ആഴ്ചകള്‍ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി തായ്‌ലാന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്.
സാധാരണക്കാര്‍ക്ക് നേരെയും സൈനിക ലക്ഷ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള എല്ലാത്തരം ആയുധ പ്രയോഗങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. നിലവിലുള്ള സൈനിക വിന്യാസത്തില്‍ മാറ്റം വരുത്തുകയോ കൂടുതല്‍ സൈനിക നീക്കങ്ങള്‍ നടത്തുകയോ ചെയ്യില്ലെന്ന് ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അംഗീകരിച്ചിട്ടുണ്ട്. പുതിയ സൈനിക വിന്യാസങ്ങള്‍ പിരിമുറുക്കം വര്‍ധിപ്പിക്കുമെന്നും സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലാന്‍ഡ് മൈനുകള്‍ നീക്കം ചെയ്യുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇരുരാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായി.
തായ്‌ലന്‍ഡ് പ്രതിരോധ മന്ത്രി നത്തഫോണ്‍ നാക്ഫാനിത്തും കംബോഡിയന്‍ പ്രതിരോധ മന്ത്രി ടീ സെയ്ഹയും ഒപ്പിട്ട ഈ കരാര്‍, 20 ദിവസം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിനാണ് അറുതി വരുത്തിയത്. യുദ്ധവിമാനങ്ങള്‍, റോക്കറ്റുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചുള്ള കടുത്ത ആക്രമണങ്ങളാണ് ഈ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ നടന്നത്.
ശനിയാഴ്ച ചര്‍ച്ചകള്‍ നടക്കുമ്പോഴും തായ്‌ലന്‍ഡ് വ്യോമാക്രമണം നടത്തിയതായി കംബോഡിയ ആരോപിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബാന്റേ മീഞ്ചെയില്‍ തായ്‌ലന്‍ഡിന്റെ എഫ്-16 വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചതായി കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. വെള്ളിയാഴ്ച നടന്ന സമാനമായ ഒരാക്രമണം തായ് സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ അവസാനം മുതല്‍ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് ആരംഭിച്ച അസ്വാരസ്യങ്ങളാണ് ഡിസംബര്‍ ആദ്യവാരത്തില്‍ പൂര്‍ണമായ പോരാട്ടത്തിലേക്ക് നീങ്ങിയത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ മധ്യസ്ഥതയിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിലും നേരത്തെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഡിസംബര്‍ 7 മുതല്‍ യുദ്ധം വീണ്ടും രൂക്ഷമാകുകയായിരുന്നു.
ഡിസംബര്‍ 7 മുതല്‍ 26 സൈനികരും ഒരു സാധാരണക്കാരനും നേരിട്ടുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ സാഹചര്യവുമായി ബന്ധപ്പെട്ട മറ്റ് കാരണങ്ങളാല്‍ 44 സാധാരണക്കാരും മരിച്ചതായി തായ്‌ലന്‍ഡ് അറിയിച്ചു.
സൈനികരുടെ മരണസംഖ്യ കംബോഡിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 90 പേര്‍ക്ക് പരിക്കേറ്റതായും അവര്‍ അറിയിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഇരുവശത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
Content Summary; Thailand and Cambodia have agreed to an immediate ceasefire. end weeks of deadly border clashes.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.