്ടു കൈകാര്യം ചെയ്ത വിഷയങ്ങളോടും കാലഘട്ടങ്ങളോടുമുള്ള സത്യസന്ധത പാലിച്ചു പദാനുപദ തര്‍ജമയാണു ടി.വി.കെ. മലബാര്‍ മാനുവലില്‍ സ്വീകരിച്ചത് ഒരിടത്തും സ്വതന്ത്ര പരിഭാഷയുടെ എളുപ്പ മാര്‍ഗം സ്വീകരിച്ചിട്ടില്ല. ടി.വി.കെയ്ക്ക് ഏറ്റവും ആത്മസംതൃപ്തി നല്‍കിയ പരിഭാഷയായിരുന്നു മലബാര്‍ മാന്വല്‍.

ടിവികെ ആരംഭിച്ച കണ്ണൂരിലെ ആദ്യത്തെ പ്രഭാത ദിനപത്രം ‘ ജനശ്രീ’
1955 ല്‍ ആദ്യം മൈസൂര്‍ യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അധ്യാപകനായ ഒ.കെ. നമ്പ്യാരുടെ Portuguese Pirates and Indian Seamen എന്ന വിഖ്യാത ചരിത്ര ഗ്രന്ഥമാണു ടി.വി.കെ. മൊഴിമാറ്റിയ മറ്റൊരു ഉല്‍കൃഷ്ട ഗ്രന്ഥം. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നടത്തിയ അധിനിവേശങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരെ പടനയിച്ച സാമൂതിരിയുടെ നാവികപ്പടയ്ക്കു നേതൃത്വം വഹിച്ച കുഞ്ഞാലി മരയ്ക്കാരെ കേന്ദ്രബിന്ദുവാക്കിയ ഈ പ്രശസ്ത ഗ്രന്ഥം ലിസ്ബണ്‍ സര്‍വകലാശാലയുടെ സഹായത്തോടെയാണു നമ്പ്യാര്‍ പൂര്‍ത്തിയാക്കിയത്. ടി.വി.കെയുടെ നാട്ടുകാരനായ ഒ.കെ നമ്പ്യാരുടെയും സുഹൃത്ത് എസ്.കെ. പൊറ്റെക്കാടിന്റെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ദുര്‍ഗ്രഹമായ അതിന്റെ പരിഭാഷ ടി.വി.കെ. ഏറ്റെടുത്തത്. ‘നിങ്ങള്‍ അതു ചെയ്യണമെന്നു നമ്പ്യാര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ടി.വി.കെ. സമ്മതിച്ചു. മൈസൂര്‍ സര്‍വകലാശാലയില്‍ ഡിഗ്രിക്കു പാഠപുസ്തകമായിരുന്നു അക്കാലത്ത് ഈ കൃതി.
പരിഭാഷ പ്രസിദ്ധീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ നന്നായി എന്നു നമ്പ്യാര്‍ ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ കേരളത്തില്‍ പാഠപുസ്തകമാക്കാന്‍ കഴിയും. കുഞ്ഞാലി മരക്കാരെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം മലയാളത്തിലോ ഇംഗ്ലീഷിലോ അതുവരെ വന്നിട്ടില്ല. ‘പോര്‍ച്ച്ഗ്രീസ് കടല്‍ക്കൊള്ളക്കാരും ഇന്ത്യന്‍ നാവികരും’ എന്നു പേരിട്ട ടി.വി.കെയുടെ മലയാള പരിഭാഷ ചരിത്ര വിദ്യാര്‍ഥികള്‍ക്കു നല്ലൊരു റഫറന്‍സാകും. എന്ന വസ്തുതയാണു നമ്പ്യാര്‍ ചൂണ്ടിക്കാണിച്ചത്.
ഒ.കെ. നമ്പ്യാരും എസ്.കെ. പൊറ്റെക്കാട്ടും ടി.വി.കെയും കൂടി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ ഇതിനായി കാണാന്‍ ചെന്നു. കാര്യം അവതരിപ്പിച്ചപ്പോള്‍ സി.എച്ച് പറഞ്ഞു. ‘ഞാന്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കേ കുഞ്ഞാലി മരക്കാരെ, കഥാനായകനാക്കിയുള്ള കൃതി പാഠപുസ്തകമാക്കിയാല്‍ അനാവശ്യമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കും.’ നിങ്ങള്‍ മുഖ്യമന്ത്രിയെ കാണുക. ഈ കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞ് വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ കൈമലര്‍ത്തി. നിരാശരായി മൂവരും മുറി വിട്ടിറങ്ങി. മുഖ്യമന്തി സി. അച്യുതമേനോനെ കാണാനൊന്നും ഒ.കെ. നമ്പ്യാര്‍ തയ്യാറായില്ല. അങ്ങനെ കുഞ്ഞാലി മരയ്ക്കാരുടെ ആധികാരികമായ ഒരു ചരിതം പഠിക്കാനുള്ള അവസരം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു നഷ്ടപ്പെട്ടു. പിന്നീട് മലയാള മനോരമ പബ്ലിക്കേഷനാണ് 1972ല്‍ ഇതു പുറത്തിറക്കിയത്.
ബ്രിട്ടീഷുകാരനായ മാര്‍ക്‌സിസ്റ്റ് ചരിത്ര പണ്ഡിതന്‍ കോണ്‍റാഡ് വുഡിന്റെ The Moplah Rebellion and its Genesis എന്ന ചരിത്രഗ്രന്ഥമാണ് ടി.വി.കെ. മലയാള ചരിത്രശാഖയ്ക്കു നല്‍കിയ മറ്റൊരു പരിഭാഷ. 1987ല്‍ ഡല്‍ഹിയിലെ പീപ്പിള്‍സ് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വസ്തുനിഷ്ഠതയും വിശ്വാസ്യതയുമാണ് ടി.വി.കെയെ പരിഭാഷയ്ക്കു പ്രേരിപ്പിച്ചത്. വിഷയത്തോടും ചരിത്രത്തോടും നീതി പുലര്‍ത്താന്‍ പരിഭാഷയുടെ മാപ്പിള ലഹള എന്ന ശീര്‍ഷകം മാറ്റി മലബാര്‍ കലാപം എന്നാക്കി. ‘മലബാര്‍ കലാപം: അടിവേരുകള്‍’ എന്ന ശീര്‍ഷകം നല്‍കാന്‍ കോണ്‍റാഡ് വുഡ് അനുവാദം നല്‍കി.
വിദേശാധിനിവേശത്തിനെതിരെ തുടക്കം തൊട്ടുള്ള ചെറുത്തു നില്‍പ്പിന്റെ അവിസ്മരണീയമായ ഏടുകള്‍, കടന്നുപോയ ഒരു നൂറ്റാണ്ടിന്റെ അറിയപ്പെടാത്ത സംഭവ കഥയുടെ വേരുകളുടെ വ്യത്യസ്തമായ ഉള്‍ക്കാഴ്ചയാണ് ഈ ചരിത്ര പഠന ഗ്രന്ഥം. മലബാര്‍ മാന്വല്‍ പോലെ ടി.വി.കെയുടെ ലളിതമായ ഭാഷയില്‍ എഴുതിയ 300 പുറം വരുന്ന ഈ പരിഭാഷ 2000 മാര്‍ച്ചില്‍ പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ നിന്നു പേട്രിയറ്റിന്റെ പതിപ്പ് ആരംഭിക്കാന്‍ പേട്രിയറ്റിന്റെ ചെയര്‍മാന്‍ അരുണ അസ്സഫ് അലി തീരുമാനിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തു നിന്നും പതിപ്പുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. രണ്ടിടങ്ങളിലും യൂണിറ്റ് സ്ഥാപിക്കാന്‍ സ്ഥലം വാങ്ങുകയും ചെയ്തു. പക്ഷേ, ഏറെ താമസിയാതെ അരുണ അസ്സഫ് അലി ആ സ്ഥാപനത്തില്‍ നിന്നു നിഷ്‌കാസിതയായി. പേട്രിയറ്റിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യക്കാരായ പുതിയ മാനേജ്‌മെന്റ് താമസിയാതെ ആ സ്ഥാപനത്തെ തകര്‍ത്തു.
അതോടെ കേരളത്തില്‍ നിന്നു പേട്രിയറ്റ് ദിനപത്രം സ്വപ്നം മാത്രമായി അവശേഷിച്ചു. കണ്ണൂരില്‍ പേട്രിയറ്റ് ദിനപത്രം തുടങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്താണു പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ഉയര്‍ന്നത്. ആ സമയത്തു തന്നെ ടി.വി.കെ. പേട്രിയറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞിരുന്നു. തിരുവനന്തപുരം വിട്ടു കണ്ണൂരില്‍, കണ്ണപുരത്തെ തന്റെ വസതിയില്‍ സ്ഥിരതാമസമാക്കി.

ലിങ്ക്
ഇടതായാലും വലതായാലും കോണ്‍ഗ്രസായാലും തന്റെ അരനൂറ്റാണ്ടു കാലത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ടി.വി.കെയുമായി ബന്ധപ്പെടാത്ത നേതാക്കളില്ല, കേരള രാഷ്ട്രീയത്തിലെ 50 കള്‍ തൊട്ടുള്ള കേരള രാഷ്ട്രീയ സംസ്‌കാരികരംഗത്തെ പ്രമുഖരെല്ലാം ടി.വി.കെയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നു. സി. അച്യുതമേനോനായിരുന്നു രാഷ്ട്രീയമായും വ്യക്തിപരമായും ടി.വി.കെ. മാനിച്ചിരുന്ന, അടുപ്പമുള്ള അപൂര്‍വം വ്യക്തികളിലൊരാള്‍.
ബാങ്കില്‍ നിന്നും കടമെടുത്താണോ ടി.വി.കെ. തനിച്ചു ദിനപത്രം തുടങ്ങാന്‍ പോകുന്നത്? വേണ്ട, ടി.വി.കെ. കാശുണ്ടെങ്കില്‍ പ്രപഞ്ചം പോലൊരു വാരിക ആരംഭിക്ക്… പറഞ്ഞതു മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍.
പേട്രിയറ്റില്‍ നിന്നു വിരമിച്ച ടി.വി.കെ. കണ്ണൂരില്‍ നിന്ന് ഒരു ദിനപത്രം തുടങ്ങാന്‍ തീരുമാനിച്ചു. അതിന്റെ വിവരം പറയാന്‍ കണ്ണൂരില്‍ ഏതോ പരിപാടിക്ക് എത്തിയ അച്യുതമേനോനെ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ചെന്ന് കണ്ടപ്പോഴാണു സ്‌നേഹപൂര്‍വം അദ്ദേഹം ടി.വി.കെയെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. അച്യുതമേനോന്‍ ഒന്നുകൂടി പറഞ്ഞു: ‘ദിനപത്രം തുടങ്ങിയാല്‍ കൈപൊള്ളും, വെന്തുപോകും.’
1988 ജനുവരിയില്‍ കണ്ണൂരില്‍ നിന്ന് ഇറങ്ങുന്ന ആദ്യത്തെ പ്രഭാത ദിനപത്രമായ ‘ജനശ്രീ’ വായനക്കാരുടെ കയ്യിലെത്തി. ഒരു ദിനപത്രത്തിനും അന്ന് കണ്ണൂര്‍ പതിപ്പില്ല. ടി.വി.കെ. എഡിറ്റര്‍ കൂടെ എഡിറ്റോറിയല്‍ സ്റ്റാഫായി കുറെ ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകരും. കണ്ണൂര്‍ തളാപ്പിലെ ജോണ്‍ മില്‍ കോംമ്പൗണ്ടിലായിരുന്നു. ജനശ്രീ അച്ചടിച്ചത്. 8000 കോപ്പികളായിരുന്നു ആദ്യ പ്രിന്റ് ഓര്‍ഡര്‍.
ഉദ്ഘാടനം ചെയ്ത്, പത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ച മാതൃഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്‍.വി. കൃഷ്ണവാര്യര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു:
‘പത്രം നടത്തിപ്പും പത്രപ്രവര്‍ത്തനവും രണ്ടും രണ്ടാണ്. പരസ്പര പൂരകമാണെങ്കിലും പത്രം നടത്തിപ്പ് ഒരു ബിസിനസ്സാണ്. ഒരു പത്രപ്രവര്‍ത്തകനു ബിസിനസുകാരനാകാന്‍ കഴിയുമോയെന്ന് എനിക്കു സംശയമുണ്ട്.’
എന്‍.വി. പറഞ്ഞതു തെറ്റിയില്ല. ടി.വി.കെ. ബിസിനസുകാരനല്ലായിരുന്നു.
ഒരു വര്‍ഷത്തിനകം ‘ജനശ്രീ’ പത്രം പൂട്ടി. അച്യുതമേനോന്‍ പറഞ്ഞപോലെ ടി.വി.കെയുടെ കൈപൊള്ളി, വെന്തുപോയി.’ ആ വകയില്‍ ടി.വി.കെയ്ക്കു നഷ്ടം എട്ടുലക്ഷം രൂപ. താമസിക്കുന്ന വീടും പറമ്പും ഭാര്യയുടെ സ്വര്‍ണവും ബാങ്കിനു പണയം.
കണ്ണപുരത്തെ വീട്ടില്‍ എഴുത്തും വായനയുമായി ടി.വി.കെയിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വീണ്ടും സജീവമായി. ഇത്തവണ മറ്റൊരു നേതാവിന്റെ ആത്മകഥ രൂപപ്പെടുത്തലായിരുന്നു എഴുത്ത്. കേരളത്തിലെ ആദ്യകാല സ്വാതന്ത്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകാംഗവും തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവുമായ എന്‍.സി. ശേഖര്‍ എഴുതിവച്ച കുറിപ്പുകള്‍ സമാഹരിച്ച് എന്‍.സിയുടെ ആത്മകഥ ടി.വി.കെ. എഴുതി.

ടി.വി.തോമസ് ജീവിത കഥ (1998)
1987 ല്‍ എന്‍.സി. ശേഖര്‍ മരിച്ചപ്പോള്‍ എന്‍.സിയുടെ അനുസ്മരണ യോഗത്തില്‍ പൂര്‍ത്തിയാക്കേണ്ട അദ്ദേഹത്തിന്റെ അപൂര്‍ണ്ണമായ ആത്മകഥ ചിട്ടപ്പെടുത്തേണ്ടത് ആരാണെന്ന ചോദ്യം യോഗത്തിലുയര്‍ന്നു. പ്രസംഗിച്ചവരെല്ലാം ഒരേ പേരാണു പറഞ്ഞത്. ടി.വി.കെ. വേണം അതെഴുതാന്‍.
പി. കൃഷ്ണപിള്ളയുടെ ജീവചരിത്രമെഴുതിയ ടി.വി.കെ. തന്നെ തന്റെ ചിരകാല മിത്രവും കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായ എന്‍.സിയുടെ ജീവിതകഥ പൂര്‍ത്തിയാക്കി. പേര് എന്‍.സി. നേരത്തേ തന്നെ എഴുതിവച്ച ശീര്‍ഷകം തന്നെ നല്‍കി…
‘അഗ്‌നിവീഥി’.
1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എന്‍.സി. ശേഖര്‍ ആദ്യം സി.പി.എമ്മിലായിരുന്നു. വേഗം തന്നെ പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു. പിന്നെ ഒരു പാര്‍ട്ടിയിലും ചേര്‍ന്നില്ല. സ്വതന്ത്രനായി നിന്നു.
അഗ്‌നിവീഥിയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളെ ചൊല്ലി വിവാദമുണ്ടായി. ഇ.എം.എസ്. പാര്‍ട്ടിക്കു തന്റെ സ്വത്ത് ഒന്നും തന്നെ നല്‍കിയില്ലെന്ന വാദം ആദ്യമുയര്‍ത്തിയത് എന്‍.സി. ആയിരുന്നു. വ്യക്തിപരമായി തന്നെ ആക്രമിക്കുന്ന ശൈലിക്കു മറുപടിയായി എന്‍.സി. പ്രതികരിച്ചു. മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1986 ഫെബ്രുവരി 9 – 15 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇ.എം.എസ്. സ്വത്തു കൊടുത്തിട്ടില്ല.’ എന്ന ഒരു കുറിപ്പില്‍ വ്യക്തമായി ഇക്കാര്യം വിശദീകരിച്ചു. ആ കുറിപ്പിനു മറുപടി മറുഭാഗത്തു നിന്നുള്ള നീണ്ട നിശ്ശബ്ദതയായിരുന്നു.
”മന്ത്രിയാകണമെങ്കില്‍ ഗൗരിയമ്മയെ ടി.വി. വിവാഹം ചെയ്യണമെന്നു പാര്‍ട്ടി നിര്‍ബന്ധിച്ചു. ‘ടി.വി.കെ. കോഴിക്കോട് തന്റെ വിവാദമായ ജീവചരിത്രവും, തന്റെ അവസാനത്തെ കൃതിയുമായ ടി.വി. തോമസിന്റെ ജീവചരിത്രത്തിന്റെ പ്രകാശനവേളയില്‍ പ്രസംഗിച്ചു. വളരെ കാലത്തിനു ശേഷമായിരുന്നു ടി.വി.കെ. ഒരു പൊതുവേദിയില്‍ സംസാരിച്ചത്. ടി.വി.കെ. രചിച്ച, കമ്യൂണിസ്റ്റ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ ടിവി. തോമസിന്റെ ജീവിത കഥ എന്ന ജീവചരിത്രം വിവാദമായതോടെയാണു ടിവി. തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടി.വി.കെ. രംഗത്തു വന്നത്.
1984 ജൂലൈയിലാണു സാംസ്‌കാരിക വകുപ്പിനു വേണ്ടി ടിവിയുടെ ജീവചരിത്രമെഴുതാന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാമചന്ദ്രന്‍ നായരുമായി ടി.വി.കെ. ഒരു കരാറില്‍ ഒപ്പുവയ്ക്കുന്നത്. 2500 രൂപ പ്രതിഫലം കൈപ്പറ്റിയ ടി.വി.കെ. 1985 ല്‍ 416 പേജുള്ള സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചു. അതു വലുപ്പം കൂടി എന്ന പേരില്‍ തിരിച്ചയച്ചു. ‘മൂന്നു മുഖ്യമന്ത്രിമാരുടെ കാലത്ത്, കരുണാകരന്‍, ആന്റണി, ഇ.കെ. നായനാര്‍… ഓരോ കാരണം തടസ്സമായി പറഞ്ഞു. അങ്ങനെ അതു വെളിച്ചം കണ്ടില്ല. ടി.വി.കെ. എഴുതിയ കൃതിയുടെ വലുപ്പം കൊണ്ടല്ല, അതിലെ ദഹിക്കാത്ത ചില സത്യങ്ങളുടെ വലുപ്പം കാരണമാണു ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ മടിക്കുന്നതെന്നു ടി.വി.കെയ്ക്കും തടസ്സവാദികള്‍ക്കും അറിയാമായിരുന്നു.
പിന്നെ ടി.വി.കെ. മടിച്ചുനിന്നില്ല. സ്വന്തം നിലയില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ വഴി തേടി. കഴിഞ്ഞ വര്‍ഷം വരെ ഗോവ ഗവര്‍ണറും അന്നത്തെ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ശ്രീധരന്‍ പിള്ള മുന്‍കയ്യെടുത്ത് ബി.ജെ.പി അനുഭാവ പ്രസാധകരായ കോഴിക്കോട്ടെ പ്രണവം ബുക്‌സ് 1998 നവംബറില്‍ ടി.വി. തോമസ് – ജീവിതകഥ പ്രസിദ്ധീകരിച്ചു.
ടി.വി. തോമസ് – ഗൗരി ബന്ധം 1957 ലെ ആദ്യത്തെ മന്ത്രിസഭയില്‍ ചില പ്രതിസന്ധികള്‍ക്കു വഴിയൊരുക്കി എന്ന വിവാദ ഭാഗങ്ങളാണു പുസ്തകം രണ്ട് ഇടതു പാര്‍ട്ടികള്‍ക്കും അനഭിമതമായത്. പാര്‍ട്ടി ഉള്‍ക്കഥയൊക്കെ കൃത്യമായി അറിയാവുന്ന ടി.വി.കെ. പറയുന്നത് 1957 ല്‍ തന്നെ ടി.വി. തോമസിനെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ ആദ്യംതന്നെ ചില കളികള്‍ നടന്നിരുന്നു എന്നാണ്.
‘തിരു-കൊച്ചിയില്‍ നിന്നു ടി.വി. തോമസും മലബാറില്‍ നിന്നു കെ.പി. ഗോപാലനും മന്ത്രിസഭയില്‍ വന്നുകൂടെന്നു നിര്‍ബന്ധമുള്ളവര്‍ തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്നു.’ ടി.വി. തോമസും കെ.ആര്‍. ഗൗരിയും തമ്മിലുളള പ്രേമബന്ധമാണ് അതിന് ഒരു തടസ്സം.
പിന്നീടു പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സിലില്‍ ടി.വിക്കു വേണ്ടി വാദിച്ച ടി.വി.കെ. പറഞ്ഞത് ഇങ്ങനെ: തിരു-കൊച്ചി മാത്രമല്ല, കേരളമാണിത്. കേരള മന്ത്രിസഭയില്‍ ടി.വി. തോമസ് വേണം. ടി.വി. തോമസ് ഇല്ലാതെ ഒരു മന്ത്രിസഭ പ്രഖ്യാപിക്കാന്‍ പറ്റില്ല.’ രണ്ടുപേരെയും മന്ത്രിയാക്കുക. അതു പാര്‍ട്ടി വിചാരിക്കണം. അതു കമ്മിറ്റിക്കു ബോധ്യമായി. മന്ത്രിമാരായി, വിവാഹവും നടന്നു. ഇത്തരത്തിലുള്ള വിവാദങ്ങളാണ് ഈ പുസ്തകം ചിലര്‍ക്ക് അപ്രിയമാകാന്‍ കാരണം.
‘പുസ്തകത്തിലെ മറ്റൊരു ഭാഗം : മുഖ്യമന്ത്രിയായത് ടി.വി. തോമസല്ല, ഇ.എം.എസ്. നമ്പൂതിരിപ്പാടാണെന്നത് അവിശ്വസനീയമായി തോന്നി. എന്തുപറ്റി എന്നു ചോദിച്ചാല്‍ പാര്‍ട്ടി അങ്ങനെയാണ് ‘.
എന്നാല്‍ അതിന്റെ കാരണം പ്രശസ്ത മാധ്യമ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന്റെ 2005 ല്‍ പുറത്തുവന്ന പുസ്തകമായ ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഭരണകക്ഷി എം.എല്‍.എമാരില്‍ ഗണ്യമായ ഒരു വിഭാഗം മലബാറില്‍ നിന്നായതു കൊണ്ടു പാര്‍ട്ടി സെക്രട്ടറി പദവിയും മുഖ്യമന്ത്രി പദവിയും തിരുവിതാംകൂറില്‍ ഭാഗത്തു നിന്നു വേണ്ട എന്നതായിരുന്നു എം.എന്‍. ഗോവിന്ദന്‍ നായരുടെ അഭിപ്രായം. എല്ലാറ്റിനും ചുക്കാന്‍ പിടിച്ച പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്റെ ശക്തമായ നിലപാട് ഇ.എം എസിനെ മുഖ്യമന്ത്രിയാക്കി.
ചിലര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന സത്യങ്ങള്‍ പുസ്തകം വായിച്ചവര്‍ അറിഞ്ഞു എന്നതൊഴിച്ചാല്‍ മറ്റൊന്നും ടി.വി. തോമസിന്റെ ജീവചരിത്രം കൊണ്ടു സംഭവിച്ചില്ല.
എന്നാല്‍ ടി.വി.കെ. പബ്ലിസിറ്റിക്കു വേണ്ടി നടത്തിയ പ്രഹസനമാണ് ഇതെന്നു ദേശാഭിമാനി എഴുതി. നാലു പതിറ്റാണ്ട് മുന്‍പു സഖാവ് എന്ന പുസ്തകമെഴുതിയ ടി.വി.കെയ്ക്കു പബ്ലിസിറ്റി ആവശ്യമാണെന്ന് എഴുതിയ ലേഖകനു തോന്നിക്കാണും.
ബി.ജെ.പി. നേതാവിന്റെ ശുഷ്‌കാന്തിയില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതു കൊണ്ട് ഈ പുസ്തകത്തിന്റെ പ്രസക്തി കുറയുകയോ തന്റെ അഭിപ്രായത്തിനു മാറ്റം വരുകയോ ഇല്ലെന്ന് ടി.വി.കെ. പറഞ്ഞു. ’40 കൊല്ലം മുന്‍പു കമൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധം കൊണ്ടു മാത്രമാണു പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം ‘സഖാവ്’ രചിച്ചത്. അത് അന്നും ഇന്നുമുള്ള പാര്‍ട്ടി നേതൃത്വത്തിനു സ്വീകാര്യമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിലെ സംഭവഗതികളാണു ടി.വി തോമസിന്റെ ജീവചരിത്രത്തിലൂടെയും പ്രതിപാദിച്ചിരിക്കുന്നത്. ടിവിയുടേയും ജീവചരിത്രമെഴുതാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ എതിര്‍ക്കാന്‍ മാത്രം ഈ പുസ്തകത്തില്‍ ഒന്നും ഇല്ല.
പി. കൃഷ്ണപിള്ളയുടെയും ടി വി. തോമസിന്റെയും ജീവചരിത്രങ്ങള്‍ വായിച്ചാല്‍ വിട പറയാന്‍ പോകുന്ന 20-ാം നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ ചരിത്രമായി,’ ചരിത്രാന്വേഷിയായ ടി.വി.കെ. പറഞ്ഞു. ടി.വി.കെ.യുടെ അവസാനത്തെ പുസ്തകമായിരുന്നു ടി.വി. തോമസ് – ജീവിത കഥ. അതിനും 57 വര്‍ഷം മുന്‍പ് 1942 ല്‍ പ്രസിദ്ധീകരിച്ച കിഷന്‍ ചന്ദിന്റെ കഥകള്‍ ‘തീയും പൂവും’ പരിഭാഷയാണ് അച്ചടിച്ച ആദ്യ കൃതി. ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരുടെ ജീവചരിത്രം മകന്‍ അഡ്വ കെ.കെ. വേണുഗോപാലിന്റെ ആവശ്യപ്രകാരം എഴുതി കുടുംബത്തിനെ ഏല്‍പ്പിച്ചെങ്കിലും ടി.വി.കെയുടെ ജീവിതകാലത്ത് അതു പുറത്തു വന്നില്ല.
2024 ജൂണില്‍ എം.കെ. നമ്പ്യാരുടെ മകന്‍ കെ.എം. വേണുഗോപാലും മറ്റു രണ്ടുപേരും ചേര്‍ന്ന് എഴുതിയ ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരുടെ ജീവചരിത്രം പുറത്തു വന്നു. ‘ M.K . Nambiyar a Constitutional Visionary ‘ എന്ന പുസ്തകം ടി.വി.കെ. എഴുതിയ മാനുസ്‌ക്രിപ്റ്റ് അടിസ്ഥാനമാക്കിയതാണോ എന്നു വ്യക്തമല്ല. പക്ഷേ, ടി.വി.കെയെ ആ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ടി.വി.കെയുടെ രചന അവര്‍ റഫറന്‍സായി ഉപയോഗിച്ചുയെന്നത് വ്യക്തമാണ്.
2004 സെപ്റ്റംബര്‍ 14 ന് 80-ാം വയസ്സില്‍ കണ്ണൂരില്‍ വച്ച് ടിവികെ അന്തരിച്ചു. 467 പേജുകളിലായി എഴുതിയ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ടി.വി.കെ. യാത്രയായി. ആ അനുഭവങ്ങള്‍ പുറത്തു വന്നിരുന്നെങ്കില്‍ താന്‍ നേരിട്ടു കണ്ട, അനുഭവിച്ച അര നൂറ്റാണ്ടുകാലത്തെ കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം കേരളത്തിനു കിട്ടുമായിരുന്നു… മലയാള ജീവചരിത്ര മേഖലയ്ക്കും ചരിത്ര വിഭാഗത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ എഴുത്തുകാരനായിരുന്നു ടിവികെ.

വിവാദമായ . ടി വി തോമസ് – ജീവിത കഥയുടെ കോഴിക്കോട്ടെ പ്രകാശന വേളയിൽ ടി.വി.കെ സംസാരിക്കുന്നു. വേദിയിൽ അഡ്വ. ശ്രീധര പിള്ളയെ കാണാം
മലബാര്‍ മാന്വല്‍ പോലുള്ള മൂല്യവത്തായ കൃതികള്‍ പരിഭാഷപ്പെടുത്തിയ ഈ പ്രതിഭയെ കുറിച്ച് അറിയാന്‍ ഗൂഗിളില്‍ തിരഞ്ഞാലോ മറ്റു റഫറന്‍സു പുസ്തകങ്ങളില്‍ നോക്കിയാലോ ലഭ്യമാവില്ല. കാരണം പബ്ലിസിറ്റി കലകളില്‍ അദ്ദേഹം ഒരിക്കലും വ്യാപൃതനായിരുന്നില്ല. ആള്‍ക്കൂട്ടങ്ങളില്‍ വേറിട്ടുകാണാന്‍ ആഗ്രഹിച്ചില്ല. ജീവിതത്തിന്റെ അവസാന നാളുകളിലാണ് തന്റെ ജീവിതകഥ തന്നെ എഴുതിയത്. ആ ആത്മകഥ പുറത്തു വരാന്‍ ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
മികച്ച ചരിത്ര ഗ്രന്ഥങ്ങള്‍ മലയാളിക്കു മൊഴിമാറ്റി നല്‍കിയ ടി.വി.കെയെ കേരള ചരിത്ര ഗവേഷക കൗണ്‍സിലോ, മറ്റ് പ്രസ്ഥാനങ്ങളോ മരണാന്തര ബഹുമതിയായി ഇനിയും ഓര്‍ക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും വലിയ ദുരന്തം കേരള സാഹിത്യ അക്കാഡമി 2004 ല്‍ പുറത്തിറക്കിയ 569 പേജുള്ള ‘സാഹിത്യകാരെ ഡയറക്ടറിയില്‍ പോലും ടി.വി.കെ. എന്ന എഴുത്തുകാരനില്ല. മൂന്നു പ്രശസ്ത ജീവചരിത്രങ്ങളും, മൂന്നു മികച്ച ചരിത്ര ഗ്രന്ഥങ്ങളുമടക്കം അര ഡസന്‍ കൃതികളെഴുതിയ ടി.വി.കെയെ സാഹിത്യകാരനായി അംഗീകരിച്ച് ആദരിക്കാന്‍ കേരള സാഹിത്യ അക്കാദമിയും ഇതുവരെ തയ്യാറായില്ല.
ടി.വി.കെയുടെ ആറിലധികം പുസ്തകങ്ങള്‍ പ്രസാധനം ചെയ്ത, പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു കഴിഞ്ഞ, സി.പി.ഐ യുടെ പ്രഭാത് ബുക്‌സ് തങ്ങളുടെ പഴയ എഴുത്തുകാരനെ ടി.വി.കെ ശതാബ്ദിയിലും തീര്‍ത്തും വിസ്മരിച്ചു.’ Today is T.V.K.’s death anniversary
Content Summary: Today is T.V.K.’s death anniversary
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.